Sunday, November 4, 2012

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല



'സംശയാത്മാക്കള്‍ മരിക്കുന്നുവെങ്കിലും
സംശയമില്ലായ്കിലില്ല വിശ്വാസവും '
-അയ്യപ്പപ്പണികര്‍

കോര്‍പ്പറേറ്റുകള്‍  ഒരു രാജ്യത്തെ ഇഞ്ചിഞ്ചായി കഴുത്ത് ഞെരിച്ചു കൊല്ലുന്നു. കക്ഷിരാഷ്ട്രീയലാഭം ലാക്കാക്കി രാഷ്ട്രീയ പാര്‍ടികള്‍ ഒരു രാജ്യത്തെ സ്ലോപോയിസണ്‍ കുത്തിവെച്ച് ചതിയില്‍ പെടുത്തുന്നു. ഭരിക്കുന്നവര്‍ ഒരു രാജ്യത്തെ പിഴിഞ്ഞെടുത്ത ചോരയില്‍ കൈകഴുകി വിശുദ്ധരായി വിലസുന്നു. ഇവരെല്ലാം ജനാധിപത്യത്തെ വാഴ്ത്തുന്നു.വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു. അഹിംസയെ വാഴ്ത്തുന്നു.മനുഷ്യാവകാശ ലംഘനം തുടര്‍കഥയാവുന്നു. നിയമവാഴ്ച്ചയെ വാഴ്ത്തുന്നു.അഴിമതി ഒരു വാര്ത്തയല്ലാതാവുന്നു. ജനാധിപത്യം നല്ലത്. സംരക്ഷിക്കപ്പെടേണ്ടത്. അഹിംസ നല്ലത്. പാലിക്കപ്പെടേണ്ടത്. നിയമ വാഴ്ച നല്ലത് . പരിരക്ഷിക്കപ്പെടേണ്ടത്. സംശയമില്ല. എന്നാല്‍ ആരുടെ ജനാധിപത്യം ? ആരുടെ അഹിംസ? ആരുടെ നിയമവാഴ്ച? ആരാണ് വാസ്തവത്തില്‍ ക്രിമിനല്‍? കോര്‍പ്പരേറ്റുകളോ ? രാഷ്ട്രീയപാര്ടികളോ? ഭരിക്കുന്നവരോ ? അതോ, ഒരു ഗതിയും പരഗതിയുമില്ലാതെ ആയുധമെടുക്കാന്‍ പ്രലോഭിതരാവുന്ന, ജനാധിപത്യസംവിധാനം പാടേ തഴഞ്ഞുകളഞ്ഞ കീറിപ്പറിഞ്ഞ ജനങ്ങളോ? ആയുധമെടുക്കുന്ന രാഷ്ട്രീയത്തിന് സായുധമായ പ്രത്യാക്രമണങ്ങള്‍ നേരിടേണ്ടി വരും.അതൊരു സ്വാഭാവിക പരിണത്തിയാണ്.അഹിംസാത്മകമായ സമരങ്ങളും സായുധമായ പ്രത്യാക്രമണങ്ങളും അടിച്ചമര്‍ത്തലുകളും ഒരുഘട്ടം കഴിഞ്ഞാല്‍ നേരിടാറുണ്ട്.പക്ഷേ,രണ്ടും പൊതുസമൂഹത്തിലുണ്ടാക്കുന്ന പ്രതികരണങ്ങള്‍ വ്യതയസ്തമായിരിക്കും.അതേ സമയം തന്നെ ആയുധമെടുക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തിയെ സംശയിക്കുന്ന ,അതിനെ ന്യായീകരിക്കാന്‍ മടിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷ്കന്റെ ഉള്ളില്‍ പോലും ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ ഇടയുണ്ട്. ഏറ്റുമുട്ടലില്‍ അഥവാ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുന്നവര്‍ ആരുടെ പ്രതിനിധികളാണ്? കൊല്ലപ്പെടുന്നവര്‍ ആരെ പ്രതിനിധീകരിക്കുന്നു? പ്രതിനിധാനങ്ങള്‍ക്ക് പിറകിലെ സാമൂഹിക യാഥാര്‍ത്ഥ്യം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതെന്ത്കൊണ്ട് ? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട കുരുതിക്കളങ്ങള്‍. രൂപം കൊള്ളുന്ന കുരുതിക്കളങ്ങള്‍ . രൂപം കൊള്ളാനിരിക്കുന്ന കുരുതിക്കളങ്ങള്‍ . ഈ കുരുതിക്കളങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു പിന്നിലെ കുറ്റവാളികള്‍ സത്യത്തില്‍ ആരാണ്? സംവാദത്തിന്റെ എല്ലാ സാധ്യതകളും അടച്ചു കളയുന്നത് ആരാണ്? ഒരു യഥാര്ത്ഥ അഹിംസാവാദിയിലും ജനാധിപത്യവാദിയിലും  പോലും ഇത്തരം ചോദ്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

No comments:

Post a Comment