Friday, May 1, 2015

പട്ടത്തുവിള കരുണാകരന്റെ കഥകള്‍

ലോകവും അധികാരവും തമ്മിലുള്ള വേഴ്ചയുടെ ഒച്ചകള്‍ കൂടിച്ചേര്‍ന്ന ഓഡിയോയും അതിനു ചേര്‍ന്ന ചിത്രീകരണവും ഒരു സി.ഡി യില്‍ ആലേഖനം ചെയ്തെടുക്കാന്‍ പാകത്തില്‍ എഡിറ്റിങ്ങിനു വിധേയമാക്കിയ ചെറുകഥാശില്പ്പങ്ങളാണ് പട്ടത്തുവിള കരുണാകരന്റേത് .ആഖ്യാനത്തിലൂടെ അഗാധമാവുന്ന  അതിസ്പഷ്ടപരമ്പര. മാറ്റിപ്രതിഷ്ഠയ്ക്കു സാദ്ധ്യതയുള്ള ഒരു കൂട്ടം വസ്തുതകളുടെ പ്രതിച്ഛായ. തല്‍സമയ ചരിത്രവും പ്രത്യേക മനുഷ്യാസ്തിത്വങ്ങളും തമ്മിലുള്ള സംവാദം. ' യാഥാര്‍ത്ഥ്യം പണ്ടേ അവിടെയുണ്ട്.അതു ഞാന്‍ കണ്ടുപിടിക്കേണ്ട ആവശ്യമില്ല '  എന്ന് ഗാര്‍ഷ്യാ മാര്‍കേസ് പറഞ്ഞതിന്റെ (Sunday Time -18-10-1983) ഗഹനതലം മറ്റൊരു രീതിയില്‍ പ്രകാശിതമാവുന്നുണ്ട്.അടിത്തട്ടില്‍  പ്രവര്‍ത്തിക്കുന്ന  അടിസ്ഥാനവര്ത്തിയായ മാനുഷികസന്ദേഹങ്ങള്‍ കഥകളെ എക്കാലവും പ്രസക്തമാക്കുന്നുണ്ട്. ആ പ്രസക്തിക്കുതന്നെ അവിടവിടെ പ്രത്യക്ഷപ്പെടുന്ന ഫലിതപ്രയോഗത്ത്തിന്റെ ആഴത്ത്തെളിച്ചങ്ങള്‍ മിഴിവു നല്‍കുന്നുണ്ട്.അതേ സമയം ,എഴുത്തുഘടനയിലെ ജനാധിപത്യത്തിന്റെ അഭാവം , ഏതോ മതാനുഷ്ഠാനത്തെ അനുസ്മരിപ്പിക്കുന്ന എഴുത്തിലെ രാഷ്ട്രീയ സമീപനം , ഉള്ളടക്കത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ ടൈപ്പുകളാകാന്‍ ശിക്ഷിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ , എഴുത്തിന്റെ ആവാസവ്യവസ്ഥയില്‍ വസിക്കുന്ന എല്ലാറ്റിനേയും കറുപ്പിലും വെളുപ്പിലും മാത്രം ആവിഷ്ക്കരിക്കുന്ന നോട്ടങ്ങള്‍ ,ഒരേ കാലം ,ഒരേ സ്ഥലം ,ഒരേ ആശയകേന്ദ്രങ്ങള്‍ ......ഒരു സാമൂഹികസംപ്രേക്ഷണമെന്ന നിലയില്‍ അധികാരവികലതകളെ വിശകലം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് ഏതുകാലത്തിന്റെ വായനയിലും ഇടം നേടാന്‍ ഇടയുണ്ടെങ്കിലും കലാരൂപമെന്ന നിലയില്‍ പട്ടത്തുവിളക്കഥകള്‍ സ്വയം ഒരടഞ്ഞ വ്യവസ്ഥയായിത്തിരുന്നു. ഈ മട്ടിലുള്ള വ്യവസ്ഥകളെ ഉപേക്ഷിച്ചുകൊണ്ടാണ് കഥയുടെ പില്‍ക്കാലം അതിന്റെ തുറസ്സുകളിലേക്ക് തുറന്നിടപ്പെട്ടത്‌.

