Sunday, November 4, 2012

കെ.വേണു ,ലാലൂര്‍



കെ. വേണുവിനെ എനിക്കു പരിചയമില്ല.ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല.തൃശൂരില്‍ ,ഒളരിയില്‍ ഞങ്ങളുടെ കുടുംബസുഹൃത്തായ ഡോ.ആര്‍.സുരേഷിന്റെ വീടിനടുത്താണ് കെ.വേണു താമസിക്കുന്നതെന്നറിയാം.അതും സുരേഷ് പറഞ്ഞാണറിയുന്നത്.വേണുവിനെപ്പോലെ ഒരാളോട് സംസാരിക്കാനുള്ള അറിവോ അതിനുള്ള യോഗ്യതയോ ഇല്ലാത്തതുകൊണ്ടും പ്രശസ്തരോട് ഇടപഴകാനുള്ള വിമുഖതകൊണ്ടും കെ.വേണുവിനെ പരിചയപ്പെടാന്‍ തോന്നിയില്ല.എന്നാല്‍ വേണുവിന്റെ 'പ്രപഞ്ചവും മനുഷ്യനും''വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്നങ്ങളും 'മുതല്‍ 'കമ്മ്യൂണിസ്റ്റുകാരന്‍റെ ജനാധിപത്യസങ്കല്‍പ്പവും'കരുണാകരനുമായും സി.ആര്‍.പരമേശ്വരനുമായും നടത്തിയ സംഭാഷണങ്ങളും ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതുന്ന ലേഖനങ്ങളും വരെ അതീവ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.തീരെ പരിമിതമായ എന്റെ മനസ്സിലാക്കലുകളില്‍ നിന്നുകൊണ്ട് ആശയങ്ങളുടെയും നിഗമനങ്ങളുടെയും തലങ്ങളില്, ചിന്താപരമായ പരിണാമങ്ങളുടെ ഭാഗമായി പല ഘട്ടങ്ങളില്‍ നടത്തിയ പ്രായോഗിക ഇടപെടലുകളുടെയും സമീപനങ്ങളുടെയും കാര്യത്തില്‍ വേണുവിനോട് വിവിധകോണുകളില്‍ ശക്‍ത്തമായ വിയോജിപ്പുകള്‍ എനിക്കുണ്ട് എന്നുകൂടി സൂചിപ്പിച്ചു കൊള്ളട്ടെ.വിഷയം അതല്ല.കെ.വേണുവിനെ അടുത്തറിയുന്ന ഡോ.സുരേഷ് പറഞ്ഞറിഞ്ഞ ഒരു കാര്യമുണ്ട്. തികച്ചും ലളിതവും അനാര്‍ഭാടവുമായ ജീവിതമാണ് വേണു നയിക്കുന്നത്.അതുശരിയെങ്കില്‍ ഒന്നാലോചിക്കാം .വേണമെങ്കില്‍ വേണുവിന് ഏതെങ്കിലും ചാനലിന്‍റെ തലപ്പത്ത് കയറിക്കൂടാമായിരുന്നു.പഴയ ചില തീവ്ര വിപ്ളവകാരികളെപ്പോലെ ഏതെങ്കിലും പ്രമുഖ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിയുടെ കുഴലൂത്തുകാരനാവാമായിരുന്നു.അതല്ലെങ്കില്‍ മറ്റ് ചിലരെപ്പോലെ പൂര്‍ണമായ ഭക്തിമാര്‍ഗം തെരഞ്ഞെടുക്കാമായിരുന്നു.ആ വിധം കരുക്കള്‍ നീക്കിക്കളിച്ചിരുന്നെങ്കില്‍ അതിസംപന്നന്നും അധികാരസ്ഥാനങ്ങളുള്ളയാളും ആയി വെട്ടിത്തിളങ്ങാമായിരുന്നു.വേണു അത് ചെയ്തില്ല.പകരം പരാജയപ്പെട്ട പല പരീക്ഷണങ്ങളില്‍ മുഴുകി.പലതും പാളിപ്പോയി.ആ പരീക്ഷണങ്ങളോട് എനിക്കും നിങ്ങള്ക്കും തീക്ഷ്ണമായ വിയോജിപ്പുകള്‍ ഉണ്ടാകും.തീവ്ര വിപ്ളവകാരിയായിരുന്ന ഒരാള്‍ തീര്‍ത്തൂം ജനാധിപത്യവാദിയും അഹിംസാവാദിയുമായത് ഏറെപ്പേരെ അലോസരപ്പെടുത്തുന്നുണ്ടാകും.