Saturday, November 15, 2014

മരം പെയ്യുമ്പോള് സ്വാതിതിരുനാള് കൂടെ വന്നു

മഴ പെയ്യുന്നു. മഴ തോരുന്നു. മരം പെയ്യുന്നു. പല്ലവി .അനുപല്ലവി . ചരണം. സ്വാതി തിരുന്നാള് കീര്ത്തനങ്ങളില് ഒരു ചരണമല്ല . ചരണങ്ങളാണ് .മരം പെയ്തു തോരുന്നില്ല. പെയ്തു തീര്ന്നാലും  പെയ്തുകൊണ്ടിരിക്കാനുള്ള മഴയുടെ കൌതുകം . മരം പെയ്യുന്നതില്  ആ കൌതുകത്തിന്റെ തനിയാവര്ത്തനം.

പെയ്തു തീരാന് മടിച്ച മരംപോലെ ,പറയേണ്ട കാര്യങ്ങള് തുടര്ന്നും പറഞ്ഞു പറഞ്ഞു പോകുന്നതിനാണ് എഴുത്തുകാരനായ സ്വാതിതിരുന്നാള് കീര്ത്തനങ്ങളില് പല ചരണങ്ങള് വല്ലാത്ത കൌതുകത്തോടെ ചേര്ത്തു വെച്ചിരിക്കുന്നതെന്ന്  പറയാമെന്നു തോന്നുന്നു. കീര്ത്തനങ്ങളുടെ പൊതു സ്വഭാവമായി അതിനെ കണക്കാക്കിയാല് പലതിലും പല്ലവി ,അനുപല്ലവി ,ചരണം എന്നല്ല , ചരണങ്ങള് എന്നാണു പറയേണ്ടത്. സാവേരി രാഗത്തിലെ വിഘ്നേശ്വര സ്തുതിയായ  'പരിപാഹി ഗണാധിപ ഭാസുര മൂര്ത്തേ '  എന്ന കീര്ത്തനത്ത്തില് പല്ലവി , അനുപല്ലവി എന്നിവ കൂടാതെ മൂന്നു ചരണങ്ങളും രചിച്ചിരിക്കുന്നു. 'ജയദേവ കിര്കിശോര '  എന്ന് തുടങ്ങുന്ന മംഗളകീര്ത്തനവും  'മാതംഗതനയായൈ ' എന്ന കൃതിയും   ഇതേ ഘടനാവൈചിത്ര്യം എടുത്തു കാട്ടുന്നു. സംസ്കൃതവും തനി മലയാളവും മണിപ്രവാളവും തമിഴ് ഒഴികെയുള്ള പല ഭാരതീയ ഭാഷകളും കലര്ന്നു കിടക്കുന്ന സ്വാതിതിരുനാള് കൃതികളിലെ ഈ ചരണനിര്മാണചതുരത  സംഗീതപഠിതാക്കള്ക്ക്  വീണ്ടും വീണ്ടും ഗവേഷണം നടത്താവുന്ന സവിശേഷതയായി  കണക്കാക്കേണ്ടി വരും. 1916  -ല് ബ്രഹ്മശ്രീ ചിദംബരം വാദ്ധ്യാര് എഴുതിയ ' സ്വാതിതിരുനാള് സംഗീതകൃതികള് '  എന്ന പുസ്തകത്തില് പദങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതില് 10 എണ്ണം സംസ്കൃതത്തിലും 5 എണ്ണം തെലുങ്ക്‌ ഭാഷയിലും ബാക്കി മണിപ്രവാളത്ത്തിലുമാണ്  .സംസ്കൃതഭാഷാപദങ്ങളില് ആദ്യമായി കാണുന്നത്  'രജനീജാതാ '  എന്ന സുരുട്ടി രാഗത്തിലുള്ള പദമാണ്. അതില് താഴെക്കാണുന്ന ചരണങ്ങള് മൂന്നും അനുപല്ലവി മട്ടില് പാടേണ്ടതാണെന്ന് വീണാവിദ്വാനായ ഹരിഹര അയ്യര് പറയുന്നു.

