Saturday, April 19, 2014

ഗോപാലകൃഷ്ണന് സാര്

ഫെയ്സ്ബുക്ക്‌ തുറന്നു .  ചെന്നൈയിലെ സുഹൃത്ത് അജിത്കുമാറിന്റെ മെസ്സേജ് വന്നു കിടക്കുന്നു : ' ഗോപാല് സാര് അന്തരിച്ചു ' . 

ചെന്നൈയില് അലഞ്ഞുനടന്ന ദിനങ്ങള് ഓര്മ്മവന്നു .  പഴയ എഗ്മൂറിലെ വഴികള് ഓര്മ്മ വന്നു .  അന്നത്തെ യാത്രകള് ഓര്മ്മ വന്നു .  ഒരുപാടു സ്നേഹിതന്മാരുടെ മുഖങ്ങള് ഓര്മ്മ വന്നു .  വഴിതെറ്റി ചെന്ന , തലതിരിഞ്ഞ ഒരുവന് ആഹാരവും സ്നേഹവും കിടകാനിടവും തന്ന മറക്കാനാവാത്ത മുഖങ്ങള് .   പൊള്ളുന്ന വെയിലില് താങ്ങും തണലുമായിത്തീര്ന്ന ഗോപാലകൃഷ്ണന്  സാര് . എഴുത്തുകാരേയും സാഹിത്യത്തേയും കവിതയേയും ഇഷ്ടപ്പെട്ടിരുന്ന ഗോപാലകൃഷ്ണന് സാര് . നന്നായി വായിച്ചിരുന്ന ഗോപാലകൃഷണന് സാര് .

എവിടെയോ ഒരു മഴപെയ്യുന്നു.
എവിടെനിന്നോ മഴകൊള്ളുന്നു.
ഇരുട്ടില് നനഞ്ഞൊലിക്കുന്നു.

പ്രിയപ്പെട്ട ഗോപാലകൃഷ്ണന് സാര് ,
ഒരിക്കല് ഞാനും മരിക്കും . പഴയതുപോലെ അനാഥനും അശരണനുമായി താങ്കളുടെ മുന്നില് വന്നു നില്ക്കും . താങ്കളെനിക്ക് അഭയം തരും  . ഉപചാരങ്ങളില്ലാതെ ജീവിതത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും നാം സംസാരിക്കും . ചെന്നൈ നഗരത്തിലൂടെ നമ്മള് നടന്നത് പോലെ മരണത്തിനപ്പുറത്തെ ആ നഗരത്തിലൂടെ നമ്മള് വീണ്ടും നടക്കും.

No comments:

Post a Comment