Tuesday, December 25, 2012

ക്റിസ്മസ്ട്റീ

ഡിസംബറിലെ മഞ്ഞുത്തുള്ളികള്‍
ഭൂമിയില്‍ വസിക്കുന്ന ഓര്‍മ്മകളാണ്.

മുല്ലപ്പൂ മണക്കുന്ന മുല്ലയ്ക്കല്‍ തെരുവ്    .    സ്പത്സ്വരച്ചിലങ്ക കെട്ടിയ ചിറപ്പിന്റെ തിരക്ക്    .     സ്പെഷ്യല്‍സിനിമാഷോയുടെ  പരസ്യമുള്ള പ്രകാശിക്കുന്ന ചതുരക്കടലാസുകൂടുചുമന്ന് ,  തെന്നിനീങ്ങുന്ന  ആരോ ഒരാള്‍ .  രാഗമാലികകള്‍ പോലെ നക്ഷത്രവിളക്കുകള്‍ .  കരോള്‍ഗാനങ്ങള്‍ ഒഴുകിക്കടന്നുപോയ പൂന്തോപ്പിലെ വഴിത്താരകള്‍   .     ക്രിസ്മസ് പപ്പയ്ക്കൊപ്പം തുള്ളിക്കളിക്കുന്ന കുഞ്ഞുങ്ങള്‍ .    കാറ്റുള്ളമലയില്‍  ,  സന്തോഷ്‌ ജോര്‍ജിന്റെ തറവാട്ടില്‍  ,  മമ്മ ചുടുന്ന പാലപ്പത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം    .    സാബുവര്‍ഗീസിന്റെ വീടിലെ പുല്‍ത്തൊഴുത്തില്‍ മയങ്ങുന്ന ഉണ്ണിയേശു   .   പുല്‌ത്തൊഴുത്തിനരികില്‌ ഇരുവശത്തേക്കും മുടിപിന്നിയിട്ട് നൃത്തം വെക്കുന്ന മാലാഖക്കുട്ടി - അവന്റെ കുഞ്ഞുപെങ്ങള്‍    .    കുഴൂര്‍ വില്സന്റെയും  മേരിയുടെയും പ്രണയദിനങ്ങളില്‍  പള്ളിയങ്കണത്തില്‍ തനിചെരിഞ്ഞ മെഴുകുതിരികള്‍ .   അലഞ്ഞുതിരിഞ്ഞു ചെന്നപ്പോള്‍ അലിവോടെ അഭയംതന്ന കോയമ്പത്തൂര്‍ കൌണ്ടംപാളയം സെന്റ്‌ ജോസഫ് ചര്‍ച്ചിലെ ഫാദര്‍ ഫ്രാന്‍സിസ്   .   മരിയതെരേസാ സ്ക്രില്ലിയുടെ പുസ്തകം  സമ്മാനിച്ച വിദ്യാര്‍ഥിനികളായ  കന്യാസ്ത്രീകള്‍   .    പുന്നമടയിലെ അയല്‍ക്കാരന്‍ , പോച്ചപ്പന്റെ ഭവനത്തില്‍ നിന്നു മുഴങ്ങിയ സന്ധ്യാ പ്രാര്‍ത്ഥനകള്‍    .    കുട്ടിക്കാലത്തെ കൂട്ടുകാരന്‍ ആന്ത്രയോസിന്റെ വയല്‍ക്കരയിലെ കൊച്ചുകുടിലില്‍ തൂങ്ങിയാടുന്ന കന്യാമറിയത്തിന്റെ ചിത്രം . 
നിശബ്ദം ആരാധിച്ച സുന്ദരി  ,  വീനസിനേക്കാള്‍ സുന്ദരി  , എങ്ങോ മാഞ്ഞു പോയ , തലവടിഗ്രാമത്തിലെ  ക്രിസ്ത്യാനിയായ കൌമാരക്കാരി   .  റോയി ലൂയിസിന്റെ മാളികമുറ്റത്ത്  ,  ആഘോഷരാവില്‍  നിറഞ്ഞൊഴിയുന്ന ഗ്ളാസ്സുകള്‍ക്കൊപ്പം  ചിറകറ്റ നിശാശലഭങ്ങള്‍ക്ക് ചിറകു മുളച്ച നിമിഷങ്ങള്‍.    തുഷാരതാരങ്ങള്‍ സ്തോത്രം ചൊല്ലുമ്പോള്‍ കാതോര്‍ക്കുന്ന തൂവാനം   .     പാതിരാകുര്‍ബാനയ്ക്കു പോകുന്ന പെണ്‍കുട്ടികള്‍   .      നേര്ത്ത്തുമിനുങ്ങുന്ന  ശിരോവസ്ത്രങ്ങള്‍ക്കുള്ളില്‍ ശിശിരമനോഹരമുഖങ്ങള്‍ ഒളിപ്പിച്ച പെണ്‍കുട്ടികള്‍   .   കൂട്ടുകാര്‍ക്കൊപ്പം അവരെക്കണ്ടുനിന്ന നനുത്ത തണുപ്പുള്ള രാത്രികള്‍ ..........എല്ലാം ഓര്‍മ്മകളാണ്    .    വര്‍ഷാവസാനമാസത്തെ കണക്കെടുപ്പില്‍ ജീവന്റെ പുസ്തകത്തില്‍ ഓര്‍മ്മകളാണ് .

ഡിസംബറിലെ മഞ്ഞുകണങ്ങള്‍
ഭൂമി വിട്ടുപോയവരുടെ കണ്ണുകളാണ് .

കുര്യാകോസിനറെ ഉറ്റു നോക്കുന്ന കണ്ണുകള്‍    .    ഷെല്വിയുദെ നനഞ്ഞ കണ്ണുകള്‍     .    ആര്‍ . രാമചന്ദ്രന്‍ മാഷുടെ വാത്സല്യം നിറഞ്ഞ കണ്ണുകള്‍    .   ക.ആര്‍ .പഴവീടിന്റെ അത്ഭുതപ്പെടുന്ന കണ്ണുകള്‍   .   പൂണിയില്‍ സുരേന്ദ്രന്റെ  തിളങ്ങുന്ന കണ്ണുകള്‍    .    യൂ .പി. ജയരാജിന്റെ കാതരമായ കണ്ണുകള്‍    .   ടി. ആറിന്റെ പിടിതരാത്ത കണ്ണുകള്‍    .      കെ. പി. അപ്പന്റെ ഏകാന്തമായ കണ്ണുകള്‍   .    എ. സോമന്റെ തീവ്രമായ കണ്ണുകള്‍   .  . എ.അയ്യപ്പന്‍റെ ആര്‍ദ്രമായ കണ്ണുകള്‍    .        സാംബശിവന്‍മുത്താനയുടെ സ്നേഹമുള്ള കണ്ണുകള്‍    .               കാക്കനാടന്മാരുടെ ബൊഹീമിയന്‍ കണ്ണുകള്‍     .     ഒറ്റത്തവണ കണ്ട ഗീതാഹിരണ്യന്റെ നിര്‍മലമായ കണ്ണുകള്‍     .   വെള്ളിത്തിരക്കാഴ്ചയില്‍  സില്‍ക്ക് സ്മിതയുടെ ആഴക്കടല്‍ കണ്ണുകള്‍    .  ഒരുവട്ടം മാത്രം അടുത്തുകണ്ട കുട്ടനാടന്‍ക്രിസ്തു ജോണ് എബ്രഹാമിന്റെ  കായല്കാറ്റു  വീശുന്ന കണ്ണുകള്‍     .       കവിതകള്‍ കൊണ്ട് മോഹിപ്പിച്ച , ഒരിക്കല്‍ മട്ടും കണ്ട അവിഷിന്റെ കണ്ണുകള്‍  .  ഒരിക്കലും കണ്ടിട്ടില്ലാത്ത ഗുഹന്റെ കണ്ണുകള്‍   .   എന്നും  കണ്ടിരുന്ന അച്ഛന്റെ കണ്ണുകള്‍ .........എല്ലാം ഓര്‍മ്മകളാണ്     .     വര്‍ഷാവസാനമാസത്തെ കണകെടുപ്പില്‍  മരണത്തിന്റെ പുസ്തകത്തില്‍  ഓര്‍മ്മകളാണ് .

