Sunday, November 4, 2012

ലളിതാംബിക അന്തര്‍ജ്ജനം എഴുതുന്നു



ദീനയായ് ദുഖിച്ചതീവ കൃ ശാംഗിയായ്
പകലിരവു നിശിചരികള്‍ പരുഷ വചനം കേട്ടു
പാരം വശം കെേട്ടിരിക്കുന്നതുമിവള്‍'
-വാല്മീകി രാമായണം.

ലളിതാംബിക അന്തര്‍ജ്ജനം എഴുതുന്നു. 'സീത മുതല്‍ സത്യവതി വരെ'. പുസ്തകം ലളിതം . സൌമ്യം . സംഗതം. സ്വാഭാവികമായ എഴുത്ത്.  അവിടവിടെ രസകരം നിരീക്ഷണം. ചിലപ്പോള്‍ സൂക്ഷ്മം കാഴ്ച. സ്ത്രീസൈദ്ധാന്തികതയുടെ ഭാരമില്ല.സ്ത്രീയെന്ന നിലയില്‍ സ്ത്രീ കഥാപാത്രങ്ങളെ തിരിച്ചറിയുന്നു. സ്വീകരിക്കുന്നു. വിശദീകരിക്കുന്നു.സ്ത്രീയുടെ സംഘര്‍ഷങ്ങള്‍ സ്ത്രീകഥാപാത്രങ്ങളിലും വേറിട്റെടുക്കുന്നു. അന്തര്‍ജ്ജനം എഴുതിപ്പോകുകയാണ്. നാട്യങ്ങളില്ല. രാമായണ- ഭാരതങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ ഏറ്റവും  അടുത്ത കൂട്ടുകാരികളാക്കുന്നു. സമകാലികരാക്കുന്നു.
'സീതയെ സ്മരിച്ചാല്‍ മതി .നമസ്കരിക്കരുത് .നിത്യദുഖിതയാണ് സീത.ഭര്‍തൃത്യക്തയായ ഭാര്യയുമാണ്.'(പേജ് -24)
.............................................................................................
'രാവണന്‍മാരാണ് ചുഴലവും .പ്രലോഭനങ്ങളാണ് എമ്പാടും . സംശയങ്ങളാണ് എവിടെയും .ത്രേതാ യുഗത്തിലെ സീതയെപ്പോലെ കലിയുഗ നാരിയും കുഴങ്ങി നില്‍ക്കയാണ്‌.'(പേജ്-24)

സ്ത്രീകഥാപാത്രങ്ങളെ തൊട്ടടുത്തുള്ള സ്ത്രീകളാക്കി വ്യാഖ്യാനിക്കുന്നു. തൊട്ടടുത്തുള്ള സ്ത്രീകളെ സ്തീകഥാപാത്രങ്ങളില്‍ കലര്‍ത്തിപ്പകരുന്നു. ഒടുവില്‍ സ്ത്രീകഥാപാത്രങ്ങള്‍ അപ്രത്യക്ഷമാകുന്നു. സ്ത്രീ മാത്രം അവശേഷിക്കുന്നു. ചോദ്യങ്ങള്‍ കണ്ടെടുക്കപ്പെടുന്നു.
'ഒരാള്‍ക്ക്‌ പണയവസ്തുവാക്കാവുന്ന ഒരു വസ്തുവാണോ സ്ത്രീ .ഭാര്യ ഭര്‍ത്താവിന്റെ ക്രയവിക്രയ വസ്തുവാണോ?'(പേജ് -110)

അമ്മ . ഭാര്യ. പുത്രി. കാമുകി . വിരഹിണി . സധീര. സമരോല്‍സുക . തന്ത്രശാലിനി . നിസ്സഹായ. ആത്മവിമര്‍ശക. ആത്മീയവാഹക....അങ്ങനെ തുടരുന്ന വിവിധ സ്ത്രീമുഖങ്ങള്‍ . അവരുടെ സംഘര്‍ഷങ്ങള്‍ . വീഴ്ചകള്‍ . നിലതെറ്റല്‍ . ദുഃഖങ്ങള്‍ .പൊടിയണിഞ്ഞു കിടക്കുന്ന രാമായണ -ഭാരതങ്ങളിലെ ഉപേക്ഷിക്കപ്പെട്ട ഇടങ്ങള്‍ . അവിടങ്ങളില്‍ നിന്നും സ്ത്രീയെ തട്ടിക്കുടഞ്ഞെടുക്കുന്നു. തുടച്ചു  മിനുക്കുന്നു. ഇത്തിരി വെട്ടത്തില്‍ പ്രകാശിപ്പിക്കുന്നു. അവകാശവാദങ്ങളില്ല. ലളിതാംബികാ  അന്തര്‍ജ്ജനം എഴുതുന്നു.
സീത മുതല്‍ സത്യവതി വരെ.
ലളിതാംബിക അന്തര്‍ജ്ജനം
പ്രസാധനം എന്‍.ബി.എസ്-1978

No comments:

Post a Comment