Friday, September 5, 2014

ഡോക്ടര് ഷിവാഗോ വീണ്ടും വായിക്കുമ്പോള്

'' അധികാരത്തിന്റെയോ പ്രശ്സ്തിയുടെയോ പ്രലോഭനത്തില് വീഴാത്ത മനുഷ്യര്   ഭയപ്പെടുന്നില്ല . എല്ലായ്പ്പോഴും തോറ്റു കൊണ്ടിരിക്കുന്ന അവര് തോറ്റുപോയവര്ക്കൊപ്പം അപ്പം പങ്കുവെക്കുന്നു. വിലകുറഞ്ഞവരുടെ വീഞ്ഞു കുടിക്കുന്നു . ആനന്ദനൃത്തം ചവിട്ടുന്നു . വിജയിക്കുന്നവരുടെ വിരട്ടലുകള്  കേട്ട് അറഞ്ഞു ചിരിക്കുന്നു.  എല്ലാ ഏണികളിലും പിടിച്ചുകയറി മുകള്ത്തട്ടിലേറാന് കൊതിക്കുന്നവരുടെ പരിഹാസങ്ങളെ തുന്നിയെടുത്ത് പുതപ്പാക്കി മഞ്ഞുകാലത്ത് മൂടിപ്പുതച്ചുറങ്ങുന്നു. വെട്ടിത്തിളങ്ങുന്ന നായകന്മാരേയും നായകന്മാരെ മണപ്പിച്ചു നടക്കുന്നവരുടേയും ആഘോഷങ്ങളില് നിന്നും മാറിപ്പോകുന്നു '.                            - Robert Zend (ഹംഗേറിയന് കവി



ഒരാള് വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ കവിയോ കലാകാരനോ മതവിശ്വാസിയോ ആത്മീയവാദിയോ ആരുമാകട്ടെ . അയാള്ക്ക്‌ അധികാരം , പ്രശസ്തി , പണം  എന്നിവയൊക്കെ ലഭിച്ചുകൊള്ളട്ടെ . അതൊന്നും അയാളുടെ തലയ്ക്കു പിടിക്കാതിരുന്നാല് നല്ലത് . തലയ്ക്കു പിടിച്ചു പോയാല് അയാള് ക്രൂരതയുടേയും അഴിമതിയുടേയും ജനാധിപത്യനാശത്തിന്റേയും ചെയ്തികള് അഴിച്ചു വിടും . അടിച്ചമര്ത്തലിന്റേയും അഹന്തയുടേയും പുച്ഛത്തിന്റേയും അപമാനവീകരണത്തിന്റേയും ഭാഷ സംസാരിക്കും . അവസാനവാക്ക് അയാളുടേതാക്കാന് എല്ലാ കുടിലതന്ത്രങ്ങളും പയറ്റും . സ്തുതിപാഠകരുടെയും ഉപജാപകരുടെയും സംഘങ്ങളെ കൊണ്ടു നടന്ന് ഇടയ്കിടെ രോമാഞ്ചം കൊള്ളുമ്പോള് സൃഷ്ടിയും സംഹാരവും നടത്തും . വിചാരജീവിതം ഉപേക്ഷിച്ച അന്ധരായ അണികളുടേയും അനുഭാവികളുടേയും ഭ്റാന്തിന് ഭക്ഷണം കൊടുത്തു വളര്ത്തും . ബോറീസ് പാസ്റ്റര്നാക്കിന്റെ ' ഡോക്ടര് ഷിവാഗോ ' വീണ്ടും വായിക്കുമ്പോള് ഇത്തരം ചിന്തകള് എല്ലാ നരകമഴകളും നനഞ്ഞ് ,  അടച്ചിടുന്ന എല്ലാ വാതിലുകളും തള്ളിത്തുറന്ന്, അനുവാദം ചോദിക്കാതെ , പിടഞ്ഞുകയറിവന്നു.

