Saturday, April 19, 2014

നിനവില് എം . ഗോവിന്ദന്

എന്റെ കത്തിനു മറുപടിയായി എം .ഗോവിന്ദന് ഒരു കത്തെഴുതി .പിന്നീടുമെഴുതി . ഏറെക്കുറെ അവസാന കാലത്ത്തെഴുതിയ കത്തുകള് . അപ്പോഴേക്കും സാഹിത്യ - സാമൂഹിക - സാംസ്കാരിക - മേഖലകളില് സജീവ സാന്നിദ്ധ്യമായി നിന്ന കാലത്ത് ഗോവിന്ദനു ചുറ്റും ചുറ്റിപ്പറ്റി നിന്നവരില് ഏറിയകൂറും ഒത്തുകിട്ടിയ ചവിട്ടുപടികള് കയറിപപോയിരുന്നു.  അവര് ഗോവിന്ദനെ തന്ത്രപരമായി ഒഴിവാക്കിക്കൊണ്ട് അദ്ദേഹത്തെ ഒറ്റപ്പെടുത്തിക്കളയുകയും ചെയ്തിരുന്നു. മാത്രമല്ല ,  നവചിന്തകള് എന്ന രീതിയില് ഗോവിന്ദന് മുന്നോട്ടു വെച്ചിരുന്ന പലതിനേയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ഒരു പുതുലോകക്രമം തന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. അത് ഗോവിന്ദന്റെയോ ലോകക്രമത്തിന്റെയോ കുഴപ്പമായിരുന്നില്ല. തികച്ചും സ്വാഭാവികമായ ഒരു പരിണതിയായിരുന്നു.
അത് ഗോവിന്ദന്റെ പ്രസക്തിയെ ഇല്ലാതാക്കി എന്ന് ഞാന് കരുതുന്നില്ല. എന്നാല് അത് ഗോവിന്ദനെ അതിനുമുന്പ് വായിച്ചപോലെ വായിക്കാന് കഴിയാത്ത സവിശേഷമായ ഒരു സന്ദര്ഭത്തെ , അല്ലെങ്കില് ഒരുപാടു സന്ദര്ഭങ്ങളെ , അതുമല്ലെങ്കില്  അതുവരെയില്ലാത്ത സന്ദര്ഭങ്ങളെ , അഥവാ , നിരവധി തുറസ്സുകളെ സംജാതമാക്കി.  

ഏതെങ്കിലും സംഘടനകളുടെ ഔദാര്യത്തിലോ സര്വകലാശാലകളിലെ പാഠപുസ്തകക്കമിറ്റിക്കാരുടെ പിന്നാമ്പുറത്തോ , കലാശാലാസെമിനാറുകളുടെ പൊള്ളത്തിളക്കങ്ങളിലോ , അക്കാദമികളുടെ വരാന്തയിലോ , അന്നന്ന് അധികാരത്തിലെത്തുന്ന നേതാകളും   അവരെ താങ്ങി നടക്കുന്ന സാംസ്കാരികപ്രമാണിമാരും ചേര്ന്ന അണിയറക്കൂട്ടങ്ങളിലോ അങ്ങനെയൊന്നും ചെന്നു നിലക്കാത്ത  എതെഴുത്തുകാരനും കടന്നു പോകാനിടയുള്ള  ഏകാന്തമായ അസ്വസ്ഥതകളും  സന്ദേഹങ്ങളും ആശങ്കകളും ഗോവിന്ദന്റെ വ്യക്തിജീവിതത്തിലും ചിന്താജീവിതത്ത്തിലും അവസാനകാലങ്ങളില് നിഴല് പരത്തിനിന്നിരുന്നു എന്ന്  പറയാതെ പറയുന്നുണ്ട് എനിക്കെഴുതിയ കത്തുകള് .  താന് എഴുതിയതൊന്നും പാഴായി എന്ന തോന്നല്  ഗോവിന്ദനുണ്ടായിരുന്നില്ല . എന്നാല് അതൊക്കെയും വേണ്ടവിധം പ്രസിദ്ധീകരിക്കപ്പെടാതെ  പോകുന്നതില് ഗോവിന്ദന് വല്ലാതെ ഖേദിച്ചിരുന്നു. അതേ സമയം ,  സാഹിത്യതല്പ്പരനായ ,  ആരുമല്ലാത്ത  ഒരു കൊച്ചു പയ്യന് ഉണര്വ് നല്കുന്ന ചിലവരികളും അതിലുണ്ടായിരുന്നു.  കവിതകള് എഴുതിയിരുന്ന എന്റെ അച്ഛനുമായി ഗോവിന്ദന് പരിചയമുണ്ടായിരുന്നു. അച്ഛനും അമ്മയും ഒന്നിച്ചു പോയി ഗോവിന്ദനേയും അദ്ദേഹത്തിന്റെ പ്രിയപത്നി പത്മാവതിയെയും മദിരാശിയില് ചെന്നു കണ്ടിട്ടുണ്ട്. ഗോവിന്ദനെക്കുറിച്ച് അച്ഛന് എഴുതിയ കവിത , അച്ഛന്റെ മറ്റൊരു സുഹൃത്തായിരുന്ന എം. എന്. വിജയന്റെ അവതാരികയോടെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'പ്രണവം ' എന്ന സമാഹാരത്തിലുണ്ട്.ഗോവിന്ദന്റെ ചരമ ദിനത്തില് ( ജനുവരി 23 ) അദ്ദേഹത്തെ ഒര്മ്മിച്ചുകൊണ്ട് , ഈ ലോകം വിട്ടുപോയ അച്ഛനെ ഓര്മ്മിച്ചു കൊണ്ട് ആ കവിത ഇവിടെ പോസ്റ്റു ചെയ്യുന്നു.