Thursday, March 5, 2015

കെ. പി . അപ്പനെ ഓര്മ്മിക്കുന്നു

December 16, 2013 at 11:26am ഫെയ്സ് ബുക്കില് എഴുതിയത് 


കെ. പി. അപ്പന്റെ പുസ്തകങ്ങളെ നിശിതവിമര്ശനങ്ങള്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന വായനക്കാരനാണ് ഞാന് . പരക്കെ അംഗീകരിക്കപ്പെട്ട  ഒരെഴുത്തുകാരനെക്കുറിച്ച് താരാരാധനയുടെ ഭാഷയില് എഴുതി അയാളെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില് കുഴിച്ചു മൂടാം . അങ്ങനെ ചെയ്യുന്നവരുടെ സൂപ്പര്മാര്ക്കറ്റുകളില് തള്ളിക്കയറുന്ന ഓന്തുകളേയും തുരപ്പന് എലികളേയും ഇത്തിള്ക്കണ്ണിക്കണ്ണുള്ളവരേയും വെറുതെ വിടാം .  സത്യത്തില് , എതെഴുത്തുകാരനേയും എതുകാലത്തിലേക്കും പൂരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുക അയാളുടെ എഴുത്തിനെപ്പറ്റി എഴുതപ്പെടുന്ന ആഴമുള്ള വിമര്ശനപഠനങ്ങളായിരിക്കും  .  അത്തരം വിമര്ശനപഠനങ്ങളാല് കെ. പി. അപ്പന് എന്ന എഴുത്തുകാരന് ആദരിക്കപ്പെടണമെന്നും ആക്രമിക്കപ്പെടണമെന്നും അനുഗ്രഹിക്കപ്പെടണമെന്നും ഒട്ടും ദയയില്ലാതെ ഞാനാഗ്രഹിക്കുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്ക്കു മേല് അതിവിദഗ്ദ്ധമായി നിര്മ്മിക്കപ്പെട്ട കോട്ടകളായിരുന്നു   കെ. പി. അപ്പന്റെ പുസ്തകങ്ങള് . അഗാധമായ അടയാളങ്ങളില് നിന്ന് എന്നതിനേക്കാള്  അലങ്കാരഭംഗികളില് നിന്നാണ് അവയിലേക്ക്  വൈദ്യുതി പ്രവഹിച്ചത് . അങ്ങനെ ആ കോട്ടകളിലെ  വിളക്കുകള് കത്ത്തികൊണ്ടിരുന്നു. ഒരിക്കലും ഒരു തുള്ളി വെളിച്ചവും പുറത്തേക്ക് വീണില്ല . ആ വെളിച്ചത്തില് ചിറകടിച്ചുകൊണ്ടിരുന്ന , മണ്ണില് തൊടാത്ത പക്ഷിയെ കെ.പി. അപ്പന് പലപ്പോഴും അനുസ്മരിപ്പിച്ചു. കെ.പി. അപ്പന്റെ വിമര്ശകര് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളൊന്നുമായിരിക്കുകയില്ല കെ.പി.അപ്പന് എന്ന നിരൂപകനെ ഒരു പക്ഷെ , ഇനി ആവശ്യമില്ലാത്ത  ഒരു നിരൂപണരീതിയുടെ പ്രതിനിധിയാക്കാന് പോകുന്നത് . വല്ലാത്ത ഒരുതരം ബലംപിടുത്തത്തിന്റെ പ്രലോഭിപ്പിക്കുന്ന പ്രകടനങ്ങള് അപ്പന്റെ നിരൂപണത്തില് കുരുങ്ങി , മുറുകി , പടര്ന്നു കിടന്നു . എല്ലാ ബലംപിടുത്തങ്ങളേയും അപ്രസക്തമാക്കുന്ന പുതിയകാലത്തിന്റെ അതിരുകളില്ലാത്ത തുറസുകളാണ്  യഥാര്ത്ഥത്തില് കെ.പി.അപ്പനെ ഇനി ആവശ്യമില്ലാത്ത , അദ്ദേഹത്തിന്റെ കടുത്ത ആരാധകരുടെ ഭാഷ കടമെടുത്തു പറഞ്ഞാല് ' അവസാനത്തെ വലിയ നിരൂപക'നാക്കുന്നത് . കെ. പി. അപ്പന്റെ സംഭാവനകള്ക്ക് ഒരര്ത്ഥവുമില്ലെന്ന ഒരു വിവക്ഷയും ഇവിടെയില്ല . ഒരു കാലഘട്ടം മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നു പോകുമ്പോള് സംഭവിക്കുന്ന പരിണതികളില് വെച്ച് കെപി. അപ്പനെയും നോക്കിക്കാണാന് ശ്രമിക്കുന്നു എന്നുമാത്രം.

