Sunday, October 27, 2013

തോമാച്ചന്‍ പാടുന്നില്ല


തോമാച്ചന്‍ പാടുന്നു. അടുപ്പമുള്ളവര്‍ അടുത്തിരിക്കുന്നു. അകമഴിഞ്ഞു കേള്‍ക്കുന്നു. അത്ര മാത്രം . വേറൊന്നുമില്ല. വേറിട്ട പാട്ട് . വേറെ ഒച്ച . വല്ലാത്ത പാട്ടുകാരന്‍ . പ്രശസ്തനല്ല . പ്രഗല്ഭനല്ല. അവന്റെ പാട്ട് അവന്റെ വഴി. അവനോളം ആഴമുള്ള പുഴ. സംഗീതചിട്ടകള്‍ തകര്ത്തൊഴുകും. 'സംഗതികള്‍' കട പുഴക്കും. ചിലര്‍ പറഞ്ഞു. താളബോധമില്ല. പാട്ടറിവില്ല. അവര്‍ പണ്ഡിതര്‍ . സംഗീത വിദഗ്ധര്‍ . തോമാച്ചന്റെ താളം അടുപ്പമുള്ളവരാടും താളം. തോമാച്ചന്റെ സംഗീതം അടുപ്പമുള്ളവരുടെ അടുപ്പം.

പാറമ്പുഴ രവി. മാത്തുക്കുട്ടി . തെരുവു ഗായകര്‍ . തെറ്റിപ്പാടിയവര്‍ .തെറ്റിച്ചു പാടിയവര്‍ . തെരുവില്‍ താനേ പൊലിഞ്ഞു പോയവര്‍. അവരുടെ അധോലോകപ്പാട്ടുകള്‍ ആരും കണ്ടില്ല. കണ്ടവര്‍ മറന്നു. ആരും കേട്ടില്ല. കേട്ടവര്‍ മറന്നു. തോമാച്ചന്‍ കണ്ടു . തോമാച്ചന്‍ കേട്ടു. തോമാച്ചന്‍ ആ പാട്ടുകള്‍ വീണ്ടെടുത്തു. പാടി. പകര്‍ന്നു.
'അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ആരോരുമറിയാതെ തൂമണം തൂകി
പാതിര കാറ്റങ്ങു പോയി
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ചക്രവാളങ്ങളില്‍ നൃത്തം ചവിട്ടി
പഗ്ലാവ്നെങ്ങോ മറഞ്ഞു
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി'
പാട്ടു കേട്ടവര്‍ക്കു യേശുദാസിനെ വേണ്ട. പാറമ്പുഴ രവി മതി. റാഫിയെ വേണ്ട. മാത്തുക്കുട്ടിയെ മതി. റഹ്മാനെ വേണ്ട. രാമനാഥനെ വേണ്ട .മല്ലികാര്‍ജുന്‍ മന്‍സൂറിനെ വേണ്ട. തോമാച്ചന്റെ പാട്ടു മതി. അടുപ്പമുള്ളവര്‍ അകലത്തിരുന്നും അവന്റെ പാട്ടോര്‍മ്മിച്ചു. തനിച്ചിരിക്കുമ്പോള്‍ തനിയെ ഓര്‍ക്കാന്‍ തനിമയുള്ള പാട്ടുകള്‍. താന്തോന്നിപ്പാട്ടുകള്‍ .

ആലപ്പുഴ എസ.ഡി .കോളേജിലെ മരത്തണ ലുകള്‍ . ക്ലാസുമുറികള്‍ . അല്ലാത്ത മുറികള്‍ . കടപ്പുറം . അമ്പലവെളി. തെരുവ്. വള്ളം . വെള്ളം . ആകാശം .......എല്ലായിടത്തും തോമാച്ചന്‍ പാടുന്നു. കൂട്ടുകാര്‍. എകാകികള്‍ . കാമുകര്‍. വിരഹികള്‍. തോന്നിവാസികള്‍ ......എല്ലാവര്‍ക്കുമായി തോമാച്ചന്‍ പാടുന്നു.

ഇഷ്ടപ്പെട്ട ഇടങ്ങള്‍. അവിടങ്ങളില്‍ തോമാച്ചന്‍ പാടുന്നു. ഇഷ്ട്ടപ്പെട്ട മനുഷ്യര്‍. അവര്‍ക്കിടയില്‍ തോമാച്ചന്‍ പാടുന്നു. പാട്ടു നിയമങ്ങള്‍ ഇടിഞ്ഞു വീഴുന്നു. പാട്ടു പാരമ്പര്യം നിലം പൊത്തുന്നു. നില്‍ക്കക്കള്ളിയില്ലാത്തവന്റെ പാട്ട്. അന്തിക്കള്ളും അന്തിയും ചേര്‍ന്ന ചന്തമുള്ള പാട്ട്. സൊയമ്പന്‍ പാട്ട് . പുകഞ്ഞ പാട്ട്. പുകപ്പാട്ട്. തോമാച്ചനില്‍ തുടങ്ങി ഒരുപാടു തോമാച്ചന്മാരിലേക്ക് നീളുന്ന പാട്ട്. പാട്ടിന്റെ സമാന്തര ചരിത്രം. പാട്ടെഴുത്തുകാര്‍ കാണാത്ത ചരിത്രം. പല കാലങ്ങളില്‍ ,പല ദേശങ്ങളില്‍ പറയപ്പെടാതെ പോയ ചരിത്രം. പരാജിതരുടെ പാട്ട് ചരിത്രം .
തോമാച്ചന്‍ പാടുന്നു.
തോമാച്ചന്‍ പാടുന്നില്ല.

'(സ്നേഹ)ലതയുടെ സുഹൃത്ത്‌ '




'വരൂ പരമേശ്വരാ  സന്ധ്യക്ക്‌ ഇണചേര്‍ന്നാല്‍ പിറക്കുന്നത്‌ രാക്ഷസന്മാര്‍ .നമുക്കീ ഭൂതലം പിശാചുക്കളെക്കൊണ്ട് നിറയ്ക്കാം'. -(കഥയില്‍ നിന്ന്)

In order for skills associated with women to be recognised and valued,hierarchies had to be demolished-D.N.Rodowick

