Saturday, April 19, 2014

കേസരി ബാലകൃഷ്ണപിള്ളയെ ഓര്ക്കുന്നു

മുഖം നോക്കാതെയുള്ള നിരീക്ഷണങ്ങള്‍  .  വിമര്‍ശനങ്ങള്‍ .   വിശകലനങ്ങള്‍   .  ആര്‍ക്കിഷ്ടപ്പെടുന്നു  ,  എത്രപേര്‍ സ്വീകരിക്കുന്നു  ,  ഇതൊന്നുമല്ല മാനദണ്ഡം  .  പറയാനുള്ളത് ഉറപ്പിച്ചു പറയുന്നു .  അതുണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള  ഭയമില്ല . ചിലപ്പോള്‍  ഇഷ്ടക്കാരുടെ അനിഷ്ടങ്ങള്‍ സമ്ബാദിക്കേണ്ടി വരാം . 'പണ്ഡിത മൂഡ്ഢന്‍ 'എന്നതു പോലെയുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരാം  .  ആകെ കുഴപ്പക്കാരനും ഉപദ്രവകാരിയും അലോസരങ്ങള്‍ ഉണ്ടാക്കുന്നയാളുമായി വിലയിരുത്തപ്പെടാം  .  വ്യക്തിജീവിതത്തില്‍ കഷ്ടപ്പാടുകള്‍  വിടാതെ പിന്തുടരാം .  അതിന്റെ  വരും വരായ്കകളെക്കുറിച്ചുള്ള വേവലാതിയില്ല  .  സര്വസമ്മതനാകാനുള്ള  ശ്രമമില്ല . സര്വസമ്മതരോട്  വിധേയത്വമില്ല . അധികാരതോട് സക്റിയമായി  കലഹിച്ചു.  .   സ്ഥാനമാനങ്ങളോട്  വിമുഖനായി . വേണമെങ്കില്‍  കേസരിക്ക് അധികാരസ്ഥാനങ്ങളില്‍ എളുപ്പം കയറിയിരിക്കാമായിരുന്നു . അതിസമ്ബ്ന്നനാകാമായിരുന്നു  .  എങ്ങും കയറിയിരുന്നില്ല  .  പരമദുരിതങ്ങളെ സ്വയം വരിച്ചു  .  പരമദുരിതത്തിലും  പരമസ്വാതന്ത്ര്യത്തെ  സ്വപ്നം കണ്ടു . ഏറ്റവും പുതിയ കാലത്തിലൂടെ ഭാവിയിലെ  'നവലോക' ത്തിലേക്ക് നടന്നു കൊണ്ടിരുന്നു  . 

യഥാര്‍തത്തില്‍ എല്ലായ്പ്പോഴും ഏറ്റവും സമകാലികനായിരിക്കുകയും സമകാലികതയില്‍ നിന്നുകൊണ്ട് ഭാവിയുടെ സാധ്യതകളെ തിരിച്ചറിയുകയും ചെയ്യുന്ന അതിശക്തമായ ഒരു മനോഭാവം കേസരിയില്‍ അടിസ്ഥാനവര്ത്തിയായി പ്രവര്‍ത്തിച്ചിരുന്നു എന്ന് തോന്നുന്നു .പടിഞ്ഞാറന്‍ ലോകത്തെ അപാരമായി വായിച്ചതുവഴി ആ മനോഭാവത്തിന് ആയം കിട്ടിയിട്ടുണ്ടെന്നും പറയാം . എന്നാല്‍ കേസരിയെ ഒരു പടിഞ്ഞാറന്‍ നോക്കി മാത്രമായി നോക്കിക്കാണുന്ന പൊതു രീതി ,കേസരിയെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ സഹായിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നു . 'കലയും കാമവും' , ആത്മഹത്യ ചെയ്ത ചൈനീസ് കവി ചൂ യൂവനെ കുറിചെഴുതിയ പഠനം (ആത്മഹത്യയുടെ തത്വചിന്താ വിചാരം തന്നെയായി മാറുന്ന മലയാളത്തിലെ ആദ്യ പഠനം അതാണെന്ന് തോന്നുന്നു.),'സമുദായത്തിലെ വിഷം തീനികള്‍ ',നവലോകത്ത്തിലെ ലേഖനങ്ങള്‍ തുടങ്ങി നിരവധി പ്രബന്ധങ്ങളില്‍ പടിഞ്ഞാറന്‍ ചിന്തകളെ സ്വാംശീകരിക്കുമ്പോള്‍ തന്നെ സ്വകീയമായ ഒരു അന്വേഷണം കൂടി കേസരി വികസിപ്പിക്കുന്നത് കാണാം.കാളിദാസനെക്കുറിച്ചെഴുതിയ ലേഖനമാകട്ടെ,കാളിദാസന്റെ ആരാധകരുടെ സ്ഥിരം കാഴ്ചപ്പാടില്‍ നിന്നും കാളിദാസനെ വിമോചിപ്പിക്കാനുള്ള ശ്രമമാണ്. കേസരി ഗോവിന്ദനയച്ച കത്തുകള്‍ പിന്‍തലമുറയിലെ ഒരു ധിഷണാശാലിയെ ,എഴുത്തുകാരനെ കേസരി മനസ്സിലാക്കുന്നതിന്റെ രേഖ കൂടിയാണ്.തനിക്കു സമതുല്യനായി ഗോവിന്ദനെ കണ്ടുകൊണ്ടാണ് കേസരി എഴുതുന്നത്‌.വലിപ്പ ച്ചെറുപ്പമോ തലമുറവ്യത്യാസമോ അവിടെയില്ല.നിര്‍മ്മാണാത്മകമായ ഗോവിന്ദന്റെ കഴിവിനെ സൂചിപ്പിച്ചുകൊണ്ടും അതിന്റെ സാംഗത്യത്തെ ചൂണ്ടിക്കാണി ച്ചുകൊണ്ടുമാണ് കത്ത് ആരംഭിക്കുന്നതെന്നാണ് ഓര്‍മ്മ. പുതിയതലമുറയുമായി ആധികാരഭാവങ്ങളോ ഉപദേശഭാവങ്ങളോ ഇല്ലാതെ എങ്ങനെയാണ് സംവദിക്കേണ്ടതെന്ന് ആ കത്തുകള്  പറഞ്ഞു തരും  .