ഓര്‍മ്മകള്‍ കൊണ്ട്
ഒരു ക്റിസ്മസ്ട്റീ.
ഓര്‍മ്മകള്‍ കൊണ്ട്
ഒരു പുതുവത്സരം .

Sunday, November 18, 2012

നൃത്തം ,നിത്യവിസ്മയം



അര്‍ച്ചന അയ്യര്‍ . നൃത്തരംഗത്തെ പുതുമുറക്കാരി . ആള്സെയിന്റ്സ് കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി . അച്ഛന്‍ -എ. ഹരികുമാര്‍ അമ്മ -എല്‍. ചിത്ര നൃത്തഗുരു – ശോഭാ അന്തര്‍ജ്ജനം .വിലാസം : ടി.സി.36 / 1648 വള്ളകടവ് പി. ഒ. ശ്രീവരാഹം ,തിരുവനന്തപുരം.


 നൃത്തം ചെയ്തുകൊക്ണ്ട് നൃത്തമെന്ന കലയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ സ്വാഭാവികലയമാണ് അര്‍ച്ചനയുടെ അരങ്ങവതരണങ്ങളില്‍ പ്രകാശിതമാവുന്നത് . ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും നൃത്തമാധ്യമമാക്കുംപോള്‍ വേറിട്ട സാദ്ധ്യതകളെയാണ് ഈ കലാകാരി തേടിപ്പോകുന്നത് . നൃത്തകലാമേഖലയില്‍ ഉറച്ചു നില്‍ക്കുകയും നൃത്തവേദിയില്‍ സ്വകീയമായ അന്വേഷണങ്ങളുടെ തുടര്‍ച്ചയില്‍ മുഴുകുകയും ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ തുടക്കക്കാരിക്കു കഴിയുമെന്ന് ഇന്നുവരെയുള്ള അര്‍ച്ചനയുടെ പ്രകടനങ്ങള്‍ വെച്ചുകൊണ്ട് നിസ്സംശയമായും പറയാന്‍ കഴിയും .
എന്നാല്‍ പ്രതീക്ഷ നല്ക്കുന്നവര്‍ അരങ്ങില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷരാവുന്നു എന്ന യാഥാര്‍ത്യത്തേയും അഭിമുഖീകരിക്കാതെ വയ്യ.

 അര്‍ച്ചന ചുവടുവെക്കുംപോള്‍ നൃത്തം സിദ്ധാന്തവല്‍ക്കരണത്തിന്റെ സ്വാംശീകരണമാകുന്നില്ല . അര്‍ച്ചനയുടെ അംഗചലനങ്ങളില്‍ നൃത്തം പരീക്ഷണങ്ങളുടെ ഭാഗമായി നില്‍ക്കുന്നില്ല . അര്‍ച്ചനയുടെ കൈമുദ്രകളില്‍ നൃത്തം യാന്ത്രികമായ പുതുമകളുടെ പ്രകടനാത്മകതയാവുന്നില്ല. പകരം , നൃത്തത്തിന്റെ സൌമ്യാനുഭാവങ്ങളിലേക്കും സ്വച്ഛന്ദമായ ആംഗികാഭിനയത്തിലേക്കും നര്‍ത്തകി പകര്‍ന്നാടുന്നു . ഈവിധമുള്ള പകര്‍ന്നാട്ടം സാത്വികാഭിനയം , വാചികാഭിനയം ,ആഹാര്യാഭിനയം എന്നിവയെ സൂക്ഷ്മമായി സംയോജിപ്പികുന്ന സമഗ്രശോഭയിലേക്ക് വികസിക്കുന്നു . ലാസ്യഭംഗിയോ അംഗചലനങ്ങളോ കൊണ്ട് ത്റസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളില്‍ നിന്നും നര്തകകി അകന്നു മാറുന്നു . വിവിധകരണങ്ങളില്‍ , സ്വരജതികളില്‍ , മൃദംഗജതികളില്‍ നര്‍ത്തകി ,പുഴയില്‍ ഇലയെന്നപോലെ ,അരങ്ങില്‍ സ്വയം മറന്നാടുന്നതായി പ്രേക്ഷകന് തോന്നുന്നു . ‘ഹസ്തപാദസമായോഗോ നൃത്തസ്യ കരണം ഭവേത്’ (നാട്യശാസ്ത്രം നാലാം അദ്ധ്യായം) അഥവാ , അംഗപ്രത്യംഗങ്ങളും ഉപാംഗങ്ങളും സ്ഥായീഭാവങ്ങളും വ്യഭിചാരിഭാവങ്ങളുമെല്ലാം നൃത്തത്തുടര്ച്ചയില്‍ പടിപടിയായി ലയിച്ച് പ്രേക്ഷകനെ അത്തരമൊരു തോന്നലിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.


അടവുവ്യാപാരങ്ങളുടെയും ചലനങ്ങളുടെയും തന്മയീഭാവത്തിലാണ് അര്‍ച്ചനയുടെ നൃത്തം സാംഗോപാംഗം സമ്മോഹനമാകുന്നത് . നര്‍ത്തനം തുടരുന്തോറും നര്ത്തകിയില്‍ നൃത്തം ഒരു സഹജവ്യാഖ്യാനമായി മാറുന്നു . ശരീരഭാഷയ്ക്കും വടിവിനും അനുയോജ്യമായ സ്ഥാനകങ്ങളും ചാരികളും പാഠഭേദങ്ങളും അങ്ങനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.