'(സ്നേഹ)ലതയുടെ സുഹൃത്' ചന്ദ്രമതിയുടെ മികച്ച(?) കഥയല്ല.എന്നാല്‍ ഈ കഥ സ്ത്രീ പുരുഷ ബന്ധത്തിന്റെ ഒരു പ്രതി യാഥാര്ത്യമെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.ഈ പ്രതി യാഥാര്ത്യത്തെ പ്രതീതികളുടെയും ഭ്രമാത്മകതയുടെയും വസ്തുതാവല്‍ക്കരനത്ത്തിന്റെയും രീതികള്‍ ഇടകലര്‍ത്തിയ ഭാഷയിലാണ് ചന്ദ്രമതി അവതരിപ്പിക്കുന്നത്‌. പുറമേ എകമുഖമെന്നു തോന്നുമെങ്ങിലും വാക്കുകളില്‍ ചിത്രകലയെ സ്വാംശീകരിക്കുക ,മാറി മാറി വരുന്ന ദൃശ്യങ്ങളുടെ തുടര്‍ച്ച പോലെ വാചകങ്ങളെ ക്രമീകരിക്കുക തുടങ്ങി ആഖ്യാനത്തിന്റെ വിവിധതരം അടരുകള്‍ സൂക്ഷ്മവായനയില്‍ കണ്ടെത്താനാവും.കാല്പനികമെന്ന നിര്‍വച്ചനത്ത്തിനു വഴങ്ങാവുന്ന വിവരണകലക്കുള്ളില്‍ തീക്ഷ്ണ യാഥാര്ത്യത്തിന്റെ കഥാഗതിയാണുള്ളത്. കഥാപാത്രങ്ങള്‍ കഥക്കുള്ളില്‍ നേരിടുന്ന സന്ദര്‍ഭങ്ങളുടെ ഐറണിയെ എഴുത്തുരീതിയിലൂടെ(I am for a writing pattern falling,splashing,wiggling,jumping,going on and off-Toni Morrison)  വ്യാഖാനിക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യക്ഷതയായി വിവരണകല മാറുന്നു. ക്രാഫ്റിന്റെയും കഥാപാത്ര സൃഷ്ടികളുടെയും അനായാസ സ്വാതന്ത്ര്യം നിര്‍മ്മിച്ചുകൊണ്ട്‌ സ്ത്രീപുരുഷ ബന്ധത്തിന്റെ അബോധസത്തകളെ അല്ലെങ്ങില്‍ ഭാവനാതത്മകമായ ഒരു അപരലോകത്തെ പുതിയ പാഠാന്തരങ്ങളിലേക്ക് ്‍ കഥാകാരി പരിവര്ത്തിപ്പിക്കുന്നു.പ്രണയമെന്നത് യാഥാര്ത്യത്ത്തില്‍ തന്നെയുള്ള അധോലോക യാഥാര്ത്യമാണെന്നും സാംസ്കാരികമായി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നും കഥയില്‍ തെളിയുന്നു.സമൂഹത്തിലെ പലതരം അസമത്വങ്ങളുടെ കണ്നക്ഷന്‍ കോഡുകള്‍ കഥാപാത്രങ്ങളിലുണ്ട്.പുരുഷന്‍ എന്ന വൈകാരികയുക്തിയെ ചിന്നഭിന്നമാക്കികൊണ്ട് ഈകഥ സമകാലികതയെ അഭിമുഖീകരിക്കുന്നു.സൌഹൃദവും ദാമ്പത്യവും പ്രണയവുമെല്ലാം അനശ്വര സങ്ങല്‍പ്പങ്ങളുടെ തകര്ച്ചകളായി കഥയില്‍ ചിതറിക്കിടക്കുന്നു.ഒരു സംഭവത്തിന്റെ വിവരണമല്ല ഇത്.പ്രതികരങ്ങളുടെ ബഹുതലങ്ങള്‍ എഴുതിപ്പോകുകയാണ്.സംശയമില്ല, സ്ത്രീപുരുഷ ബന്ധത്തിന്റെ 'കാല്‍പനിക ചരിത്രത്തില്‍ 'നിന്നുള്ള വിമോചനം സാധ്യമാകുമോ എന്ന അന്വേഷനത്തിനെ രേഖയാണ് '(സ്നേഹ)ലതയുടെ സുഹൃത്ത്‌ '. 

പി.എം.ആന്റണി


അതൊരു കാലം.വാക്കുകള്‍ കത്തിപ്പടര്‍ന്നു.ചുവരെഴുത്തുകള്‍ ചീറിപ്പുളഞ്ഞു.പ്രഹരശേഷിയുള്ള മുദ്രാവാക്യങ്ങള്‍ ആഞ്ഞുപതിച്ചു.പാര്‍ലമെന്‍റ് പന്നിക്കൂടായി.ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു.തൊക്കെടുത്ത വിപ്ളവം ചുട്ടുപൊള്ളി.ഒന്നും സംഭവിച്ചില്ല.എന്നാല്‍ എന്തൊക്കെയോ സംഭവിച്ചു.ആരവങ്ങളൊടുങ്ങി.അപഗ്രഥനങ്ങള്‍ ഏറെ നടന്നു.ഇപ്പോഴും നടക്കുന്നു.പങ്കെടുത്തവര്‍ പങ്കെടുത്ത രീതികളെ വിശകലനം ചെയ്തു.ചിലര്‍ പാടേ തള്ളിപ്പറഞ്ഞു.ചിലര്‍ സ്വയം തിരിച്ചറിഞ്ഞു.ചിലര്‍ സ്വയം തിരുത്തി.ചിലര്‍ സാധ്യതകളുടെ തുടര്‍ച്ചകള്‍ തേടി.ഒരിക്കല്‍ സ്വപ്നകലാപങ്ങളില്‍ ഒന്നിച്ചു നിന്നവര്‍ ചിതറിപ്പിരിഞ്ഞു.പരസ്പരം ശത്രുക്കളായി ഏറ്റുമുട്ടി.പലയിടങ്ങളില്‍ പലരീതികളില്‍ ചിലര്‍ അവസാനിച്ചു.ചിലര്‍ അതിജീവിച്ചു.ആ കാലം കല്‍പ്പിതകഥപോലെ.ഞങ്ങള്‍, മറ്റൊരു തലമുറയില്‍ പെട്ടവര്‍ ,ആ കാലത്തിന്റെ ക്ഷതങ്ങളും മുറിവുകളും ഉടലില്‍ ഏറ്റുവാങ്ങാത്തവര്‍,ഒന്നും ചോദിക്കുകയില്ല.കാരണം ,കഥയില്‍ ചോദ്യങ്ങളില്ല.കഥാപാത്രങ്ങളെ കടംകഥകളാക്കുന്ന കഥ ചിലപ്പോള്‍ ചരിത്രം കൂടിയാകുന്നു.

കഥയില്‍ അതിജീവിച്ചവര്‍ അതിജീവനത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ സഞ്ചരിച്ചു.ആന്റണിചേട്ടന്റെ (പി.എം.ആന്റണി) മാര്‍ഗം നാടകത്തിന്റേതായിരുന്നു.മറ്റു പലരെയും പോലെ പാടേ മാറിപ്പോയില്ല ആ മനുഷ്യന്‍.മാറാന്‍ ആന്റണിചേട്ടന് മനസ്സില്ലായിരുന്നു.തീവ്രസ്വപ്നങ്ങളെ വാക്കുകളില്‍ കുഴിച്ചുമൂടിയില്ല.കാലത്തിനു പറ്റാത്ത കോലമായി.നിരന്തരം നാടകപരിശ്രമങ്ങള്‍ നടത്തി.പരാജയങ്ങളിലും വിജയിച്ച പോരാളിയെ ഓര്‍മ്മിപ്പിച്ചു.തൊഴിലാളികളോടും അവഗണിക്കപ്പെട്ട മനുഷ്യരോടും കൂട്ടുകൂടി നടന്നു.അങ്ങനെയുള്ളവരെ നാടകപ്രവര്‍ത്തനത്തിന്റെ ആരും വേരുമാക്കി.ലളിതമായി ജീവിച്ചു.സാമ്പത്തിക പരാധീനതകളെ ആത്മവിശ്വാസം കൊണ്ട് നേരിട്ടു.തിരുവനന്തപുരത്ത് ഫിലിംഫെസ്റ്റിവലുകളില്‍ വെച്ചുകാണുംപോഴൊക്കെ പുതിയ നാടകങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു.എല്ലായ്പ്പോഴും ഞാന്‍ കേള്‍വിക്കാരനായി.തൊട്ടടുത്തു നിന്നു സംസാരിക്കുമ്പോഴും അക്കരെ നിന്നു സംസാരിക്കുന്നത് പോലെ.ഇക്കരെ നിന്നു കേള്‍ക്കുന്നതുപോലെ .

