Saturday, November 3, 2012

ഒരു സുഹൃത്തിനെക്കുറിച്ച്‌ ; സൗഹൃദത്തെക്കുറിച്ചും



 കെ. മുരളീധരന്‍ എന്റെ സുഹൃത്താണ് . 'ചിത്രദര്‍ശനഘട്ടം ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .  തൊണ്ണൂറുകള്‍ക്കു ശേഷമുള്ള കവിതാചരിത്രത്തില്‍ സവിശേഷമായി രേഖപ്പെടുത്തേണ്ട  'കവിതാസംഗമം' മാസികയുടെ എല്ലാമെല്ലാം ആയിരുന്നു . സമ്പന്നനല്ലാത്ത്ത മുരളീധരന്‍ പലപ്പോഴും പണം കടമെടുത്ത്  നടത്ത്തിക്കൊണ്ടുപോയ പ്രസിദ്ധീകരണമായിരുന്നു അത് . കവിതയോടുള്ള ,കലയോടുള്ള ഭ്രാന്ത്  ഒട്ടും ലാഭകരമല്ലാത്ത ഒന്നാണ് . ആ ഭ്രാന്ത് ഉള്ളില്‍ തീക്കടലുകള്‍ നിര്‍മ്മിക്കും . കെടുത്തിയാലും കെട്ടു പോകാത്ത തീക്കടലുകള്‍ . അത്തരം തീക്കടലുകള്‍  സൃഷ്ടിക്കുന്ന പുകയും ചൂടും  നീറ്റലും പലതരം സംഘര്‍ഷങ്ങളും മുരളിയുടെ വാക്കിലും ജീവിതത്തിലും ഉണ്ടാകാം .അതൊന്നും സൗഹൃദം എന്ന വലിയ ആശയത്തെ ,മഹിതവികാരത്തെ അലട്ടേണ്ടതില്ല . കാരണം , കെ. മുരളീധരനെപ്പോലുള്ള ചങ്ങാതിമാരുടെ സൗഹൃദം എന്നെ സംബന്ധിച്ചടത്തോളമെങ്കിലും വളരെ വിലപ്പെട്ടതാണ്  . അവര്‍ എന്റെ  അറിവില്ലായ്മകളെ , കാപട്യങ്ങളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു . എന്റെ സ്വസ്ഥതയുടെ  അര്‍ത്ഥമില്ലായ്മയെ  ഒരു കണ്ണാടിയിലെന്നവണ്ണം  കാണിച്ചു തരുന്നു.

പല സുഹൃത്തുക്കളേയും അപൂര്‍വമായേ കാണാറുള്ളൂ . ചിലരെ കണ്ടിട്ട് വര്‍ഷങ്ങളായി . എന്നിട്ടും അവരോടെല്ലാമുള്ള സൗഹൃദം കാലം ചെല്ലുംതോറും  ഉള്ളില്‍ തീവ്രമായിത്തന്നെ തുടരുന്നു . അവരില്‍ ചിലര്‍ വലിയ അറിവുള്ളവരാണ്  . ചിലര്‍ അതിപ്രശസ്തരാണ്  .  മറ്റുചിലരാകട്ടെ അസാധാരണമായ വിവിധതരം കഴിവുകള്‍ ഉള്ളവരാണ് . അവരൊക്കെ അറിവുകളേതുമില്ലാത്ത്ത  , എടുത്ത്തു പറയത്തക്ക കഴിവുകളൊന്നുമില്ലാത്ത്ത എന്നെപ്പോലൊരാളെ  സുഹൃത്തായി പരിഗണിക്കുന്നതു തന്നെ മഹാഭാഗ്യങ്ങളിലൊന്നായി  ഞാന്‍ കരുതുന്നു.

