''
അധികാരത്തിന്റെയോ പ്രശ്സ്തിയുടെയോ പ്രലോഭനത്തില്‍ വീഴാത്ത മനുഷ്യര്‍
ഭയപ്പെടുന്നില്ല . എല്ലായ്പ്പോഴും തോറ്റു കൊണ്ടിരിക്കുന്ന അവര്‍
തോറ്റുപോയവര്ക്കൊപ്പം അപ്പം പങ്കുവെക്കുന്നു. വിലകുറഞ്ഞവരുടെ വീഞ്ഞു
കുടിക്കുന്നു . ആനന്ദനൃത്തം ചവിട്ടുന്നു . വിജയിക്കുന്നവരുടെ വിരട്ടലുകള്‍
കേട്ട് അറഞ്ഞു ചിരിക്കുന്നു. എല്ലാ ഏണികളിലും പിടിച്ചുകയറി
മുകള്ത്തട്ടിലേറാന് കൊതിക്കുന്നവരുടെ പരിഹാസങ്ങളെ തുന്നിയെടുത്ത്
പുതപ്പാക്കി മഞ്ഞുകാലത്ത് മൂടിപ്പുതച്ചുറങ്ങുന്നു. വെട്ടിത്തിളങ്ങുന്ന
നായകന്മാരേയും നായകന്മാരെ മണപ്പിച്ചു നടക്കുന്നവരുടേയും ആഘോഷങ്ങളില്‍
നിന്നും മാറിപ്പോകുന്നു '. - Robert Zend
(ഹംഗേറിയന്‍ കവി
ഒരാള്‍
വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ കവിയോ കലാകാരനോ മതവിശ്വാസിയോ ആത്മീയവാദിയോ
ആരുമാകട്ടെ . അയാള്‍ക്ക് അധികാരം , പ്രശസ്തി , പണം എന്നിവയൊക്കെ
ലഭിച്ചുകൊള്ളട്ടെ . അതൊന്നും അയാളുടെ തലയ്ക്കു പിടിക്കാതിരുന്നാല്‍ നല്ലത് .
തലയ്ക്കു പിടിച്ചു പോയാല്‍ അയാള്‍ ക്രൂരതയുടേയും അഴിമതിയുടേയും
ജനാധിപത്യനാശത്തിന്റേയും ചെയ്തികള്‍ അഴിച്ചു വിടും . അടിച്ചമര്‍ത്തലിന്റേയും
അഹന്തയുടേയും പുച്ഛത്തിന്റേയും അപമാനവീകരണത്തിന്റേയും ഭാഷ സംസാരിക്കും .
അവസാനവാക്ക് അയാളുടേതാക്കാന് എല്ലാ കുടിലതന്ത്രങ്ങളും പയറ്റും .
സ്തുതിപാഠകരുടെയും ഉപജാപകരുടെയും സംഘങ്ങളെ കൊണ്ടു നടന്ന് ഇടയ്കിടെ രോമാഞ്ചം
കൊള്ളുമ്പോള്‍ സൃഷ്ടിയും സംഹാരവും നടത്തും . വിചാരജീവിതം ഉപേക്ഷിച്ച
അന്ധരായ അണികളുടേയും അനുഭാവികളുടേയും ഭ്റാന്തിന് ഭക്ഷണം കൊടുത്തു വളര്‍ത്തും
. ബോറീസ് പാസ്റ്റര്‍നാക്കിന്റെ ' ഡോക്ടര്‍ ഷിവാഗോ ' വീണ്ടും വായിക്കുമ്പോള്‍
ഇത്തരം ചിന്തകള്‍ എല്ലാ നരകമഴകളും നനഞ്ഞ് , അടച്ചിടുന്ന എല്ലാ വാതിലുകളും
തള്ളിത്തുറന്ന്, അനുവാദം ചോദിക്കാതെ , പിടഞ്ഞുകയറിവന്നു.