മാര്‍ക്സിസ്റ്റുകള്ക്കും  പരമ്പരാഗതവാദികള്ക്കും അക്കാദമിക്കുകള്ക്കും ശുദ്ധകലാവാദികക്കും സങ്കുചിതസദാചാരവാദികള്ക്കും  ഒരുപോലെ പിടികൊടുകാതെ മനുഷ്യസാദ്ധ്യമായ വിധത്തില് മുന്നോട്ടു പോയി എന്നതും  കേസരിയുടെ സവിശേഷതയായി ഭാവിയില് സംഭവിക്കാനിടയുള്ള വിമതപര്യാലോച്ചനകളില് വിലയിരുത്തപ്പെട്ടേക്കാം . പ്രത്യേകിച്ചും കേരളീയപരിസരത്ത്തില് അത്തരമൊരു മുന്നോട്ടുപോക്ക് അത്യപൂര്വ്വമായി അലകൊള്ളുന്ന ഒന്നാണ് എന്നതും ശ്രദ്ധിക്കേണ്ടി വരും . ചിത്രകലയെ ഫീച്ചര് രൂപത്തിലും സാഹിത്യവിമന്ശനരൂപത്തിലും  വരേണ്യരുചിക്കൂട്ടുകളിലും  നിരൂപണം ചെയ്യുന്നവര്ക്ക് ഇപ്പോഴും മേല്ക്കൈ കിട്ടുന്ന വര്ത്തമാനകാലത്ത് കേസരി തുടങ്ങി വെച്ച ചിത്രകലാപഠനത്ത്തിന്റെ സമാന്തരവികാസവും സമാന്തരചരിത്രരചനയും കൂടുതല് കൂടുതല് പ്രസക്തമായിത്തീരുന്ന ഒന്നാണ്. ' കിറുക്കന്മാര്‍ എഴുതുന്ന കിറുക്കന്  ചരിതത്തില് നിന്ന്  പൊതുചരിത്രത്തിനെതിരായ പ്രതിരോധങ്ങള് കണ്ടെത്താനാവുമെന്ന് ' ഹാന്സ് റോബര്‍ട്ട്‌ ജോസ് ( Hans Robert Jauss ) പറഞ്ഞതും  ' ചരിത്രം  വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം മാത്രമല്ലെന്നും കുഴഞ്ഞുമറിഞ്ഞ വസ്തുനിഷ്ഠതയാണെന്നും ' ബോര്ഹസ് (Jorge Luis Borges ) എഴുതിയതും കേസരിയുടെ ചരിത്രപഠനങ്ങളെക്കുറിചാലോചിക്കുംപോഴൊക്കെയും ഓര്മ്മ വരും . ലോകവും സാഹിത്യാദികലകളും അതിവിശാലമായ ഒരു ബഹുസ്വര യാഥാര്ത്യമാണെന്ന അത്ഭുതകരമായ തിരിച്ചറിവ് കേസരിയില്‍ നിരന്തരം ഉണര്‍ന്നിരുന്നു. അതിന്റെ പ്രത്യക്ഷതയാണ് കേസരിയുടെ എഴുത്തും കാഴ്ചയും ഇടപെടലുകളും.അതുകൊണ്ട് തന്നെ ഏതു തലമുറയിലും കേസരി സംവാദസ്ഥലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

No comments:

Post a Comment