സ്റ്റാലിനും സ്റ്റാലിന് കാലഘട്ടവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി വായനകള് ഈ നോവലിനുണ്ടായിട്ടുണ്ട് . കാലികമായ അര്ഥങ്ങള്ക്കപ്പുറത്ത് , നോവലിലെ നായകനായ യൂറി ഷിവാഗോയുടെ എകാകിതയേയും സംഘര്ഷങ്ങളേയും പ്രതിസന്ധികളേയും വിശാലസന്ദര്ഭങ്ങളില് വെച്ചു വായിക്കാന് കഴിയും .  സമഗ്രാധിപത്യം ഒരു ചെറിയ തിരനോട്ടം പോലും നടത്തുന്ന ഇടങ്ങളില് സര്ഗാത്മകമായി ചിന്തിക്കുന്ന വ്യക്തികളിലേക്ക്  സംഘര്ഷങ്ങളും ഒറ്റപ്പെടലുകളും പ്രതിസന്ധികളും ആഞ്ഞടിച്ചുകയറുമെന്നും  അവരറിയാതെ തന്നെ അതവരെ നാനാവിധമാക്കുമെന്നും ഈ നോവല് പറഞ്ഞു തരുന്നു . ക്യാപിറ്റലിസമോ കമ്മ്യൂണിസമോ തിയോക്രസിയോ  ഡമോക്രസിയോ ഏതുമാകട്ടെ , അവയുടെ സിദ്ധാന്തവും പ്രയോഗവും എന്തുമാകട്ടെ , സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് അവയൊക്കെയും മാരകമായിത്തീരുമ്പോള് സംവാദസ്ഥലങ്ങള് പാടേ തുടച്ചു നീകപ്പെടുന്നു. അത്തരമൊരവസ്ഥയില് സവാതന്ത്ര്യകാംഷികള്ക്ക് മൂന്നു മാര്ഗങ്ങളേ മുന്നിലുള്ളൂ  . നിശ്ശബ്ദരാവുക , നാടുവിടുക , അല്ലെങ്കില് മരണത്തെ കൈനീട്ടി സ്വീകരിക്കുക. കാരണം , സമഗ്രാധിപത്യം എല്ലായ്പ്പോഴും ശ്രമിക്കുന്നത് മനുഷ്യരെ മിണ്ടാട്ടമില്ലാത്ത ആട്ടിന് പറ്റങ്ങളായി ആട്ടിത്തെളിക്കാനാണ് . അതീവദുര്ബലമായ ഒരു വിമതശബ്ദത്തെപ്പോലും ആയിരം ഉരുക്കുകാലുകള് കൊണ്ട് അതു ചവിട്ടിക്കൊല്ലുന്നു .ജനകീയജനാധിപത്യത്തില്  മാത്രമല്ല , ബഹുകക്ഷിജനാധിപത്യത്തിലും ഈ പ്രവണതയുണ്ട്. തന്റെ നോവലിലൂടെ എല്ലാത്തരം അധീശ ശക്തികളേയും തള്ളിപ്പറയുകയാണ് പാസ്റ്റര്നാക്ക് . താന്  പീഡാനുഭവത്തിന്റെ സാക്ഷി മാത്രമാണെന്ന പാസ്റ്റര്നാക്കിന്റെ പ്രഖ്യാപനം നോവലിന്റെ അന്തരീക്ഷത്തെ പിന്തുടര്ന്നുകൊണ്ടിരിക്കുന്നു.

നോവല് പ്രസിദ്ധീകരിക്കപ്പെടുകയും നോബല്  സമ്മാനിതമാവുകയും ചെയ്തതിനെത്തുടര്ന്നും പാസ്റ്റര്നാക്കിനെ 'ദേശദ്രോഹി ' എന്ന് വിശേഷിപ്പിച്ച 'പ്രവ്ദ ' , നോവല് തിരിച്ചയച്ച ' നോവിമിര് ' എന്ന പ്രസിദ്ധീകരണം , നോവല് പ്രസിദ്ധീകരിക്കാന് തന്റേടം കാട്ടിയ ഇറ്റാലിയന് കമ്മ്യൂണിസ്റ്റും പ്രസാധകനുമായ ഫെല്ട്രി നെല്ലി ,  നോവലിനെതിരെ അണിനിരന്ന സോവിയറ്റ്യൂണിയനിലെ എണ്ണൂര്  എഴുത്തുകാര് , സി. ഐ .എ യുമായി ബന്ധപ്പെട്ട് നോവലിനെതിരെ ഉയര്ന്നു വന്ന ആരോപണങ്ങള് , പാസ്റ്റര്നാക്കിനു വേണ്ടി ശബ്ദമുയര്ത്തിയ ടി. എസ് .എലിയട്ട് , ഇ. എം ഫോസ്റ്റര്  , ഗ്രേയം ഗ്രീന് , സോമസിറ്റ് മോം  ,ഹെര്ബെര്ട്ട് റീഡ് , റെബേക്ക വെസ്റ്റ് ,  ബെട്രന്റ്റ്  റസ്സല് തുടങ്ങിയ എഴുത്തുകാര്  , ഡേവിഡ്‌ ലീനിന്റെ ചലച്ചിത്രം , കവികളായ യെസനിന്റേയും മയക്കോവിസ്കിയുടേയും  ആത്മഹത്യ , ബുഖാറിന്റെ വധശിക്ഷ ,  അറസ്റ്റു ചെയ്യപ്പെട്ടവരും അപ്രത്യക്ഷരായവരുമായ നോവലിസ്റ്റിന്റെ നിരവധി സുഹൃത്തുകള് , കുടുംബ സുഹൃത്തായിരുന്ന ടോള്സ്റ്റോയി , അടുത്ത പരിചയക്കാരന് റില്ക്കെ , സംഗീതജ്ഞനും  സ്നേഹിതനുമായിരുന്ന സ്ക്രിയാബിന്  .......അങ്ങനെയങ്ങനെ പലരും പലതും' ഡോക്ടര് ഷിവാഗോ ' വായിക്കുമ്പോള് വായനക്കാരനു ചുറ്റും   ഭ്രമണം ചെയ്തുകൊണ്ടിരിക്കും . ആ ഭ്രമണത്തിലേക്ക് ലോകമെമ്പാടും സമീപഭൂതകാലത്ത് നടമാടിയ മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എല്ലാ സംഭവ വികാസങ്ങളും കൂടി കൂടിക്കലരുന്നു.  അതോടൊപ്പം , ആഗോളീകരണത്തിന്റെ കാലത്തും  തുടരുന്ന അപമാനവീകരണനങ്ങള്ക്കിടയില് പെട്ട് നിസ്സഹായരായിത്തീരുന്ന മനുഷ്യരും അവരുടെ നീതിക്കായുള്ള കാത്തിരിപ്പുകളും ഒടുങ്ങിത്തീരലുകളും കൂട്ടിച്ചേര്ക്കപ്പെടുന്നു . നോവലിലെ കേന്ദ്ര കഥാപാത്രം , യൂറി ഷിവാഗോ അഥവാ ഡോക്ടര് ഷിവാഗോ നീതിനിഷേധിക്കപ്പെടുന്ന ഏതു കാലത്തിന്റെയും സന്ദര്ഭങ്ങളുടെയും പ്രതിനിധിയാണ് . വിചാരണകൂടാതെ തടവില് കിടക്കുന്നവരുടെ ,  അടിച്ചേല്ല്പ്പിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരുടെ  , നിരപരാധികളുടെ രക്തംപുരണ്ട കൈകള് കൊണ്ട് അധികാരം കുപ്പ്തൊട്ടിയിലേക്ക് നിരന്തരം വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്. ഈ വിധം നോവല് വായന ഏറ്റവും  സമകാലികമായിതതീരുന്നു.