ആന്‍റണിചേട്ടനെ ആദ്യം കാണുന്നത് കുട്ടിയായിരിക്കെ,വര്‍ഷങ്ങള്‍ക്ക് മുന്പ് അച്ഛനോടൊപ്പമാണ്.അവസാനം കണ്ടത് അടുത്തിടെ ആലപ്പുഴ എന്‍.ബി.എസില്‍ വെച്ച്.അച്ഛന്‍ കഥാവശേഷനായിട്ട് കൊല്ലങ്ങള്‍ കുറച്ചായി.അച്ഛനില്‍ നിന്നു തുടങ്ങി ഞങ്ങളിലേക്കുവന്ന ജേഷ്ഠതുല്യരായ സുഹൃത്തുക്കള്‍ ഓരോരുത്തരായി യാത്രപറയുന്നു.ഇനി ആലപ്പുഴയില്‍ ചെല്ലുമ്പോള്‍ ,നഗരത്തില്‍ നടക്കാനിറങ്ങുംപോള് ,എവിടെനിന്നോ തന്റെ സൈക്കിളില്‍ പെട്ടെന്ന് ആന്‍റണിചേട്ടന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല.തുടര്‍ സഹനങ്ങളെ അതിജീവിച്ച ആ മനുഷ്യനും പോയി.നാടകത്തിനു തിരശീല വീണു.ഓര്‍മ്മകളില്‍ നാടകം അവസാനിക്കുന്നില്ല.

Tuesday, December 25, 2012

ക്റിസ്മസ്ട്റീ

ഡിസംബറിലെ മഞ്ഞുത്തുള്ളികള്‍
ഭൂമിയില്‍ വസിക്കുന്ന ഓര്‍മ്മകളാണ്.

മുല്ലപ്പൂ മണക്കുന്ന മുല്ലയ്ക്കല്‍ തെരുവ്    .    സ്പത്സ്വരച്ചിലങ്ക കെട്ടിയ ചിറപ്പിന്റെ തിരക്ക്    .     സ്പെഷ്യല്‍സിനിമാഷോയുടെ  പരസ്യമുള്ള പ്രകാശിക്കുന്ന ചതുരക്കടലാസുകൂടുചുമന്ന് ,  തെന്നിനീങ്ങുന്ന  ആരോ ഒരാള്‍ .  രാഗമാലികകള്‍ പോലെ നക്ഷത്രവിളക്കുകള്‍ .  കരോള്‍ഗാനങ്ങള്‍ ഒഴുകിക്കടന്നുപോയ പൂന്തോപ്പിലെ വഴിത്താരകള്‍   .     ക്രിസ്മസ് പപ്പയ്ക്കൊപ്പം തുള്ളിക്കളിക്കുന്ന കുഞ്ഞുങ്ങള്‍ .    കാറ്റുള്ളമലയില്‍  ,  സന്തോഷ്‌ ജോര്‍ജിന്റെ തറവാട്ടില്‍  ,  മമ്മ ചുടുന്ന പാലപ്പത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം    .    സാബുവര്‍ഗീസിന്റെ വീടിലെ പുല്‍ത്തൊഴുത്തില്‍ മയങ്ങുന്ന ഉണ്ണിയേശു   .   പുല്‌ത്തൊഴുത്തിനരികില്‌ ഇരുവശത്തേക്കും മുടിപിന്നിയിട്ട് നൃത്തം വെക്കുന്ന മാലാഖക്കുട്ടി - അവന്റെ കുഞ്ഞുപെങ്ങള്‍    .    കുഴൂര്‍ വില്സന്റെയും  മേരിയുടെയും പ്രണയദിനങ്ങളില്‍  പള്ളിയങ്കണത്തില്‍ തനിചെരിഞ്ഞ മെഴുകുതിരികള്‍ .   അലഞ്ഞുതിരിഞ്ഞു ചെന്നപ്പോള്‍ അലിവോടെ അഭയംതന്ന കോയമ്പത്തൂര്‍ കൌണ്ടംപാളയം സെന്റ്‌ ജോസഫ് ചര്‍ച്ചിലെ ഫാദര്‍ ഫ്രാന്‍സിസ്   .   മരിയതെരേസാ സ്ക്രില്ലിയുടെ പുസ്തകം  സമ്മാനിച്ച വിദ്യാര്‍ഥിനികളായ  കന്യാസ്ത്രീകള്‍   .    പുന്നമടയിലെ അയല്‍ക്കാരന്‍ , പോച്ചപ്പന്റെ ഭവനത്തില്‍ നിന്നു മുഴങ്ങിയ സന്ധ്യാ പ്രാര്‍ത്ഥനകള്‍    .    കുട്ടിക്കാലത്തെ കൂട്ടുകാരന്‍ ആന്ത്രയോസിന്റെ വയല്‍ക്കരയിലെ കൊച്ചുകുടിലില്‍ തൂങ്ങിയാടുന്ന കന്യാമറിയത്തിന്റെ ചിത്രം . 
നിശബ്ദം ആരാധിച്ച സുന്ദരി  ,  വീനസിനേക്കാള്‍ സുന്ദരി  , എങ്ങോ മാഞ്ഞു പോയ , തലവടിഗ്രാമത്തിലെ  ക്രിസ്ത്യാനിയായ കൌമാരക്കാരി   .  റോയി ലൂയിസിന്റെ മാളികമുറ്റത്ത്  ,  ആഘോഷരാവില്‍  നിറഞ്ഞൊഴിയുന്ന ഗ്ളാസ്സുകള്‍ക്കൊപ്പം  ചിറകറ്റ നിശാശലഭങ്ങള്‍ക്ക് ചിറകു മുളച്ച നിമിഷങ്ങള്‍.    തുഷാരതാരങ്ങള്‍ സ്തോത്രം ചൊല്ലുമ്പോള്‍ കാതോര്‍ക്കുന്ന തൂവാനം   .     പാതിരാകുര്‍ബാനയ്ക്കു പോകുന്ന പെണ്‍കുട്ടികള്‍   .      നേര്ത്ത്തുമിനുങ്ങുന്ന  ശിരോവസ്ത്രങ്ങള്‍ക്കുള്ളില്‍ ശിശിരമനോഹരമുഖങ്ങള്‍ ഒളിപ്പിച്ച പെണ്‍കുട്ടികള്‍   .   കൂട്ടുകാര്‍ക്കൊപ്പം അവരെക്കണ്ടുനിന്ന നനുത്ത തണുപ്പുള്ള രാത്രികള്‍ ..........എല്ലാം ഓര്‍മ്മകളാണ്    .    വര്‍ഷാവസാനമാസത്തെ കണക്കെടുപ്പില്‍ ജീവന്റെ പുസ്തകത്തില്‍ ഓര്‍മ്മകളാണ് .

ഡിസംബറിലെ മഞ്ഞുകണങ്ങള്‍
ഭൂമി വിട്ടുപോയവരുടെ കണ്ണുകളാണ് .

