Friday, May 1, 2015

പട്ടത്തുവിള കരുണാകരന്റെ കഥകള്‍

ലോകവും അധികാരവും തമ്മിലുള്ള വേഴ്ചയുടെ ഒച്ചകള്‍ കൂടിച്ചേര്‍ന്ന ഓഡിയോയും അതിനു ചേര്‍ന്ന ചിത്രീകരണവും ഒരു സി.ഡി യില്‍ ആലേഖനം ചെയ്തെടുക്കാന്‍ പാകത്തില്‍ എഡിറ്റിങ്ങിനു വിധേയമാക്കിയ ചെറുകഥാശില്പ്പങ്ങളാണ് പട്ടത്തുവിള കരുണാകരന്റേത് .ആഖ്യാനത്തിലൂടെ അഗാധമാവുന്ന  അതിസ്പഷ്ടപരമ്പര. മാറ്റിപ്രതിഷ്ഠയ്ക്കു സാദ്ധ്യതയുള്ള ഒരു കൂട്ടം വസ്തുതകളുടെ പ്രതിച്ഛായ. തല്‍സമയ ചരിത്രവും പ്രത്യേക മനുഷ്യാസ്തിത്വങ്ങളും തമ്മിലുള്ള സംവാദം. ' യാഥാര്‍ത്ഥ്യം പണ്ടേ അവിടെയുണ്ട്.അതു ഞാന്‍ കണ്ടുപിടിക്കേണ്ട ആവശ്യമില്ല '  എന്ന് ഗാര്‍ഷ്യാ മാര്‍കേസ് പറഞ്ഞതിന്റെ (Sunday Time -18-10-1983) ഗഹനതലം മറ്റൊരു രീതിയില്‍ പ്രകാശിതമാവുന്നുണ്ട്.അടിത്തട്ടില്‍  പ്രവര്‍ത്തിക്കുന്ന  അടിസ്ഥാനവര്ത്തിയായ മാനുഷികസന്ദേഹങ്ങള്‍ കഥകളെ എക്കാലവും പ്രസക്തമാക്കുന്നുണ്ട്. ആ പ്രസക്തിക്കുതന്നെ അവിടവിടെ പ്രത്യക്ഷപ്പെടുന്ന ഫലിതപ്രയോഗത്ത്തിന്റെ ആഴത്ത്തെളിച്ചങ്ങള്‍ മിഴിവു നല്‍കുന്നുണ്ട്.അതേ സമയം ,എഴുത്തുഘടനയിലെ ജനാധിപത്യത്തിന്റെ അഭാവം , ഏതോ മതാനുഷ്ഠാനത്തെ അനുസ്മരിപ്പിക്കുന്ന എഴുത്തിലെ രാഷ്ട്രീയ സമീപനം , ഉള്ളടക്കത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍ ടൈപ്പുകളാകാന്‍ ശിക്ഷിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ , എഴുത്തിന്റെ ആവാസവ്യവസ്ഥയില്‍ വസിക്കുന്ന എല്ലാറ്റിനേയും കറുപ്പിലും വെളുപ്പിലും മാത്രം ആവിഷ്ക്കരിക്കുന്ന നോട്ടങ്ങള്‍ ,ഒരേ കാലം ,ഒരേ സ്ഥലം ,ഒരേ ആശയകേന്ദ്രങ്ങള്‍ ......ഒരു സാമൂഹികസംപ്രേക്ഷണമെന്ന നിലയില്‍ അധികാരവികലതകളെ വിശകലം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് ഏതുകാലത്തിന്റെ വായനയിലും ഇടം നേടാന്‍ ഇടയുണ്ടെങ്കിലും കലാരൂപമെന്ന നിലയില്‍ പട്ടത്തുവിളക്കഥകള്‍ സ്വയം ഒരടഞ്ഞ വ്യവസ്ഥയായിത്തിരുന്നു. ഈ മട്ടിലുള്ള വ്യവസ്ഥകളെ ഉപേക്ഷിച്ചുകൊണ്ടാണ് കഥയുടെ പില്‍ക്കാലം അതിന്റെ തുറസ്സുകളിലേക്ക് തുറന്നിടപ്പെട്ടത്‌.

No comments:

Post a Comment