വായന നിലച്ചാലും വായനക്കാരന് ചുറ്റുമുള്ള  ഭ്രമണങ്ങള് നിലച്ചാലും , ആഖ്യാനരീതിയേയും ഭാഷയേയും അനവധി ഘട്ടങ്ങളില്  സവിശേഷവും സൂക്ഷ്മവുമാക്കിതതീര്ത്തതുകൊണ്ട് നോവല് വായനക്കാരനില് അവശേഷിക്കുകയും അതിജീവിക്കുകയും ചെയ്യും . വിപ്ളവത്തിനുശേഷം മോസ്കോയിലേക്ക്  യൂറിഷിവാഗോ നടത്തുന്ന  മഞ്ഞുകാലയാത്രയുടെപിടിച്ചു പറിക്കുന്ന  വര്ണ്ണന ,  വെടിമരുന്നു പോലെ തന്റെ അനുഭവങ്ങള് കുത്തിനിറച്ച് ഒരു പുസ്തകം എഴുതിത്തീര്ക്കണമെന്ന സ്വപനത്തിലൂടെയുള്ള  യൂറിയുടെ അലച്ചിലിന്റെ പകര്ന്നു വെക്കല് ,  തന്റെ ഹൃദയാഘാതം മുന്കൂട്ടി കണ്ടിട്ട് അതിനെ വ്യാഖ്യാനിക്കുന്ന നിമിഷങ്ങളില് യൂറിയുടെ സംഭാഷണഭാഷയില് അഗാധമാകുന്ന അര്ത്ഥങ്ങള് , അവിടവിടെ ബൈബിള് വചനധാരയുടേയും വഴികളുടേയും നിഴലുകള് നിറം മാറി വീണു കിടക്കുന്ന വിവരണത്തിലെ പരീക്ഷണങ്ങള് , ഏകാന്തമായ അസ്വസ്ഥതകളെ സന്നിഹിതമാക്കുന്ന യൂറിയുടെ കവിതകള് , സന്യാസി മഠത്തില് കഴിയുന്ന  പത്തു വയസ്സുകാരനായ യൂറി ഇരുട്ടില് ഉണരുമ്പോള് കാണുന്ന ശരത്ക്കാലരാതിയിലെ  മഹാശൂന്യതയുടെ വരചിടല് , തികഞ്ഞ അരക്ഷിതാവസ്ഥയില് - ഏതു നിമിഷവും കൊല്ലപ്പെടാം എന്ന സ്ഥിതിയില് യൂറിയും ലാറയും കത്തിച്ചു വെച്ച മെഴുകുതിരിയുടെ മങ്ങിയവെട്ടത്തില് തമ്മില് കാണുന്ന രംഗത്തിന്റെ ചിത്രീകരണം , മരണം പതിയിരിക്കുംപോള് - നിരര്ത്ഥകത വാപിളര്ന്നു നില്ക്കുമ്പോള്  അവര് പങ്കിടുന്ന പ്രണയം , യൂറിയുടെ മൃതദേഹത്തിനരികില് നിന്നുള്ള ലാറയുടെ വിലാപവാക്കുകള് ..... തുടങ്ങി , എഴുത്തിനെ ഉള്ളടക്കത്തില് നിന്നു വിമോചിപ്പിച്ചു കൊണ്ട് പാസ്റ്റര് നാക്ക് നടത്തുന്ന ഒട്ടേറെ പ്രയാണങ്ങള് നോവലിലുണ്ട്.

ഉള്ളടക്കം കൊണ്ട് മാത്രമല്ല , ഉള്ളെഴുത്തുകൊണ്ടും  ഉള്ക്കാഴ്ച്ചകൊണ്ടും കൂടി  'ഡോക്ടര് ഷിവാഗോ ' ശില്പപ്പെട്ടിരിക്കുന്നു. നോവലിലൂടെ വിദേശങ്ങളില് കുന്നുകൂടിയ ലക്ഷക്കണക്കിനു പണം ഉപയോഗിക്കാന് കഴിയാതെ , ജന്മനാട്ടില് തന്നെ ദരിദ്രനും രോഗിയും അനാഥനുമായിത്തീര്ന്ന് , മണ്മറഞ്ഞുപോയ ബോറീസ് പാസ്റ്റര് നാക്ക്  എന്ന വിദഗ്ധശില്പിക്ക് നന്ദി . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിരാശകളിലും പ്രതീക്ഷകളിലും നിന്നുകൊണ്ട് ഒരു ചെറിയ വായനക്കാരന്റെ നമോവാകം .

