Tuesday, December 31, 2013

കെ. പി . അപ്പനെ ഓര്മ്മിക്കുന്നു

കെ. പി. അപ്പന്റെ പുസ്തകങ്ങളെ നിശിതവിമര്ശനങ്ങള്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന വായനക്കാരനാണ് ഞാന് . പരക്കെ അംഗീകരിക്കപ്പെട്ട  ഒരെഴുത്തുകാരനെക്കുറിച്ച് താരാരാധനയുടെ ഭാഷയില് എഴുതി അയാളെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില് കുഴിച്ചു മൂടാം . അങ്ങനെ ചെയ്യുന്നവരുടെ സൂപ്പര്മാര്ക്കറ്റുകളില് തള്ളിക്കയറുന്ന ഓന്തുകളേയും തുരപ്പന് എലികളേയും ഇത്തിള്ക്കണ്ണിക്കണ്ണുള്ളവരേയും വെറുതെ വിടാം .  സത്യത്തില് , എതെഴുത്തുകാരനേയും എതുകാലത്തിലേക്കും പൂരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുക അയാളുടെ എഴുത്തിനെപ്പറ്റി എഴുതപ്പെടുന്ന ആഴമുള്ള വിമര്ശനപഠനങ്ങളായിരിക്കും  .  അത്തരം വിമര്ശനപഠനങ്ങളാല് കെ. പി. അപ്പന് എന്ന എഴുത്തുകാരന് ആദരിക്കപ്പെടണമെന്നും ആക്രമിക്കപ്പെടണമെന്നും അനുഗ്രഹിക്കപ്പെടണമെന്നും ഒട്ടും ദയയില്ലാതെ ഞാനാഗ്രഹിക്കുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്ക്കു മേല് അതിവിദഗ്ദ്ധമായി നിര്മ്മിക്കപ്പെട്ട കോട്ടകളായിരുന്നു   കെ. പി. അപ്പന്റെ പുസ്തകങ്ങള് . അഗാധമായ അടയാളങ്ങളില് നിന്ന് എന്നതിനേക്കാള്  അലങ്കാരഭംഗികളില് നിന്നാണ് അവയിലേക്ക്  വൈദ്യുതി പ്രവഹിച്ചത് . അങ്ങനെ ആ കോട്ടകളിലെ  വിളക്കുകള് കത്ത്തികൊണ്ടിരുന്നു. ഒരിക്കലും ഒരു തുള്ളി വെളിച്ചവും പുറത്തേക്ക് വീണില്ല . ആ വെളിച്ചത്തില് ചിറകടിച്ചുകൊണ്ടിരുന്ന , മണ്ണില് തൊടാത്ത പക്ഷിയെ കെ.പി. അപ്പന് പലപ്പോഴും അനുസ്മരിപ്പിച്ചു. കെ.പി. അപ്പന്റെ വിമര്ശകര് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളൊന്നുമായിരിക്കുകയില്ല കെ.പി.അപ്പന് എന്ന നിരൂപകനെ ഒരു പക്ഷെ , ഇനി ആവശ്യമില്ലാത്ത  ഒരു നിരൂപണരീതിയുടെ പ്രതിനിധിയാക്കാന് പോകുന്നത് . വല്ലാത്ത ഒരുതരം ബലംപിടുത്തത്തിന്റെ പ്രലോഭിപ്പിക്കുന്ന പ്രകടനങ്ങള് അപ്പന്റെ നിരൂപണത്തില് കുരുങ്ങി , മുറുകി , പടര്ന്നു കിടന്നു . എല്ലാ ബലംപിടുത്തങ്ങളേയും അപ്രസക്തമാക്കുന്ന പുതിയകാലത്തിന്റെ അതിരുകളില്ലാത്ത തുറസുകളാണ്  യഥാര്ത്ഥത്തില് കെ.പി.അപ്പനെ ഇനി ആവശ്യമില്ലാത്ത , അദ്ദേഹത്തിന്റെ കടുത്ത ആരാധകരുടെ ഭാഷ കടമെടുത്തു പറഞ്ഞാല് ' അവസാനത്തെ വലിയ നിരൂപക'നാക്കുന്നത് . കെ. പി. അപ്പന്റെ സംഭാവനകള്ക്ക് ഒരര്ത്ഥവുമില്ലെന്ന ഒരു വിവക്ഷയും ഇവിടെയില്ല . ഒരു കാലഘട്ടം മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നു പോകുമ്പോള് സംഭവിക്കുന്ന പരിണതികളില് വെച്ച് കെപി. അപ്പനെയും നോക്കിക്കാണാന് ശ്രമിക്കുന്നു എന്നുമാത്രം.