കുര്യാകോസിനറെ ഉറ്റു നോക്കുന്ന കണ്ണുകള്‍    .    ഷെല്വിയുദെ നനഞ്ഞ കണ്ണുകള്‍     .    ആര്‍ . രാമചന്ദ്രന്‍ മാഷുടെ വാത്സല്യം നിറഞ്ഞ കണ്ണുകള്‍    .   ക.ആര്‍ .പഴവീടിന്റെ അത്ഭുതപ്പെടുന്ന കണ്ണുകള്‍   .   പൂണിയില്‍ സുരേന്ദ്രന്റെ  തിളങ്ങുന്ന കണ്ണുകള്‍    .    യൂ .പി. ജയരാജിന്റെ കാതരമായ കണ്ണുകള്‍    .   ടി. ആറിന്റെ പിടിതരാത്ത കണ്ണുകള്‍    .      കെ. പി. അപ്പന്റെ ഏകാന്തമായ കണ്ണുകള്‍   .    എ. സോമന്റെ തീവ്രമായ കണ്ണുകള്‍   .  . എ.അയ്യപ്പന്‍റെ ആര്‍ദ്രമായ കണ്ണുകള്‍    .        സാംബശിവന്‍മുത്താനയുടെ സ്നേഹമുള്ള കണ്ണുകള്‍    .               കാക്കനാടന്മാരുടെ ബൊഹീമിയന്‍ കണ്ണുകള്‍     .     ഒറ്റത്തവണ കണ്ട ഗീതാഹിരണ്യന്റെ നിര്‍മലമായ കണ്ണുകള്‍     .   വെള്ളിത്തിരക്കാഴ്ചയില്‍  സില്‍ക്ക് സ്മിതയുടെ ആഴക്കടല്‍ കണ്ണുകള്‍    .  ഒരുവട്ടം മാത്രം അടുത്തുകണ്ട കുട്ടനാടന്‍ക്രിസ്തു ജോണ് എബ്രഹാമിന്റെ  കായല്കാറ്റു  വീശുന്ന കണ്ണുകള്‍     .       കവിതകള്‍ കൊണ്ട് മോഹിപ്പിച്ച , ഒരിക്കല്‍ മട്ടും കണ്ട അവിഷിന്റെ കണ്ണുകള്‍  .  ഒരിക്കലും കണ്ടിട്ടില്ലാത്ത ഗുഹന്റെ കണ്ണുകള്‍   .   എന്നും  കണ്ടിരുന്ന അച്ഛന്റെ കണ്ണുകള്‍ .........എല്ലാം ഓര്‍മ്മകളാണ്     .     വര്‍ഷാവസാനമാസത്തെ കണകെടുപ്പില്‍  മരണത്തിന്റെ പുസ്തകത്തില്‍  ഓര്‍മ്മകളാണ് .

ഓര്‍മ്മകള്‍ കൊണ്ട്
ഒരു ക്റിസ്മസ്ട്റീ.
ഓര്‍മ്മകള്‍ കൊണ്ട്
ഒരു പുതുവത്സരം .

Sunday, November 18, 2012

നൃത്തം ,നിത്യവിസ്മയം



അര്‍ച്ചന അയ്യര്‍ . നൃത്തരംഗത്തെ പുതുമുറക്കാരി . ആള്സെയിന്റ്സ് കോളേജില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി . അച്ഛന്‍ -എ. ഹരികുമാര്‍ അമ്മ -എല്‍. ചിത്ര നൃത്തഗുരു – ശോഭാ അന്തര്‍ജ്ജനം .വിലാസം : ടി.സി.36 / 1648 വള്ളകടവ് പി. ഒ. ശ്രീവരാഹം ,തിരുവനന്തപുരം.


 നൃത്തം ചെയ്തുകൊക്ണ്ട് നൃത്തമെന്ന കലയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ സ്വാഭാവികലയമാണ് അര്‍ച്ചനയുടെ അരങ്ങവതരണങ്ങളില്‍ പ്രകാശിതമാവുന്നത് . ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും നൃത്തമാധ്യമമാക്കുംപോള്‍ വേറിട്ട സാദ്ധ്യതകളെയാണ് ഈ കലാകാരി തേടിപ്പോകുന്നത് . നൃത്തകലാമേഖലയില്‍ ഉറച്ചു നില്‍ക്കുകയും നൃത്തവേദിയില്‍ സ്വകീയമായ അന്വേഷണങ്ങളുടെ തുടര്‍ച്ചയില്‍ മുഴുകുകയും ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ തുടക്കക്കാരിക്കു കഴിയുമെന്ന് ഇന്നുവരെയുള്ള അര്‍ച്ചനയുടെ പ്രകടനങ്ങള്‍ വെച്ചുകൊണ്ട് നിസ്സംശയമായും പറയാന്‍ കഴിയും .
എന്നാല്‍ പ്രതീക്ഷ നല്ക്കുന്നവര്‍ അരങ്ങില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷരാവുന്നു എന്ന യാഥാര്‍ത്യത്തേയും അഭിമുഖീകരിക്കാതെ വയ്യ.

 അര്‍ച്ചന ചുവടുവെക്കുംപോള്‍ നൃത്തം സിദ്ധാന്തവല്‍ക്കരണത്തിന്റെ സ്വാംശീകരണമാകുന്നില്ല . അര്‍ച്ചനയുടെ അംഗചലനങ്ങളില്‍ നൃത്തം പരീക്ഷണങ്ങളുടെ ഭാഗമായി നില്‍ക്കുന്നില്ല . അര്‍ച്ചനയുടെ കൈമുദ്രകളില്‍ നൃത്തം യാന്ത്രികമായ പുതുമകളുടെ പ്രകടനാത്മകതയാവുന്നില്ല. പകരം , നൃത്തത്തിന്റെ സൌമ്യാനുഭാവങ്ങളിലേക്കും സ്വച്ഛന്ദമായ ആംഗികാഭിനയത്തിലേക്കും നര്‍ത്തകി പകര്‍ന്നാടുന്നു . ഈവിധമുള്ള പകര്‍ന്നാട്ടം സാത്വികാഭിനയം , വാചികാഭിനയം ,ആഹാര്യാഭിനയം എന്നിവയെ സൂക്ഷ്മമായി സംയോജിപ്പികുന്ന സമഗ്രശോഭയിലേക്ക് വികസിക്കുന്നു . ലാസ്യഭംഗിയോ അംഗചലനങ്ങളോ കൊണ്ട് ത്റസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളില്‍ നിന്നും നര്തകകി അകന്നു മാറുന്നു . വിവിധകരണങ്ങളില്‍ , സ്വരജതികളില്‍ , മൃദംഗജതികളില്‍ നര്‍ത്തകി ,പുഴയില്‍ ഇലയെന്നപോലെ ,അരങ്ങില്‍ സ്വയം മറന്നാടുന്നതായി പ്രേക്ഷകന് തോന്നുന്നു . ‘ഹസ്തപാദസമായോഗോ നൃത്തസ്യ കരണം ഭവേത്’ (നാട്യശാസ്ത്രം നാലാം അദ്ധ്യായം) അഥവാ , അംഗപ്രത്യംഗങ്ങളും ഉപാംഗങ്ങളും സ്ഥായീഭാവങ്ങളും വ്യഭിചാരിഭാവങ്ങളുമെല്ലാം നൃത്തത്തുടര്ച്ചയില്‍ പടിപടിയായി ലയിച്ച് പ്രേക്ഷകനെ അത്തരമൊരു തോന്നലിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.