ഇസഡോറ ഡങ്കന്

I was born under the star of Aphrodite who was also born of the sea.
-Isadora Duncan

Isadora... seems to me as innocent as a child dancing through the garden in the morning sunshine and picking the beautiful flowers of her fantasy.
-Theodore Roosevelt

അതിരാഗം  .  അതീതരാഗം  .   ഇസഡോറ ഡങ്കനോട് അതിരില്ലാരാഗം  .  My Life വായിക്കുമ്പോഴൊക്കെ അപൂര്വ്വരാഗം .   . രഹസ്യമായി ഉമ്മവെക്കാന് തോന്നുന്ന അഗാധരാഗം .  അലയുംരാഗം  . അലമ്പന്രാഗം .

സൈബര്കാട്ടില്  ,  കുഴഞ്ഞുമറിഞ്ഞ പുതുമണ്ണില് , ഭ്രാന്തു പിടിച്ചു നിന്നു . കണ്ടിട്ടില്ലെങ്കിലും  സഹനയാത്രകള് കണ്ടു . കണ്ണുലഞ്ഞു  . അരങ്ങേറ്റങ്ങള് കണ്ടു . കണ്ണുദിച്ചു  . കേട്ടിട്ടില്ലെങ്കിലും ഉടലിലെ കടലാഴം കേട്ടു . കേട്ടലഞ്ഞു  . തോരാമഴയില് , തിരമാലകളില്  കലാകാരി തിമര്ത്താടി . കല കലിചിറങ്ങി .  കലാപം നലമായി .   നവകങ്ങള് പടര്ന്നേറി .  കാലം കടന്നും ഒലിയായി .

ആരാധകന് നോക്കി നില്ക്കെ ,  മൂടല്മഞ്ഞുമൂടിയ ഇളംനീലവഴിയില് മാഞ്ഞു പോയി  .  പതുപതുത്ത പാട്ടുകള്കൊപ്പം  പതുക്കെപ്പതുക്കെ നിലച്ചു പോയി  .  താരാപഥങ്ങളിലെ തീരാനിശ്ശബ്തയില് നിലാവലപോലെ പാറിപ്പോയി  . പോയിട്ടും പോകാത്ത ചലനങ്ങളുടെ സൂക്ഷ്മശില്പം .  നീണ്ടു നിന്നില്ലെങ്കിലും  ചേതോഹരമായ പ്രകാശം .  ആട്ടത്തിലെ അഴകും ഒഴുക്കുമുള്ള  ലയം .

ഭൂമിയിലില്ലാത്ത നിറങ്ങള് കൊണ്ട് കാറ്റിന്റെ ക്യാന്വാസില് ഓരോ മരങ്ങളും  ഇസഡോറ ഡങ്കനോടുള്ള അതിശയരാഗം   വരയ്ക്കുന്നു . പൂര്ത്തിയാകാത്ത ചിത്രം  . നിലയില്ലാത്ത ചിദാകാശം  . നനുത്തമിഥ്യാടനം .  ഇസഡോറ ഡങ്കന് മരണമില്ല .

മാര്ച്ചിലെ മരങ്ങള് ജിപ്സികളെ ഉറ്റുനോക്കുന്നു

     കൂട്ടുകാരന്റെ വീടിനോടും കോട്ടൂരിലെ കാട്ടുപച്ചപ്പടര്പ്പുകളോടും  വിടപറയുമ്പോള്  ജിപ്സികളെ ഓര്ത്തു .  മാര്കേസിന്റെ  ' ഏകാന്തതയുടെ നൂറു വര്ഷ ' ങ്ങളിലെ ജിപ്സികളും  ആലോചനയില് തെളിഞ്ഞു . അവര് വരുമ്പോള് ഇലക്കണ്ണുകള് ഒന്നിച്ചു തുറന്ന് മാര്ച്ചിലെ മരങ്ങള് ഉറ്റുനോക്കും  .  മൗനം നിറഞ്ഞ പൂക്കളില് അതിലും മൗനമായി ശലഭങ്ങള് കാതോര്ക്കും . ഓരോ തവണയും അവര് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങള് പുറത്തെടുക്കും . കാന്തം , ഭൂതക്കണ്ണാടി , ദൂരദര്ശിനി എന്നിങ്ങനെ  . അത്ഭുതങ്ങള് ചിലപ്പോള് സംഗീതവും കലകളുമാകും  . സംസ്കാരത്തിന്റെ എണ്ണമറ്റ ജലച്ചായങ്ങള് തൊട്ടെടുത്ത് മണ്ണില് അവര് കുത്തിവരയ്ക്കുംപോള് നിറങ്ങളുടെ അര്ത്ഥം അതിരുകളില്ലാത്ത ലോകം എന്നാകും .  ആരും വിളിക്കാതെ അവര് വരുന്നു . ആരോടും പരിഭവമില്ലാതെ അവര് പോകുന്നു . അവരുടെ കാല്പ്പാടുകള് മേഘങ്ങള് പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കുന്നു.