ചരണം - I. കിസലയമയ മതി കോമളമപി സഖി തല്പം
                  ദിശതിചമേ ഹൃദിതാപമ വിരത മനല്പ്പം           '' രജനി ''

ചരണം -II. ബഹള മസൃണ പങ്കമപി സുശി ശിരം
                കലയതി മാനസമപി  ഗരല വദതി വിധുരം           '' രജനി ''

ചരണം -III. രമണി സജല  തോയദ പരിഹസന രതാഭം
              രമണ മിഹാനയ തരസാ സരസിജനാഭം                  '' രജനി ''

ത്യാഗരാജസ്വാമികള് പന്തുവരാളി രാഗത്തില് രചിച്ച  ' നിന്നേനെരനമ്മി ' എന്ന കീര്ത്തനം ഇതേ ക്രമത്തിലുള്ള  മട്ടിനു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സ്വാതിതിരുനാളിന്റെ സാവേരി രാഗത്തിലെ  രാമായണകീര്ത്തനം എല്ലാ ചരണവും പാടിവരുന്നു.കാരണം ,അതിനെ ഒരു രാഗമാലികയാക്കി പില്ക്കാലത്ത് സ്വരപ്പെടുത്തി. ഏറെക്കുറെ വിസ്മൃതപ്രായമായ കല്യാണി രാഗത്തിലുള്ള 'യോജയ പദനളിനേന മമമതി ' രാമായണ കീര്ത്തനത്ത്തിനു ഏഴു ചരണങ്ങള് .  അവ ഏഴു രാഗത്തില് പാടാനുള്ള വഴിയൊരുക്കിയിരിക്കുന്നതായി പ്രൊഫ വൈ . കലയാണസുന്ദരം  സൂചിപ്പിക്കുന്നു. ഈവിധം സ്വാതിതിരുന്നാള്  രചിച്ച ചരണങ്ങള്  പലരാഗങ്ങളില്  സ്വരപ്പെടുത്താനും പുതുക്കിയെടുക്കാനുമുള്ള സാദ്ധ്യതകള് അവശേഷ്പ്പിക്കുന്നു . അതാണ്‌ അതിന്റെ സംഗീതലോകത്തെ സമകാലിക പ്രസക്തിയും ഭാവിയിലേക്കുള്ള ഈടുവെയ്പ്പും എന്നു വിചാരിക്കാം . വേറെന്തില്  തര്ക്കമുണ്ടായാലും കൂടുതല്  അന്വേഷണങ്ങള് ആവശ്യപ്പെടുന്നഒരു വിഷയമാണിത് എന്നകാര്യത്തില് തര്ക്കമുണ്ടാകാന് ഇടയില്ല.
രണ്ടു ദിവസം മുന്പ് , സംഗീതഞ്ഞനായ ഒരു സുഹൃത്തുമൊത്ത്  കുതിരമാളിക  സന്ദര്ശിക്കാന് ഇടയായി.സ്വാഭാവികമായും സംഗീതം ചര്ചാവിഷയമായി .  പണ്ഡിതനായ സുഹൃത്ത്തിനുമുന്പില് മിക്കവാറും കേള്വിക്കാരനായി.സുഹൃത്ത് ചില കീര്ത്തനങ്ങള് മൂളി.തിരിച്ചിറങ്ങുമ്പോള് പൊടുന്നനെ ഒരു മഴ ,  വേനല് മഴ ,  പെയ്തു. തോര്ന്നു .  സുഹൃത്ത് യാത്ര പറഞ്ഞുപോയി. കുറെ ദൂരം സ്വാതിതിരുനാള് കൂടെവന്നു. നിലയ്ക്കാത്ത ചരണങ്ങളായി മരങ്ങള് പെയ്തുകൊണ്ടേയിരുന്നു.  




കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം 
കുതിരമാളിക-സ്വാതിതിരുനാളിന്റെ കൊട്ടാരം -മ്യൂസിയം
  

No comments:

Post a Comment