Saturday, November 15, 2014

മരം പെയ്യുമ്പോള് സ്വാതിതിരുനാള് കൂടെ വന്നു

മഴ പെയ്യുന്നു. മഴ തോരുന്നു. മരം പെയ്യുന്നു. പല്ലവി .അനുപല്ലവി . ചരണം. സ്വാതി തിരുന്നാള് കീര്ത്തനങ്ങളില് ഒരു ചരണമല്ല . ചരണങ്ങളാണ് .മരം പെയ്തു തോരുന്നില്ല. പെയ്തു തീര്ന്നാലും  പെയ്തുകൊണ്ടിരിക്കാനുള്ള മഴയുടെ കൌതുകം . മരം പെയ്യുന്നതില്  ആ കൌതുകത്തിന്റെ തനിയാവര്ത്തനം.

പെയ്തു തീരാന് മടിച്ച മരംപോലെ ,പറയേണ്ട കാര്യങ്ങള് തുടര്ന്നും പറഞ്ഞു പറഞ്ഞു പോകുന്നതിനാണ് എഴുത്തുകാരനായ സ്വാതിതിരുന്നാള് കീര്ത്തനങ്ങളില് പല ചരണങ്ങള് വല്ലാത്ത കൌതുകത്തോടെ ചേര്ത്തു വെച്ചിരിക്കുന്നതെന്ന്  പറയാമെന്നു തോന്നുന്നു. കീര്ത്തനങ്ങളുടെ പൊതു സ്വഭാവമായി അതിനെ കണക്കാക്കിയാല് പലതിലും പല്ലവി ,അനുപല്ലവി ,ചരണം എന്നല്ല , ചരണങ്ങള് എന്നാണു പറയേണ്ടത്. സാവേരി രാഗത്തിലെ വിഘ്നേശ്വര സ്തുതിയായ  'പരിപാഹി ഗണാധിപ ഭാസുര മൂര്ത്തേ '  എന്ന കീര്ത്തനത്ത്തില് പല്ലവി , അനുപല്ലവി എന്നിവ കൂടാതെ മൂന്നു ചരണങ്ങളും രചിച്ചിരിക്കുന്നു. 'ജയദേവ കിര്കിശോര '  എന്ന് തുടങ്ങുന്ന മംഗളകീര്ത്തനവും  'മാതംഗതനയായൈ ' എന്ന കൃതിയും   ഇതേ ഘടനാവൈചിത്ര്യം എടുത്തു കാട്ടുന്നു. സംസ്കൃതവും തനി മലയാളവും മണിപ്രവാളവും തമിഴ് ഒഴികെയുള്ള പല ഭാരതീയ ഭാഷകളും കലര്ന്നു കിടക്കുന്ന സ്വാതിതിരുനാള് കൃതികളിലെ ഈ ചരണനിര്മാണചതുരത  സംഗീതപഠിതാക്കള്ക്ക്  വീണ്ടും വീണ്ടും ഗവേഷണം നടത്താവുന്ന സവിശേഷതയായി  കണക്കാക്കേണ്ടി വരും. 1916  -ല് ബ്രഹ്മശ്രീ ചിദംബരം വാദ്ധ്യാര് എഴുതിയ ' സ്വാതിതിരുനാള് സംഗീതകൃതികള് '  എന്ന പുസ്തകത്തില് പദങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതില് 10 എണ്ണം സംസ്കൃതത്തിലും 5 എണ്ണം തെലുങ്ക്‌ ഭാഷയിലും ബാക്കി മണിപ്രവാളത്ത്തിലുമാണ്  .സംസ്കൃതഭാഷാപദങ്ങളില് ആദ്യമായി കാണുന്നത്  'രജനീജാതാ '  എന്ന സുരുട്ടി രാഗത്തിലുള്ള പദമാണ്. അതില് താഴെക്കാണുന്ന ചരണങ്ങള് മൂന്നും അനുപല്ലവി മട്ടില് പാടേണ്ടതാണെന്ന് വീണാവിദ്വാനായ ഹരിഹര അയ്യര് പറയുന്നു.