 വര്‍ത്തമാനകാല നൃത്തരംഗം ബഹുസ്വരമാണ് . ബഹുസ്വരതകളുടെ തന്നെ പലതരം പുതുപരീക്ഷ്ണസ്വരങ്ങളായി , കരകാണാകടലുകളായി അതു പെരുകിക്കൊണ്ടിരിക്കുന്നു . കേളുച്ചരന്‍ മഹാപത്രയും വെമ്പട്ടി ചിന്നസത്യവും ബിര്‍ജുമഹാരാജും രുക്മിണിദേവിയും ബാലസരസ്വതിയും മൃണാളിനി സാരാഭായിയും ഉദയശങ്കറും വീണ്ടും വീണ്ടും നടത്തിയ പാരമ്പര്യത്തിന്റെ പുതുക്കലുകള്‍ , ചന്ദ്രലേഖയും പിനാബാഷേയും സൂസന്ന ലിങ്കും ദക്ഷാസേത്തും നടത്തിയ അപനിര്‍മ്മാണങ്ങള്‍ , ആസ്ടാദ് ദേബൂ , പദ്മിനി ചേറ്റൂര്‍ , നവതേജ്സിംഗ്ജോഹര്‍ , പ്രീതി ആത്രേയാ , അദിതി മംഗല്ദാസ് തുടങ്ങിയവര്‍ നടത്തുന്ന ഉത്തരാധുനികമായ ആവിഷ്ക്കാരങ്ങള്‍ , നളിനി ജയ്വന്തിലും കാമിനി കൌശലിലും പത്മിനിയിലും വൈജയന്തിമാലയിലും തുടങ്ങി വാണിഗണപതിയിലും ഹെലനിലും സില്‍ക്ക് സ്മിതയിലും ഭാനുപ്രിയയിലും ശോഭനയിലും കടന്നുപോകുന്ന നൃത്ത -ചലച്ചിത്രവഴികള്‍ , ജ്യാമിതീയമായ കൃത്യതയെ നൃത്തത്തില്‍ സര്ഗാത്മകമാക്കാനുള്ള അലര്‍മേല്‍ വള്ളിയുടെയും മാളവികാസരുക്കായിയുടെയും ശ്രമങ്ങള്‍ , പത്മാസുബ്രമണ്യത്തിന്റെയും യാമിനികൃഷ്ണമൂര്‍ത്തിയുടെയും ശാന്താ-ധനന്ജ്യന്മാരുടെയും ആത്മീയപരീക്ഷണങ്ങള്‍ ,കനക് റെലെ, ലീലാസാംസന്‍ , ഭാരതി ശിവജി തുടങ്ങിയവരുടെ തനതുസങ്കേതങ്ങള്‍ .
ഇങ്ങനെ എണ്ണമറ്റ ധാരകള്‍ നൃത്തത്തിന്റെ വികസ്വരഭൂമികയില്‍ പിരിയുകയും പിണയുകയും സമാന്തരമാകുകയും മുറിച്ചു കടക്കുകയും ചെയ്യുന്നുണ്ട് . പരമ്പരാഗത ഭാഷയില്‍ ആംഗികം ,വാചികം ,ആഹാര്യം ,സാത്വികം എന്നൊക്കെ പറയുന്ന ഘടകങ്ങളെ വിശാലവും വൈവിധ്യമാര്‍ന്നതുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സമകാലനൃത്തമണ്ഡലത്തില്‍ എവിടെയാണ് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്യുക എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ് . നൃത്തരംഗത്തേക്ക് പുതുതായി കടന്നുവരുന്ന ഏതു നര്ത്തകിയേയും പോലെ അര്‍ച്ചനയും ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും . തന്റെ നിരന്തരമായ നൃത്തോപാസനയിലൂടെ അതിന് സര്‍ഗാത്മകമായ മറുപടി പറയാന്‍ അര്‍ച്ചനയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം . നര്തകിയാവുക എളുപ്പമാണ് . നര്‍ത്തകിയായി തുടരുക അതീവദുഷ്ക്കരമാണ് . 

അര്‍ച്ചന അയ്യര്‍ ഇപ്പോള്‍ നര്‍ത്തകിയാണ് , തര്‍ക്കമില്ല . നര്‍ത്തകിയായി തുടരുമോ എന്നുള്ളത് കാലം തെളിയിക്കട്ടെ . മഹാകാലം.
  

Sunday, November 4, 2012

കെ.കെ.കൊച്ചിന്റെ പുസ്തകം



(ഇക്കഴിഞ്ഞ ഞായറാഴ്ച (25-3-2012) പെരിന്തല്‍മണ്ണയില്‍ കെ.കെ.കൊച്ചിന്റെ കേരളചരിത്രവും സമൂഹരൂപീകരണവും എന്ന പുസ്തകത്തെക്കുറിച്ച് ചര്ച്ച നടക്കുകയുണ്ടായി.രണ്ടു സെഷനുകളായി  നടന്ന  ചര്‍ച്ചകളില്‍ ഡോ.എം.ജിഎസ്.നാരായണന്‍ ,ഡോ.എന്‍.എം.നമ്പൂതിരി,കെ.എസ്.മാധവന്‍,നാസറുദ്ദീന്‍ ഇളമരം,കെ.കെ.ബാബുരാജ്,ഡോ.എം.ടി.അന്‍സാരി ,എം.ബി.മനോജ്,സി.അശോകന്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു മുന്നോട്ടുവെച്ച നിരീക്ഷണങ്ങളാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്.)


