Sunday, November 4, 2012

സവിനയം സദാചാരത്തെക്കുറിച്ച്



ഹിന്ദുമതവിശ്വാസികള്‍ക്ക്  'ഹിന്ദു ' സദാചാരമുണ്ട് .നല്ലതു തന്നെ.ഇസ്ലാമ്മതവിശ്വാസികള്‍ക്ക് 'ഇസ്ലാമിക ' സദാചാരമുണ്ട്.വേണ്ടത് തന്നെ.ക്രിസ്ത്യന്‍മതവിശ്വാസികള്‍ക്ക്  'ക്രൈസ്തവ' സദാചാരമുണ്ട്.അവശ്യം തന്നെ.കക്ഷിരാഷ്ട്രീയക്കാര്‍ക്ക്  'കക്ഷിരാഷ്ട്രീയ ' സദാചാരമുണ്ട്.സവാഭാവികം തന്നെ.എന്നാല്‍ ഒരാള്‍ക്ക് അടിയുറച്ച മതവിശ്വാസിയാകാന്‍ എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം മതവിശ്വാസിയല്ലാതെയിരിക്കുവാന്‍ മറ്റൊരാള്‍ക്കുമുണ്ട്.ഒരാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമാകാനോ അടിയുറച്ചു വിശ്വസിക്കാനോ എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമാകാതിരിക്കാനും വിശ്വസിക്കാതിരിക്കാനും തന്റേതായ ഒരു രാഷ്ട്രീയവുമായി മുന്നോട്ട് പോകാനും മറ്റൊരാള്‍ക്കുണ്ട്.ഇത് ഒരു ഹിന്ദുരാഷ്ട്രമല്ല.ഇസ്ലാമികരാഷ്ട്രമല്ല.ക്രൈസ്ത്വരാഷ്ട്രമല്ല.ഏതെങ്കിലും രാഷ്ട്രീയപാര്‍ടികള്‍ അധികാരം പൂര്‍ണമായി കയ്യാളുന്ന ഏകാധിപത്യരാഷ്ട്രവുമല്ല.അങ്ങനെയാവരുതെന്ന് ഹിന്ദുമത വിശ്വാസിയായിരിക്കുമ്പോള്‍ തന്നെ ഹിന്ദുമൌലികവാദിയല്ലാത്ത,ഇസ്ലാംമത വിശ്വാസിയായിരിക്കുമ്പോള്‍ തന്നെ  മുസ്ലീംമൌലികവാദിയല്ലാത്ത ,ക്രിസ്തുമത വിശ്വാസിയായിരിക്കുമ്പോള്‍ തന്നെ ക്രിസ്ത്യന്‍ മൌലികവാദിയല്ലാത്ത ,ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ 'കക്ഷിരാഷ്ട്രീയാന്ധ്യം' ബാധിച്ചിട്ടില്ലാത്ത ,ജനാധിപത്യപ്രക്രിയ കൂടുതല്‍ വിശാലമാകണമെന്ന കാഴ്ചപ്പാടുള്ള എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.പലതരം കാഴ്ചപ്പാടുകളുടെ ബഹുസ്വരതയാണ് ജനാധിപത്യത്തിന്റെ സാധ്യതകളെ നിര്‍ണ്ണയികേണ്ടത് . സാമ്പത്തികമായ മേല്‍കോയ്മയുള്ളതുകൊണ്ടോ അധികാരമുള്ളതുകൊണ്ടോ അണികളുടെയോ അനുയായികളുടെയോ അംഗബലം കൊണ്ടോ ഉണ്ടായിത്തീരുന്ന അഹന്തകൊണ്ട് തങ്ങളുടെ വിശ്വാസത്തിന് എതിരായി നില്‍ക്കുന്നവരെ ഭയപ്പെടുത്താനോ വരുത്തിയിലാക്കാനോ ഇല്ലാതാക്കാനോ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കാനോ ആരെങ്കിലും ശ്രമിക്കുമ്പോള്‍ ജനാധിപത്യം ജീര്‍ണിക്കാന്‍ തുടങ്ങുന്നു.അതുകൊണ്ട്,പ്രിയപ്പെട്ട ഹിന്ദുമതവിശ്വാസികളേ,ഇസ്ലാമ്മതവിശ്വാസികളേ,ക്രിസ്തുമതവിശ്വാസികളേ,കക്ഷിരാഷ്ട്രീയക്കാരേ   ....നിങ്ങളുടെ സദാചാരത്തില്‍ വിശ്വസിക്കാത്തവ്രെ വെറുതെ വിടുക.അവരുടെ ആകാശങ്ങള്‍ ,അവരുടെ പ്രണയങ്ങള്‍ ,അവരുടെ ആണ്‍ -പെണ് സൌഹൃദങ്ങള്‍,അവരുടെ ലൈംഗികത(ന്യൂനപക്ഷ ലൈംഗികതയുള്പ്പെടെ),അവരുടെ സ്വകാര്യതകള്‍....അവര്‍ക്ക് വിട്ടുകൊടുക്കുക. നിങ്ങളുടെ കോര്‍ട്ടുകളില്‍‍ നിങ്ങള്‍ കളിക്കുക.അവരുടെ കോര്‍ട്ടില്‍  അവര്‍ കളിക്കട്ടെ. കളിയെ  പരസ്പരം വിമര്‍ശിക്കാം.വിശകലനം ചെയ്യാം.ആശയപരമായി ഏറ്റുമുട്ടാം.അതിനുള്ള പൌരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് .എന്നാല്‍ ,കളിക്കാരെ അടിയോടെ നിഷ്ക്കാസനം ചെയ്യാന്‍ ഈ രാജ്യത്ത് ആര്‍ക്കും ആരും അധികാരം നല്കുന്നില്ലല്ലോ.അതല്ലേ ജനാധിപത്യം ? അതാകണ്ടേ ജനാധിപത്യം ?

ഏതുതരം സമഗ്രാധിപത്യ പ്രവണതകളേയും പ്രതിരോധിക്കുക.അധികാര വികലതകള്‍ക്കെതിരെ തന്നാലാവുംമട്ടില്‍ പ്രതികരിക്കുക.പൌരാവകാശങ്ങളെ സംരക്ഷിക്കുക.മനുഷ്യാവകാശങ്ങള്‍ കാത്തു രക്ഷിക്കുക.തങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളോട് സഹിഷ്ണുത പുലര്‍ത്തുക.കാഴ്ചപ്പാടുകളില്‍ എതിര്‍പക്ഷത്ത് നിലയുറപ്പിക്കുന്നവരെ തീവ്രമായി ചോദ്യം ചെയ്യുമ്പോള്‍ തന്നെ അവരുടെ ജീവിക്കാനുള്ള അവകാശത്തെ ആദരിക്കുക.എല്ലാവിധ മനുഷ്യത്വരാഹിത്യത്തിനെതിരായും  നിലയുറപ്പിക്കുക.ഇതൊക്കെ കഴിവിനനുസരിച്ച് ചെയ്യാന്‍ കഴിയുമ്പോഴല്ലേ ഒരാള്‍ ജനാധിപത്യ വാദിയാകുന്നത് ? അങ്ങനെയല്ലേ വേണ്ടത് ? അല്ലേ ?

No comments:

Post a Comment