ചരണം - I. കിസലയമയ മതി കോമളമപി സഖി തല്പം
                  ദിശതിചമേ ഹൃദിതാപമ വിരത മനല്പ്പം           '' രജനി ''

ചരണം -II. ബഹള മസൃണ പങ്കമപി സുശി ശിരം
                കലയതി മാനസമപി  ഗരല വദതി വിധുരം           '' രജനി ''

ചരണം -III. രമണി സജല  തോയദ പരിഹസന രതാഭം
              രമണ മിഹാനയ തരസാ സരസിജനാഭം                  '' രജനി ''

ത്യാഗരാജസ്വാമികള് പന്തുവരാളി രാഗത്തില് രചിച്ച  ' നിന്നേനെരനമ്മി ' എന്ന കീര്ത്തനം ഇതേ ക്രമത്തിലുള്ള  മട്ടിനു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സ്വാതിതിരുനാളിന്റെ സാവേരി രാഗത്തിലെ  രാമായണകീര്ത്തനം എല്ലാ ചരണവും പാടിവരുന്നു.കാരണം ,അതിനെ ഒരു രാഗമാലികയാക്കി പില്ക്കാലത്ത് സ്വരപ്പെടുത്തി. ഏറെക്കുറെ വിസ്മൃതപ്രായമായ കല്യാണി രാഗത്തിലുള്ള 'യോജയ പദനളിനേന മമമതി ' രാമായണ കീര്ത്തനത്ത്തിനു ഏഴു ചരണങ്ങള് .  അവ ഏഴു രാഗത്തില് പാടാനുള്ള വഴിയൊരുക്കിയിരിക്കുന്നതായി പ്രൊഫ വൈ . കലയാണസുന്ദരം  സൂചിപ്പിക്കുന്നു. ഈവിധം സ്വാതിതിരുന്നാള്  രചിച്ച ചരണങ്ങള്  പലരാഗങ്ങളില്  സ്വരപ്പെടുത്താനും പുതുക്കിയെടുക്കാനുമുള്ള സാദ്ധ്യതകള് അവശേഷ്പ്പിക്കുന്നു . അതാണ്‌ അതിന്റെ സംഗീതലോകത്തെ സമകാലിക പ്രസക്തിയും ഭാവിയിലേക്കുള്ള ഈടുവെയ്പ്പും എന്നു വിചാരിക്കാം . വേറെന്തില്  തര്ക്കമുണ്ടായാലും കൂടുതല്  അന്വേഷണങ്ങള് ആവശ്യപ്പെടുന്നഒരു വിഷയമാണിത് എന്നകാര്യത്തില് തര്ക്കമുണ്ടാകാന് ഇടയില്ല.
രണ്ടു ദിവസം മുന്പ് , സംഗീതഞ്ഞനായ ഒരു സുഹൃത്തുമൊത്ത്  കുതിരമാളിക  സന്ദര്ശിക്കാന് ഇടയായി.സ്വാഭാവികമായും സംഗീതം ചര്ചാവിഷയമായി .  പണ്ഡിതനായ സുഹൃത്ത്തിനുമുന്പില് മിക്കവാറും കേള്വിക്കാരനായി.സുഹൃത്ത് ചില കീര്ത്തനങ്ങള് മൂളി.തിരിച്ചിറങ്ങുമ്പോള് പൊടുന്നനെ ഒരു മഴ ,  വേനല് മഴ ,  പെയ്തു. തോര്ന്നു .  സുഹൃത്ത് യാത്ര പറഞ്ഞുപോയി. കുറെ ദൂരം സ്വാതിതിരുനാള് കൂടെവന്നു. നിലയ്ക്കാത്ത ചരണങ്ങളായി മരങ്ങള് പെയ്തുകൊണ്ടേയിരുന്നു.  




കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം 
കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം
  

Thursday, November 6, 2014

സി.ആര് .പരമേശ്വരന്

സി. ആര് . പരമേശ്വരന് സര്വ്വസമ്മതനായ എഴുത്തുകാരനല്ല.  സര്വ്വസമ്മതരല്ലാത്ത എഴുത്തുകാരാണ് യഥാര്തത്തില് വലിയ എഴുത്തുകാര് എന്നു ഞാന് വിശ്വസിക്കുന്നു. ഇത് സി.ആറിനുള്ള സ്തുതിയല്ല. ഒരു കാഴ്ചപ്പാടാണ് . കേസരി മുതല് എം.ഗോവിന്ദനും സി.ജെയും വരെയുള്ളവ്രെക്കുറിച്ച്  ഇതേ കാഴ്ചപ്പാടാണ്  എനിക്കുള്ളത് .  സര്വ്വസമ്മതരായ എഴുത്തുകാരെക്കുറിച്ച്‌  കാനേഷുമാരിക്കണക്കില് മാത്രം പൗരനായ എന്നെപ്പോലൊരാള് എഴുതിയില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അവര്ക്ക് ഒരു ചുക്കുമില്ല. അവര്ക്കു ചുറ്റും സ്തുതിഗീതങ്ങള് ആലപിച്ചുകൊണ്ട് സമൂഹത്തില് പിടിപാടും അധികാരവും പ്രശസ്തിയുമുള്ള നിരവധി വണ്ടുകള് പാറിപ്പറന്നുകൊണ്ടിരിക്കുന്നു. 

സി. ആര് .പരമേശ്വരന്  വിമതരായ എഴുത്തുകാരുടെ വംശചിഹ്നങ്ങള് ഉള്ള ഒരാളാണ് . വിമതരായ എഴുത്തുകാരാണ് യഥാര്തത്തില് വലിയ എഴുത്തുകാര് എന്ന് ഞാന് വിശ്വസിക്കുന്നു. കാരണം , അവര് വിയോജിപ്പുക്കള് ക്ഷണിച്ചു വരുത്തുന്നു. വിയോജിപ്പുകള് വെട്ടിത്തുറന്നു പറയുന്നു. ആ വിയോജിപ്പുക്കള് പ്രകോപനങ്ങള് സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് പുതിയ കവിതയെക്കുറിച്ചു പറയുന്നിടത്ത് എനിക്ക് സി.ആറുമായി അതിശക്തമായി കലഹിക്കേണ്ടി വരുന്നത് . ആ കലഹങ്ങള്  എന്റെ  ചിന്തയെ കൂടുതല് ആഴത്തില് ഉറപ്പിച്ചു നിര്ത്താന് എന്നെ സഹായിക്കുന്നു.

അവാര്ഡുകള് കൊണ്ടും എഴുതിയ കൃതികളുടെ വലിപ്പം കൊണ്ടും എണ്ണം കൊണ്ടുമല്ല ഞാന് ഒരെഴുത്തുകാരന്റെ മൂല്യം നിര്ണ്ണയിക്കുന്നത്‌ .  അയാള് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില് മുഴങ്ങുന്നുണ്ടോ , ചാനലുകളുടെ മുറ്റത്ത് കത്തിച്ചുവെച്ച വിളക്കുകള് പോലെ തിളങ്ങുന്നുണ്ടോ , അക്കാദമികളുടേയും പാഠപുസ്തകക്കമ്മറ്റികളുടേയും ഇരിപ്പിടങ്ങളില് ഇടം നേടുന്നുണ്ടോ എന്നതും എന്റെ വിഷയമല്ല. ഒരെഴുത്തുകാരന് എഴുതുന്ന ഒരു വാക്കില് , ഒരു വരിയില് അയാള് ഒരു കടലുപോലെ തിരയടിക്കുന്നുണ്ടോ  എന്ന ആലോചനയിലേക്കാണ് ഞാന് പോകുന്നത് . പഴയ ഭാഷയില് പറഞ്ഞാല് ആ വാക്ക് , ആ വരി , അയാളുടെ പ്രതിഭയുടെ ഒരുകോടി മിന്നല്പ്രഭയില് പൊട്ടിത്തെറിച്ച് പ്രകാശത്തിന്റെ തുടര്ചലനങ്ങള് വായനയില് നിറയ്ക്കുന്നുണ്ടോ എന്ന അന്വേഷണത്തിലേക്കാണ് എന്റെ യാത്ര  .  എഴുതിയ ചില വാക്കുകള് കൊണ്ട് , വരികള് കൊണ്ട് സി.ആര്.  അങ്ങനെ ചില ആഘാതങ്ങള് കൊണ്ടു വരുന്നുണ്ട് .  അതുകൊണ്ടാണ് ' പ്രകൃതിനിയമവും '  ' ഈഴവര് ' എന്ന കഥയും ഞാന്  വീണ്ടും വായിക്കുന്നത് .  നിഗമനങ്ങളോട് ഒട്ടേറെ വിയോജിപ്പുകള് സൂക്ഷിച്ചുകൊണ്ട്‌ 'വിപല് സന്ദേശങ്ങള് ' വായിക്കുന്നത് . തികച്ചും സെക്ട്ടേറിയന് എന്നെനിക്കു തോന്നിയിട്ടുള്ള കാഴ്ചപ്പാടുകള് അവിടവിടെ ചിതറിക്കിടക്കുന്ന 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള് '  ' വംശ ചിഹ്നങ്ങള് 'എന്നീ കൃതികളും സി. ആറിന്റെ അഭിമുഖങ്ങളും വായിക്കുന്നത് .