സ്റ്റാലിനും
സ്റ്റാലിന് കാലഘട്ടവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിരവധി വായനകള്‍ ഈ
നോവലിനുണ്ടായിട്ടുണ്ട് . കാലികമായ അര്ഥങ്ങള്ക്കപ്പുറത്ത് , നോവലിലെ നായകനായ
യൂറി ഷിവാഗോയുടെ എകാകിതയേയും സംഘര്‍ഷങ്ങളേയും പ്രതിസന്ധികളേയും
വിശാലസന്ദര്ഭങ്ങളില് വെച്ചു വായിക്കാന്‍ കഴിയും . സമഗ്രാധിപത്യം ഒരു ചെറിയ
തിരനോട്ടം പോലും നടത്തുന്ന ഇടങ്ങളില്‍ സര്‍ഗാത്മകമായി ചിന്തിക്കുന്ന
വ്യക്തികളിലേക്ക് സംഘര്‍ഷങ്ങളും ഒറ്റപ്പെടലുകളും പ്രതിസന്ധികളും
ആഞ്ഞടിച്ചുകയറുമെന്നും അവരറിയാതെ തന്നെ അതവരെ നാനാവിധമാക്കുമെന്നും ഈ
നോവല്‍ പറഞ്ഞു തരുന്നു . ക്യാപിറ്റലിസമോ കമ്മ്യൂണിസമോ തിയോക്രസിയോ
ഡമോക്രസിയോ ഏതുമാകട്ടെ , അവയുടെ സിദ്ധാന്തവും പ്രയോഗവും എന്തുമാകട്ടെ ,
സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് അവയൊക്കെയും മാരകമായിത്തീരുമ്പോള്
സംവാദസ്ഥലങ്ങള്‍ പാടേ തുടച്ചു നീകപ്പെടുന്നു. അത്തരമൊരവസ്ഥയില്‍
സവാതന്ത്ര്യകാംഷികള്ക്ക് മൂന്നു മാര്‍ഗങ്ങളേ മുന്നിലുള്ളൂ . നിശ്ശബ്ദരാവുക ,
നാടുവിടുക , അല്ലെങ്കില്‍ മരണത്തെ കൈനീട്ടി സ്വീകരിക്കുക. കാരണം ,
സമഗ്രാധിപത്യം എല്ലായ്പ്പോഴും ശ്രമിക്കുന്നത് മനുഷ്യരെ മിണ്ടാട്ടമില്ലാത്ത
ആട്ടിന്‍ പറ്റങ്ങളായി ആട്ടിത്തെളിക്കാനാണ് . അതീവദുര്‍ബലമായ ഒരു
വിമതശബ്ദത്തെപ്പോലും ആയിരം ഉരുക്കുകാലുകള്‍ കൊണ്ട് അതു ചവിട്ടിക്കൊല്ലുന്നു
.ജനകീയജനാധിപത്യത്തില്‍ മാത്രമല്ല , ബഹുകക്ഷിജനാധിപത്യത്തിലും ഈ
പ്രവണതയുണ്ട്. തന്റെ നോവലിലൂടെ എല്ലാത്തരം അധീശ ശക്തികളേയും
തള്ളിപ്പറയുകയാണ് പാസ്റ്റര്‍നാക്ക് . താന്‍ പീഡാനുഭവത്തിന്റെ സാക്ഷി
മാത്രമാണെന്ന പാസ്റ്റര്‍നാക്കിന്റെ പ്രഖ്യാപനം നോവലിന്റെ അന്തരീക്ഷത്തെ
പിന്തുടര്ന്നുകൊണ്ടിരിക്കുന്നു.