കെ. പി. അപ്പനുമായി തീരെച്ചെറിയ പരിചയം ഉണ്ടായിരുന്നു . ഒരിക്കല് , ഒരു വൈകുന്നേരം , കൊല്ലത്ത് പള്ളിമുക്കില് ഞാന് താമസിച്ചിരുന്ന ലോഡ്ജു വരെ കാറില് കൊണ്ടു വിട്ടിട്ടുണ്ട് . ഒരു ബഹിരാകാശവാഹനമാണെന്നു തോന്നിപ്പിക്കും വിധമാണ് കാറോടിചു കൊണ്ടു നിര്ത്തുന്നത് . അന്ന് ദരിദ്രമായ ആ ലോഡ്ജുമുറിയിലേക്ക് കയറി വന്നു .  മേശമേല് കിടന്ന ഡി. എം തോമസിന്റെ ' വൈറ്റ് ഹോട്ടല് ' എന്ന നോവല് മറിച്ചു നോക്കി. അതിനെ അധികരിച്ച് അല്പനേരം സംസാരിച്ചിരുന്നു . ഒട്ടും തിരക്കില്ലാത്ത കാറ്റു പോലെ മടങ്ങിപ്പോയി. അധികമാരേയുമറിയിക്കാതെ നടന്ന എന്റെ വിവാഹശേഷം കൂട്ടുകാരിയുമൊത്ത്  പോയിക്കണ്ടു. എഴുതാന് ഇനിയും പ്രിയപ്പെട്ട പലതുമുണ്ട് . അതൊക്കെ  നിഷ്കരുണം ഉപേക്ഷിച്ചു കളയുകയാണ്‌ . കാരണം ,  കെ.പി .അപ്പനുമായുള്ള വ്യക്തിപരമായ അടുപ്പത്തെ എടുത്തെഴുതാന് എന്നേക്കാള്  അര്ഹതയുള്ള  നിരവധി പേര് ജീവിച്ചിരിക്കുന്നു . അവരെ മറന്നുകൊണ്ട് അതിനിസാരമായ എന്റെ പരിചയത്തെക്കുറിച്ച് ആവേശം കേറി എന്തെഴുതിയാലും അത്‌ അവിവേകമായിത്തീരും .

ഇടയ്ക്കിടെ , അമ്മ ജീവിച്ചിരിക്കുന്ന ആലപ്പുഴയിലെ വീട്ടിലേക്ക് തിരുവനന്തപുരത്തുനിന്നും തീവണ്ടിയില് പോകുമ്പോള് , കൊല്ലത്തെത്തുംപോള് ബേബിച്ചായനെയും (കാക്കനാടന് ) കെ. പി. അപ്പനെയും കല്ലട രാമചന്ദ്രനെയും ഓര്ക്കും . ആശയതലത്തിലല്ല , വ്യക്തിതലത്തില്  വേദനിപ്പിക്കുന്ന ശൂന്യതകള് വന്നു പൊതിയും .  എല്ലാ ശൂന്യതകളേയും കളിയാക്കികൊണ്ട്‌ തീവണ്ടി അതിന്റെ പാട്ടിനുപോകും.

