Friday, September 5, 2014

മാര്ച്ചിലെ മരങ്ങള് ജിപ്സികളെ ഉറ്റുനോക്കുന്നു

     കൂട്ടുകാരന്റെ വീടിനോടും കോട്ടൂരിലെ കാട്ടുപച്ചപ്പടര്പ്പുകളോടും  വിടപറയുമ്പോള്  ജിപ്സികളെ ഓര്ത്തു .  മാര്കേസിന്റെ  ' ഏകാന്തതയുടെ നൂറു വര്ഷ ' ങ്ങളിലെ ജിപ്സികളും  ആലോചനയില് തെളിഞ്ഞു . അവര് വരുമ്പോള് ഇലക്കണ്ണുകള് ഒന്നിച്ചു തുറന്ന് മാര്ച്ചിലെ മരങ്ങള് ഉറ്റുനോക്കും  .  മൗനം നിറഞ്ഞ പൂക്കളില് അതിലും മൗനമായി ശലഭങ്ങള് കാതോര്ക്കും . ഓരോ തവണയും അവര് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങള് പുറത്തെടുക്കും . കാന്തം , ഭൂതക്കണ്ണാടി , ദൂരദര്ശിനി എന്നിങ്ങനെ  . അത്ഭുതങ്ങള് ചിലപ്പോള് സംഗീതവും കലകളുമാകും  . സംസ്കാരത്തിന്റെ എണ്ണമറ്റ ജലച്ചായങ്ങള് തൊട്ടെടുത്ത് മണ്ണില് അവര് കുത്തിവരയ്ക്കുംപോള് നിറങ്ങളുടെ അര്ത്ഥം അതിരുകളില്ലാത്ത ലോകം എന്നാകും .  ആരും വിളിക്കാതെ അവര് വരുന്നു . ആരോടും പരിഭവമില്ലാതെ അവര് പോകുന്നു . അവരുടെ കാല്പ്പാടുകള് മേഘങ്ങള് പോലെ പ്രകൃതിയോടൊപ്പം സഞ്ചരിക്കുന്നു.

     കാടിനു തീവെക്കുന്നിടത്തോളം നാം അറിവുള്ളവരാണ് .  വോട്ടവകാശമില്ലാത്ത പുഴകളേയും പുഴുക്കളേയും കിളികളേയും മലകളേയും കൊടുംചതിയില്പെടുത്താനോളം ബുദ്ധിയുള്ളവരാണ് . വംശനാശങ്ങളുടെ കാലത്തും വിസ്മയങ്ങള് അവശേഷിപ്പിക്കുന്ന ഭൂമിയെ പിടിച്ചടക്കി വിഷം കൊടുത്തു കൊല്ലാനോളം ശക്തിയുള്ളവരാണ് . ഓക്ക് വൃക്ഷത്തിന്റെ വീണു കിടക്കുന്ന ഇലകളില് ഇനിയും ജീവനുണ്ടെന്നു സംശയിച്ച് , അതിലൊന്നും ചവിട്ടാതിരിക്കാന് ശ്രദ്ധിച്ച് , കുന്നിന് മുകളിലേക്കുള്ള വഴിയില് നിശ്ശബ്ദം നടന്നു നീങ്ങുന്ന , അറിവുകളേതുമില്ലാത്ത , ബുദ്ധിയും ശക്തിയും മേല്വിലാസവുമില്ലാത്ത്ത ഒരു ജിപ്സിയെക്കുറിച്ച്   റോബര്ട്ട്‌ ബ്രൗണിംഗ് , എലിസബത്ത്‌ ബാരറ്റിനെഴുതിയ പ്രണയലേഖനത്തില് സൂചിപ്പിച്ചത് നിനവില് വരുന്നു .  തീവെച്ച കാടുകളില് കത്തിതീര്ന്ന ചെടികള്ക്കും ചെറുപ്രാണികള്ക്കും വേണ്ടി കാറ്റിന്റെ പ്രാര്ത്ഥന അലഞ്ഞുതിരിയുന്നു . അലിവില്ലാതെ സഞ്ചരിക്കുന്ന  ഞങ്ങളില് ജിപ്സികളുടെ അതിവിദൂരമായ മുഴക്കം പോലുമില്ല.

No comments:

Post a Comment