നോവല്‍ പ്രസിദ്ധീകരിക്കപ്പെടുകയും
നോബല്‍ സമ്മാനിതമാവുകയും ചെയ്തതിനെത്തുടര്‍ന്നും പാസ്റ്റര്‍നാക്കിനെ
'ദേശദ്രോഹി ' എന്ന് വിശേഷിപ്പിച്ച 'പ്രവ്ദ ' , നോവല്‍ തിരിച്ചയച്ച '
നോവിമിര്‍ ' എന്ന പ്രസിദ്ധീകരണം , നോവല്‍ പ്രസിദ്ധീകരിക്കാന്‍ തന്റേടം കാട്ടിയ
ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റും പ്രസാധകനുമായ ഫെല്ട്രി നെല്ലി , നോവലിനെതിരെ
അണിനിരന്ന സോവിയറ്റ്യൂണിയനിലെ എണ്ണൂര്‍ എഴുത്തുകാര്‍ , സി. ഐ .എ യുമായി
ബന്ധപ്പെട്ട് നോവലിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ , പാസ്റ്റര്നാക്കിനു
വേണ്ടി ശബ്ദമുയര്‍ത്തിയ ടി. എസ് .എലിയട്ട് , ഇ. എം ഫോസ്റ്റര്‍ , ഗ്രേയം
ഗ്രീന്‍ , സോമസിറ്റ് മോം ,ഹെര്‍ബെര്‍ട്ട് റീഡ് , റെബേക്ക വെസ്റ്റ് ,
ബെട്രന്റ്റ് റസ്സല്‍ തുടങ്ങിയ എഴുത്തുകാര്‍ , ഡേവിഡ് ലീനിന്റെ ചലച്ചിത്രം ,
കവികളായ യെസനിന്റേയും മയക്കോവിസ്കിയുടേയും ആത്മഹത്യ , ബുഖാറിന്റെ വധശിക്ഷ
, അറസ്റ്റു ചെയ്യപ്പെട്ടവരും അപ്രത്യക്ഷരായവരുമായ നോവലിസ്റ്റിന്റെ നിരവധി
സുഹൃത്തുകള്‍ , കുടുംബ സുഹൃത്തായിരുന്ന ടോള്‍സ്റ്റോയി , അടുത്ത പരിചയക്കാരന്
റില്‍ക്കെ , സംഗീതജ്ഞനും സ്നേഹിതനുമായിരുന്ന സ്ക്രിയാബിന്
.......അങ്ങനെയങ്ങനെ പലരും പലതും' ഡോക്ടര്‍ ഷിവാഗോ ' വായിക്കുമ്പോള്‍
വായനക്കാരനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കും . ആ ഭ്രമണത്തിലേക്ക്
ലോകമെമ്പാടും സമീപഭൂതകാലത്ത് നടമാടിയ മനുഷ്യവിരുദ്ധവും
ജനാധിപത്യവിരുദ്ധവുമായ എല്ലാ സംഭവ വികാസങ്ങളും കൂടി കൂടിക്കലരുന്നു.
അതോടൊപ്പം , ആഗോളീകരണത്തിന്റെ കാലത്തും തുടരുന്ന
അപമാനവീകരണനങ്ങള്ക്കിടയില് പെട്ട് നിസ്സഹായരായിത്തീരുന്ന മനുഷ്യരും അവരുടെ
നീതിക്കായുള്ള കാത്തിരിപ്പുകളും ഒടുങ്ങിത്തീരലുകളും
കൂട്ടിച്ചേര്‍ക്കപ്പെടുന്നു . നോവലിലെ കേന്ദ്ര കഥാപാത്രം , യൂറി ഷിവാഗോ അഥവാ
ഡോക്ടര്‍ ഷിവാഗോ നീതിനിഷേധിക്കപ്പെടുന്ന ഏതു കാലത്തിന്റെയും
സന്ദര്‍ഭങ്ങളുടെയും പ്രതിനിധിയാണ് . വിചാരണകൂടാതെ തടവില്‍ കിടക്കുന്നവരുടെ ,
അടിച്ചേല്ല്പ്പിക്കപ്പെട്ട വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരുടെ ,
നിരപരാധികളുടെ രക്തംപുരണ്ട കൈകള്‍ കൊണ്ട് അധികാരം കുപ്പ്തൊട്ടിയിലേക്ക്
നിരന്തരം വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്.
ഈ വിധം നോവല്‍ വായന ഏറ്റവും സമകാലികമായിതതീരുന്നു.
വായന നിലച്ചാലും
വായനക്കാരന് ചുറ്റുമുള്ള ഭ്രമണങ്ങള്‍ നിലച്ചാലും , ആഖ്യാനരീതിയേയും
ഭാഷയേയും അനവധി ഘട്ടങ്ങളില്‍ സവിശേഷവും സൂക്ഷ്മവുമാക്കിതതീര്ത്തതുകൊണ്ട്
നോവല്‍ വായനക്കാരനില്‍ അവശേഷിക്കുകയും അതിജീവിക്കുകയും ചെയ്യും .