     കാടിനു തീവെക്കുന്നിടത്തോളം നാം അറിവുള്ളവരാണ് .  വോട്ടവകാശമില്ലാത്ത പുഴകളേയും പുഴുക്കളേയും കിളികളേയും മലകളേയും കൊടുംചതിയില്പെടുത്താനോളം ബുദ്ധിയുള്ളവരാണ് . വംശനാശങ്ങളുടെ കാലത്തും വിസ്മയങ്ങള് അവശേഷിപ്പിക്കുന്ന ഭൂമിയെ പിടിച്ചടക്കി വിഷം കൊടുത്തു കൊല്ലാനോളം ശക്തിയുള്ളവരാണ് . ഓക്ക് വൃക്ഷത്തിന്റെ വീണു കിടക്കുന്ന ഇലകളില് ഇനിയും ജീവനുണ്ടെന്നു സംശയിച്ച് , അതിലൊന്നും ചവിട്ടാതിരിക്കാന് ശ്രദ്ധിച്ച് , കുന്നിന് മുകളിലേക്കുള്ള വഴിയില് നിശ്ശബ്ദം നടന്നു നീങ്ങുന്ന , അറിവുകളേതുമില്ലാത്ത , ബുദ്ധിയും ശക്തിയും മേല്വിലാസവുമില്ലാത്ത്ത ഒരു ജിപ്സിയെക്കുറിച്ച്   റോബര്ട്ട്‌ ബ്രൗണിംഗ് , എലിസബത്ത്‌ ബാരറ്റിനെഴുതിയ പ്രണയലേഖനത്തില് സൂചിപ്പിച്ചത് നിനവില് വരുന്നു .  തീവെച്ച കാടുകളില് കത്തിതീര്ന്ന ചെടികള്ക്കും ചെറുപ്രാണികള്ക്കും വേണ്ടി കാറ്റിന്റെ പ്രാര്ത്ഥന അലഞ്ഞുതിരിയുന്നു . അലിവില്ലാതെ സഞ്ചരിക്കുന്ന  ഞങ്ങളില് ജിപ്സികളുടെ അതിവിദൂരമായ മുഴക്കം പോലുമില്ല.

കൊട്ടുകേട്ടിരിക്കുംപോള്

കൊട്ടിലെ സമ്പ്രദായച്ചിട്ടകളുടെ തുടച്ച്ചെടുക്കലുകള് . സ്വതസിദ്ധമായ കൊട്ടുപദ്ധതികള് . കൊട്ടിന്റെ അകക്കനം .  വീറും വാശിയുമുള്ള കൊട്ടഴക് .   കൊട്ടിലെ ഇനിമയും ഇണക്കവും . തുടര് കൊട്ടിക്കയറ്റം . കൊട്ടിത്തെളിയല്  .  കൊട്ടില് സ്വന്തം സ്ഥലകാലങ്ങള് കേള്പ്പിക്കുന്ന കൊട്ടുകാരന്  . ശൈലീഭേദങ്ങളുടെ കൊട്ടിപ്പരിണമിക്കലുകള് .  കാലികശൈലിയിലേക്കുള്ള കൊട്ടിത്തിടംവെക്കല്  . കൊട്ടിലെ കലാംശം . കൊട്ടിലെ ദേശപ്പെരുക്കം .  കൊട്ടിലെ ചിത്തരസം . അലങ്കാരപ്രധാനമായ കൊട്ട് . എണ്ണങ്ങളേയും പുതിയഎണ്ണങ്ങളേയും എണ്ണങ്ങളുടെ വൃത്തിയേയും പൊലിപ്പിച്ചു മിഴിവ് നല്കുന്ന കൊട്ട് .   എണ്ണങ്ങള് നിറയുന്ന കൊട്ട് . എണ്ണങ്ങളെ സ്പോട്ട് എഡിറ്റിംഗിനു വിധേയമാക്കുന്ന കൊട്ട് . മനോധര്മ്മ ച്ചെലുത്തലും സാധകത്തികവും സാദ്ധ്യമാക്കുന്ന കൊട്ട് . ഇടംകൈ കൊട്ടിന്റെ തെളിയാഴം . വലംകോല്വഴക്കത്തില് വഴിയുന്ന കൊട്ട് .  കൊട്ടിലെ കൊടുക്കല് വാങ്ങല് . കൊട്ടുഭാഷയിലൂടെ കേള്വിക്കാരനില് കൊട്ടിപ്പടരുന്ന സംവാദസ്ഥലികളും സന്ദേഹങ്ങളും ചോദ്യങ്ങളും  . കൊട്ടുകലയുടെ വിപണിജീവനം . കൊട്ടുകലയുടെ വെല്ലുവിളികള്  .  കൊട്ടിലെ സമകാലസന്നിവേശങ്ങള്  . കൊട്ടുകലയുടെ ബഹുശതമായ പുതുകാലം .