അടവുവ്യാപാരങ്ങളുടെയും ചലനങ്ങളുടെയും തന്മയീഭാവത്തിലാണ് അര്‍ച്ചനയുടെ നൃത്തം സാംഗോപാംഗം സമ്മോഹനമാകുന്നത് . നര്‍ത്തനം തുടരുന്തോറും നര്ത്തകിയില്‍ നൃത്തം ഒരു സഹജവ്യാഖ്യാനമായി മാറുന്നു . ശരീരഭാഷയ്ക്കും വടിവിനും അനുയോജ്യമായ സ്ഥാനകങ്ങളും ചാരികളും പാഠഭേദങ്ങളും അങ്ങനെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.

 വര്‍ത്തമാനകാല നൃത്തരംഗം ബഹുസ്വരമാണ് . ബഹുസ്വരതകളുടെ തന്നെ പലതരം പുതുപരീക്ഷ്ണസ്വരങ്ങളായി , കരകാണാകടലുകളായി അതു പെരുകിക്കൊണ്ടിരിക്കുന്നു . കേളുച്ചരന്‍ മഹാപത്രയും വെമ്പട്ടി ചിന്നസത്യവും ബിര്‍ജുമഹാരാജും രുക്മിണിദേവിയും ബാലസരസ്വതിയും മൃണാളിനി സാരാഭായിയും ഉദയശങ്കറും വീണ്ടും വീണ്ടും നടത്തിയ പാരമ്പര്യത്തിന്റെ പുതുക്കലുകള്‍ , ചന്ദ്രലേഖയും പിനാബാഷേയും സൂസന്ന ലിങ്കും ദക്ഷാസേത്തും നടത്തിയ അപനിര്‍മ്മാണങ്ങള്‍ , ആസ്ടാദ് ദേബൂ , പദ്മിനി ചേറ്റൂര്‍ , നവതേജ്സിംഗ്ജോഹര്‍ , പ്രീതി ആത്രേയാ , അദിതി മംഗല്ദാസ് തുടങ്ങിയവര്‍ നടത്തുന്ന ഉത്തരാധുനികമായ ആവിഷ്ക്കാരങ്ങള്‍ , നളിനി ജയ്വന്തിലും കാമിനി കൌശലിലും പത്മിനിയിലും വൈജയന്തിമാലയിലും തുടങ്ങി വാണിഗണപതിയിലും ഹെലനിലും സില്‍ക്ക് സ്മിതയിലും ഭാനുപ്രിയയിലും ശോഭനയിലും കടന്നുപോകുന്ന നൃത്ത -ചലച്ചിത്രവഴികള്‍ , ജ്യാമിതീയമായ കൃത്യതയെ നൃത്തത്തില്‍ സര്ഗാത്മകമാക്കാനുള്ള അലര്‍മേല്‍ വള്ളിയുടെയും മാളവികാസരുക്കായിയുടെയും ശ്രമങ്ങള്‍ , പത്മാസുബ്രമണ്യത്തിന്റെയും യാമിനികൃഷ്ണമൂര്‍ത്തിയുടെയും ശാന്താ-ധനന്ജ്യന്മാരുടെയും ആത്മീയപരീക്ഷണങ്ങള്‍ ,കനക് റെലെ, ലീലാസാംസന്‍ , ഭാരതി ശിവജി തുടങ്ങിയവരുടെ തനതുസങ്കേതങ്ങള്‍ .
ഇങ്ങനെ എണ്ണമറ്റ ധാരകള്‍ നൃത്തത്തിന്റെ വികസ്വരഭൂമികയില്‍ പിരിയുകയും പിണയുകയും സമാന്തരമാകുകയും മുറിച്ചു കടക്കുകയും ചെയ്യുന്നുണ്ട് . പരമ്പരാഗത ഭാഷയില്‍ ആംഗികം ,വാചികം ,ആഹാര്യം ,സാത്വികം എന്നൊക്കെ പറയുന്ന ഘടകങ്ങളെ വിശാലവും വൈവിധ്യമാര്‍ന്നതുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ട സമകാലനൃത്തമണ്ഡലത്തില്‍ എവിടെയാണ് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്യുക എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ് . നൃത്തരംഗത്തേക്ക് പുതുതായി കടന്നുവരുന്ന ഏതു നര്ത്തകിയേയും പോലെ അര്‍ച്ചനയും ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും . തന്റെ നിരന്തരമായ നൃത്തോപാസനയിലൂടെ അതിന് സര്‍ഗാത്മകമായ മറുപടി പറയാന്‍ അര്‍ച്ചനയ്ക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം . നര്തകിയാവുക എളുപ്പമാണ് . നര്‍ത്തകിയായി തുടരുക അതീവദുഷ്ക്കരമാണ് . 

അര്‍ച്ചന അയ്യര്‍ ഇപ്പോള്‍ നര്‍ത്തകിയാണ് , തര്‍ക്കമില്ല . നര്‍ത്തകിയായി തുടരുമോ എന്നുള്ളത് കാലം തെളിയിക്കട്ടെ . മഹാകാലം.
  

Sunday, November 4, 2012

കെ.കെ.കൊച്ചിന്റെ പുസ്തകം



(ഇക്കഴിഞ്ഞ ഞായറാഴ്ച (25-3-2012) പെരിന്തല്‍മണ്ണയില്‍ കെ.കെ.കൊച്ചിന്റെ കേരളചരിത്രവും സമൂഹരൂപീകരണവും എന്ന പുസ്തകത്തെക്കുറിച്ച് ചര്ച്ച നടക്കുകയുണ്ടായി.രണ്ടു സെഷനുകളായി  നടന്ന  ചര്‍ച്ചകളില്‍ ഡോ.എം.ജിഎസ്.നാരായണന്‍ ,ഡോ.എന്‍.എം.നമ്പൂതിരി,കെ.എസ്.മാധവന്‍,നാസറുദ്ദീന്‍ ഇളമരം,കെ.കെ.ബാബുരാജ്,ഡോ.എം.ടി.അന്‍സാരി ,എം.ബി.മനോജ്,സി.അശോകന്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു മുന്നോട്ടുവെച്ച നിരീക്ഷണങ്ങളാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്.)