 കെ. പി. അപ്പനുമായി തീരെച്ചെറിയ പരിചയം ഉണ്ടായിരുന്നു . ഒരിക്കല് , ഒരു വൈകുന്നേരം , കൊല്ലത്ത് പള്ളിമുക്കില് ഞാന് താമസിച്ചിരുന്ന ലോഡ്ജു വരെ കാറില് കൊണ്ടു വിട്ടിട്ടുണ്ട് . ഒരു ബഹിരാകാശവാഹനമാണെന്നു തോന്നിപ്പിക്കും വിധമാണ് കാറോടിചു കൊണ്ടു നിര്ത്തുന്നത് . അന്ന് ദരിദ്രമായ ആ ലോഡ്ജുമുറിയിലേക്ക് കയറി വന്നു .  മേശമേല് കിടന്ന ഡി. എം തോമസിന്റെ ' വൈറ്റ് ഹോട്ടല് ' എന്ന നോവല് മറിച്ചു നോക്കി. അതിനെ അധികരിച്ച് അല്പനേരം സംസാരിച്ചിരുന്നു . ഒട്ടും തിരക്കില്ലാത്ത കാറ്റു പോലെ മടങ്ങിപ്പോയി. അധികമാരേയുമറിയിക്കാതെ നടന്ന എന്റെ വിവാഹശേഷം കൂട്ടുകാരിയുമൊത്ത്  പോയിക്കണ്ടു. എഴുതാന് ഇനിയും പ്രിയപ്പെട്ട പലതുമുണ്ട് . അതൊക്കെ  നിഷ്കരുണം ഉപേക്ഷിച്ചു കളയുകയാണ്‌ . കാരണം ,  കെ.പി .അപ്പനുമായുള്ള വ്യക്തിപരമായ അടുപ്പത്തെ എടുത്തെഴുതാന് എന്നേക്കാള്  അര്ഹതയുള്ള  നിരവധി പേര് ജീവിച്ചിരിക്കുന്നു . അവരെ മറന്നുകൊണ്ട് അതിനിസാരമായ എന്റെ പരിചയത്തെക്കുറിച്ച് ആവേശം കേറി എന്തെഴുതിയാലും അത്‌ അവിവേകമായിത്തീരും .

ഇടയ്ക്കിടെ , അമ്മ ജീവിച്ചിരിക്കുന്ന ആലപ്പുഴയിലെ വീട്ടിലേക്ക് തിരുവനന്തപുരത്തുനിന്നും തീവണ്ടിയില് പോകുമ്പോള് , കൊല്ലത്തെത്തുംപോള് ബേബിച്ചായനെയും (കാക്കനാടന് ) കെ. പി. അപ്പനെയും കല്ലട രാമചന്ദ്രനെയും ഓര്ക്കും . ആശയതലത്തിലല്ല , വ്യക്തിതലത്തില്  വേദനിപ്പിക്കുന്ന ശൂന്യതകള് വന്നു പൊതിയും .  എല്ലാ ശൂന്യതകളേയും കളിയാക്കികൊണ്ട്‌ തീവണ്ടി അതിന്റെ പാട്ടിനുപോകും.