കെ.കെ.കൊച്ചിന്റെ 'കേരളചരിത്രവും സാമൂഹികരൂപീകരണവും'എന്ന പുസ്തകം പൊതു ചരിത്രത്തെ ,അഥവാ അംഗീകൃത ചരിത്രത്തെ പുനര്‍വായിക്കുന്നതിനുള്ള പ്രസക്തമായ  ശ്രമമാണ്..ദലിത് കാഴ്ചപ്പാടില്‍ ചരിത്രത്തിലെ ദലിതവത്തെയും ദലിതവത്തിന്റെ ചരിത്രത്തെയും വിശകലവിധേയമാക്കുന്നതിനാല്‍ വര്‍ത്തമാനകാല സാമൂഹികപരിസരങ്ങളില്‍ ഈ പുസ്തകം സവിശേഷമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പൊതു ചരിത്രത്തെ പുനര്‍ വായിക്കുന്ന ഏത് ചരിത്രരചനയിലും സംഭവിക്കാനിടയുള്ള ഒരു കുഴപ്പം ഈ പുസ്തകത്തിന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.എഴുതപ്പെട്ട ചരിത്രത്തെ മാറ്റിയെഴുത്തുംപോള് തന്നെ ചരിത്രരചനാ സംബ്റദായത്തിന്റെ പൊതുരീതിയിലേക്കും പൊതുഘടനയിലേക്കും പലപ്പോഴും ഈ പുസ്തകം വഴുതി വീഴുന്നുണ്ടോ എന്ന ചോദ്യം വായനയില്‍ അവശേഷിക്കുന്നു.പുസ്തകത്തിന്റെ ഊന്നലുകളോട് അടിസ്ഥാനപരമായി യോജിക്കുമ്പോള്‍ തന്നെ  ഇത്തരമൊരു ചരിത്രരചനയില്‍ ഇനിയും രൂപപ്പെടേണ്ട ദലിത് രചനാസംബ്റദായത്തിന്റെ അഭാവങ്ങളെ കാണാതെ വയ്യ.ദലിത് രചനാ സംബ്റദായമെന്നത് രൂപപ്പെടേണ്ടത് നിരവധി പ്രാദേശിക ചരിത്രങ്ങളുടെ തുടര്‍ച്ചയിലൂടെയും വിചിന്തനങ്ങളിലൂടെയുമാണെന്ന് Dalit Cultural Movement & Dialectics of Dalit Politics in Maharashtra എന്ന കൃതിയില്‍ ഗോപാല്‍ ഗുരു പറയുന്നുണ്ട്.ചടയ മംഗലത്തെ ഉള്ളാട കോളനിയില്‍ പി.കൃഷ്ണപിള്ള നടത്തിയ സന്ദര്‍ശനത്തെയും അവിടെ നടത്തിയ പ്രസംഗത്തെയും കുറിച്ചും അതില്‍ പങ്കെടുത്ത ഉള്ളാട സാമൂഹിക നേതാക്കളായ മുത്തുവിനെയും കുമാരനെയും കുറിച്ചും ചടയമംഗലത്തിന്റെ പ്രാദേശിക ചരിത്രമെഴുതിയ നിലത്തേല്‍ കുട്ടനാശാന്‍ തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്നു.നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള പള്ളിചലില്‍ പൊടിയന്‍ നാണുവൈദ്യന്‍ ശ്രീനാരായണപ്രസ്ഥാനത്തിന് നല്കിയ പ്രാദേശികവും കീഴാളവുമായ വ്യാഖ്യാനങ്ങളേയും പ്രവര്‍ത്തന രീതികളെയും കുറിച്ച് 'പള്ളിചലിലെ ശ്രീനാരായണന്‍' എന്ന പുസ്തകത്തില്‍ മണ്ണൂര്‍ തങ്കപ്പന്‍ സൂചിപ്പിക്കുന്നു.കുട്ടനാട്ടിലെ തോട്ടുവാത്തലയില് 1930--കളില്‍ കുഞ്ഞപ്പന്‍ പതിയാന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രാദേശികമായ കര്‍ഷക സമരം ദലിത്-കീഴാള സമരത്തിന്റെ ഉത്തമ മാതൃകയാണെന്ന് കുട്ടനാടിന്റെ സമര ചരിത്രം എന്ന്‍ ചെറിയ പുസ്തകത്തില്‍ കൃഷ്ണദാസ് രാമങ്കരി രേഖപ്പെടുത്തുന്നു.  (ഇവിടെ സൂചിതമായിരിക്കുന്ന പുസ്തകങ്ങള്‍ അതാത് പ്രദേശങ്ങളിലെയോ സമീപ പ്രദേശങ്ങളിലെയോ ചെറിയ പ്രസ്സുകളില്‍ അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടവയാണ്.ഇത്തരം പുസ്തകങ്ങളിലെ ചെറുസൂചനകളെ വസ്തുനിഷ്ഠവും വിശദവും സൂക്ഷ്മവുമായ അന്വേഷങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും നടകേണ്ട ഒരു പ്രക്രിയ.)   കേരളത്തില്‍ മാത്രമല്ല,തമിഴ്നാട്ടിലെ ദളിത് ക്റൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടില്‍ വേദനായകം ശാസ്ത്രീയും പിന്നീട് ബിഷപ്പ് ജെറിനാള്‍ഡ് ഹേബറും നടത്തിയത് പോലുള്ള എത്രയോ ഇടപെടലുകള്‍ ഇന്ത്യയില്‍ ഒട്ടാകെ സംഭവിക്കുകയുണ്ടായി.ഇമ്മാതിരിയുള്ള എണ്ണമറ്റ പ്രാദേശിക സമരങ്ങളോ സമര നേതാക്കളോ നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലോ പൊതു ചരിത്രത്തിലോ ഇടം നേടാതെ പോയതെന്തുകൊണ്ട് എന്നത് ഇനിയും ചരിത്ര രചനയില്‍ അവശേഷിക്കുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ്.1946-ല്‍ കാബിനെറ്റ് മിഷന്‍ നിയോജകമണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ട് അംബദ്കര് പറയുന്നുണ്ട് ,പട്ടികജാതിക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്നുള്ളതുമാത്രമല്ല ,അവയുടെ ചരിത്രം തന്നെ സവിശേഷമായി രേഖപ്പെടുത്തേണ്ടതുണ്ട്.ചരിത്രത്തില്‍ തകര്‍ക്കപ്പെട്ടവര്‍ എന്ന അര്‍ഥത്തില്‍ ദലിതര്‍ അവരുടേതായ വിശദീകരണയുക്തിയുടെയും ചരിത്രരചനാ സംബ്റദായത്തിന്റെയും അടരുകള്‍ അന്വേഷികേണ്ടതുണ്ടെന്ന് ചന്ദ്രബാന്‍ പ്രസാദിനെ പ്പോലുള്ള ചിന്തകര്‍ ഊന്നിപ്പറഞ്ഞതുകൂടി ശ്രദ്ധിക്കാവുന്നതാണെന്നു തോന്നുന്നു.ജാതിനശീകരണത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന ശ്രമങ്ങള്‍ - ജ്യോതിബാഫൂലെ മഹാരാഷ്ട്രയില്‍ ആരംഭിച്ച ജാതിവിരുദ്ധ -സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും തമിഴ്നാട്ടിലെ ദ്രാവിഡ ഇ.വി.ആര്‍ സമരപ്രസ്ഥാനങ്ങളെയും കേരളത്തിലെ അയ്യങ്കാളി-ശ്രീനാരായണ-സഹോദരന്‍ -അയ്യാ വൈകുണ്ട സ്വാമി പ്രസ്ഥാനങ്ങളുടെ ജാതിവിരുദ്ധ മുന്നേറ്റങ്ങളെയും കുറിച്ച് ചരിത്രപരമായ അറിവുകള്‍ ലഭ്യമാണ്.അതേസമയം ,എണ്ണമറ്റ പ്രാദേശിക ഇടങ്ങളില്‍ പൊതുചരിത്രം രേഖപ്പെടുത്താതെ  പോയ ഒട്ടനവധി ചെറുചെറു സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും അനേകം പ്രാദേശിക നേതാക്കളുടെയും പുസ്തകങ്ങളുടെയും വിമതചരിത്രം കൂടി പുനരാനയിച്ചു കൊണ്ട് മാത്രമേ ചരിത്ര രചനയുടെ വ്യവസ്ഥാപിത രീതിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കഴിയുകയുള്ളൂ.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതതികളുടെ ചരിത്രം ഭിന്നപ്രാദേശികതകളുടെ തമസ്കരണത്തിന്റെ ചരിത്രം കൂടിയാണെന്ന് സബാള്‍ട്ടന്‍ സ്റ്റഡീസിന് മികച്ച സംഭാവനകള്‍ നല്കിയ Robert Eric Frykenberg പ്രത്യേകമായി അടയാളപ്പെടുത്തുന്നത് ഇതിനോട് ചേര്‍ത്തുവെക്കാന്‍ കഴിയും.പ്രാദേശികമായ സമാന്തര ചരിത്രതുടര്‍ച്ചയുമായുള്ള വസ്തുനിഷ്ഠസംവാദങ്ങള്‍ ചരിത്ര രചനയില്‍ സാധ്യമാണോ എന്ന അന്വേഷണം പലതലങ്ങളില്‍ നടകേണ്ട മറ്റന്വേഷണങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് നടത്താന്‍ കഴിയുംപോഴായിരിക്കും പൊതുചരിത്ര രചനാരീതിശാസ്ത്രത്തെ മറികക്കടക്കാന്‍ കഴിയുക.രചയിതാവിന്റെ ദലിതത്വത്തിന്റെ പ്രാധാന്യം വിസ്മരിക്കാതെ തന്നെ ചരിത്ര രചനയിലെ ദലിത സ്വത്വത്തെ ,ദലിതരൂപഘടനയെ എങ്ങനെ വികസിപ്പിക്കാന്‍ കുഴിയും എന്ന ആലോചന കൂടി കെ.കെ.കൊച്ചിന്റെ പുസ്തകത്തോടൊപ്പം നടക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു.ഇപ്പറഞ്ഞതൊന്നും പുസ്തകത്തിന്റെ മൂല്യത്തെ ഇല്ലാതാകുന്നില്ല.നമ്മുടെ ചരിത്ര പുസ്തക രചനയുടെ നാള്‍ വഴികളില്‍ ദലിത് സംവാദത്തെ മുന്നോട്ടുവെക്കാനുള്ള സാര്‍ഥകമായ ശ്രമെന്ന നിലയില്‍ ശ്രദ്ദ്യോടെ സമീപികേണ്ട പുസ്തകമാണിത്.കെ.കെ.കൊച്ചിന്റെ ഈ പുസ്തകത്തിന്റെ തുടര്‍ വികാസങ്ങളെ എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള എളിയ ആലോചനയില്‍ തെളിഞ്ഞു വന്ന ചില ചെറിയ നിരീക്ഷണങ്ങള്‍ വായനക്കാരോടു പങ്കുവെച്ചു എന്നു മാത്രം.ചരിത്രപണ്ഡിതനല്ലാത്ത ഒരാളുടെ നിരീക്ഷണങ്ങള്‍ എന്നനിലയില്‍ ഇതിനെ നോക്കി കാണണമെന്ന് അഭ്യര്‍ത്ഥിചു കൊണ്ട് പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

കേരള ചരിത്രവും
സമൂഹരൂപീകരണവും                                 
-കെ.കെ.കൊച്ച്
(2012)
പ്രസാധനം-കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ,തിരുവനന്തപുരം.
വില-180

പാലാ നാരായണന്‍ നായര്‍ :ഒരോര്‍മ്മ.