കെ.കെ.കൊച്ചിന്റെ 'കേരളചരിത്രവും സാമൂഹികരൂപീകരണവും'എന്ന പുസ്തകം പൊതു ചരിത്രത്തെ ,അഥവാ അംഗീകൃത ചരിത്രത്തെ പുനര്‍വായിക്കുന്നതിനുള്ള പ്രസക്തമായ  ശ്രമമാണ്..ദലിത് കാഴ്ചപ്പാടില്‍ ചരിത്രത്തിലെ ദലിതവത്തെയും ദലിതവത്തിന്റെ ചരിത്രത്തെയും വിശകലവിധേയമാക്കുന്നതിനാല്‍ വര്‍ത്തമാനകാല സാമൂഹികപരിസരങ്ങളില്‍ ഈ പുസ്തകം സവിശേഷമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പൊതു ചരിത്രത്തെ പുനര്‍ വായിക്കുന്ന ഏത് ചരിത്രരചനയിലും സംഭവിക്കാനിടയുള്ള ഒരു കുഴപ്പം ഈ പുസ്തകത്തിന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.എഴുതപ്പെട്ട ചരിത്രത്തെ മാറ്റിയെഴുത്തുംപോള് തന്നെ ചരിത്രരചനാ സംബ്റദായത്തിന്റെ പൊതുരീതിയിലേക്കും പൊതുഘടനയിലേക്കും പലപ്പോഴും ഈ പുസ്തകം വഴുതി വീഴുന്നുണ്ടോ എന്ന ചോദ്യം വായനയില്‍ അവശേഷിക്കുന്നു.പുസ്തകത്തിന്റെ ഊന്നലുകളോട് അടിസ്ഥാനപരമായി യോജിക്കുമ്പോള്‍ തന്നെ  ഇത്തരമൊരു ചരിത്രരചനയില്‍ ഇനിയും രൂപപ്പെടേണ്ട ദലിത് രചനാസംബ്റദായത്തിന്റെ അഭാവങ്ങളെ കാണാതെ വയ്യ.ദലിത് രചനാ സംബ്റദായമെന്നത് രൂപപ്പെടേണ്ടത് നിരവധി പ്രാദേശിക ചരിത്രങ്ങളുടെ തുടര്‍ച്ചയിലൂടെയും വിചിന്തനങ്ങളിലൂടെയുമാണെന്ന് Dalit Cultural Movement & Dialectics of Dalit Politics in Maharashtra എന്ന കൃതിയില്‍ ഗോപാല്‍ ഗുരു പറയുന്നുണ്ട്.ചടയ മംഗലത്തെ ഉള്ളാട കോളനിയില്‍ പി.കൃഷ്ണപിള്ള നടത്തിയ സന്ദര്‍ശനത്തെയും അവിടെ നടത്തിയ പ്രസംഗത്തെയും കുറിച്ചും അതില്‍ പങ്കെടുത്ത ഉള്ളാട സാമൂഹിക നേതാക്കളായ മുത്തുവിനെയും കുമാരനെയും കുറിച്ചും ചടയമംഗലത്തിന്റെ പ്രാദേശിക ചരിത്രമെഴുതിയ നിലത്തേല്‍ കുട്ടനാശാന്‍ തെളിവുകള്‍ സഹിതം രേഖപ്പെടുത്തുന്നു.നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള പള്ളിചലില്‍ പൊടിയന്‍ നാണുവൈദ്യന്‍ ശ്രീനാരായണപ്രസ്ഥാനത്തിന് നല്കിയ പ്രാദേശികവും കീഴാളവുമായ വ്യാഖ്യാനങ്ങളേയും പ്രവര്‍ത്തന രീതികളെയും കുറിച്ച് 'പള്ളിചലിലെ ശ്രീനാരായണന്‍' എന്ന പുസ്തകത്തില്‍ മണ്ണൂര്‍ തങ്കപ്പന്‍ സൂചിപ്പിക്കുന്നു.കുട്ടനാട്ടിലെ തോട്ടുവാത്തലയില് 1930--കളില്‍ കുഞ്ഞപ്പന്‍ പതിയാന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രാദേശികമായ കര്‍ഷക സമരം ദലിത്-കീഴാള സമരത്തിന്റെ ഉത്തമ മാതൃകയാണെന്ന് കുട്ടനാടിന്റെ സമര ചരിത്രം എന്ന്‍ ചെറിയ പുസ്തകത്തില്‍ കൃഷ്ണദാസ് രാമങ്കരി രേഖപ്പെടുത്തുന്നു.  (ഇവിടെ സൂചിതമായിരിക്കുന്ന പുസ്തകങ്ങള്‍ അതാത് പ്രദേശങ്ങളിലെയോ സമീപ പ്രദേശങ്ങളിലെയോ ചെറിയ പ്രസ്സുകളില്‍ അച്ചടിച്ചു വിതരണം ചെയ്യപ്പെട്ടവയാണ്.ഇത്തരം പുസ്തകങ്ങളിലെ ചെറുസൂചനകളെ വസ്തുനിഷ്ഠവും വിശദവും സൂക്ഷ്മവുമായ അന്വേഷങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടത് കൊണ്ടും നടകേണ്ട ഒരു പ്രക്രിയ.)   കേരളത്തില്‍ മാത്രമല്ല,തമിഴ്നാട്ടിലെ ദളിത് ക്റൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി പത്തൊമ്പതാം നൂറ്റാണ്ടില്‍ വേദനായകം ശാസ്ത്രീയും പിന്നീട് ബിഷപ്പ് ജെറിനാള്‍ഡ് ഹേബറും നടത്തിയത് പോലുള്ള എത്രയോ ഇടപെടലുകള്‍ ഇന്ത്യയില്‍ ഒട്ടാകെ സംഭവിക്കുകയുണ്ടായി.ഇമ്മാതിരിയുള്ള എണ്ണമറ്റ പ്രാദേശിക സമരങ്ങളോ സമര നേതാക്കളോ നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലോ പൊതു ചരിത്രത്തിലോ ഇടം നേടാതെ പോയതെന്തുകൊണ്ട് എന്നത് ഇനിയും ചരിത്ര രചനയില്‍ അവശേഷിക്കുന്ന വലിയ ചോദ്യങ്ങളില്‍ ഒന്നാണ്.1946-ല്‍ കാബിനെറ്റ് മിഷന്‍ നിയോജകമണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ട് അംബദ്കര് പറയുന്നുണ്ട് ,പട്ടികജാതിക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്നുള്ളതുമാത്രമല്ല ,അവയുടെ ചരിത്രം തന്നെ സവിശേഷമായി രേഖപ്പെടുത്തേണ്ടതുണ്ട്.ചരിത്രത്തില്‍ തകര്‍ക്കപ്പെട്ടവര്‍ എന്ന അര്‍ഥത്തില്‍ ദലിതര്‍ അവരുടേതായ വിശദീകരണയുക്തിയുടെയും ചരിത്രരചനാ സംബ്റദായത്തിന്റെയും അടരുകള്‍ അന്വേഷികേണ്ടതുണ്ടെന്ന് ചന്ദ്രബാന്‍ പ്രസാദിനെ പ്പോലുള്ള ചിന്തകര്‍ ഊന്നിപ്പറഞ്ഞതുകൂടി ശ്രദ്ധിക്കാവുന്നതാണെന്നു തോന്നുന്നു.ജാതിനശീകരണത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന ശ്രമങ്ങള്‍ - ജ്യോതിബാഫൂലെ മഹാരാഷ്ട്രയില്‍ ആരംഭിച്ച ജാതിവിരുദ്ധ -സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും തമിഴ്നാട്ടിലെ ദ്രാവിഡ ഇ.വി.ആര്‍ സമരപ്രസ്ഥാനങ്ങളെയും കേരളത്തിലെ അയ്യങ്കാളി-ശ്രീനാരായണ-സഹോദരന്‍ -അയ്യാ വൈകുണ്ട സ്വാമി പ്രസ്ഥാനങ്ങളുടെ ജാതിവിരുദ്ധ മുന്നേറ്റങ്ങളെയും കുറിച്ച് ചരിത്രപരമായ അറിവുകള്‍ ലഭ്യമാണ്.അതേസമയം ,എണ്ണമറ്റ പ്രാദേശിക ഇടങ്ങളില്‍ പൊതുചരിത്രം രേഖപ്പെടുത്താതെ  പോയ ഒട്ടനവധി ചെറുചെറു സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും അനേകം പ്രാദേശിക നേതാക്കളുടെയും പുസ്തകങ്ങളുടെയും വിമതചരിത്രം കൂടി പുനരാനയിച്ചു കൊണ്ട് മാത്രമേ ചരിത്ര രചനയുടെ വ്യവസ്ഥാപിത രീതിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കഴിയുകയുള്ളൂ.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതതികളുടെ ചരിത്രം ഭിന്നപ്രാദേശികതകളുടെ തമസ്കരണത്തിന്റെ ചരിത്രം കൂടിയാണെന്ന് സബാള്‍ട്ടന്‍ സ്റ്റഡീസിന് മികച്ച സംഭാവനകള്‍ നല്കിയ Robert Eric Frykenberg പ്രത്യേകമായി അടയാളപ്പെടുത്തുന്നത് ഇതിനോട് ചേര്‍ത്തുവെക്കാന്‍ കഴിയും.പ്രാദേശികമായ സമാന്തര ചരിത്രതുടര്‍ച്ചയുമായുള്ള വസ്തുനിഷ്ഠസംവാദങ്ങള്‍ ചരിത്ര രചനയില്‍ സാധ്യമാണോ എന്ന അന്വേഷണം പലതലങ്ങളില്‍ നടകേണ്ട മറ്റന്വേഷണങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് നടത്താന്‍ കഴിയുംപോഴായിരിക്കും പൊതുചരിത്ര രചനാരീതിശാസ്ത്രത്തെ മറികക്കടക്കാന്‍ കഴിയുക.രചയിതാവിന്റെ ദലിതത്വത്തിന്റെ പ്രാധാന്യം വിസ്മരിക്കാതെ തന്നെ ചരിത്ര രചനയിലെ ദലിത സ്വത്വത്തെ ,ദലിതരൂപഘടനയെ എങ്ങനെ വികസിപ്പിക്കാന്‍ കുഴിയും എന്ന ആലോചന കൂടി കെ.കെ.കൊച്ചിന്റെ പുസ്തകത്തോടൊപ്പം നടക്കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു.ഇപ്പറഞ്ഞതൊന്നും പുസ്തകത്തിന്റെ മൂല്യത്തെ ഇല്ലാതാകുന്നില്ല.നമ്മുടെ ചരിത്ര പുസ്തക രചനയുടെ നാള്‍ വഴികളില്‍ ദലിത് സംവാദത്തെ മുന്നോട്ടുവെക്കാനുള്ള സാര്‍ഥകമായ ശ്രമെന്ന നിലയില്‍ ശ്രദ്ദ്യോടെ സമീപികേണ്ട പുസ്തകമാണിത്.കെ.കെ.കൊച്ചിന്റെ ഈ പുസ്തകത്തിന്റെ തുടര്‍ വികാസങ്ങളെ എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള എളിയ ആലോചനയില്‍ തെളിഞ്ഞു വന്ന ചില ചെറിയ നിരീക്ഷണങ്ങള്‍ വായനക്കാരോടു പങ്കുവെച്ചു എന്നു മാത്രം.ചരിത്രപണ്ഡിതനല്ലാത്ത ഒരാളുടെ നിരീക്ഷണങ്ങള്‍ എന്നനിലയില്‍ ഇതിനെ നോക്കി കാണണമെന്ന് അഭ്യര്‍ത്ഥിചു കൊണ്ട് പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