Sunday, October 27, 2013

തോമാച്ചന്‍ പാടുന്നില്ല


തോമാച്ചന്‍ പാടുന്നു. അടുപ്പമുള്ളവര്‍ അടുത്തിരിക്കുന്നു. അകമഴിഞ്ഞു കേള്‍ക്കുന്നു. അത്ര മാത്രം . വേറൊന്നുമില്ല. വേറിട്ട പാട്ട് . വേറെ ഒച്ച . വല്ലാത്ത പാട്ടുകാരന്‍ . പ്രശസ്തനല്ല . പ്രഗല്ഭനല്ല. അവന്റെ പാട്ട് അവന്റെ വഴി. അവനോളം ആഴമുള്ള പുഴ. സംഗീതചിട്ടകള്‍ തകര്ത്തൊഴുകും. 'സംഗതികള്‍' കട പുഴക്കും. ചിലര്‍ പറഞ്ഞു. താളബോധമില്ല. പാട്ടറിവില്ല. അവര്‍ പണ്ഡിതര്‍ . സംഗീത വിദഗ്ധര്‍ . തോമാച്ചന്റെ താളം അടുപ്പമുള്ളവരാടും താളം. തോമാച്ചന്റെ സംഗീതം അടുപ്പമുള്ളവരുടെ അടുപ്പം.

പാറമ്പുഴ രവി. മാത്തുക്കുട്ടി . തെരുവു ഗായകര്‍ . തെറ്റിപ്പാടിയവര്‍ .തെറ്റിച്ചു പാടിയവര്‍ . തെരുവില്‍ താനേ പൊലിഞ്ഞു പോയവര്‍. അവരുടെ അധോലോകപ്പാട്ടുകള്‍ ആരും കണ്ടില്ല. കണ്ടവര്‍ മറന്നു. ആരും കേട്ടില്ല. കേട്ടവര്‍ മറന്നു. തോമാച്ചന്‍ കണ്ടു . തോമാച്ചന്‍ കേട്ടു. തോമാച്ചന്‍ ആ പാട്ടുകള്‍ വീണ്ടെടുത്തു. പാടി. പകര്‍ന്നു.
'അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ആരോരുമറിയാതെ തൂമണം തൂകി
പാതിര കാറ്റങ്ങു പോയി
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ചക്രവാളങ്ങളില്‍ നൃത്തം ചവിട്ടി
പഗ്ലാവ്നെങ്ങോ മറഞ്ഞു
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി'
പാട്ടു കേട്ടവര്‍ക്കു യേശുദാസിനെ വേണ്ട. പാറമ്പുഴ രവി മതി. റാഫിയെ വേണ്ട. മാത്തുക്കുട്ടിയെ മതി. റഹ്മാനെ വേണ്ട. രാമനാഥനെ വേണ്ട .മല്ലികാര്‍ജുന്‍ മന്‍സൂറിനെ വേണ്ട. തോമാച്ചന്റെ പാട്ടു മതി. അടുപ്പമുള്ളവര്‍ അകലത്തിരുന്നും അവന്റെ പാട്ടോര്‍മ്മിച്ചു. തനിച്ചിരിക്കുമ്പോള്‍ തനിയെ ഓര്‍ക്കാന്‍ തനിമയുള്ള പാട്ടുകള്‍. താന്തോന്നിപ്പാട്ടുകള്‍ .

ആലപ്പുഴ എസ.ഡി .കോളേജിലെ മരത്തണ ലുകള്‍ . ക്ലാസുമുറികള്‍ . അല്ലാത്ത മുറികള്‍ . കടപ്പുറം . അമ്പലവെളി. തെരുവ്. വള്ളം . വെള്ളം . ആകാശം .......എല്ലായിടത്തും തോമാച്ചന്‍ പാടുന്നു. കൂട്ടുകാര്‍. എകാകികള്‍ . കാമുകര്‍. വിരഹികള്‍. തോന്നിവാസികള്‍ ......എല്ലാവര്‍ക്കുമായി തോമാച്ചന്‍ പാടുന്നു.