പാലാ നാരായണന്‍ നായരെക്കുറിച്ചുള്ള ഓര്‍മ ശ്രീ മഹാ ഭാഗവതത്തില്‍ പറയുന്നത് പോലെ 'മാനസം തെളിഞ്ഞു ദിവ്യാനന്ദ സ്വാഭാവികം /സാധിപ്പാനെളുതായ...' ഒന്നാണ് .സ്വകാര്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും സ്വാതികപ്രഭയുടെ സ്വച്ചന്ദസ്വരൂപമായിരുന്നു അദ്ദേഹം .അങ്ങനെയൊരാളെ ഞാന്‍ പിന്നീട് പരിചയപ്പെട്ടത്‌ എന്റെ പ്രിയപ്പെട്ട കവിയായ ആര്‍ .രാമചന്ദ്രന്‍ മാഷിനെയാണ് .

പി .കെ .വാസുദേവന്‍ നായര്‍ കേരളാ മുഖ്യ മന്ത്രിയായിരിക്കുന്ന കാലം .ഞങ്ങള്‍ ,ആലപ്പുഴക്കാരുടെ മഹാ ഗുരുവായിരുന്ന ആര്‍.രാമവര്‍മത്തംപുരാന്‍ എസ് .ഡി .കോളേജില്‍ നിന്നും വിരമിക്കുന്ന സന്ദര്‍ഭത്തില്‍ ആലപ്പുഴയിലെ പൌരാവലി അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പ്രൌഡ ഗംഭീരമായ ഒരു സമ്മേളനം എസ് .ഡി .വി .ബസന്റെ ഹാളില്‍ സംഘടിപ്പിച്ചു .ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി. കെ.വി .യായിരുന്നു .അദ്ധക്ഷ്യന്‍ പാലാ നാരായണന്‍ നായരും .തംപുരാന്‍ സാറിന്റെ ഹൃദയ ശിഷ്യനായ ശ്രീകുമാരന്‍ തംപിയും ചടങ്ങില്‍ പങ്കെടുത്തു.വെറും സ്കൂള്‍ കുട്ടികളായിരുന്ന ഞങ്ങള്‍  വല്സലരായ സാക്ഷികളായി.സത്യത്തില്‍ പി.കെ. വാസുദേവന്‍ നായരുടെ അധ്യാപകനായിരുന്നു പാലാ.എന്നാല്‍ മുഖ്യ മന്ത്രിയായ ശിഷ്യന്റെ  സന്നിദ്ധ്യത്ത്ത്തില്‍ നടത്തിയ സൌമ്യ മധുരമായ പ്രസങ്ങത്തിനൊടുവില്‍ പാലാ നാര്രായണന്‍ നായര്‍ പറഞ്ഞു. 'വാസു എന്റെ ശിഷ്യനാനെങ്ങിലും സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരാവ്ശ്യത്തിന്നും എന്റെ നിഴല്‍ വീഴുകയില്ല' .ഒരെഴുത്തുകാരന്റെ ഏകാന്തധീരമായ വാക്കുകളായിരുന്നു അത് .അധികാരത്ത്തിലേരുന്ന രാഷ്ട്രീയക്കാരേയും മന്ത്രിമാരേയും അന്നന്ന് സ്തുതിച്ച് കൂറക്കൂട്ടങ്ങളായി എഴുത്തുകാര്‍ പെരുകിപ്പുളക്കുന്ന കാലത്ത് പാലായെപ്പോലുള്ളവരുടെ വംശം ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് വാസ്തവത്തില്‍ നമ്മെ വേദനിപ്പികേണ്ടതാണ് .എന്നാല്‍ വേദനിക്കാന്‍ പോലും നേരമില്ലാത്തവിധം നാമൊരു കാര്‍ണിവലില്‍ കുരുങ്ങിപ്പറന്നുകൊണ്ടിരിക്കുന്നു .

ഇത്തിരി കവിതയും ആലപ്പുഴയില്‍ അല്പം സാംസ്കാരിക പ്രവര്‍ത്തനവുമായി നടന്ന്നിരുന്ന എന്റെ അച്ഛന്റെ അടുത്ത സുഹൃത്ത് വലയത്തില്‍ പെട്ട മുതിര്‍ന്ന കവികളില്‍ ഒരാളായിരുന്നു പാലാ .അദ്ദേഹം അച്ഛന് കവിതാരൂപത്ത്തിലയച്ച കത്തുകള്‍ ഞങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് .സ്നേഹമുള്ളവര്‍ അദ്ധേഹത്തെ 'പാലാചേട്ടന്‍ 'എന്ന് വിളിച്ചിരുന്നത് ഞാന്‍ ഓര്ക്കൂന്നു .ഇടകിടെ വീട്ടില്‍ വന്നിരുന്നഅച്ഛന്റെ തലമുറക്കാരായ അവരില്‍ പലരും ഇന്നില്ല .അക്കൂട്ടത്തില്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ എഴുത്തുകാര്‍ ഉണ്ടായിരുന്നു.എഴുപത് - എണ്‍പതുകളില്‍ കുട്ടനാട്ടില്‍ സജീവമായിരുന്ന കുട്ടനാട്ട് സാഹിത്യ സമിതിയുടെ സാഹിത്യ സദസ്സുകളില്‍ ഒന്നില്‍ വെച്ചാണ് പാലാ നാരായണന്‍ നായരെ ഞാന്‍ ആദ്യം കാണുന്നത്.കൂടെയുണ്ടായിരുന്ന അച്ഛന്‍ കവിയുടെ കാല്‍ തൊട്ടു വന്ദിക്കാന്‍ പറഞ്ഞു.ഞാനങ്ങനെ ചെയ്തപ്പോള്‍ പതിറ്റാണ്ടുകള്‍ കവിതയെഴുതി തഴമ്പിച്ച കൈകള്‍ കൊണ്ട് അദ്ദേഹമെന്നെ അനുഗ്രഹിച്ചു. കവിതയുടെ ആകാശ പഥന്നളില്‍ നിന്നിറങ്ങിവന്ന് വാഗര്‍ത്ഥ രൂപനായ ദൈവം നെറുകയില്‍   സ്പര്‍ശിക്കുന്നത് ്‍ പോലെ എനിക്ക് തോന്നി . കവികളെയും എഴുത്തുകാരെയും ഭ്രാന്തോളമെത്തുന്ന അത്ഭുതാദരങ്ങളോടെ നോക്കിക്കണ്ട കുട്ടിക്കാലമായിരുന്നു എന്റേത്.

