Saturday, April 19, 2014

കലാമണ്ഡലം ഹരിദാസന്

' Music, when soft voices die,   
Vibrates in the memory '
                   -Shelley

കഥകളി നടന് കലാമണ്ഡലം ഹരിദാസന് അന്തരിച്ചു . വാര്ത്ത വായിച്ച് നിമിഷങ്ങളോളം നിശ്ശബ്ദനായി . തീരെച്ചെറിയ പരിചയം . അല്പനാളുകള്  അടുത്തിടപഴകി . കഥകളിയെക്കുറിച്ച് പറയത്തക്ക ഒരറിവുമില്ലാത്ത എന്നെയും സുഹൃത്തായി കണക്കാക്കി . കണ്ടുമുട്ടിയപ്പോഴൊക്കെ ഒത്തിരി സ്നേഹത്തോടെ സംസാരിച്ചു . ഏറെ  വര്ഷങ്ങള്ക്കു ശേഷം കുറേ മാസങ്ങള്ക്കു  മുന്പ് എറണാകുളത്ത്തു വെച്ച് കാണാന് കഴിഞ്ഞു . എന്നോടൊപ്പം എന്റെ കൂട്ടുകാരിയും കുഞ്ഞു മകളും ഉണ്ടായിരുന്നു . മകള് ലേശം നൃത്തമൊക്കെ ഒരുമാതിരി  പഠിക്കുന്നുണ്ടെന്ന വിവരം ധരിപ്പിച്ചു . അനുഗ്രഹപൂര്വം അവളെ ചേര്ത്തു പിടിച്ചുകൊണ്ട് ഞങ്ങള്ക്കൊപ്പം ഇത്തിരി ദൂരം നടന്നു . തൃപ്പൂണിത്തുറയില് വെച്ചുള്ള ആദ്യത്തെ കൂടിക്കാഴ്ച മുതല്  പിനീട് പങ്കിട്ട ഓരോ നിമിഷങ്ങളും സംഭാഷണങ്ങളില് സന്നിഹിതമായി . വേമ്ബനാടന്കാറ്റില് ചിതറിപ്പോയ സാന്ധ്യമേഘങ്ങള് നഗരത്തിനു മീതേ പടര്ന്നിരുണ്ടു  . എം .ജി. റോഡിന്റെ റിഥങ്ങളില് നൃത്തം ചെയ്ത് വാഹനങ്ങള് പാഞ്ഞു കൊണ്ടിരുന്നു .  ഞങ്ങള് ഒന്നും കണ്ടില്ല .  ഒന്നും കേട്ടില്ല . കാലംചെല്ലുന്തോറും കാന്തി വെക്കുന്ന പോയകാലത്ത്തില് സ്വയം മറന്നു . ഒരുപാട് അര്ത്ഥങ്ങളും നിരവധി അര്ത്ഥമില്ലായ്മകളും രസാവഹമായി കലരുന്ന ഒരുതരം  മിഥ്യാടനത്തില്  അലഞ്ഞു . യാത്ര പറയുന്നതിനു തൊട്ടു മുന്പ് , എന്തോ മറന്നിട്ടെന്നപോലെ തൊട്ടടുത്തുള്ള  ബേക്കറിയിലേക്ക് മകളെ കൂട്ടികൊണ്ടു പോയി.  ചോക്ലേറ്റുകളും  മിഠായികളും കുത്തിനിറച്ച ഒരു കിറ്റ് അവള്ക്കു സമ്മാനിച്ചു . യാത്ര പറയാതെ യാത്ര പറഞു . ഒരു പക്ഷേ ,  പെരുമകള് പറയാനുള്ളവര്ക്കും  പ്രതാപികളായി വാഴുന്നവ്ര്ക്കും ഇതെല്ലാം നിസ്സാരമായ ഓര്മ്മകളായിത്തോന്നിയേക്കാം  . എന്നാല് നിസ്സാരതകളില് നിറങ്ങള് കണ്ടെത്തുന്ന നിസ്വരായ ഞങ്ങള്ക്ക് നിസ്സാരമായ ഓര്മ്മകള് പോലും പ്രിയപ്പെട്ടതാകുന്നു . ഇനിയൊരിക്കലും കാണാനാവാത്ത ദൂരത്തേക്കു പോയ വേണ്ടപ്പെട്ടവരെ ഇടയ്ക്കിടെ കാട്ടിത്തരുന്ന കണ്ണാടികള്. 