വിക്ടറിസ്റ്റാന്ഡില്‍   നില്‍ക്കുന്ന ഒരാളുടെ വിജയത്തിനു പിന്നില്‍ പാടേ തോറ്റുപോയ  , അതീവപ്രതിഭാശാലികളായ ഒരുപാട് സുഹൃത്തുക്കളുടെ സംഭാവനകള്‍ ഉണ്ടാകും .പടികള്‍ കയറി മുകളിലേക്കു പോകുമ്പോള്‍ ഏറ്റവും പിന്നിലത്തെപ്പടിയില്‍ തരിച്ചു നില്‍ക്കുന്ന ആത്മസുഹൃത്തിനെ മറക്കുന്നവരും മറയ്ക്കുന്നവരും ഉപേക്ഷിക്കുന്നവരുമുണ്ടാകും  .മുന്നോട്ടുള്ള യാത്രയില്‍ പ്രയോജനപ്പെടുന്ന പേരുകള്‍ മാത്രം എഴുതിവെക്കുകയും ഒരു പ്രയോജനവുമില്ലാത്ത പഴയ സുഹൃത്തുക്കളുടെ പേരുകള്‍ വെട്ടിക്കളയുന്നവരുമുണ്ട് . അവര്‍ പറയും : 'സുഹൃത്തുക്കള്‍ ശരിയല്ല ' . സത്യത്തില്‍ നാം ശരിയല്ലാത്തതു കൊണ്ടാണ് സുഹൃത്തുക്കള്‍ ശരിയല്ലാത്തത്‌  .  സൗഹൃദത്തില്‍ നാം വെള്ളം ചേര്‍ക്കുന്നതു കൊണ്ടാണ്  സുഹൃത്തുക്കള്‍ ചിലപ്പോഴെങ്കിലും ഭാരമാകുന്നത്  .  നമുക്ക് അവരെ സഹിക്കാന്‍ കഴിയാത്തത് .  ഒറ്റപ്പെടലിന്റെ മുനമ്പില്‍ വെച്ച് ഒരാള്‍ തനിച്ചു തീരുമാനിച്ച് ഭൂമി വിട്ടു പോകുമ്പോള്‍ പ്രതിസ്ഥാനത്തു നിര്‍ത്തി അയാളുടെ എല്ലാ സുഹൃത്തുക്കളേയും വിചാരണ ചെയ്യണം . എന്തുകൊണ്ടെന്നാല്‍ , മണ്മറഞ്ഞ സുഹൃത്തുക്ക്ളെപ്പോലും ഓര്‍മ്മയിലേക്കും ലോകത്തേക്കും തിരിച്ചു വിളിക്കുന്ന ഹൃദയമിടിപ്പുകളുടെ ഭാഷയാണ്‌ സൗഹൃദം .  ഓരോ സുഹൃത്തും സ്വയം ഭൂമി ഉപേക്ഷിക്കുന്നതിനു പിന്നില്‍  പങ്കുവെക്കപെടാതെ പോകുന്ന  സൗഹൃദം എന്ന ഭാഷയും  ഒരു കാരണമാകാം .

കെ . മുരളീധരന്‍ പരാജയപ്പെട്ട സുഹൃത്തല്ല  . സ്വപ്നങ്ങള്‍ കാണുന്ന സുഹൃത്താണ് . സ്വപ്നങ്ങളെ മരിക്കാന്‍ വിടാത്ത സുഹൃത്താണ് . ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരങ്ങളില്‍ ഒന്നായിരുന്നു  'കവിതാ സംഗമം 'എന്ന  മാസിക .പരാധീനതകളും പരിമിതികളും ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും പ്രസക്തമായ ഒരു ശ്രമമായിരുന്നു 'കവിതാസംഗമം'. ചെറുതെങ്കിലും ചെറുതല്ലാത്ത ഒരു ശ്രമം .  പാതിവഴിയില്‍ നിന്നുപോയെങ്കിലും പാഴാകാത്ത ഒരു ശ്രമം.

കെ. മുരളീധരന്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് . അങ്ങനെ പറയാന്‍ കഴിയുന്നതില്‍ ഞാന്‍ അഹങ്കരിക്കുന്നു .

No comments:

Post a Comment