ഇഷ്ടപ്പെട്ട ഇടങ്ങള്‍. അവിടങ്ങളില്‍ തോമാച്ചന്‍ പാടുന്നു. ഇഷ്ട്ടപ്പെട്ട മനുഷ്യര്‍. അവര്‍ക്കിടയില്‍ തോമാച്ചന്‍ പാടുന്നു. പാട്ടു നിയമങ്ങള്‍ ഇടിഞ്ഞു വീഴുന്നു. പാട്ടു പാരമ്പര്യം നിലം പൊത്തുന്നു. നില്‍ക്കക്കള്ളിയില്ലാത്തവന്റെ പാട്ട്. അന്തിക്കള്ളും അന്തിയും ചേര്‍ന്ന ചന്തമുള്ള പാട്ട്. സൊയമ്പന്‍ പാട്ട് . പുകഞ്ഞ പാട്ട്. പുകപ്പാട്ട്. തോമാച്ചനില്‍ തുടങ്ങി ഒരുപാടു തോമാച്ചന്മാരിലേക്ക് നീളുന്ന പാട്ട്. പാട്ടിന്റെ സമാന്തര ചരിത്രം. പാട്ടെഴുത്തുകാര്‍ കാണാത്ത ചരിത്രം. പല കാലങ്ങളില്‍ ,പല ദേശങ്ങളില്‍ പറയപ്പെടാതെ പോയ ചരിത്രം. പരാജിതരുടെ പാട്ട് ചരിത്രം .
തോമാച്ചന്‍ പാടുന്നു.
തോമാച്ചന്‍ പാടുന്നില്ല.

'(സ്നേഹ)ലതയുടെ സുഹൃത്ത്‌ '




'വരൂ പരമേശ്വരാ  സന്ധ്യക്ക്‌ ഇണചേര്‍ന്നാല്‍ പിറക്കുന്നത്‌ രാക്ഷസന്മാര്‍ .നമുക്കീ ഭൂതലം പിശാചുക്കളെക്കൊണ്ട് നിറയ്ക്കാം'. -(കഥയില്‍ നിന്ന്)

In order for skills associated with women to be recognised and valued,hierarchies had to be demolished-D.N.Rodowick

'(സ്നേഹ)ലതയുടെ സുഹൃത്' ചന്ദ്രമതിയുടെ മികച്ച(?) കഥയല്ല.എന്നാല്‍ ഈ കഥ സ്ത്രീ പുരുഷ ബന്ധത്തിന്റെ ഒരു പ്രതി യാഥാര്ത്യമെന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.ഈ പ്രതി യാഥാര്ത്യത്തെ പ്രതീതികളുടെയും ഭ്രമാത്മകതയുടെയും വസ്തുതാവല്‍ക്കരനത്ത്തിന്റെയും രീതികള്‍ ഇടകലര്‍ത്തിയ ഭാഷയിലാണ് ചന്ദ്രമതി അവതരിപ്പിക്കുന്നത്‌. പുറമേ എകമുഖമെന്നു തോന്നുമെങ്ങിലും വാക്കുകളില്‍ ചിത്രകലയെ സ്വാംശീകരിക്കുക ,മാറി മാറി വരുന്ന ദൃശ്യങ്ങളുടെ തുടര്‍ച്ച പോലെ വാചകങ്ങളെ ക്രമീകരിക്കുക തുടങ്ങി ആഖ്യാനത്തിന്റെ വിവിധതരം അടരുകള്‍ സൂക്ഷ്മവായനയില്‍ കണ്ടെത്താനാവും.കാല്പനികമെന്ന നിര്‍വച്ചനത്ത്തിനു വഴങ്ങാവുന്ന വിവരണകലക്കുള്ളില്‍ തീക്ഷ്ണ യാഥാര്ത്യത്തിന്റെ കഥാഗതിയാണുള്ളത്. കഥാപാത്രങ്ങള്‍ കഥക്കുള്ളില്‍ നേരിടുന്ന സന്ദര്‍ഭങ്ങളുടെ ഐറണിയെ എഴുത്തുരീതിയിലൂടെ(I am for a writing pattern falling,splashing,wiggling,jumping,going on and off-Toni Morrison)  വ്യാഖാനിക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യക്ഷതയായി വിവരണകല മാറുന്നു. ക്രാഫ്റിന്റെയും കഥാപാത്ര സൃഷ്ടികളുടെയും അനായാസ സ്വാതന്ത്ര്യം നിര്‍മ്മിച്ചുകൊണ്ട്‌ സ്ത്രീപുരുഷ ബന്ധത്തിന്റെ അബോധസത്തകളെ അല്ലെങ്ങില്‍ ഭാവനാതത്മകമായ ഒരു അപരലോകത്തെ പുതിയ പാഠാന്തരങ്ങളിലേക്ക് ്‍ കഥാകാരി പരിവര്ത്തിപ്പിക്കുന്നു.പ്രണയമെന്നത് യാഥാര്ത്യത്ത്തില്‍ തന്നെയുള്ള അധോലോക യാഥാര്ത്യമാണെന്നും സാംസ്കാരികമായി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നും കഥയില്‍ തെളിയുന്നു.സമൂഹത്തിലെ പലതരം അസമത്വങ്ങളുടെ കണ്നക്ഷന്‍ കോഡുകള്‍ കഥാപാത്രങ്ങളിലുണ്ട്.പുരുഷന്‍ എന്ന വൈകാരികയുക്തിയെ ചിന്നഭിന്നമാക്കികൊണ്ട് ഈകഥ സമകാലികതയെ അഭിമുഖീകരിക്കുന്നു.സൌഹൃദവും ദാമ്പത്യവും പ്രണയവുമെല്ലാം അനശ്വര സങ്ങല്‍പ്പങ്ങളുടെ തകര്ച്ചകളായി കഥയില്‍ ചിതറിക്കിടക്കുന്നു.ഒരു സംഭവത്തിന്റെ വിവരണമല്ല ഇത്.പ്രതികരങ്ങളുടെ ബഹുതലങ്ങള്‍ എഴുതിപ്പോകുകയാണ്.സംശയമില്ല, സ്ത്രീപുരുഷ ബന്ധത്തിന്റെ 'കാല്‍പനിക ചരിത്രത്തില്‍ 'നിന്നുള്ള വിമോചനം സാധ്യമാകുമോ എന്ന അന്വേഷനത്തിനെ രേഖയാണ് '(സ്നേഹ)ലതയുടെ സുഹൃത്ത്‌ '. 

