Friday, September 5, 2014

കൊട്ടുകേട്ടിരിക്കുംപോള്

കൊട്ടിലെ സമ്പ്രദായച്ചിട്ടകളുടെ തുടച്ച്ചെടുക്കലുകള് . സ്വതസിദ്ധമായ കൊട്ടുപദ്ധതികള് . കൊട്ടിന്റെ അകക്കനം .  വീറും വാശിയുമുള്ള കൊട്ടഴക് .   കൊട്ടിലെ ഇനിമയും ഇണക്കവും . തുടര് കൊട്ടിക്കയറ്റം . കൊട്ടിത്തെളിയല്  .  കൊട്ടില് സ്വന്തം സ്ഥലകാലങ്ങള് കേള്പ്പിക്കുന്ന കൊട്ടുകാരന്  . ശൈലീഭേദങ്ങളുടെ കൊട്ടിപ്പരിണമിക്കലുകള് .  കാലികശൈലിയിലേക്കുള്ള കൊട്ടിത്തിടംവെക്കല്  . കൊട്ടിലെ കലാംശം . കൊട്ടിലെ ദേശപ്പെരുക്കം .  കൊട്ടിലെ ചിത്തരസം . അലങ്കാരപ്രധാനമായ കൊട്ട് . എണ്ണങ്ങളേയും പുതിയഎണ്ണങ്ങളേയും എണ്ണങ്ങളുടെ വൃത്തിയേയും പൊലിപ്പിച്ചു മിഴിവ് നല്കുന്ന കൊട്ട് .   എണ്ണങ്ങള് നിറയുന്ന കൊട്ട് . എണ്ണങ്ങളെ സ്പോട്ട് എഡിറ്റിംഗിനു വിധേയമാക്കുന്ന കൊട്ട് . മനോധര്മ്മ ച്ചെലുത്തലും സാധകത്തികവും സാദ്ധ്യമാക്കുന്ന കൊട്ട് . ഇടംകൈ കൊട്ടിന്റെ തെളിയാഴം . വലംകോല്വഴക്കത്തില് വഴിയുന്ന കൊട്ട് .  കൊട്ടിലെ കൊടുക്കല് വാങ്ങല് . കൊട്ടുഭാഷയിലൂടെ കേള്വിക്കാരനില് കൊട്ടിപ്പടരുന്ന സംവാദസ്ഥലികളും സന്ദേഹങ്ങളും ചോദ്യങ്ങളും  . കൊട്ടുകലയുടെ വിപണിജീവനം . കൊട്ടുകലയുടെ വെല്ലുവിളികള്  .  കൊട്ടിലെ സമകാലസന്നിവേശങ്ങള്  . കൊട്ടുകലയുടെ ബഹുശതമായ പുതുകാലം .

കൂട്ടുകാരന്റെ വീട്ടില് ,  ചെണ്ടയിലെ  അവന്റെ പ്രയോഗങ്ങള് കേട്ടിരിക്കെ ,  കൊട്ടുകലയെപ്പറ്റി ഇങ്ങനെയും തോന്നി  . തോന്നലുകള്  പാട്ടിനുപോയപ്പോള് പലതുമോര്ത്തു . ആലപ്പുഴ പഴവീട്‌ അമ്പലത്തിലെ പടയണിക്കാലത്ത് , കുട്ടനാടന് കള്ളിന്റെ ലഹരിയില് തപ്പും ചെണ്ടയും കൊട്ടിച്ചേര്ത്തിരുന്ന തീരാലഹരികളെ ഓര്ത്തു . ഒരു വലിയ ജലച്ചെണ്ട പോലെ കിടന്ന പള്ളാത്തുരുത്തിയാറ്റില് തുഴക്കോലുകള് കൊണ്ട് കൊട്ടിരമിച്ചുനീങ്ങിയിരുന്ന  കൊതുമ്പുവള്ളങ്ങളെ ഓര്ത്തു.  കൊട്ടുകലയിലെ മഹാരഥന്മാരുടെ അത്ഭുതപ്രകടനങ്ങള് കണ്ടും കേട്ടും ശിരസ്സു നമിച്ച്  , നിശ്ശബ്ദം നിന്നുപോയ അനര്ഘദിനങ്ങളോര്ത്തു . ഓര്മ്മകള് പിന്നിട്ടപ്പോള് എന്തെങ്കിലും എഴുതണമെന്നു തോന്നി . എഴുതിവന്നപ്പോള് അതീവിധമായി . കൊട്ടുകലയെക്കുറിച്ച് ഒട്ടുമറിയാത്ത്ത ഒരാള് ഒരു കൌതുകത്തിന് ഒന്ന് കൊട്ടി നോക്കി. അത്രമാത്രം . അങ്ങനെ കണ്ടാല് മതി .

No comments:

Post a Comment