Saturday, April 19, 2014

ആ പാട്ട് വീണ്ടും കേള്ക്കുന്നു

മുപ്പതുകള് മുതല് അറുപതുകള് വരെയായിരുന്നു ആ പാട്ട് . മധുരൈ മണി അയ്യരുടെ പാട്ട് .  അരിയക്കുടി രാമാനുജയ്യന്ക്കാര്  , ചെംബൈ വൈദ്യനാഥയ്യര്  ,  ശെമ്മാങ്കുടി ശ്രീനിവാസ്സയ്യര്  ,  മുസിരി സുബ്രമണ്യ്യര് , ജി. എന് . ബാലസുബ്രമണ്യം തുടങ്ങിയ പുകള്പെറ്റ സംഗീതോപാസകരുടെ അതേ കാലം .  അവരോടൊപ്പം എന്തുകൊണ്ടും സമതുല്യനായി നില്ക്കാനും  അവര്ക്കിടയില് മൌലികത കാത്തു സൂക്ഷിക്കാനും സഹായകമായ എന്തോ ഒരു സവിശേഷശക്തി മധുരൈ മണി അയ്യര്രുടെ സംഗീതശൈലിക്ക് സ്വായത്തമായിരുന്നു.

' താം ഹംസമാല : ശരദീവഗങ്ഗാം
മഹൗഷധീം നക്തമിവാത് ഭാസ :
സ്ഥിരോപദേശാ മുപദേശ കാലേ
പ്രപേദിരേ പ്രാക്തന ജന്മവിദ്യാ : '
എന്ന്  ശ്രീപാര്വതിയുടെ  വിദ്യാഭാസത്തെപ്പറ്റി കാളിദാസന് പ്രസ്താവിച്ചതുപോലെ സംഗീതകലയുടെ സമര്പണഭാവങ്ങള് സ്വാഭാവികമായി മണി അയ്യരിലേക്ക് സംപ്രേഷണം ചെയ്യപ്പെട്ടപ്പോള് മാത്രമാണ് അദ്ദേഹം പാടിയിരുന്നത് എന്ന് പാട്ടുകേട്ടിരിക്കുംപോള് തോന്നിപ്പോകുന്നു.

ജീവിതത്ത്ലുടനീളം രോഗിയായിരുന്നിട്ടും  നിത്യരോഗത്ത്തിന്റെ  ചെറുനിഴല് പോലും ആലാപനത്തിന്റെ അടുത്തെങ്ങുമെത്താതെ ആദരവോടെ അകന്നുമാറിപ്പോയി .  അദ്ദേഹത്തിന്റെ സംഗീതപ്രയോഗവഴക്കത്ത്തിന് പ്രത്യേകമായ വ്യക്തിത്വവും അനല്പമായ പ്രലോഭനീയതയും ഉണ്ടായിരുന്നു .  കല്പനാസ്വരം പാടുന്നതിലെ അന്യാദൃശ്യമായ മികവും വൈഭവവും . സ്വകീയമായ ശൈലിയിലെ ശുതിമാധുര്യം . സര്വ്വലഘുശുദ്ധി  . സ്വരങ്ങളുടെ ആരോഹണാവരോഹണാദികളിലെ തനിപ്പെട്ട വശ്യത .  ഇവയൊക്കെയും അദ്ദേഹത്തിന്റെ പാട്ടില് വിലയം കൊണ്ടു.

