Sunday, October 27, 2013

തോമാച്ചന്‍ പാടുന്നില്ല


തോമാച്ചന്‍ പാടുന്നു. അടുപ്പമുള്ളവര്‍ അടുത്തിരിക്കുന്നു. അകമഴിഞ്ഞു കേള്‍ക്കുന്നു. അത്ര മാത്രം . വേറൊന്നുമില്ല. വേറിട്ട പാട്ട് . വേറെ ഒച്ച . വല്ലാത്ത പാട്ടുകാരന്‍ . പ്രശസ്തനല്ല . പ്രഗല്ഭനല്ല. അവന്റെ പാട്ട് അവന്റെ വഴി. അവനോളം ആഴമുള്ള പുഴ. സംഗീതചിട്ടകള്‍ തകര്ത്തൊഴുകും. 'സംഗതികള്‍' കട പുഴക്കും. ചിലര്‍ പറഞ്ഞു. താളബോധമില്ല. പാട്ടറിവില്ല. അവര്‍ പണ്ഡിതര്‍ . സംഗീത വിദഗ്ധര്‍ . തോമാച്ചന്റെ താളം അടുപ്പമുള്ളവരാടും താളം. തോമാച്ചന്റെ സംഗീതം അടുപ്പമുള്ളവരുടെ അടുപ്പം.

പാറമ്പുഴ രവി. മാത്തുക്കുട്ടി . തെരുവു ഗായകര്‍ . തെറ്റിപ്പാടിയവര്‍ .തെറ്റിച്ചു പാടിയവര്‍ . തെരുവില്‍ താനേ പൊലിഞ്ഞു പോയവര്‍. അവരുടെ അധോലോകപ്പാട്ടുകള്‍ ആരും കണ്ടില്ല. കണ്ടവര്‍ മറന്നു. ആരും കേട്ടില്ല. കേട്ടവര്‍ മറന്നു. തോമാച്ചന്‍ കണ്ടു . തോമാച്ചന്‍ കേട്ടു. തോമാച്ചന്‍ ആ പാട്ടുകള്‍ വീണ്ടെടുത്തു. പാടി. പകര്‍ന്നു.
'അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ആരോരുമറിയാതെ തൂമണം തൂകി
പാതിര കാറ്റങ്ങു പോയി
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി
ചക്രവാളങ്ങളില്‍ നൃത്തം ചവിട്ടി
പഗ്ലാവ്നെങ്ങോ മറഞ്ഞു
അന്തി മയങ്ങി
അന്തി മയങ്ങി
അമ്ബെത്താ മുറ്റ ത്ത്
അമ്പിളി നിന്നു വെളങ്ങി'
പാട്ടു കേട്ടവര്‍ക്കു യേശുദാസിനെ വേണ്ട. പാറമ്പുഴ രവി മതി. റാഫിയെ വേണ്ട. മാത്തുക്കുട്ടിയെ മതി. റഹ്മാനെ വേണ്ട. രാമനാഥനെ വേണ്ട .മല്ലികാര്‍ജുന്‍ മന്‍സൂറിനെ വേണ്ട. തോമാച്ചന്റെ പാട്ടു മതി. അടുപ്പമുള്ളവര്‍ അകലത്തിരുന്നും അവന്റെ പാട്ടോര്‍മ്മിച്ചു. തനിച്ചിരിക്കുമ്പോള്‍ തനിയെ ഓര്‍ക്കാന്‍ തനിമയുള്ള പാട്ടുകള്‍. താന്തോന്നിപ്പാട്ടുകള്‍ .

ആലപ്പുഴ എസ.ഡി .കോളേജിലെ മരത്തണ ലുകള്‍ . ക്ലാസുമുറികള്‍ . അല്ലാത്ത മുറികള്‍ . കടപ്പുറം . അമ്പലവെളി. തെരുവ്. വള്ളം . വെള്ളം . ആകാശം .......എല്ലായിടത്തും തോമാച്ചന്‍ പാടുന്നു. കൂട്ടുകാര്‍. എകാകികള്‍ . കാമുകര്‍. വിരഹികള്‍. തോന്നിവാസികള്‍ ......എല്ലാവര്‍ക്കുമായി തോമാച്ചന്‍ പാടുന്നു.

ഇഷ്ടപ്പെട്ട ഇടങ്ങള്‍. അവിടങ്ങളില്‍ തോമാച്ചന്‍ പാടുന്നു. ഇഷ്ട്ടപ്പെട്ട മനുഷ്യര്‍. അവര്‍ക്കിടയില്‍ തോമാച്ചന്‍ പാടുന്നു. പാട്ടു നിയമങ്ങള്‍ ഇടിഞ്ഞു വീഴുന്നു. പാട്ടു പാരമ്പര്യം നിലം പൊത്തുന്നു. നില്‍ക്കക്കള്ളിയില്ലാത്തവന്റെ പാട്ട്. അന്തിക്കള്ളും അന്തിയും ചേര്‍ന്ന ചന്തമുള്ള പാട്ട്. സൊയമ്പന്‍ പാട്ട് . പുകഞ്ഞ പാട്ട്. പുകപ്പാട്ട്. തോമാച്ചനില്‍ തുടങ്ങി ഒരുപാടു തോമാച്ചന്മാരിലേക്ക് നീളുന്ന പാട്ട്. പാട്ടിന്റെ സമാന്തര ചരിത്രം. പാട്ടെഴുത്തുകാര്‍ കാണാത്ത ചരിത്രം. പല കാലങ്ങളില്‍ ,പല ദേശങ്ങളില്‍ പറയപ്പെടാതെ പോയ ചരിത്രം. പരാജിതരുടെ പാട്ട് ചരിത്രം .
തോമാച്ചന്‍ പാടുന്നു.
തോമാച്ചന്‍ പാടുന്നില്ല.

No comments:

Post a Comment