നെടുമുടിയിലും കോട്ടയത്തും കൈനകരിയിലും തിരുവല്ലയിലും ചങ്ങനാശേരിയിലും ...തുടങ്ങി കുട്ടനാട്ടിലോട്ടാകെ കുട്ടനാട് സാഹിത്യ സമിതി സാഹിത്യ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മകളില്‍ തകഴി ശിവശങ്കരപിള്ള ,പാലാ നാരായണന്‍ നായര്‍ ,കാക്കനാടന്‍ ,കൊടുപ്പുന്ന ഗോവിന്ദ ഗണകന്‍ (ഗോപുരം
എന്ന നിരൂപണ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ,മഹാ സംസ്കൃത പണ്ഡിതനായിരുന്ന കൊടുപ്പുന്ന ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അങ്ങമായിരുന്നു.),ബാബു കുഴിമറ്റം ,കാവാലം വിശ്വനാഥകുറുപ്പ് ,മലേഷ്യ രാമകൃഷ്ണപിള്ള ,ഗോപി കൊടുങ്ങല്ലൂര്‍ (എന്‍ .ബി .എസ് -ന്റെ സെക്രട്ടറിയായിരുന്നു .)കോട്ടയം പുഷ്പനാഥ് മുതലായവര്‍ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ കോട്ടയത്തും ആലപ്പുഴയിലും പ്രാദേശിക പ്രശസ്തിയാര്‍ജിച്ച്ചിരുന്ന അമ്പ്പാട്ട് സുകുമാരന്‍ നായര്‍ ,മധുവനം ഭാര്‍ഗവന്പിള്ള ,മുട്ടാര്‍ സോമന്‍ ,കാവാലം ബാലചന്ദ്രന്‍ ,പൂണിയില്‍ സുരേന്ദ്രന്‍ തുടങ്ങി ഒട്ടനവധി എഴുത്തുകാര്‍ ഒത്തുചേര്‍ന്നു .സമിതി സംഘടിപ്പിച്ചിരുന്ന സാഹിത്യ ചര്‍ച്ചകള്‍ എത്രത്തോളം ഗൌരവമുള്ളതായിരുന്നു എന്നത് ഈ കുറിപ്പിന്റെ വിഷയമല്ല.എഴുത്തുകാരുടെ കൂട്ടായ്മ അസാധ്യമാക്കി തീര്‍ക്കുന്ന വിചിത്ര വര്‍ത്തമാനകാലത്ത് സമിതിയുടെ 'കൂട്ടയ്മക്കാലം 'ഒരു ഗൃഹാതുര സ്മരണയായി അവശേഷിക്കും എന്നതില്‍ തര്കമില്ല.എല്ലാ പരിമിതികള്‍ക്കും അപ്പുറത്ത് സമിതിയുടെ സദസ്സുകള്‍ സ്നേഹത്തിന്റെ മഹോത്സവങ്ങള്‍ തന്നെ സൃഷ്ടിച്ചു.

അത്തരം സദസ്സുകളിലേക്കാന്നു ഇടക്കൊക്കെ പരമ വിശുദ്ധിയുടെ അലങ്ഗാര ദീപം പോലെ പാലാ നാരായണന്‍ നായര് കടന്ന്നുവന്നിരുന്നത് .അതിരുകളില്ലാത്ത
നിര്‍മ്മലത സമുദ്ര സാനിദ്ധ്യമായി അദ്ദേഹത്തിന്റെ വ്യക്തി സത്തയില്‍ തുളുമ്പി നിന്നിരുന്നു.ഒരികല്‍ അച്ഛനോടൊപ്പം വൈക്കം ടി .വി പുരത്തെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് ഞാനോര്‍ക്കുന്നു.പലതും സംസാരിച്ച കൂട്ടത്തില്‍ ചങ്ങമ്പുഴയെക്കുറിച്ച് പറഞ്ഞ് വിതുമ്പി പോയ പാലാ നാരായണന്‍ നായര്‍ എന്റെയുള്ളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.സംശയമില്ല ,കവിത്വമെന്ന ഒന്നുണ്ടങ്ങില്‍ അത് കവിതയില്‍ മാത്രമല്ല ,മാനുഷികവികാരങ്ങളിലും വ്യക്തിബന്ധങ്ങളിലും സാക്ഷാത്കരിച്ച മനുഷ്യനന്മകളുടെ അമരരൂപമായിരുന്നു പാലാ നാരായണന്‍ നായര്‍ .

അപ്പന്‍ തമ്പുരാന്‍ എന്ന അത്ഭുതം



'ഏതു ഭാഷയും അഭിവൃദ്ധിപ്പെടുന്നത് അത് സംസാരിക്കുന്ന ജനങ്ങളുടെ അഭിവൃദ്ധി അതില്‍ പ്രതിഫലിചിട്ടാണ്.ജനങ്ങള്‍ക്ക്‌ അഭിവൃത്തിയുണ്ടായാലും ചിലപ്പോള്‍ അതനുസരിച്ച് അവരുടെ ഭാഷയ്ക്ക്‌ അഭിവൃദ്ധി ഉണ്ടായില്ലെന്ന് വരും .അത് അവരുടെ അഭിവൃദ്ധി ഭാഷയില്‍ പ്രതിഫലിക്കാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ അടഞ്ഞു പോകുന്നതുകൊണ്ടാണ് .അതാണ്‌ മലയാള ഭാഷയ്ക്ക്‌ നേരിട്ടിരിക്കുന്ന പധാന തരക്കേട് .മലയാളികളുടെ വര്‍ദ്ധിച്ചു വരുന്ന പാണ്ഡിത്യവും സംസ്കാരവും മലയാളത്തില്‍ കൂടിയല്ല സിദ്ധിക്കുന്നത് .അവ മലയാളത്തില്‍ പ്രതിഫലിക്കുവാനും മാര്‍ഗമില്ല.'
-സഹോദരന്‍ അയ്യപ്പന്‍ .

മലയാള സാഹിത്യ ചരിത്രത്തില്‍ രാമവര്‍മ അപ്പന്‍ തമ്പുരാന്‍ (1875-1941)നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ മലയാള സാഹിത്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ കേസരി ബാലകൃഷ്ണ പിള്ള ,എം .ഗോവിന്ദന്‍ എന്നീ എകാകികള്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് വിഭിന്നമെങ്ങിലും അപ്പന്‍ തമ്പുരാന്റെ പരിശ്രമങ്ങള്‍ക്കും അതിന്റേതായ അര്‍ത്ഥവും മൂല്യവുമുണ്ട് .രസികരഞ്ജിനി (1902-1907)മാസികയിലൂടെയും 1911-ല്‍ സ്ഥാപിച്ച 'മംഗളോദയം 'എന്ന പ്രസാധന സംരംഭത്തിലൂടെയും മലയാള ഭാഷയുടെ ഐഡന്‍റ്റിറ്റിയെ സ്ഥാപിക്കാന്‍ അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. പിന്നീടു 'മംഗളോദയം 'എന്ന മാസിക തുടങ്ങുക മാത്രമല്ല അതിലൂടെ സാഹിത്യപരിഷത്ത്തിനു അഖിലകേരള പദവി ലഭിക്കണം എന്നുള്ള ആത്മാര്‍ഥമായ ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.കേരളത്തിലെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ 'കേരള സിനി ടോണിന്റെ(1929)സ്ഥാപനത്തിലൂടെ പുതിയ കലാ ചലനങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു എന്നതും ചര്‍ച്ചചെയ്യപെടെണ്ടാതാണ്.ഭൂതരായര്‍ ,ഭാസ്കരമേനോന്‍ ,മംഗളമാല (5ഭാഗന്ഗല്)ദ്രാവിടവൃത്തങ്ങളും അവയുടെ ദശാ പരിണാമങ്ങളും ,മുന്നാട്ട് വീരന്‍ ,മലയാള വ്യാകരണം തുടങ്ങിയ സ്വന്തം കൃതികള്‍ കൂടാതെയാണ് ഈ പരിശ്രമങ്ങള്‍ അദ്ദേഹം നടത്തിയതെന്നുകൂടി ഓര്‍കേണ്ടതുണ്ട് .