കണ്മുന്നില് വരുന്ന ലോകത്ത്തെയല്ല , താന് മനസ്സിലാക്കുന്ന ലോകത്തോടുള്ള തന്റെ തന്നെ പ്രതികരണങ്ങളാണ് സി.ആറിന്റേത്‌  . സി . ആര് മനസ്സിലാക്കുന്ന ലോകമല്ല ലോകമെന്ന് ഒരാള്ക്കു പറയാം. എന്നാല് , ആ ലോകത്തിനും  ചിന്തയുടെ റിപ്പബ്ളിക്കില് ഇടമുണ്ട്  . എന്തു കണ്ടാലും , ആരെക്കണ്ടാലും  മണികുലുക്കുന്ന, പുല്ലുമാത്രം തിന്നുന്ന നിരുപദ്രവകാരികളായ  ഒരുപാട് വിശുദ്ധപശുക്കള്ക്കിടയില് സാമൂഹിക ചിന്തയുടേയും രാഷ്ട്രീയചിന്തയുടേയും കയ്പ്പുള്ള ഇലകള് തിന്നുകൊണ്ട് സി. ആര്. കൂട്ടം തെറ്റുന്നു . ഒരുപാടു നിറങ്ങളും നിറങ്ങള് ഒരുക്കുന്ന  പുതുമകളും വിചിത്രതകളും വിനാശങ്ങളുമുള്ള സമകാലലോകത്തിന്റെ തുറസ്സുകളെ ബ്ളാക്ക് ആന്റ് വൈറ്റില് സി.ആര് ചിത്രീകരിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . സി. ആറിന്റെ വലിയ പരിമിതികളില് ഒന്നായി ഞാന് കാണുന്ന ഈ ചിത്രീകരണത്തെ  മറ്റൊരാള്ക്ക് സി. ആറിന്റെ സവിശേഷതയായും കാണാവുന്നതാണ് .