എം. ഗോവിന്ദന്
       - വി.പി. ഷണ്മുഖം

നിന്നടുത്തിരുന്ന നാള് 
നിന്റെ വാക്കുകള്  കേട്ട്
നിന് മുഖം നോക്കിക്കൊണ്ടു
 മിണ്ടാതെയിരുന്ന നാള്

അല്പവുമിളവില്ലാ -
തഴിയും പുകച്ചുരുള്
ക്കെട്ടിലൂടൊഴുകുന്ന
ചിന്തതന് തെളിനീരില്

എന്റെയുള്ളിലെപ്പൂവിന്
ദലങ്ങള്  കുളിര്ത്തിട്ടും
എന്തതിന് സാരാംശമെ-
ന്നോരാതെയിരുന്നു ഞാന്

ആകെയും പുകമറ -
യ്ക്കുള്ളിലെന്നതു പോലെ
താവിയതെന്നില് ഏതോ
സാരമാം അവ്യക്തത.

എന്കിലുമേതോ പുത്തന്
സ്പര്ശത്തിന് തെളിമയെന്
ഉള്ളിലല്പാല്പം ചാറി
നിന്നതായോര്ക്കുന്നു ഞാന്.

കക്ഷിരാഷ്ട്രീയത്തിന്റെ
കമ്പിവേലിക്കും  മുഖം
പൊത്തി മേഞ്ഞിടും ബുദ്ധി -
ചിന്ത തന് കുരുക്കിനും

അപ്പുറം മനുഷ്യന്റെ
ഭാഗധേയത്തിന് തളിര് -
പ്പച്ചകള്  തിരഞ്ഞു നീ
കായായി കനിയായി

എത്തി നീ പറിച്ചവ -
യൊക്കെയും മണ്ണില് മുള -
പൊട്ടുവാന് വിതച്ചു നീ
നിത്യത പൂകീടുമ്പോള്

ഞങ്ങള്ക്കു നീയെന്നും
ഞങ്ങള് തന് എം. ഗോവിന്ദന്
എട്ടിലും പുറത്തുമീ -
നാട്ടിലല്ലെവിടെയും

നിന്നിലെ വെളിച്ചത്തിന്
പുഷ്പിത ലതാഗ്രത്താല്
തൊട്ടുതന്നതാം പൊരുള്
ഞങ്ങള് തന് വഴിദീപം

കരയാന് പാടില്ലല്ലോ
നിന് മുന്നിലൊരിക്കലും
കരച്ചില് നിനക്കെന്നും
ചിരിയായിരുന്നല്ലൊ .
ചിന്തതന് തെളിചിന്നും
ചിരിയായിരുന്നല്ലൊ .

അന്നു നാം  പിരിഞ്ഞപ്പോള് 
നീ തന്ന മൊഴികളില്
ഒന്നു ഞാന് എഴുതുമ്പോ -
ഴൊക്കെയും ഓര്മ്മിക്കുന്നു ;
   ' മല്സ്യബന്ധനമെന്ന
     വാക്കിനു ബദലായി
     മീന് പിടുത്ത മെന്നെന്തേ
     പറഞ്ഞാല് നമുക്കിനി ' .

No comments:

Post a Comment