കൂട്ടുകാരന്റെ വീട്ടില് ,  ചെണ്ടയിലെ  അവന്റെ പ്രയോഗങ്ങള് കേട്ടിരിക്കെ ,  കൊട്ടുകലയെപ്പറ്റി ഇങ്ങനെയും തോന്നി  . തോന്നലുകള്  പാട്ടിനുപോയപ്പോള് പലതുമോര്ത്തു . ആലപ്പുഴ പഴവീട്‌ അമ്പലത്തിലെ പടയണിക്കാലത്ത് , കുട്ടനാടന് കള്ളിന്റെ ലഹരിയില് തപ്പും ചെണ്ടയും കൊട്ടിച്ചേര്ത്തിരുന്ന തീരാലഹരികളെ ഓര്ത്തു . ഒരു വലിയ ജലച്ചെണ്ട പോലെ കിടന്ന പള്ളാത്തുരുത്തിയാറ്റില് തുഴക്കോലുകള് കൊണ്ട് കൊട്ടിരമിച്ചുനീങ്ങിയിരുന്ന  കൊതുമ്പുവള്ളങ്ങളെ ഓര്ത്തു.  കൊട്ടുകലയിലെ മഹാരഥന്മാരുടെ അത്ഭുതപ്രകടനങ്ങള് കണ്ടും കേട്ടും ശിരസ്സു നമിച്ച്  , നിശ്ശബ്ദം നിന്നുപോയ അനര്ഘദിനങ്ങളോര്ത്തു . ഓര്മ്മകള് പിന്നിട്ടപ്പോള് എന്തെങ്കിലും എഴുതണമെന്നു തോന്നി . എഴുതിവന്നപ്പോള് അതീവിധമായി . കൊട്ടുകലയെക്കുറിച്ച് ഒട്ടുമറിയാത്ത്ത ഒരാള് ഒരു കൌതുകത്തിന് ഒന്ന് കൊട്ടി നോക്കി. അത്രമാത്രം . അങ്ങനെ കണ്ടാല് മതി .

Saturday, April 19, 2014

ഗോപാലകൃഷ്ണന് സാര്

ഫെയ്സ്ബുക്ക്‌ തുറന്നു .  ചെന്നൈയിലെ സുഹൃത്ത് അജിത്കുമാറിന്റെ മെസ്സേജ് വന്നു കിടക്കുന്നു : ' ഗോപാല് സാര് അന്തരിച്ചു ' . 

ചെന്നൈയില് അലഞ്ഞുനടന്ന ദിനങ്ങള് ഓര്മ്മവന്നു .  പഴയ എഗ്മൂറിലെ വഴികള് ഓര്മ്മ വന്നു .  അന്നത്തെ യാത്രകള് ഓര്മ്മ വന്നു .  ഒരുപാടു സ്നേഹിതന്മാരുടെ മുഖങ്ങള് ഓര്മ്മ വന്നു .  വഴിതെറ്റി ചെന്ന , തലതിരിഞ്ഞ ഒരുവന് ആഹാരവും സ്നേഹവും കിടകാനിടവും തന്ന മറക്കാനാവാത്ത മുഖങ്ങള് .   പൊള്ളുന്ന വെയിലില് താങ്ങും തണലുമായിത്തീര്ന്ന ഗോപാലകൃഷ്ണന്  സാര് . എഴുത്തുകാരേയും സാഹിത്യത്തേയും കവിതയേയും ഇഷ്ടപ്പെട്ടിരുന്ന ഗോപാലകൃഷ്ണന് സാര് . നന്നായി വായിച്ചിരുന്ന ഗോപാലകൃഷണന് സാര് .

എവിടെയോ ഒരു മഴപെയ്യുന്നു.
എവിടെനിന്നോ മഴകൊള്ളുന്നു.
ഇരുട്ടില് നനഞ്ഞൊലിക്കുന്നു.

പ്രിയപ്പെട്ട ഗോപാലകൃഷ്ണന് സാര് ,
ഒരിക്കല് ഞാനും മരിക്കും . പഴയതുപോലെ അനാഥനും അശരണനുമായി താങ്കളുടെ മുന്നില് വന്നു നില്ക്കും . താങ്കളെനിക്ക് അഭയം തരും  . ഉപചാരങ്ങളില്ലാതെ ജീവിതത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും നാം സംസാരിക്കും . ചെന്നൈ നഗരത്തിലൂടെ നമ്മള് നടന്നത് പോലെ മരണത്തിനപ്പുറത്തെ ആ നഗരത്തിലൂടെ നമ്മള് വീണ്ടും നടക്കും.

ജെന്സി പാടുന്നു

കന്യാകുമാരിയില് , ഹോട്ടല്മട്ടുപ്പാവില് , അതികാലത്ത് ജെന്സിയുടെ പാട്ടുകേള്ക്കുന്നു . തൂവെള്ളത്തിരമാലകള് തുന്നിപ്പിടിപ്പിച്ച ഇളംപച്ചക്കടലിനു മീതേ ഉദിച്ചു വരുന്ന സൂര്യന് . അവള്ക്കൊപ്പം കടല്ത്തീരത്തേയ്ക്കു  നടക്കുന്നു.