തര്‍ക്കം സാധ്യമല്ലാത്ത അനേകം വാസ്തവങ്ങള്‍ ആ അലോസരപ്പെടുത്തലിന്റെ  അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നുമുണ്ടാകും.ആദ്യക്കാല വേണുവില്‍ നിന്നും പില്‍ക്കാല വേണുവിലേക്കുള്ള പരിണതികള്‍ ആദ്യകാല വേണുവിനോടൊപ്പം നിന്നവരില്‍,ഇപ്പോഴും ആകാഴ്ചപ്പാടില്‍ ഉറച്ചു നില്‍ക്കുന്നവരില്‍ അമര്‍ഷവും സംഘര്‍ഷവും ഉളവാക്കികൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും നിലനില്ക്കുന്നു.അവര്ക്കു പില്‍ക്കാല വേണു സ്വീകാര്യനല്ലാതിരിക്കുന്നതും കാണേണ്ടതുണ്ട്.സത്യത്തില്‍ വേണു ഒരു പ്രതീകമാണ്.വിമര്‍ശനങ്ങളും വിചാരണകളും പരിഹാസങ്ങളും പരീക്ഷണങ്ങളും അഭാവങ്ങളും ചേര്ന്ന് രൂപപ്പെടുത്തിയ ഒരു പ്രതീകം.ആ പ്രതീകത്തിന് സംഭവിച്ച പരിണാമങ്ങള്‍ക്കും വീഴ്ചകള്‍ക്കും പരിമിതികള്‍ക്കും  പിന്നിലെ സാമൂഹിക സാഹചര്യങ്ങള്‍ ആഴത്തില്‍ വിലയിരുത്തുകയാണെങ്കില്‍ സമീപകാല കേരളത്തിന്റെ സംസ്കാര പഠനം തന്നെ സാധ്യമായേക്കാം.അതേ സമയം തന്നെ,വേണുവിന്റെ പരാജയപ്പെട്ട പരീക്ഷണങ്ങള്‍ പലരുടെയും വന്‍ വിജയങ്ങളെക്കാള്‍ ചര്ച്ച ചെയ്യപ്പെടേണ്ടതുണ്ട്.ലാലൂരില്‍ മറ്റൊരു പരീക്ഷണത്തിനാണ് വേണു മുതിര്‍ന്നത്.വേണു അറസ്റ്റ് ചെയ്യപ്പെട്ടു.പ്രതികരണ പ്രളയം സംഭവിച്ചില്ല.മാധ്യമങ്ങള്‍ കൊണ്ടാടിയില്ല.വേണുവിന് പകരം മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ മറ്റേതെങ്കിലും വന്‍സമുദായ നേതാക്കളോ ആയിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഓടിയെത്തി കാല് പിടിക്കുമായിരുന്നു.ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളിലല്ല,മറിച്ച് പ്രതിച്ഛായകളിലും വോട്ടുബാങ്കിലും കക്ഷിരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുമാണ് (കണ്ടില്ലേ ചില രാഷ്ട്രീയ കക്ഷികളെ -വിളപ്പില്‍ ശാലയില്‍ ഒരു നിലപാട്.ലാലൂരില്‍ മറ്റൊരു നിലപാട്.)  സര്‍കാറിനും മുഖ്യധാരാ രാഷ്ട്രീയത്തിനും താല്പര്യമെന്നുകൂടി ലാലൂര്‍ കാട്ടിത്തരുന്നു.ഞാനും നിങ്ങളും ഉള്‍പ്പെടുന്നഉദാസീനരായ ജനത ,സ്വയം ഒറ്റികൊടുക്കുന്ന ജനത, അവരാണ് ഏതുസാമൂഹിക പ്രതിരോധത്തെയും പ്രതികരണങ്ങളെയും സര്‍ഗാത്മകമായി വികസിക്കാന്‍ അനുവദിക്കാതെ ഒറ്റപ്പെടുത്തികളയുന്നതെന്നും മറ്റ് പല സമരങ്ങളെയും പോലെ ലാലൂരും ഓര്‍മ്മിപ്പിക്കുന്നു.

No comments:

Post a Comment