കേരള ചരിത്രവും
സമൂഹരൂപീകരണവും                                 
-കെ.കെ.കൊച്ച്
(2012)
പ്രസാധനം-കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ,തിരുവനന്തപുരം.
വില-180

പാലാ നാരായണന്‍ നായര്‍ :ഒരോര്‍മ്മ.



പാലാ നാരായണന്‍ നായരെക്കുറിച്ചുള്ള ഓര്‍മ ശ്രീ മഹാ ഭാഗവതത്തില്‍ പറയുന്നത് പോലെ 'മാനസം തെളിഞ്ഞു ദിവ്യാനന്ദ സ്വാഭാവികം /സാധിപ്പാനെളുതായ...' ഒന്നാണ് .സ്വകാര്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും സ്വാതികപ്രഭയുടെ സ്വച്ചന്ദസ്വരൂപമായിരുന്നു അദ്ദേഹം .അങ്ങനെയൊരാളെ ഞാന്‍ പിന്നീട് പരിചയപ്പെട്ടത്‌ എന്റെ പ്രിയപ്പെട്ട കവിയായ ആര്‍ .രാമചന്ദ്രന്‍ മാഷിനെയാണ് .

പി .കെ .വാസുദേവന്‍ നായര്‍ കേരളാ മുഖ്യ മന്ത്രിയായിരിക്കുന്ന കാലം .ഞങ്ങള്‍ ,ആലപ്പുഴക്കാരുടെ മഹാ ഗുരുവായിരുന്ന ആര്‍.രാമവര്‍മത്തംപുരാന്‍ എസ് .ഡി .കോളേജില്‍ നിന്നും വിരമിക്കുന്ന സന്ദര്‍ഭത്തില്‍ ആലപ്പുഴയിലെ പൌരാവലി അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പ്രൌഡ ഗംഭീരമായ ഒരു സമ്മേളനം എസ് .ഡി .വി .ബസന്റെ ഹാളില്‍ സംഘടിപ്പിച്ചു .ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി. കെ.വി .യായിരുന്നു .അദ്ധക്ഷ്യന്‍ പാലാ നാരായണന്‍ നായരും .തംപുരാന്‍ സാറിന്റെ ഹൃദയ ശിഷ്യനായ ശ്രീകുമാരന്‍ തംപിയും ചടങ്ങില്‍ പങ്കെടുത്തു.വെറും സ്കൂള്‍ കുട്ടികളായിരുന്ന ഞങ്ങള്‍  വല്സലരായ സാക്ഷികളായി.സത്യത്തില്‍ പി.കെ. വാസുദേവന്‍ നായരുടെ അധ്യാപകനായിരുന്നു പാലാ.എന്നാല്‍ മുഖ്യ മന്ത്രിയായ ശിഷ്യന്റെ  സന്നിദ്ധ്യത്ത്ത്തില്‍ നടത്തിയ സൌമ്യ മധുരമായ പ്രസങ്ങത്തിനൊടുവില്‍ പാലാ നാര്രായണന്‍ നായര്‍ പറഞ്ഞു. 'വാസു എന്റെ ശിഷ്യനാനെങ്ങിലും സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരാവ്ശ്യത്തിന്നും എന്റെ നിഴല്‍ വീഴുകയില്ല' .ഒരെഴുത്തുകാരന്റെ ഏകാന്തധീരമായ വാക്കുകളായിരുന്നു അത് .അധികാരത്ത്തിലേരുന്ന രാഷ്ട്രീയക്കാരേയും മന്ത്രിമാരേയും അന്നന്ന് സ്തുതിച്ച് കൂറക്കൂട്ടങ്ങളായി എഴുത്തുകാര്‍ പെരുകിപ്പുളക്കുന്ന കാലത്ത് പാലായെപ്പോലുള്ളവരുടെ വംശം ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് വാസ്തവത്തില്‍ നമ്മെ വേദനിപ്പികേണ്ടതാണ് .എന്നാല്‍ വേദനിക്കാന്‍ പോലും നേരമില്ലാത്തവിധം നാമൊരു കാര്‍ണിവലില്‍ കുരുങ്ങിപ്പറന്നുകൊണ്ടിരിക്കുന്നു .

