Saturday, April 19, 2014

പ്രിയസുഹൃത്തും ഫെര്നാണ്ടോ പെസോവയും

പത്മനാഭന് നമ്പൂതിരി . ഞങ്ങളുടെ സ്നേഹിതന് . ഫെര്നാണ്ടോ പെസോവയുടെ ആരാധകന് . അല്ലെങ്കില് പെസോവയുടെ മറ്റൊരു പതിപ്പ്. പലപ്പോഴും പലരൂപത്തില് പ്രത്യക്ഷപ്പെട്ടു. അസാധാരണ സഞ്ചാരി . അസാദ്ധ്യ സംഗീതഭ്രാന്തന് . അസാമാന്യ വായനക്കാരന് . ആഴക്കാഴ്ചയുള്ള പ്രക്കൃതിസ്നേഹി . ചിലപ്പോള് ജീന്സും ടീഷര്ട്ടുമിട്ടു വന്നു. മറ്റു ചിലപ്പോള് മുണ്ടിലും ജുബ്ബയിലും അവതരിച്ചു.  ഇനിയും ചിലപ്പോള്  മുടിനീട്ടിവളര്ത്തി വിശ്വരൂപം കാണിച്ചു . വീണ്ടും ചിലപ്പോള് തല മൊട്ടയടിച്ച്‌ തിരനോട്ടം നടത്തി .ഞങ്ങളുടെ  പ്രണയവഴികളിലെല്ലാം കൂട്ടു നിന്നു . ഞങ്ങള്ക്ക് മകള് പിറക്കുമെന്ന് പ്രവചിച്ചു. ഞങ്ങളുടെ മകള് പിറക്കും മുന്പ് മരണം വന്ന്‌ അവനെ വിളിച്ചു . അകാലത്തില് അവന് അവസാനിച്ചു . വര്ഷങ്ങള് പറന്നു പോയി.

ഈയടുത്ത ദിവസം പത്മനാഭന്റെ കന്യാകുമാരിയിലെ വീട്ടില് നടന്ന ശുഭകരമായ ഒരു ചടങ്ങില് പങ്കെടുത്തു .അവന്റെയും ഞങ്ങളുടെയും  അടുത്തകൂട്ടുകാര് , കുര്യനും ഷാനവാസും സഞ്ജയനും ലതയും ഒത്തുകൂടിയപ്പോള്  അവര്ക്കിടയില് അവനും നില്ക്കുന്നുണ്ടെന്നു തോന്നി. അവന്റെ പൊട്ടിച്ചിരികളും മുഴങ്ങുന്നുണ്ടെന്നു തോന്നി.  ആ തോന്നലില് നിന്നും കണ്ണില് ചോരയില്ലാത്ത വിങ്ങലുകള് വന്ന്‌  ഞങ്ങളെ ഓരോരുത്തരേയും ഒറ്റപ്പെടുത്തിക്കൊണ്ടിരുന്നു . എന്നത്തേയും പോലെ ആ വീട്ടില് രണ്ടു നാള് താമസിച്ചു. അവന്റെ അമ്മയോടും ചിരപരിചിതരായ വീട്ടുകാരോടുമൊപ്പം ചെറിയ യാത്രകള് നടത്തി. ഇടയ്ക്കിടെ പത്മനാഭനെ ഓര്ത്തു . പെസോവയെ ഓര്ത്തു . പെസോവയെ ഓര്ത്തപ്പോള് ഇങ്ങനെയും ഓര്ത്തു . ഭൂമിയില് കഴിഞ്ഞ ദിനങ്ങളില് അയാളെ അധികമാരും വായിച്ചില്ല . മരിച്ചു മണ്ണടിഞ്ഞ് കാലങ്ങള് കഴിഞ്ഞാണ് അയാള് എഴുതിയത് വായനക്കാരുടെ വിവേകത്തേയും വികാരത്തേയും പിടിച്ചുലച്ചത് . അയാളുടെ സാഹിത്യപ്രസക്തി സാമാന്യലോകത്തിനു ബോദ്ധ്യപ്പെടാന് ദശകങ്ങള്  വേണ്ടി വന്നു . ബഹുസ്വരവ്യക്തിത്വങ്ങളുടെ പെരുകുന്ന പ്രപഞ്ചമായിരുന്നു അയാളുടെ എഴുത്തില് . എഴുതാന്  പലപേരുകള് അയാള് സ്വീകരിച്ചു . ഒരാളുടെ തൂലികാനാമങ്ങളായല്ല , വിഭിന്ന നാമങ്ങളില് ( heteronym )വിഭിന്ന വ്യക്തിത്വങ്ങളെ , വിഭിന്ന ഭാവലോകങ്ങളെ അയാള് അടയാളപ്പെടുത്തി. ഓരോ പേരുകാരനും സ്വയം സംസാരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്തു. ഓരോ പേരിന്റെ അകപ്പടവുകളിലും ഓരോ മനുഷ്യാനുഭവം ഉയിര്ത്തെഴുനേറ്റു. ഒരാള് പലതിന്റെ പലതായി . പലതിന്റെ തുടര്ച്ചകളും ഇടര്ച്ചകളും പടര്ച്ചകളും പിണയലുകളും വേറിടലുകളും സംഭവിച്ചു. അയാള് അവതാരങ്ങളുടെ സംഘാതവും അവതാരലീലകളുടെ പദാവലിയും ശബ്ദകോശവുമായി . ആന്തരവും അശാന്തവുമായ സര്ഗശക്തിയുടെ അറ്റം കാണാത്ത തീക്കടലില് അയാള് ആദിമസൂര്യനെപ്പോലെ പൊട്ടിച്ചിതറി അനവധി ഭൂമികളും ആകാശവുമായി .  അവയോരോന്നും അയാളെത്തന്നെ ചുറ്റിക്കറങ്ങിയപ്പോള് പകലുകളും രാത്രികളും താരാപഥങ്ങളും കട്ടിയിരുട്ടും കാണാനിലാവും വാക്കുകളില് മാറിമാറി നിറഞ്ഞു . അതിരുകളില്ലാതായ എഴുത്തിന്റെ തുറന്നു തുറന്നുപോയ ലോകത്ത് ഓരോതരം കാറ്റുവീശുമ്പോഴും ഓരോതരം  വിചിത്രരാഗങ്ങള് കേള്പ്പിച്ച  കാറ്റടിച്ചാല്പാടുന്ന വീണയുടെ സ്വാതന്ത്ര്യമായിരുന്നു അയാള്.

പെസോവയെ വീണ്ടും വായിക്കണം .  പെസോവയിലൂടെ നിശ്ശബ്ദം നടന്നു ചെന്ന് , മരിച്ചവരെ ഉണര്ത്താതെ , പത്മനാഭനെ മാത്രം തൊട്ടു വിളിക്കണം . അവന് തിരിച്ചു വരും . പതിവുപോലെ അവന്റെ സഞ്ചിയില് ഏതെങ്കിലും പുതിയ പുസ്തകം കാണും . അതടിച്ചു മാറ്റണം.

No comments:

Post a Comment