പി.എം.ആന്റണി


അതൊരു കാലം.വാക്കുകള്‍ കത്തിപ്പടര്‍ന്നു.ചുവരെഴുത്തുകള്‍ ചീറിപ്പുളഞ്ഞു.പ്രഹരശേഷിയുള്ള മുദ്രാവാക്യങ്ങള്‍ ആഞ്ഞുപതിച്ചു.പാര്‍ലമെന്‍റ് പന്നിക്കൂടായി.ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു.തൊക്കെടുത്ത വിപ്ളവം ചുട്ടുപൊള്ളി.ഒന്നും സംഭവിച്ചില്ല.എന്നാല്‍ എന്തൊക്കെയോ സംഭവിച്ചു.ആരവങ്ങളൊടുങ്ങി.അപഗ്രഥനങ്ങള്‍ ഏറെ നടന്നു.ഇപ്പോഴും നടക്കുന്നു.പങ്കെടുത്തവര്‍ പങ്കെടുത്ത രീതികളെ വിശകലനം ചെയ്തു.ചിലര്‍ പാടേ തള്ളിപ്പറഞ്ഞു.ചിലര്‍ സ്വയം തിരിച്ചറിഞ്ഞു.ചിലര്‍ സ്വയം തിരുത്തി.ചിലര്‍ സാധ്യതകളുടെ തുടര്‍ച്ചകള്‍ തേടി.ഒരിക്കല്‍ സ്വപ്നകലാപങ്ങളില്‍ ഒന്നിച്ചു നിന്നവര്‍ ചിതറിപ്പിരിഞ്ഞു.പരസ്പരം ശത്രുക്കളായി ഏറ്റുമുട്ടി.പലയിടങ്ങളില്‍ പലരീതികളില്‍ ചിലര്‍ അവസാനിച്ചു.ചിലര്‍ അതിജീവിച്ചു.ആ കാലം കല്‍പ്പിതകഥപോലെ.ഞങ്ങള്‍, മറ്റൊരു തലമുറയില്‍ പെട്ടവര്‍ ,ആ കാലത്തിന്റെ ക്ഷതങ്ങളും മുറിവുകളും ഉടലില്‍ ഏറ്റുവാങ്ങാത്തവര്‍,ഒന്നും ചോദിക്കുകയില്ല.കാരണം ,കഥയില്‍ ചോദ്യങ്ങളില്ല.കഥാപാത്രങ്ങളെ കടംകഥകളാക്കുന്ന കഥ ചിലപ്പോള്‍ ചരിത്രം കൂടിയാകുന്നു.

