Saturday, April 19, 2014

കണ്ണുകാണാത്തവേഗതയുള്ള , കാണാനാവാത്ത പക്ഷി

അയര്ട്ടന് സെന്ന  .   കാറോട്ടത്ത്തിന്റെ പകരംവെക്കാനില്ലാത്ത രാജകുമാരന് . മൂന്നു വട്ടം ഫോര്മുലവണ് ലോകചാമ്പ്യന്  .   ലോകയുവത്വം മുഴുവന് ആരാധനയോടെയും അത്ഭുതത്തോടെയും നോക്കി നില്ക്കെ , വട്ടുപിടിച്ച വേഗതയില് കാറോടിച്ചവന്.

ഇറ്റലിയില് , ഇമോളയില് , സാന്മാരിനോയിലെ ട്റാക്കിലായിരുന്നു ഇനിയും പിടികിട്ടാത്ത ഇതിഹാസകഥപോലെ അയര്ട്ടന് സെന്ന അകാലത്തില് പിടഞ്ഞൊടുങ്ങിയത്  .  മുഴുഭ്രാന്തില്പെട്ട് അടിമുടിയുലഞ്ഞ  ട്റാക്കില് , റിനോള്ട്ടയും  ലോട്ടസും ഒപലും ചിതറിപ്പായുമ്പോള് , അതിനിടയില്  കുതറിക്കുതിച സെന്നയെ അതിനേക്കാള് വേഗതയില് കുതിച്ചെത്തിയ ചിറകുള്ളചന്തം കൊത്ത്തികൊണ്ടുപോയി. സാന്മാരിനോയിലെ  ട്റാക്കില് , കണ്ണുകാണാത്ത വേഗതയുള്ള , കാണാനാവാത്ത പക്ഷിയായിരുന്നു മരണം.

മണിക്കൂറില് 192 മൈല് സ്പീഡില് സെന്നയുടെ റിനോള്ട്ടാ കാര് വളവില് ഹമ്പിലിടിച്ചു മറിഞ്ഞു.  തവിടുപൊടിയായ കാറില് നിന്നും സെന്ന പിഞ്ഞിപ്പറിഞ്ഞു വീണു.  വലതുഭാഗത്തെ മുന്ചക്റം ഹെല്മെറ്റ് പൊതിഞ്ഞ തലയ്ക്കുമീതെ കയറിയിറങ്ങി . വെറും 1.8 സെക്കന്റ് കൊണ്ട് ഒരു ചിത്രം പൂര്ത്തിയായി.  സാന്മാരിനോയിലെ ട്റാക്കില് ,  കണ്ണടച്ചുതുറക്കുംമുന്പ് ചിത്രം വരച്ചു തീര്ക്കുന്ന കാണാനാവാത്ത ചിത്രകാരനായിരുന്നു മരണം.

ഏതു വാഹനത്തെയും അന്തരീക്ഷത്തില് നൃത്തം ചെയ്യിച്ച അയര്ട്ടന് സെന്ന .  ഒരിക്കല് ലോകത്തിന്റെ നിറുകയില് നിന്നവന് .  ഏകാന്തനിമിഷങ്ങളില് യന്ത്രങ്ങള് മുരളുന്ന മിന്നല്വഴികളില്  നിന്നും മാറിപ്പോകാന് കൊതിച്ചവന് .  അഡ്രിയാന് എന്ന കാമുകിപ്പെണ്കുട്ടിയോടൊപ്പം നീലമലഞ്ചെരുവുകളിലെ ഒറ്റയടിപ്പാതകളിലൂടെ ഒട്ടും തിരക്കില്ലാതെ മെല്ലെമെല്ലെ നടന്നു നീങ്ങുന്നത്‌ നിശ്ശബ്ദതകളില് സ്വപ്നം കണ്ടവന് .  സാന്മാരിനോയിലെ ട്റാക്കില് പക്ഷേ , ഭൂമിയുടെ  എല്ലാ സ്വപ്നങ്ങളേയും  എച്ചിലാകകുന്ന , ടെലിവിഷന്  റീപ്ളേകള്ക്ക് പ്രത്യക്ഷനാക്കാന്  കഴിയാത്ത , ഒരന്യഗ്രഹജീവിയായിരുന്നു മരണം. 

 Richard Williams എഴുതിയ The Death of Ayrton Senna എന്ന പുസ്തകം വായിക്കുന്നു.
Artyon Senna with Adriane Galisteu in 1994
Artyon Senna with Adriane Galisteu in 1994

No comments:

Post a Comment