നീലഗിരിയില് , മുളങ്കമ്പുകള് കൊണ്ടു തീര്ത്ത കുടിലില് , അര്ദ്ധരാത്രിയില് , ജെന്സിയുടെ പാട്ടുകേള്ക്കുന്നു . ഇടതിങ്ങിയ മരങ്ങളില് നിന്നും ഇറങ്ങിവന്ന മഞ്ഞും ഇരുട്ടും നിലാവിന്റെ പലരൂപങ്ങള് വരയ്ക്കുന്നു. ദൂരെ , മലകള്ക്കപ്പുറം മറയുന്ന മേഘങ്ങളെ അവള്ക്കൊപ്പം നിശ്ശബ്ദം കണ്ടു നില്ക്കുന്നു.

ജെന്സിയുടെ പാട്ടു കേള്ക്കുന്നു. ഒരു പെഗ്ഗ്വോഡ്ക്കയില് നനുത്തനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നു .  ഐസിന്റെ കഷ്ണങ്ങള് എടുത്തിടുന്നു . പതുക്കെക്കുടിച്ചുകൊണ്ട് അവള്ക്കരികിലിരിക്കുന്നു.അവളുടെ വലിയ കണ്ണുകളില് ഒരുമിച്ചു പിന്നിട്ട ദൂരങ്ങള് മുഴുവന് പ്രതിഫലിക്കുന്നു. ആരും കാണാത്ത നക്ഷത്രങ്ങളിലേക്ക് അവള്ക്കൊപ്പം പറന്നുപോകുന്നു.

ജെന്സി പാടുന്നു. തീരാത്ത പ്രണയകഥപോലെ പാട്ടിന്റെ നോക്കെത്താപ്പാത നീണ്ടുപോകുന്നു. പാട്ടുതീര്ന്നിട്ടും കൌമാരം പെയ്തുകൊണ്ടിരിക്കുന്നു.

നിനവില് എം . ഗോവിന്ദന്

എന്റെ കത്തിനു മറുപടിയായി എം .ഗോവിന്ദന് ഒരു കത്തെഴുതി .പിന്നീടുമെഴുതി . ഏറെക്കുറെ അവസാന കാലത്ത്തെഴുതിയ കത്തുകള് . അപ്പോഴേക്കും സാഹിത്യ - സാമൂഹിക - സാംസ്കാരിക - മേഖലകളില് സജീവ സാന്നിദ്ധ്യമായി നിന്ന കാലത്ത് ഗോവിന്ദനു ചുറ്റും ചുറ്റിപ്പറ്റി നിന്നവരില് ഏറിയകൂറും ഒത്തുകിട്ടിയ ചവിട്ടുപടികള് കയറിപപോയിരുന്നു.  അവര് ഗോവിന്ദനെ തന്ത്രപരമായി ഒഴിവാക്കിക്കൊണ്ട് അദ്ദേഹത്തെ ഒറ്റപ്പെടുത്തിക്കളയുകയും ചെയ്തിരുന്നു. മാത്രമല്ല ,  നവചിന്തകള് എന്ന രീതിയില് ഗോവിന്ദന് മുന്നോട്ടു വെച്ചിരുന്ന പലതിനേയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ഒരു പുതുലോകക്രമം തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അത് ഗോവിന്ദന്റെയോ ലോകക്രമത്തിന്റെയോ കുഴപ്പമായിരുന്നില്ല. തികച്ചും സ്വാഭാവികമായ ഒരു പരിണതിയായിരുന്നു.
അത് ഗോവിന്ദന്റെ പ്രസക്തിയെ ഇല്ലാതാക്കി എന്ന് ഞാന് കരുതുന്നില്ല. എന്നാല് അത് ഗോവിന്ദനെ അതിനുമുന്പ് വായിച്ചപോലെ വായിക്കാന് കഴിയാത്ത സവിശേഷമായ ഒരു സന്ദര്ഭത്തെ , അല്ലെങ്കില് ഒരുപാടു സന്ദര്ഭങ്ങളെ , അതുമല്ലെങ്കില്  അതുവരെയില്ലാത്ത സന്ദര്ഭങ്ങളെ , അഥവാ , നിരവധി തുറസ്സുകളെ സംജാതമാക്കി.  

