Sunday, November 4, 2012

പലനിറമുള്ള പാനപാത്രങ്ങള്‍



യഹോവയുടെ കാലൊച്ചകള്‍ മരുഭൂമിയിലെ കാറ്റാവുന്നു  .  ക്റിസ്തുവിനെ തിരഞ്ഞെന്ത്തുന്ന കാറ്റ്  .  സ്വയം എരിഞ്ഞുകൊണ്ട് ചൈതന്യമാകുന്ന ഇതിഹാസത്തിനാണ് നിക്കോസ്  കസാന്ദ്സക്കിസ്  ക്റിസ്തു എന്ന് പേരിട്ടത്  .  പള്ളിമണികള്‍ മുഴങ്ങുന്ന ഏകാന്തരാത്രികളില്‍ മഞ്ഞുമഴ  മുഴുവന്‍ നനഞ്ഞ് ,  അകലെ ,  കുന്നിന്മുകളില്‍ തനിച്ചു നില്‍ക്കുന്ന വൃക്ഷം അവനാകുന്നു  . The Last Temptation of Christ -ന്റെ രചനാമുഹൂര്‍ത്തങ്ങളില്‍ പ്രതിവിധികളില്ലാത്ത്ത ഒറ്റപ്പെടലുകള്‍  .  ആ ഒറ്റപ്പെടലുകളില്‍  ക്റിസ്തുവിന്റെ രക്തം ഇറ്റുവീണ്  ഹൃദയം മധുരവും തീവ്റവുമായ വേദനയില്‍ പിടഞ്ഞുപോയത് കസാന്ദ്സക്കിസ് രേഖപ്പെടുത്തുന്നുണ്ട്  .  കാസ്റ്റലോയിലെ തിക്തശിലാഭൂമികളില്‍ ഒരാല്‍മണ്ട് മരം   പുഷ്പിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന യനാറസ്  ,  സരാക്കിനയിലെ സൈപ്റസുകള്‍ക്കിടയില്‍ ആരും കാണാതെ ക്റിസ്തുവിനുവേണ്ടി അഭിഷിക്തമാവുന്ന ആത്മാവുള്ള മിഖേലിസ്   ,  ഓക്കുവൃക്ഷത്തില്‍  ക്റിസ്തുവിന്റെ രക്തപങ്കിലശില്‍പ്പം കൊത്തിയെടുക്കുന്ന   മനോലിയസ് ,  ജീവിതത്തിന്റെ അതിശയദേവാലയങ്ങളില്‍ മരണത്തിന് അസ്തിത്വം തന്നെയില്ലെന്നു തിരിച്ചറിഞ്ഞ് വന്ദ്യവാര്‍ദ്ധക്യത്തിലും വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്ന വയോവൃദ്ധന്‍  ,   ജറിഷോയിലെ തളര്‍ന്ന റോസാപുഷ്പമായി സ്വയം സ്വപ്നം കാണുന്ന ക്റിസ്തു  ,  മഗ്ദലിന്‍ എന്ന ജലസ്പര്‍ശത്താല്‍ വീണ്ടും തളിര്ക്കുമെന്ന് സ്വപ്നത്തില്‍ സുവിശേഷം ചെയ്യുന്ന ക്റിസ്തു  ,  എല്ലാ ആഹ്ളാദനിമിഷങ്ങളിലും അദൃശ്യവനങ്ങളില്‍ വേട്ടയാടപ്പെടുന്ന ക്റിസ്തു  ,  സ്വയം കഥാപാത്രമായി കഥാപാത്രങ്ങള്‍ക്കിടയിലെ ധ്യാനനിരതനായ ചക്രവര്‍ത്തിയായി മാസിഡോണിയന്‍ മലമടക്കുകളില്‍ അലഞ്ഞു നടന്ന കസാന്ദ്സക്കിസ്  .  ആകാശത്തെ തൊട്ടുനില്‍ക്കുന്ന ആല്പ്സിലേക്കുള്ള സാഹസികമായ ഏകാന്ത സഞ്ചാരമാണ്  തത്വചിന്തയെന്നു സൂചിപ്പിച്ച ഷോപ്പനോവര്‍  ,  സത്യമെന്നു തോന്നുന്ന ഏതു ദര്‍ശനവും  വെളിപ്പെടുത്താന്‍ മനുഷ്യന്‍ പീഡാകരമായ പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കു പോകണമെന്നെഴുതിയ സ്പിനോസ  . ബൈബിളിനും തിരുസഭക്കും പുറത്തേക്കു വളരുന്ന മിത്തായി ക്റിസ്തുവിനെ സങ്കല്പ്പിച്ച ജോസഫ് കാംബെല്‍   .   ഗിരിമകുടങ്ങളിലേക്ക് സ്വപ്നത്തിന്റെ മഞ്ഞിലെന്നവണ്ണം നടന്നു നീങ്ങിയ തോമസ്മന്‍  .   അലകടല്‍ കാലില്‍ ചുറ്റിപിടിച്ചുവലിക്കുമ്പോള്‍ വേദപുസ്തകം പോലെ മറിയുന്ന കാണാക്കയങ്ങളില്‍ നിന്നും വാക്കുകള്‍ പിടിച്ചെടുത്ത  ജയിംസ് ജോയ്സ്  .  അന്തര്‍ഗതങ്ങളുടെ ദൈവം മാഞ്ഞുപോകുന്ന ഇരുണ്ട നിമിഷങ്ങളില്‍ ചോദ്യങ്ങളെ അഗാധമാക്കിയ നീത്ഷേ   .   തൃഷ്ണകള്‍ തളിര്കുന്ന ഉദ്യാനങ്ങളില്‍ പറന്നു പറന്ന് പിഞ്ഞിപ്പറിഞ്ഞ ചിറകുകളില്‍ വിസ്മയ വാഗര്‍ത്ഥങ്ങള്‍ കുത്തിവരച്ച ബോദ്ലയര്‍  .ആശയങ്ങളുടെ തരിശുകളെ അതിജീവിക്കാന്‍ മനുഷ്യസത്തയുടെ ആഴങ്ങളിലേക്ക് അശ്വരഥങ്ങളില്‍ യാത്ര ചെയ്ത ബെര്‍ഗ്സന്‍  . സ്വര്‍ഗ -നരക -പാതാളങ്ങളെ കാവ്യസഞ്ചാരത്തിന്റെ പടവുകളാക്കി നിരന്തരം മാറിമറിയുന്ന  മേഘലോകങ്ങളിലേക്ക് കയറിപ്പോയ ദാന്തേ   .  കഥാപാത്രങ്ങള്‍   .    കഥയെഴുതുന്നവര്‍   .    കവിതയില്‍ നിറഞ്ഞവര്‍   .    ആശയസൌന്ദര്യങ്ങളുടെ അപ്പോസ്തലന്മാര്‍  .   എല്ലാവരും പലവര്‍ണ്ണപ്പാത്രങ്ങളില്‍ രുചിച്ച അപ്പം  ക്റിസ്തുവിന്റെ മാംസമാകുന്നു  .   പലനിറമുള്ള പാനപാത്രങ്ങളില്‍  കുടിച്ച വീഞ്ഞ്   ക്റിസ്തുവിന്റെ രക്തമാകുന്നു .

No comments:

Post a Comment