Tuesday, December 25, 2012

ക്റിസ്മസ്ട്റീ

ഡിസംബറിലെ മഞ്ഞുത്തുള്ളികള്‍
ഭൂമിയില്‍ വസിക്കുന്ന ഓര്‍മ്മകളാണ്.

മുല്ലപ്പൂ മണക്കുന്ന മുല്ലയ്ക്കല്‍ തെരുവ്    .    സ്പത്സ്വരച്ചിലങ്ക കെട്ടിയ ചിറപ്പിന്റെ തിരക്ക്    .     സ്പെഷ്യല്‍സിനിമാഷോയുടെ  പരസ്യമുള്ള പ്രകാശിക്കുന്ന ചതുരക്കടലാസുകൂടുചുമന്ന് ,  തെന്നിനീങ്ങുന്ന  ആരോ ഒരാള്‍ .  രാഗമാലികകള്‍ പോലെ നക്ഷത്രവിളക്കുകള്‍ .  കരോള്‍ഗാനങ്ങള്‍ ഒഴുകിക്കടന്നുപോയ പൂന്തോപ്പിലെ വഴിത്താരകള്‍   .     ക്രിസ്മസ് പപ്പയ്ക്കൊപ്പം തുള്ളിക്കളിക്കുന്ന കുഞ്ഞുങ്ങള്‍ .    കാറ്റുള്ളമലയില്‍  ,  സന്തോഷ്‌ ജോര്‍ജിന്റെ തറവാട്ടില്‍  ,  മമ്മ ചുടുന്ന പാലപ്പത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം    .    സാബുവര്‍ഗീസിന്റെ വീടിലെ പുല്‍ത്തൊഴുത്തില്‍ മയങ്ങുന്ന ഉണ്ണിയേശു   .   പുല്‌ത്തൊഴുത്തിനരികില്‌ ഇരുവശത്തേക്കും മുടിപിന്നിയിട്ട് നൃത്തം വെക്കുന്ന മാലാഖക്കുട്ടി - അവന്റെ കുഞ്ഞുപെങ്ങള്‍    .    കുഴൂര്‍ വില്സന്റെയും  മേരിയുടെയും പ്രണയദിനങ്ങളില്‍  പള്ളിയങ്കണത്തില്‍ തനിചെരിഞ്ഞ മെഴുകുതിരികള്‍ .   അലഞ്ഞുതിരിഞ്ഞു ചെന്നപ്പോള്‍ അലിവോടെ അഭയംതന്ന കോയമ്പത്തൂര്‍ കൌണ്ടംപാളയം സെന്റ്‌ ജോസഫ് ചര്‍ച്ചിലെ ഫാദര്‍ ഫ്രാന്‍സിസ്   .   മരിയതെരേസാ സ്ക്രില്ലിയുടെ പുസ്തകം  സമ്മാനിച്ച വിദ്യാര്‍ഥിനികളായ  കന്യാസ്ത്രീകള്‍   .    പുന്നമടയിലെ അയല്‍ക്കാരന്‍ , പോച്ചപ്പന്റെ ഭവനത്തില്‍ നിന്നു മുഴങ്ങിയ സന്ധ്യാ പ്രാര്‍ത്ഥനകള്‍    .    കുട്ടിക്കാലത്തെ കൂട്ടുകാരന്‍ ആന്ത്രയോസിന്റെ വയല്‍ക്കരയിലെ കൊച്ചുകുടിലില്‍ തൂങ്ങിയാടുന്ന കന്യാമറിയത്തിന്റെ ചിത്രം . 
നിശബ്ദം ആരാധിച്ച സുന്ദരി  ,  വീനസിനേക്കാള്‍ സുന്ദരി  , എങ്ങോ മാഞ്ഞു പോയ , തലവടിഗ്രാമത്തിലെ  ക്രിസ്ത്യാനിയായ കൌമാരക്കാരി   .  റോയി ലൂയിസിന്റെ മാളികമുറ്റത്ത്  ,  ആഘോഷരാവില്‍  നിറഞ്ഞൊഴിയുന്ന ഗ്ളാസ്സുകള്‍ക്കൊപ്പം  ചിറകറ്റ നിശാശലഭങ്ങള്‍ക്ക് ചിറകു മുളച്ച നിമിഷങ്ങള്‍.    തുഷാരതാരങ്ങള്‍ സ്തോത്രം ചൊല്ലുമ്പോള്‍ കാതോര്‍ക്കുന്ന തൂവാനം   .     പാതിരാകുര്‍ബാനയ്ക്കു പോകുന്ന പെണ്‍കുട്ടികള്‍   .      നേര്ത്ത്തുമിനുങ്ങുന്ന  ശിരോവസ്ത്രങ്ങള്‍ക്കുള്ളില്‍ ശിശിരമനോഹരമുഖങ്ങള്‍ ഒളിപ്പിച്ച പെണ്‍കുട്ടികള്‍   .   കൂട്ടുകാര്‍ക്കൊപ്പം അവരെക്കണ്ടുനിന്ന നനുത്ത തണുപ്പുള്ള രാത്രികള്‍ ..........എല്ലാം ഓര്‍മ്മകളാണ്    .    വര്‍ഷാവസാനമാസത്തെ കണക്കെടുപ്പില്‍ ജീവന്റെ പുസ്തകത്തില്‍ ഓര്‍മ്മകളാണ് .