കലാമണ്ഡലം ഹരിദാസന് എന്ന കഥകളി നടനെ വിലയിരുത്താനുള്ള എന്തെങ്കിലും അര്ഹതയുണ്ടെന്നു ഞാന് കരുതുന്നില്ല . ഒരു വെറും പ്രേക്ഷകനായി നിന്നുകൊണ്ട് നോക്കുമ്പോള് മനോധര്മ്മമല്ല , മനസ്സലിഞ്ഞുള്ള ആട്ടമാണ് ആ നടന്റെ സവിശേഷതയെന്ന് തോന്നിയിട്ടുണ്ട് . അകമഴിഞ്ഞുള്ള  ആട്ടം ആകസ്മികചാരുതയും കഥാപാത്രത്തിന്റെ മനോഭാവങ്ങളും അരങ്ങില് സസൂക്ഷ്മം സന്നിവേശിപ്പിക്കുന്നു . കഥകളിയില് പ്രയോഗിക്കുന്ന രാഗങ്ങളുടെ ശ്രാവ്യചലനങ്ങളെ വേഷത്തിന്റെ ദൃശ്യചലനങ്ങളിലേക്ക്‌ അടിമുടി ലയിപ്പിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ആവിഷ്ക്കാരങ്ങള് സംഭവിക്കുന്നു . വേഷക്കാരന് ആടിക്കാണിക്കുംപോള് അതെന്താണെന്ന് തിരിച്ചറിയുന്ന തലം മാത്രമല്ല , അത് എതുവിധമാണ് കാണിക്കുന്നതെന്ന അന്വേഷണത്ത്തിലേക്കു കൂടി പ്രേക്ഷകനെ നയിക്കാന് പര്യാപ്തമായ വിധത്തില് ഓരോ രംഗപ്രവേശത്തേയും  പ്രകടനത്തേയും  വളരെ സ്വാഭാവികമായി , അനായാസമായി ഹരിദാസന് മാറ്റിത്തീര്ക്കുന്നു . കൈമുദ്രകളേയും അവയുടെ ഉപയോഗക്രമങ്ങളേയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീ ശുംഭകരന്റെ '  ശ്രീഹസ്തമുക്താവലി ' യില് പറയുന്ന ഒരു കാര്യമുണ്ട് . നൃത്ത -നൃത്യ -നാട്യങ്ങളില് കേവലം തന്റെ കലാവൈഭവം കാണിക്കുകമാത്രമല്ല ആവിഷ്കര്ത്താവിന്റെ ധര്മ്മം . കലയോടുള്ള അര്പണത്തെ ആത്യന്തികധര്മ്മമായി മനസ്സിലാക്കി  മനനം ചെയ്യുകയും അതിനെ അനുഷ്ഠിക്കുകയുമാണ് പരമപ്രധാനം.  കലയോടുള്ള തീരാത്ത അര്പണമായിരുന്നു ഹരിദാസന്റെ കൈമുതല് .  അലസമായ നോട്ടത്തില് ഒന്നും കണ്ണില് പെടണമെന്നില്ല . സൂക്ഷിച്ചു നോക്കിയാല് , വീണ്ടും വീണ്ടും നിരീക്ഷിച്ചാല്,  ആട്ടത്തിലെ പ്രത്യേകതകലെല്ലാം  തിരനീക്കി തെളിഞ്ഞു നിവരും . പ്രകടനാത്മകത ഒട്ടും പ്രകടിപ്പിക്കാത്ത്ത ഒരു നടന്റെ പ്രകാശനവും അതിന്റെ പ്രകാശവും ആടിക്കണ്ടിട്ടുളളവരില് അവശേഷിപ്പിച്ചിട്ടാണ് ഹരിദാസന് അകാലത്തില് അരങ്ങൊഴിഞ്ഞത് . ആ കലാസപര്യ പാഴിലായില്ലെന്ന് പതിഞ്ഞ ശബ്ദത്തില്  , വിനയത്തോടെ ഉറപ്പിച്ചു പറയാന് ഞാന് മടിക്കുന്നില്ല. എന്നെപ്പോലെ അങ്ങനെ പറയാന് പലരുമുണ്ടാകുമെന്നും ഞാന് കരുതുന്നു.          

സുഹൃത്തുക്കളെ എപ്പോഴും കണ്ടില്ലെങ്കിലും അവര് എവിടെയെങ്കിലുമൊക്കെ ജീവിച്ചിരിക്കുന്നു എന്ന അറിവ് അതിജീവിക്കാന് സഹായിക്കുന്ന ഒന്നാണ് . ഈ ഭൂമി വിട്ട് ഏതു സുഹൃത്ത് യാത്രപറയുമ്പോഴും  സൗഹൃദം എന്ന അതിജീവനഭാഷയുടെ മഹത്വവും കൂടി ആ വേര്പാട് പറഞ്ഞു തരും .   കലാമണ്ഡലം ഹരിദാസന് ഒരെളിയ   സുഹൃത്തിന്റെ , ഇളയസ്നേഹിതന്റെ ആദരാഞ്ജലികള്.


No comments:

Post a Comment