സി.ആറിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല് , കേരളീയ ജീവിതത്തെ , പ്രത്യേകിച്ചും എഴുപതുകള്ക്കു ശേഷമുള്ള കേരളീയ ജീവിതത്തെ നിരന്തരം പിന്തുടര്ന്നുകൊണ്ട് വിശകലനം ചെയ്തു എന്നതാണ് . കേരളത്തെക്കുറിച്ച് ഇത്രയധികം ആലോചിച്ച ഏകാകിയായ മറ്റൊരെഴുത്തുകാരന് സമീപഭൂതകാലത്ത് മലയാളക്കരയില് ഉണ്ടായിട്ടില്ല. സ്വദേശത്തു നിന്നുകൊണ്ട് റഷ്യയില് എന്തു സംഭവിച്ചു , ചൈനയില് എന്തുസംഭവിച്ചു ,അമേരിക്കയില് എന്തു സംഭവിച്ചു എന്നു ചോദിച്ച് , ആളുകളെ വിരട്ടി രക്ഷപെടുന്നവരെപ്പോലെ തന്ത്രശാലിയല്ല സി.ആര്.     തന്റെ ചുറ്റുപാടുകളിലെ തീരെച്ചെറിയ പ്രശ്നങ്ങളെപ്പോലും  തന്റേതായ രീതിയില് അപഗ്രഥിച്ചുകൊണ്ടും വിമര്ശിച്ചുകൊണ്ടുമാണ് സി.ആര് .കേരളത്തെ അഭിമുഖീകരിച്ചത്. ആര്ക്കും അറിയാത്ത വിഷയത്തെക്കുറിച്ചു പറഞ്ഞുകൊണ്ടുള്ള ഒരുതരം ഒളിചോട്ടമായിരുനനില്ല  അത് .  എല്ലാവര്ക്കും അറിയാവുന്ന വിഷയങ്ങളില് ഇടപെട്ടുകൊണ്ടുള്ള ഏറ്റുമുട്ടലുകളായിരുന്നു. ഭൂരിപക്ഷത്തിന്റെ പല്ലിറുമ്മലുകള്ക്കിടയില് ,   വേറിട്ടു നില്പ്പുകൊണ്ടു  തന്നെ അത് വെളിച്ചപ്പെടുന്നുണ്ട്. അതിന്റെ വിജയപരാജയങ്ങള് വേര്തിരിചെടുക്കാന് കാലമിയും വേണ്ടി വന്നേക്കാം.

വര്ഷങ്ങള് ഒരുപാട് കഴിഞ്ഞാലും  ,  പൂജാവിഗ്രഹങ്ങളെ പിഴുതെറിഞ്ഞുകൊണ്ട് , വഴിതെറ്റിച്ചുനടക്കുന്ന , താന്തോന്നിയായ , ഒരിക്കലും നന്നാകാത്ത്ത , ഗുരുത്വം ഒട്ടുമില്ലാത്ത ഒരു സാഹിത്യവിദ്യാര്ഥി  അഥവാ സാമൂഹികവിദ്യാര്ഥി മറ്റു പല വിമതന്മാരിലേക്കുമെന്നപോലെ സി. ആറിലേക്കും എത്തിച്ചേരുമെന്നും അതുതന്നെയായിരിക്കും സി. ആറിന്റെ എഴുത്തിന്റെ എക്കാലത്തേയും പ്രസക്തിയെന്നും ഞാന് കരുതുന്നു.

പ്രിയപ്പെട്ട സി.ആര്,
എനിക്കുമുന്പേ താങ്കള് ഈ ഭൂമി വിട്ടുപോയാല് ഒരു വരിപോലും താങ്കളെക്കുറിച്ച് ഞാന് എവിടെയും എഴുതുകയില്ല. ഒരുപക്ഷേ , അന്ന് താങ്കളെക്കുറിച്ചുള്ള ലേഖനങ്ങളുമായി പുറത്തുവരാനിടയുള്ള സ്പെഷ്യല് പതിപ്പുകളില് ഒന്നില്പ്പോലും എന്റെ നിഴല് വീഴുകയില്ല .  താങ്കള്ക്കു മുന്പേ ഞാനാണ് ഈ ഭൂമി വിട്ടുപോകുന്നതെങ്കില് ഇങ്ങനെയൊരുകുറിപ്പ് എഴുതാന് കഴിയാതെ വന്നാലോ എന്നതുകൊണ്ടാണ് ഇപ്പോള് ,  ഇങ്ങനെ , ഈവിധം . ഇത് താങ്കള്ക്കുള്ള സ്തുതിയല്ല. കാരണം , ഏതു സ്തുതിയേയും അതിനിശിതമായ സന്ദേഹങ്ങളോടെ താങ്കള് നോക്കിക്കാണുന്നുണ്ടെന്ന് എനിക്കറിയാം.