ഡിസംബറിലെ മഞ്ഞുകണങ്ങള്‍
ഭൂമി വിട്ടുപോയവരുടെ കണ്ണുകളാണ് .

കുര്യാകോസിനറെ ഉറ്റു നോക്കുന്ന കണ്ണുകള്‍    .    ഷെല്വിയുദെ നനഞ്ഞ കണ്ണുകള്‍     .    ആര്‍ . രാമചന്ദ്രന്‍ മാഷുടെ വാത്സല്യം നിറഞ്ഞ കണ്ണുകള്‍    .   ക.ആര്‍ .പഴവീടിന്റെ അത്ഭുതപ്പെടുന്ന കണ്ണുകള്‍   .   പൂണിയില്‍ സുരേന്ദ്രന്റെ  തിളങ്ങുന്ന കണ്ണുകള്‍    .    യൂ .പി. ജയരാജിന്റെ കാതരമായ കണ്ണുകള്‍    .   ടി. ആറിന്റെ പിടിതരാത്ത കണ്ണുകള്‍    .      കെ. പി. അപ്പന്റെ ഏകാന്തമായ കണ്ണുകള്‍   .    എ. സോമന്റെ തീവ്രമായ കണ്ണുകള്‍   .  . എ.അയ്യപ്പന്‍റെ ആര്‍ദ്രമായ കണ്ണുകള്‍    .        സാംബശിവന്‍മുത്താനയുടെ സ്നേഹമുള്ള കണ്ണുകള്‍    .               കാക്കനാടന്മാരുടെ ബൊഹീമിയന്‍ കണ്ണുകള്‍     .     ഒറ്റത്തവണ കണ്ട ഗീതാഹിരണ്യന്റെ നിര്‍മലമായ കണ്ണുകള്‍     .   വെള്ളിത്തിരക്കാഴ്ചയില്‍  സില്‍ക്ക് സ്മിതയുടെ ആഴക്കടല്‍ കണ്ണുകള്‍    .  ഒരുവട്ടം മാത്രം അടുത്തുകണ്ട കുട്ടനാടന്‍ക്രിസ്തു ജോണ് എബ്രഹാമിന്റെ  കായല്കാറ്റു  വീശുന്ന കണ്ണുകള്‍     .       കവിതകള്‍ കൊണ്ട് മോഹിപ്പിച്ച , ഒരിക്കല്‍ മട്ടും കണ്ട അവിഷിന്റെ കണ്ണുകള്‍  .  ഒരിക്കലും കണ്ടിട്ടില്ലാത്ത ഗുഹന്റെ കണ്ണുകള്‍   .   എന്നും  കണ്ടിരുന്ന അച്ഛന്റെ കണ്ണുകള്‍ .........എല്ലാം ഓര്‍മ്മകളാണ്     .     വര്‍ഷാവസാനമാസത്തെ കണകെടുപ്പില്‍  മരണത്തിന്റെ പുസ്തകത്തില്‍  ഓര്‍മ്മകളാണ് .

ഓര്‍മ്മകള്‍ കൊണ്ട്
ഒരു ക്റിസ്മസ്ട്റീ.
ഓര്‍മ്മകള്‍ കൊണ്ട്
ഒരു പുതുവത്സരം .