കഥയില്‍ അതിജീവിച്ചവര്‍ അതിജീവനത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ സഞ്ചരിച്ചു.ആന്റണിചേട്ടന്റെ (പി.എം.ആന്റണി) മാര്‍ഗം നാടകത്തിന്റേതായിരുന്നു.മറ്റു പലരെയും പോലെ പാടേ മാറിപ്പോയില്ല ആ മനുഷ്യന്‍.മാറാന്‍ ആന്റണിചേട്ടന് മനസ്സില്ലായിരുന്നു.തീവ്രസ്വപ്നങ്ങളെ വാക്കുകളില്‍ കുഴിച്ചുമൂടിയില്ല.കാലത്തിനു പറ്റാത്ത കോലമായി.നിരന്തരം നാടകപരിശ്രമങ്ങള്‍ നടത്തി.പരാജയങ്ങളിലും വിജയിച്ച പോരാളിയെ ഓര്‍മ്മിപ്പിച്ചു.തൊഴിലാളികളോടും അവഗണിക്കപ്പെട്ട മനുഷ്യരോടും കൂട്ടുകൂടി നടന്നു.അങ്ങനെയുള്ളവരെ നാടകപ്രവര്‍ത്തനത്തിന്റെ ആരും വേരുമാക്കി.ലളിതമായി ജീവിച്ചു.സാമ്പത്തിക പരാധീനതകളെ ആത്മവിശ്വാസം കൊണ്ട് നേരിട്ടു.തിരുവനന്തപുരത്ത് ഫിലിംഫെസ്റ്റിവലുകളില്‍ വെച്ചുകാണുംപോഴൊക്കെ പുതിയ നാടകങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു.എല്ലായ്പ്പോഴും ഞാന്‍ കേള്‍വിക്കാരനായി.തൊട്ടടുത്തു നിന്നു സംസാരിക്കുമ്പോഴും അക്കരെ നിന്നു സംസാരിക്കുന്നത് പോലെ.ഇക്കരെ നിന്നു കേള്‍ക്കുന്നതുപോലെ .

ആന്‍റണിചേട്ടനെ ആദ്യം കാണുന്നത് കുട്ടിയായിരിക്കെ,വര്‍ഷങ്ങള്‍ക്ക് മുന്പ് അച്ഛനോടൊപ്പമാണ്.അവസാനം കണ്ടത് അടുത്തിടെ ആലപ്പുഴ എന്‍.ബി.എസില്‍ വെച്ച്.അച്ഛന്‍ കഥാവശേഷനായിട്ട് കൊല്ലങ്ങള്‍ കുറച്ചായി.അച്ഛനില്‍ നിന്നു തുടങ്ങി ഞങ്ങളിലേക്കുവന്ന ജേഷ്ഠതുല്യരായ സുഹൃത്തുക്കള്‍ ഓരോരുത്തരായി യാത്രപറയുന്നു.ഇനി ആലപ്പുഴയില്‍ ചെല്ലുമ്പോള്‍ ,നഗരത്തില്‍ നടക്കാനിറങ്ങുംപോള് ,എവിടെനിന്നോ തന്റെ സൈക്കിളില്‍ പെട്ടെന്ന് ആന്‍റണിചേട്ടന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല.തുടര്‍ സഹനങ്ങളെ അതിജീവിച്ച ആ മനുഷ്യനും പോയി.നാടകത്തിനു തിരശീല വീണു.ഓര്‍മ്മകളില്‍ നാടകം അവസാനിക്കുന്നില്ല.