ഏതെങ്കിലും സംഘടനകളുടെ ഔദാര്യത്തിലോ സര്വകലാശാലകളിലെ പാഠപുസ്തകക്കമിറ്റിക്കാരുടെ പിന്നാമ്പുറത്തോ , കലാശാലാസെമിനാറുകളുടെ പൊള്ളത്തിളക്കങ്ങളിലോ , അക്കാദമികളുടെ വരാന്തയിലോ , അന്നന്ന് അധികാരത്തിലെത്തുന്ന നേതാകളും   അവരെ താങ്ങി നടക്കുന്ന സാംസ്കാരികപ്രമാണിമാരും ചേര്ന്ന അണിയറക്കൂട്ടങ്ങളിലോ അങ്ങനെയൊന്നും ചെന്നു നിലക്കാത്ത  എതെഴുത്തുകാരനും കടന്നു പോകാനിടയുള്ള  ഏകാന്തമായ അസ്വസ്ഥതകളും  സന്ദേഹങ്ങളും ആശങ്കകളും ഗോവിന്ദന്റെ വ്യക്തിജീവിതത്തിലും ചിന്താജീവിതത്ത്തിലും അവസാനകാലങ്ങളില് നിഴല് പരത്തിനിന്നിരുന്നു എന്ന്  പറയാതെ പറയുന്നുണ്ട് എനിക്കെഴുതിയ കത്തുകള് .  താന് എഴുതിയതൊന്നും പാഴായി എന്ന തോന്നല്  ഗോവിന്ദനുണ്ടായിരുന്നില്ല . എന്നാല് അതൊക്കെയും വേണ്ടവിധം പ്രസിദ്ധീകരിക്കപ്പെടാതെ  പോകുന്നതില് ഗോവിന്ദന് വല്ലാതെ ഖേദിച്ചിരുന്നു. അതേ സമയം ,  സാഹിത്യതല്പ്പരനായ ,  ആരുമല്ലാത്ത  ഒരു കൊച്ചു പയ്യന് ഉണര്വ് നല്കുന്ന ചിലവരികളും അതിലുണ്ടായിരുന്നു.  കവിതകള് എഴുതിയിരുന്ന എന്റെ അച്ഛനുമായി ഗോവിന്ദന് പരിചയമുണ്ടായിരുന്നു. അച്ഛനും അമ്മയും ഒന്നിച്ചു പോയി ഗോവിന്ദനേയും അദ്ദേഹത്തിന്റെ പ്രിയപത്നി പത്മാവതിയെയും മദിരാശിയില് ചെന്നു കണ്ടിട്ടുണ്ട്. ഗോവിന്ദനെക്കുറിച്ച് അച്ഛന് എഴുതിയ കവിത , അച്ഛന്റെ മറ്റൊരു സുഹൃത്തായിരുന്ന എം. എന്. വിജയന്റെ അവതാരികയോടെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'പ്രണവം ' എന്ന സമാഹാരത്തിലുണ്ട്.ഗോവിന്ദന്റെ ചരമ ദിനത്തില് ( ജനുവരി 23 ) അദ്ദേഹത്തെ ഒര്മ്മിച്ചുകൊണ്ട് , ഈ ലോകം വിട്ടുപോയ അച്ഛനെ ഓര്മ്മിച്ചു കൊണ്ട് ആ കവിത ഇവിടെ പോസ്റ്റു ചെയ്യുന്നു.

എം. ഗോവിന്ദന്
       - വി.പി. ഷണ്മുഖം

നിന്നടുത്തിരുന്ന നാള് 
നിന്റെ വാക്കുകള്  കേട്ട്
നിന് മുഖം നോക്കിക്കൊണ്ടു
 മിണ്ടാതെയിരുന്ന നാള്

അല്പവുമിളവില്ലാ -
തഴിയും പുകച്ചുരുള്
ക്കെട്ടിലൂടൊഴുകുന്ന
ചിന്തതന് തെളിനീരില്

എന്റെയുള്ളിലെപ്പൂവിന്
ദലങ്ങള്  കുളിര്ത്തിട്ടും
എന്തതിന് സാരാംശമെ-
ന്നോരാതെയിരുന്നു ഞാന്

ആകെയും പുകമറ -
യ്ക്കുള്ളിലെന്നതു പോലെ
താവിയതെന്നില് ഏതോ
സാരമാം അവ്യക്തത.

എന്കിലുമേതോ പുത്തന്
സ്പര്ശത്തിന് തെളിമയെന്
ഉള്ളിലല്പാല്പം ചാറി
നിന്നതായോര്ക്കുന്നു ഞാന്.

കക്ഷിരാഷ്ട്രീയത്തിന്റെ
കമ്പിവേലിക്കും  മുഖം
പൊത്തി മേഞ്ഞിടും ബുദ്ധി -
ചിന്ത തന് കുരുക്കിനും

അപ്പുറം മനുഷ്യന്റെ
ഭാഗധേയത്തിന് തളിര് -
പ്പച്ചകള്  തിരഞ്ഞു നീ
കായായി കനിയായി

എത്തി നീ പറിച്ചവ -
യൊക്കെയും മണ്ണില് മുള -
പൊട്ടുവാന് വിതച്ചു നീ
നിത്യത പൂകീടുമ്പോള്

ഞങ്ങള്ക്കു നീയെന്നും
ഞങ്ങള് തന് എം. ഗോവിന്ദന്
എട്ടിലും പുറത്തുമീ -
നാട്ടിലല്ലെവിടെയും

നിന്നിലെ വെളിച്ചത്തിന്
പുഷ്പിത ലതാഗ്രത്താല്
തൊട്ടുതന്നതാം പൊരുള്
ഞങ്ങള് തന് വഴിദീപം

കരയാന് പാടില്ലല്ലോ
നിന് മുന്നിലൊരിക്കലും
കരച്ചില് നിനക്കെന്നും
ചിരിയായിരുന്നല്ലൊ .
ചിന്തതന് തെളിചിന്നും
ചിരിയായിരുന്നല്ലൊ .

അന്നു നാം  പിരിഞ്ഞപ്പോള് 
നീ തന്ന മൊഴികളില്
ഒന്നു ഞാന് എഴുതുമ്പോ -
ഴൊക്കെയും ഓര്മ്മിക്കുന്നു ;
   ' മല്സ്യബന്ധനമെന്ന
     വാക്കിനു ബദലായി
     മീന് പിടുത്ത മെന്നെന്തേ
     പറഞ്ഞാല് നമുക്കിനി ' .