പല കോണുകളില്‍ നിന്ന് പല തലങ്ങളില്‍ മലയാള ഭാഷയെക്കുറിച്ചു നടക്കുന്ന സമകാലികമായ ആലോചനകളില്‍ നിശ്ചയമായും കടന്നു വരേണ്ട ലേഖനമാണ് അപ്പന്‍ തമ്പുരാന്റെ 'പച്ച മലയാളം '.മംഗളമാല 'എന്ന ഉപന്യാസ സമാഹാരത്തിലാണ് ഇതുള്ളത് .വീക്ഷണത്തിലെ എക്സ്റ്റിമിസ്റ്റു സമീപനം പരിമിതിയായി തോനാമെങ്ങിലും അതിനെ അതിലെമ്ഘിക്കുന്ന ഭാഷാസ്നേഹത്തിന്റെ അതിരുകളില്ലാത്ത ഊര്‍ജ്ജം ലേഖനത്തെ ഇന്നും പ്രസക്തമാക്കുന്ന ഘടകമാണ്. 'ഭാഷാ സ്നേഹം' ഒരു ക്ളീഷേയല്ലെന്നു അപ്പന്‍ തമ്പുരാന്റെ വാക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .തന്റെ ചെറിയ ഭാഷയിലുള്ള ആത്മവിശ്വാസത്തിന്റെ രേഖയാണിത് .ഫലിതത്തിന്റെ നേര്‍ത്ത അകമ്പടിയോടെ വിഷയം അവതരിപ്പിക്കുമ്പോഴും ഇത്തരമൊരു ആത്മവിശ്വാസത്തില്‍ നിന്നുണ്ടാകുന്ന വിശുദ്ധമായ ധിക്കാരത്തിന്റെ അനുരണങ്ങള്‍ ഇതിലുണ്ട് .അര്‍ഥങ്ങള്‍ നിറഞ്ഞുകൊണ്ടേയിരിക്കുന്ന വിദൂരധ്വനികള്‍ സൃഷ്ടിച്ചു കൊണ്ട് മലയാളത്തിന്റെ ഭാവിയിലേക്ക് ഈ അനുരണങ്ങള്‍ കടന്നു പോകുന്നു.

ലേഖനത്തില്‍ നിന്ന് .

ഞാന്‍ ഒരു പച്ച മലയാളിയാണ് .ഇന്ക്രീസും പരന്തിരീസ്സും ചമകൃതവും എനിക്കറിഞ്ഞുകൂടാ ............................................................................................................................................
ശകാരിക്കുകയാനെങ്ങില്‍ മലയാളതിലാവട്ടെ .എന്നാല്‍ ഞാന്‍ മറുപടി പറയാം ....................................................................................................................................................
മറുനാട്ടുമൊഴി അങ്ങനെ തന്നെ ഒരുമാറ്റവും വരുത്താതെ എടുത്തു തനതെന്ന പോലെ ഇട്ടു പെരുമാറുക .ഇത് നമ്മുടെ മലയാളത്തിനെന്നല്ല മൊഴികള്‍ക്കു പൊതുവേ തന്നെ ഒരു വലിയ പുഴുക്കുത്തു പോലെ കേടു തട്ടിക്കുന്നതാന്നെന്നു കൂടി ഓര്‍മ വെക്കേണ്ടതാണ് .........................................................................................................................................
നമ്മുടെ പഴയ ഈട് വെപ്പുകളില്‍ ഓരോ പെട്ടികളിലായിട്ടു വളരെ കൈമുതല്‍ കെട്ടിവെചിരിക്കെ അതൊന്നും തുറന്നു നോക്കാതെ കണ്ണടച്ച് കടം വാങ്ങി ചെലവിടുന്നത് അറിവില്ലായ്മ കൊണ്ടോ മടി കൊണ്ടോ വിഡ്ഢിത്തം കൊണ്ടോഎന്ത് കൊണ്ടായാലും ഒട്ടും ശരിയായിട്ടുള്ളതല്ല ,തീര്‍ച്ച തന്നെ .



വര്‍ഗ്ഗീസ്‌ അവസാനിക്കുന്നില്ല



ഞങ്ങള്‍ കൊളേജിലേക്കെതുംപോഴേക്കും നക്സലൈറ്റ് പ്രസ്ഥാനവും ജനകീയസാംസ്കാരിക വേദിയുമൊക്കെ ഏറെക്കുറെ തകര്‍ച്ചയില്‍ പെട്ടു കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ആ പ്രസ്ഥാനങ്ങളുമായി നേരിട്ട് ഒരു ബന്ധവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.ആ പ്രസ്ഥാനങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തിച്ചിരുന്ന ജേഷ്ഠതുല്യരായ പല സുഹൃത്തുക്കളും ആത്മഹത്യയിലേക്കും മറ്റും ചിതറിപ്പോയിരുന്നു.

ഞാന്‍ നക്സലൈറ്റ് കാലഘട്ടത്തിന്റെ ആരാധകനല്ല.എന്നാല്‍ ഇന്ന് പലരും ഒരു ഫാഷന്‍ പോലെ ആ കാലഘട്ടത്തെ പൂര്‍ണമായും തള്ളികളയുന്ന,പരിഹസിക്കുന്ന രീതിയില്‍(അല്ലെങ്ങില്‍ തന്നെ ഇപ്പോള്‍ തള്ളിപ്പറയലുകളുടെ കാലമാണ് .ഒരു മഹത്തായ കാര്യമെന്ന മട്ടില്‍ മദ്യപിചിരുന്നവര്‍ മദ്യപാനത്തെ തള്ളിപ്പറയുന്നു.അരാജകവാദി അരാജകവാദത്തെതള്ളിപ്പറയുന്നു.സത്യത്തില്‍ കഞ്ഞാവടിക്കുന്നവരും മദ്യപാനികളുംസ്വവര്‍ഗ രതിക്കാരും ജെന്റില്മാന്മാരും(?)രാഷ്ട്രീയക്കാരും ബിസ്സിനസ്സുകാരും ഒക്കെക്കൂടി ഉള്‍പ്പെട്ട ഒരുബഹുസ്വര യാഥാര്ത്യമാണ് സമൂഹമെന്നു കണ്ടാല്‍ ഇത്തരം മഹത്വവല്‍ക്കര്നങ്ങളും ആദര്‍ശവല്ക്കരണങ്ങളും കൊമാളിത്തമായിമാറും) അതിനെ നോക്കികാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ആ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമായ പരിമിതികള്‍ എന്തായിരുന്നാലുംആത്യന്തികമായി അനീതിക്കും അപമാനവീകരനത്ത്തിനുമെതിരായ ഒരു മുഴക്കം അവ കൊണ്ടുവന്നിരുന്നു.ആ മുഴക്കത്ത്തിന്റെ ചില സദ്‌ഫലങ്ങള്‍
നമ്മുടെ സാഹിത്യരങ്ങത്തുമുണ്ടായി എന്നത് നിഷേധിക്കാന്‍ കഴിയുന്ന ഒന്നല്ല.മാത്രമല്ല,അന്ന് വരെ വ്യപസ്ഥാപിത കേരളീയ യുവത്വം സാഹിത്യകേന്ദ്രത്ത്തില്‍ പ്രതിഷ്ഠിച്ചിരുന്ന എം. ടി.,കാക്കനാടന്‍ ,മുകുന്ദന്‍ ...തുടങ്ങിയവരെ ആകേന്ദ്രത്തില്‍ നിന്ന് നീക്കുകയും അവിടേക്ക് പുതിയ ശബ്ദങ്ങള്‍ കടന്ന്നു വരികയും ചെയ്തു എന്നത് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.അയ്യപ്പപനിക്കരെ പോലൊരു കവിയെ 'ഹൂഗ്ളി' എഴുതാന്‍ പ്രേരിപ്പിക്കും വിധം ശക്തമായിരുന്നു ആ മുഴക്കം എന്നു കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. ആ കാലഘട്ടത്തിന്റെ പരിമിതികളെ സ്വയം തിരിച്ചരിയാനും ചര്‍ച്ചചെയ്യാനും തയ്യാറായതും ആ കാലഘട്ടത്തിലെ തന്നെ എഴുത്തുകരായിരുന്നു എന്നതും പരിഗണിക്കപ്പെടെണ്ടതാണ്.ഏതൊരു കാലഘട്ടത്തെയും കര്‍ശനമാനമായി വിലയിരുത്തുന്നതോ വിമര്‍ശനവിധേയമാക്കുന്നതോ കണിശമായും ഗുണപരവും സര്ഗാത്മകവുമാണ്.നക്സലൈറ്റ് കാലഘട്ടത്തെയുംഇഴകീറി പരിശോധിക്കേന്ടവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.തര്‍ക്കമില്ല.എന്നാല്‍ ഏതെങ്കിലും ഒരുകാലഘട്ടത്തെ പൂര്‍ണമായും തള്ളികളയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യവും അപക്വവും ആയിരിക്കും.കാരണം ,ഏതു കാലഘട്ടവും പില്‍ക്കാലത്ത്‌ സ്വാഭാവികമായും പരിമിതികളുടെയും അബ്ദ്ധങ്ങളുടെയും കൂടി അടയാളമായിട്ടായിരിക്കും വിലയിരുത്തപ്പെടുക.അപ്പോള്‍ പോലും ആ കാലഘട്ടത്തിന്റെ പോസിറ്റിവായ ഘടകങ്ങള്‍ പില്‍കാല ചരിത്രത്തിലേക്കുള്ള തുടര്‍ച്ച കൂടി തീര്‍ച്ചയായും നിര്‍മ്മിക്കുന്നുണ്ട് എന്ന കാര്യം നാം മറന്നു കൂടാ.