ഇത്തിരി കവിതയും ആലപ്പുഴയില്‍ അല്പം സാംസ്കാരിക പ്രവര്‍ത്തനവുമായി നടന്ന്നിരുന്ന എന്റെ അച്ഛന്റെ അടുത്ത സുഹൃത്ത് വലയത്തില്‍ പെട്ട മുതിര്‍ന്ന കവികളില്‍ ഒരാളായിരുന്നു പാലാ .അദ്ദേഹം അച്ഛന് കവിതാരൂപത്ത്തിലയച്ച കത്തുകള്‍ ഞങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് .സ്നേഹമുള്ളവര്‍ അദ്ധേഹത്തെ 'പാലാചേട്ടന്‍ 'എന്ന് വിളിച്ചിരുന്നത് ഞാന്‍ ഓര്ക്കൂന്നു .ഇടകിടെ വീട്ടില്‍ വന്നിരുന്നഅച്ഛന്റെ തലമുറക്കാരായ അവരില്‍ പലരും ഇന്നില്ല .അക്കൂട്ടത്തില്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ എഴുത്തുകാര്‍ ഉണ്ടായിരുന്നു.എഴുപത് - എണ്‍പതുകളില്‍ കുട്ടനാട്ടില്‍ സജീവമായിരുന്ന കുട്ടനാട്ട് സാഹിത്യ സമിതിയുടെ സാഹിത്യ സദസ്സുകളില്‍ ഒന്നില്‍ വെച്ചാണ് പാലാ നാരായണന്‍ നായരെ ഞാന്‍ ആദ്യം കാണുന്നത്.കൂടെയുണ്ടായിരുന്ന അച്ഛന്‍ കവിയുടെ കാല്‍ തൊട്ടു വന്ദിക്കാന്‍ പറഞ്ഞു.ഞാനങ്ങനെ ചെയ്തപ്പോള്‍ പതിറ്റാണ്ടുകള്‍ കവിതയെഴുതി തഴമ്പിച്ച കൈകള്‍ കൊണ്ട് അദ്ദേഹമെന്നെ അനുഗ്രഹിച്ചു. കവിതയുടെ ആകാശ പഥന്നളില്‍ നിന്നിറങ്ങിവന്ന് വാഗര്‍ത്ഥ രൂപനായ ദൈവം നെറുകയില്‍   സ്പര്‍ശിക്കുന്നത് ്‍ പോലെ എനിക്ക് തോന്നി . കവികളെയും എഴുത്തുകാരെയും ഭ്രാന്തോളമെത്തുന്ന അത്ഭുതാദരങ്ങളോടെ നോക്കിക്കണ്ട കുട്ടിക്കാലമായിരുന്നു എന്റേത്.

നെടുമുടിയിലും കോട്ടയത്തും കൈനകരിയിലും തിരുവല്ലയിലും ചങ്ങനാശേരിയിലും ...തുടങ്ങി കുട്ടനാട്ടിലോട്ടാകെ കുട്ടനാട് സാഹിത്യ സമിതി സാഹിത്യ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മകളില്‍ തകഴി ശിവശങ്കരപിള്ള ,പാലാ നാരായണന്‍ നായര്‍ ,കാക്കനാടന്‍ ,കൊടുപ്പുന്ന ഗോവിന്ദ ഗണകന്‍ (ഗോപുരം
എന്ന നിരൂപണ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ,മഹാ സംസ്കൃത പണ്ഡിതനായിരുന്ന കൊടുപ്പുന്ന ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അങ്ങമായിരുന്നു.),ബാബു കുഴിമറ്റം ,കാവാലം വിശ്വനാഥകുറുപ്പ് ,മലേഷ്യ രാമകൃഷ്ണപിള്ള ,ഗോപി കൊടുങ്ങല്ലൂര്‍ (എന്‍ .ബി .എസ് -ന്റെ സെക്രട്ടറിയായിരുന്നു .)കോട്ടയം പുഷ്പനാഥ് മുതലായവര്‍ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ കോട്ടയത്തും ആലപ്പുഴയിലും പ്രാദേശിക പ്രശസ്തിയാര്‍ജിച്ച്ചിരുന്ന അമ്പ്പാട്ട് സുകുമാരന്‍ നായര്‍ ,മധുവനം ഭാര്‍ഗവന്പിള്ള ,മുട്ടാര്‍ സോമന്‍ ,കാവാലം ബാലചന്ദ്രന്‍ ,പൂണിയില്‍ സുരേന്ദ്രന്‍ തുടങ്ങി ഒട്ടനവധി എഴുത്തുകാര്‍ ഒത്തുചേര്‍ന്നു .സമിതി സംഘടിപ്പിച്ചിരുന്ന സാഹിത്യ ചര്‍ച്ചകള്‍ എത്രത്തോളം ഗൌരവമുള്ളതായിരുന്നു എന്നത് ഈ കുറിപ്പിന്റെ വിഷയമല്ല.എഴുത്തുകാരുടെ കൂട്ടായ്മ അസാധ്യമാക്കി തീര്‍ക്കുന്ന വിചിത്ര വര്‍ത്തമാനകാലത്ത് സമിതിയുടെ 'കൂട്ടയ്മക്കാലം 'ഒരു ഗൃഹാതുര സ്മരണയായി അവശേഷിക്കും എന്നതില്‍ തര്കമില്ല.എല്ലാ പരിമിതികള്‍ക്കും അപ്പുറത്ത് സമിതിയുടെ സദസ്സുകള്‍ സ്നേഹത്തിന്റെ മഹോത്സവങ്ങള്‍ തന്നെ സൃഷ്ടിച്ചു.

അത്തരം സദസ്സുകളിലേക്കാന്നു ഇടക്കൊക്കെ പരമ വിശുദ്ധിയുടെ അലങ്ഗാര ദീപം പോലെ പാലാ നാരായണന്‍ നായര് കടന്ന്നുവന്നിരുന്നത് .അതിരുകളില്ലാത്ത
നിര്‍മ്മലത സമുദ്ര സാനിദ്ധ്യമായി അദ്ദേഹത്തിന്റെ വ്യക്തി സത്തയില്‍ തുളുമ്പി നിന്നിരുന്നു.ഒരികല്‍ അച്ഛനോടൊപ്പം വൈക്കം ടി .വി പുരത്തെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് ഞാനോര്‍ക്കുന്നു.പലതും സംസാരിച്ച കൂട്ടത്തില്‍ ചങ്ങമ്പുഴയെക്കുറിച്ച് പറഞ്ഞ് വിതുമ്പി പോയ പാലാ നാരായണന്‍ നായര്‍ എന്റെയുള്ളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.സംശയമില്ല ,കവിത്വമെന്ന ഒന്നുണ്ടങ്ങില്‍ അത് കവിതയില്‍ മാത്രമല്ല ,മാനുഷികവികാരങ്ങളിലും വ്യക്തിബന്ധങ്ങളിലും സാക്ഷാത്കരിച്ച മനുഷ്യനന്മകളുടെ അമരരൂപമായിരുന്നു പാലാ നാരായണന്‍ നായര്‍ .