Sunday, November 4, 2012

ഓരോ ദിവസവും സംഭവിക്കുന്നത്‌



ലോകം ഒരു പരിവര്തനദശയിലൂടെ കടന്നു പോകുകയാണോ ?സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ശബ്ദമില്ലാതിരുന്ന എണ്ണമറ്റവരുടെ  ശബ്ദങ്ങള്‍ പുറത്തുകൊണ്ടു വരുന്നു.അതോടൊപ്പം ഒരുപാട് സങ്കീര്‍ണ്ണത്തകളും ഉണ്ടാകുന്നു.ഇനിയും തെളിഞ്ഞു കിട്ടേണ്ട സമസ്യകളും രൂപം കൊള്ളുന്നു.അധികാരത്തിന്റെ നിഗൂഡവല്‍ക്കരണങ്ങളും സമഗ്രാധിപത്യ പ്രവണതകളും അന്താരാഷ്‌ട്ര ഗൂഡാലോച്ചനകളും അഴിമതിയും എല്ലാവര്ക്കും കാണാവുന്ന ഒരു വലിയ തുറസ്സിലേക്ക് വലിചിടപ്പെടുന്നു.അമേരിക തുറന്നു കാട്ടപ്പെടുന്നു.അറബ് നാടുകള്‍ തുറന്നു കാട്ടപ്പെടുന്നു.അധിനിവേശത്തിന്റെ ഇടപെടലുകള്‍ തുറന്നു കാട്ടപ്പെടുന്നു.ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങള്‍ തുറന്നു കാട്ടപ്പെടുന്നു.യൂറോപ്പ് തുറന്നു കാട്ടപ്പെടുന്നു.ഇന്ത്യന്‍ ഉപഭൂഖണ്ടവും ചൈനയും തുറന്നു കാട്ടപ്പെടുന്നു. ജനാധിപത്യഭരണസംവിധാനത്തിന്റെയും മതാധിപത്യഭരണസംവിധാനത്തിന്റെയും മുതലാളിത്തഭരണസംവിധാനത്തിന്റെയും പുഴുക്കുത്തുകള്‍ തുറന്നു കാട്ടപ്പെടുന്നു.മറച്ചു വെക്കാന്‍ ശ്രമിക്കുംതോറും ഭരണകൂടങ്ങളുടെ വൃണങ്ങള്‍ പൊട്ടി നാറുന്ന ചലവും ചോരയും പുറത്തുവരുന്നു.സാമ്പത്തിക അനിശ്ചിതത്വം തുടര്‍ച്ചകള്‍ സൃഷ്ടിക്കുന്നു.പഴയ സാമ്പത്തിക ശക്തിമേഖലകള്‍ക്ക് പകരം മറ്റു മേഖലകള്‍ ഉയര്‍ന്നു വരുന്നു.രാഷ്ട്രീയം,അരാഷ്ട്രീയം തുടങ്ങിയ സംജ്ഞകള്‍ വീണ്ടും വീണ്ടും പുനര്‍നിര്‍വചിക്കപ്പെടുന്നു.സമകാലലോകാവസ്ഥയെ അപഗ്രഥിക്കാതെ പഴയമതവ്യാഖ്യാനങ്ങള്‍ക്കും മതാതീത ആത്മീയതയുടെ ആദര്‍ശാത്മക വീക്ഷണങ്ങള്‍ക്കും അതിജീവിക്കാന്‍ കഴിയില്ലെന്ന നില വന്നു ചേര്ന്നുകൊണ്ടിരിക്കുന്നു.

ഒരുതരം സ്വപ്നജനാധിപത്യത്തിന്റെ യാഥാര്ഥ്യം എവിടെയും ചര്‍ച്ചാവിഷയമാകുന്നു.ജനതയും ജനവികാരവും കൂടുതല്‍ കൂടുതല്‍ സവിശേഷമായ സാധ്യതകള്‍ നിര്‍മ്മിക്കുന്നു.ആ സാധ്യതകള്‍ ആത്യന്തികമായി ലോകത്തെ അതിരുകളില്ലാത്ത മാനുഷികതയിലേക്ക് കൊണ്ടുപോകുമെന്ന് ഇപ്പോള്‍ കരുതാന്‍ കഴിയുമോ?അതോ എല്ലാം കിഴ്മേല്‍ മറിയുമോ? എല്ലാം പിടിവിട്ടു പോകുമോ? അഴിഞ്ഞെന്നു കരുതുന്ന കുരുക്കുകള്‍ മറ്റൊരു രീതിയില്‍ വീണ്ടും മുറുകുമോ? ഇന്നേവരെയുള്ള രാഷ്ട്രീയ ചിന്തകരും രാഷ്ട്രീയ ചിന്തയും നല്‍കിയ ഉപകരണങ്ങള്‍ കൊണ്ട് നിര്‍ധാരണം ചെയ്യാനാവാത്ത പ്രഹേളികാസ്വഭാവം പുതിയ ലോകക്രമത്തിന്റെ
(ക്രമമില്ലായ്മയുടെയും) അടിയൊഴുക്കുകളില്‍ കലങ്ങിപ്പടരുകയാണോ? ഉത്തരം ലഭികേണ്ട ചോദ്യങ്ങള്‍ എമ്പാടും ഉയരുന്നു.എല്ലാ ചോദ്യങ്ങളും സംശയങ്ങളും സങ്കീര്‍ണത്തകളും ചേര്ന്നു ലോകം അഥവാ ലോകചരിത്രം അല്ലെങ്കില്‍ മനുഷ്യ ചരിതം ഒരു വഴിത്തിരിവിലാണെന്ന് നമ്മോടു പറയുകയാണോ? അതിന്റെ ദൃശ്യങ്ങളാണോ നമുക്ക് മുന്നില്‍ ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്നത്.?   

No comments:

Post a Comment