ചില പ്രത്യേകഗാനങ്ങളെ വേറിട്ട വടിവിലേക്ക്  പ്രശാന്തമാക്കികൊണ്ട് മധുരൈ മണി അയ്യര് തന്റെ സംഗീതത്തെ അസാധാരണമാംവിധം ആവിഷ്ക്കരിച്ചു .  ' സരസ സാമദാനഭേദദണ്ഡചതുര '  ,  '  നാദതനുമനിശം '  ,  ' തെലിസി രാമ '  ,   ' ദുര്മാര്ഗചര '  തുടങ്ങിയ ത്യാഗരാജ കീര്ത്തനങ്ങള്  പാടുന്നതില് അപൂര്വസുന്ദരമായ വശീകരണസൂക്ഷ്മത അദ്ദേഹം വശപ്പെടുത്തിയെടുത്ത്തിരുന്നു  .   തോടിരാഗത്തിലുള്ള ' തായേ യശോദേ ' എന്ന തമിഴ്ഗാനവും കാംബോജി രാഗത്തിലുള്ള  '  കാണക്കണ് കോടിവേണ്ടും   '  എന്ന തമിഴ് പാട്ടും ദക്ഷിണേന്ത്യയിലെമ്പാടും അലയടിക്കാന് ഉതകുന്ന മട്ടിലാണ്  സ്വതന്ത്രവും നവീനവും അത്യാകര്ഷകവുമായി  അദ്ദേഹം  പ്രകാശിപ്പിച്ചത് .   ' തായേ യശോദേ ' എന്ന കൃതിയില്   ' കാലിനില് ചിലമ്പ്‌ കൊഞ്ചെ '  എന്ന വരി പാടി അദ്ദേഹം  നിവരല് ചെയ്യുമ്പോള് സംഗീതത്തെ നേരില് കണ്ടിട്ടില്ലാത്തവര്ക്ക്  നേരില് കാണാന് കഴിയും എന്നു പറയുമ്പോള് അതിലെ അതിശയോക്തി മാറ്റിവെച്ചാലും അതിലടങ്ങിയിരിക്കുന്ന പാട്ടനുഭവം അവശേഷിക്കുക തന്നെചെയ്യും എന്നു തോന്നുന്നു.

തന്റെ സംഗീതഗുരുവായിരുന്ന ഹരികേശനല്ലൂര് മുത്തയ്യാഭാഗവതര്  അപൂര്വ രാഗങ്ങളില് ചിട്ടപ്പെടുത്തിയ കൃതികള് അവതരിപ്പിക്കുംപോഴൊക്കെ വലിയ പരീഷണങ്ങള് , കൃതിക്ക് പരിക്കേല്ക്കാതെ തന്നെ ആലാപനത്തില് കൊണ്ടു വരാന് മധുരൈ മണി അയ്യര്ക്ക് ശ്രദ്ധേയമായ തരത്തില് സാദ്ധ്യമായി  .  എങ്ങനെയാണ് ഒരു കൃതിയെ വിശാലമായ സംഗീതബോധത്തോടെയും മനോധര്മ്മവിവേകത്തോടെയും സമീപിക്കേണ്ടതെന്ന് ആ പരീക്ഷണങ്ങള് ഏതു തലമുറയിലെ സംഗീതപഠിതാവിനോടും പറഞ്ഞുകൊണ്ടിരിക്കാന് ഇടയുണ്ട്.  ഗൌഡമല്ലാര് രാഗത്തിലുള്ള  ' സാരസമുഖി സകലഭാഗ്യദേ ' വിജയനാഗരിയിലുള്ള   ' വിജയാംബികേ ' പാശ്ചാത്യസംഗീതരീതിയിലുള്ള  ' ഗാമഗരിഗപാരിഗസ '  എന്ന സ്വരാവലി തുടങ്ങിയവ ആദ്ദേഹം ആലപിച്ചതിലെ നവംനവമായ ചേര്ച്ചകളും ചേരുവകളും ചതുരതയും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാനാവും.

സംഗീതത്തില് എന്തെങ്കിലും അറിവുണ്ടെന്ന മിഥ്യാധാരണയിലോ അഹന്തയിലോ അല്ല ഇത്രയും എഴുതിയൊപ്പിച്ചത് . മൂന്നാറിലെ ഒരു തണുത്തരാത്രി  മുഴുവന് , തുറന്ന വീട്ടുമട്ടുപ്പാവില് ,  സംഗീതഭ്രാന്തനായ സുഹൃത്തിനൊപ്പം മധുരൈ മണി അയ്യരെ കേട്ടു .  ആകാശം . നക്ഷത്രങ്ങള് . കുന്നുകള് . ചരിവുകള് . മേഘങ്ങള്  . ഇളം കാറ്റ് .  എല്ലാം  ചേര്ന്ന നിരതിശയമായ സംഗീതാനുഭവം .  അതിന്റെ വിനയശിഷ്ടം മാത്രമാണ്  ഈ കുറിപ്പ്  .  സംഗീതം അറിയാവുന്നവര് ഇതിലെ തെറ്റുകള് സദയം തിരുത്തി തരിക . 

മധുരൈ മണി അയ്യരെ കേട്ട രാത്രി  . ദൂരെ മധുരാനഗരിയില് വരണ്ടുണങ്ങിയ വൈഗനദി വീണ്ടും നിറഞ്ഞൊഴുകിയ  രാതി.


No comments:

Post a Comment