വിപ്ളവത്തിനുശേഷം മോസ്കോയിലേക്ക് യൂറിഷിവാഗോ നടത്തുന്ന
മഞ്ഞുകാലയാത്രയുടെപിടിച്ചു പറിക്കുന്ന വര്‍ണ്ണന , വെടിമരുന്നു പോലെ തന്റെ
അനുഭവങ്ങള്‍ കുത്തിനിറച്ച് ഒരു പുസ്തകം എഴുതിത്തീര്‍ക്കണമെന്ന
സ്വപനത്തിലൂടെയുള്ള യൂറിയുടെ അലച്ചിലിന്റെ പകര്‍ന്നു വെക്കല്‍ , തന്റെ
ഹൃദയാഘാതം മുന്‍കൂട്ടി കണ്ടിട്ട് അതിനെ വ്യാഖ്യാനിക്കുന്ന നിമിഷങ്ങളില്‍
യൂറിയുടെ സംഭാഷണഭാഷയില്‍ അഗാധമാകുന്ന അര്‍ത്ഥങ്ങള്‍ , അവിടവിടെ ബൈബിള്‍
വചനധാരയുടേയും വഴികളുടേയും നിഴലുകള്‍ നിറം മാറി വീണു കിടക്കുന്ന വിവരണത്തിലെ
പരീക്ഷണങ്ങള്‍ , ഏകാന്തമായ അസ്വസ്ഥതകളെ സന്നിഹിതമാക്കുന്ന യൂറിയുടെ കവിതകള്‍
, സന്യാസി മഠത്തില്‍ കഴിയുന്ന പത്തു വയസ്സുകാരനായ യൂറി ഇരുട്ടില്‍
ഉണരുമ്പോള്‍ കാണുന്ന ശരത്ക്കാലരാതിയിലെ മഹാശൂന്യതയുടെ വരചിടല് , തികഞ്ഞ
അരക്ഷിതാവസ്ഥയില്‍ - ഏതു നിമിഷവും കൊല്ലപ്പെടാം എന്ന സ്ഥിതിയില്‍ യൂറിയും
ലാറയും കത്തിച്ചു വെച്ച മെഴുകുതിരിയുടെ മങ്ങിയവെട്ടത്തില്‍ തമ്മില്‍ കാണുന്ന
രംഗത്തിന്റെ ചിത്രീകരണം , മരണം പതിയിരിക്കുംപോള് - നിരര്‍ത്ഥകത വാപിളര്‍ന്നു
നില്ക്കുമ്പോള് അവര്‍ പങ്കിടുന്ന പ്രണയം , യൂറിയുടെ മൃതദേഹത്തിനരികില്‍
നിന്നുള്ള ലാറയുടെ വിലാപവാക്കുകള്‍ ..... തുടങ്ങി , എഴുത്തിനെ
ഉള്ളടക്കത്തില്‍ നിന്നു വിമോചിപ്പിച്ചു കൊണ്ട് പാസ്റ്റര്‍ നാക്ക് നടത്തുന്ന
ഒട്ടേറെ പ്രയാണങ്ങള്‍ നോവലിലുണ്ട്.
ഉള്ളടക്കം കൊണ്ട് മാത്രമല്ല ,
ഉള്ളെഴുത്തുകൊണ്ടും ഉള്ക്കാഴ്ച്ചകൊണ്ടും കൂടി 'ഡോക്ടര്‍ ഷിവാഗോ '
ശില്പപ്പെട്ടിരിക്കുന്നു. നോവലിലൂടെ വിദേശങ്ങളില്‍ കുന്നുകൂടിയ
ലക്ഷക്കണക്കിനു പണം ഉപയോഗിക്കാന്‍ കഴിയാതെ , ജന്മനാട്ടില് തന്നെ ദരിദ്രനും
രോഗിയും അനാഥനുമായിത്തീര്ന്ന് , മണ്മറഞ്ഞുപോയ ബോറീസ് പാസ്റ്റര്‍ നാക്ക്
എന്ന വിദഗ്ധശില്പിക്ക് നന്ദി . ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിരാശകളിലും
പ്രതീക്ഷകളിലും നിന്നുകൊണ്ട് ഒരു ചെറിയ വായനക്കാരന്റെ നമോവാകം .