അതുകൊണ്ട് 'വര്‍ഗ്ഗീസ് 'അവസാനിക്കുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അനീതികള്‍ക്കും അപമാനവീകരനത്ത്തിനുംഎതിരായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ,എണ്ണത്തില്‍ പരിമിതമായ പത്രപ്രവര്‍ത്തകര്‍ ,സാഹിത്യകാരന്മാര്‍ ,ചലച്ചിത്രകാരന്മാര്‍ ,നവഗാന്ധിയന്‍ പ്രതിരോധ പ്രവര്‍ത്തകര്‍ ,ദളിത്‌ ആദിവാസി മേഖലകളിലെ നവ സാമുഹിക പ്രവര്‍ത്തകര്‍ ,സ്ത്രീപക്ഷവാദികള്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍, ന്യുനപക്ഷസാമൂഹിക നീതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ ....തുടങ്ങി ബഹു തലങ്ങളില്‍ ഉയരുന്ന ശബ്ദങ്ങളിലേക്ക്‌ വര്‍ഗ്ഗീസിന്റെ ശബ്ദവും മറ്റൊരു രീതിയില്‍ ഏറ്റെടുക്കപ്പെടുന്നുണ്ട് .മാവോയിസ്റ്റുകള്‍ ഉയര്‍ന്നു വരാനുള്ള സാമൂഹിക സാഹചര്യം പ്രസ്ക്തമാനെങ്ങിലും നിഗൂഡവല്‍കൃത സമീപനങ്ങളെ അസാദ്ധ്യമാക്കിത്തീര്‍ക്കുന്ന തുറസ്സുകള്‍ രാഷ്ട്രീയത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് 'വര്‍ഗ്ഗീസിനും' ജനാധിപത്യത്തിനുമിടയിലെ അഭാവങ്ങളെ എങ്ങനെ പൂരിപ്പിക്കും എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാനപ്പെട്ട ചോദ്യം.

വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍'



'THE EYE IS NOT THE TOO-IMMOBILE HUMAN EYE'
-Gilles Deleuze

തീവ്ര പ്രതികരണങ്ങളുടെ പുസ്തകമാണ് സി.ആര്‍.പരമേശ്വരന്റെ 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍'.മലയാളത്തില്‍ ഇന്നു കവിതയെക്കുറിച്ചാണെങ്കിലും സാമൂഹിക വിഷയങ്ങളെ ക്കു റിച്ചാണെനെങ്കിലും നടക്കുന്ന ചര്‍ച്ചകള്‍ മിക്കവാറും 'ചത്തേ ചതഞ്ഞേ'എന്ന രീതിയിലുള്ളവയാണ്‌.ഒരുതരം സുഖിപ്പിക്കല്‍ മട്ടിലുള്ള മടുപ്പിക്കുന്ന സമരസപ്പെടല്‍ അവയിലുണ്ട്.സംവാദങ്ങള്‍ക്ക് ഇടം കൊടുക്കാതെയുള്ള ഞാണിന്മേല്‍ കളി.ഒത്തുതീര്‍പ്പുകളും ഭയങ്ങളും കൊണ്ട് നിര്‍മ്മിച്ച എഴുത്തിന്റെ കപടലോകം .

സി.ആറിന്റെ പുസ്തകത്തിന്റെ ഏറ്റവും വലിയപ്രസക്തി ,ഒരേ സമയം രണ്ടു നാവുകൊണ്ട് അത് സംസാരിക്കുന്നില്ല എന്നതാണ് .മനുഷ്യനെയും സമൂഹത്തെയും കുറിച്ചുള്ള ആധിനിറഞ്ഞ നിരീക്ഷണങ്ങളാണ് സി. ആര്‍ .പങ്കു വെക്കുന്നത്.വിയോജിപ്പുകളുടെ സൌന്ദ്യര്യം ഈ കൃതിയിലുണ്ട്.ഒറ്റയ്ക്ക് നിന്ന് തനിക്കു സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഊറ്റത്തോടെ പറയാന്‍ സി.ആറിനു കഴിയുന്നു.മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ് 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍' .

ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഏറ്റവും സമകാലികവും പ്രസ്ക്തവുമായിരിക്കുംപോള്‍ തന്നെ വിശകലന വിധേയമാക്കേണ്ട ഒരുതരം സെക്ടേറിയന്‍ സമീപനത്തിന്റെ പരാധീനത ഈ പുസ്തകത്തിനുണ്ട് .ആഴമില്ലാത്ത പ്രവാചക സ്വരത്തിലുള്ള പ്രസ്താവനകളും ഈ പുസ്തകത്തെ ചിലയിടങ്ങളില്‍ ദുര്‍ബലമാക്കുന്നു.വിരാമച്ചിന്നങ്ങള്‍ ഏറെ നിറഞ്ഞ ചിന്തകളാണ് സി.ആറിന്റേത് .അത് സംവാദത്തിന്റെ ഇടങ്ങളെ പലപ്പോഴും ഇല്ലാതാക്കുകയും ഒരുപാട് പൊള്ള മുഴക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.മറ്റൊരാള്‍ക്ക്‌ ഇതൊക്കെ ഈ പുസ്തകത്തിന്റെ സവിശേഷതയായും വായിക്കാവുന്നതാണ്.ആത്യന്തികമായി ഈ പുസ്തകത്തിന്റെ പരാജയം എന്ന് വിലയിരുത്താവുന്ന ഘടകം തന്നെയാണ് ഇതിന്റെ വിജയത്തെയും നിര്‍ണയിക്കുന്നതെന്ന് പറയാം.

സി. ആര്‍ .പരമേശ്വരന്‍ എന്ന മനുഷ്യനോടു നമുക്ക് വിയോജിക്കാം ,വഴക്കുണ്ടാക്കാം.എന്നാല്‍ ഈ മനുഷ്യന്‍ ഒരുപാടുനാള്‍ നമുക്കിടയില്‍ ജീവിചിരിക്കണമെന്ന് പുസ്തകം വായിച്ചുകഴിയുമ്പോള്‍ വിവേചനശാലിയായ ഓരോ വായനക്കാരനും ആഗ്രഹിക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.