Sunday, November 4, 2012

പി.എം.ആന്റണി



IN THE DARK TIMES
WILL THERE BE SINGING?
YES,THERE WILL BE SINGING
ABOUT THE DARK TIMES
-bertolt brecht

അതൊരു കാലം.വാക്കുകള്‍ കത്തിപ്പടര്‍ന്നു.ചുവരെഴുത്തുകള്‍ ചീറിപ്പുളഞ്ഞു.പ്രഹരശേഷിയുള്ള മുദ്രാവാക്യങ്ങള്‍ ആഞ്ഞുപതിച്ചു.പാര്‍ലമെന്‍റ് പന്നിക്കൂടായി.ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞു.തൊക്കെടുത്ത വിപ്ളവം ചുട്ടുപൊള്ളി.ഒന്നും സംഭവിച്ചില്ല.എന്നാല്‍ എന്തൊക്കെയോ സംഭവിച്ചു.ആരവങ്ങളൊടുങ്ങി.അപഗ്രഥനങ്ങള്‍ ഏറെ നടന്നു.ഇപ്പോഴും നടക്കുന്നു.പങ്കെടുത്തവര്‍ പങ്കെടുത്ത രീതികളെ വിശകലനം ചെയ്തു.ചിലര്‍ പാടേ തള്ളിപ്പറഞ്ഞു.ചിലര്‍ സ്വയം തിരിച്ചറിഞ്ഞു.ചിലര്‍ സ്വയം തിരുത്തി.ചിലര്‍ സാധ്യതകളുടെ തുടര്‍ച്ചകള്‍ തേടി.ഒരിക്കല്‍ സ്വപ്നകലാപങ്ങളില്‍ ഒന്നിച്ചു നിന്നവര്‍ ചിതറിപ്പിരിഞ്ഞു.പരസ്പരം ശത്രുക്കളായി ഏറ്റുമുട്ടി.പലയിടങ്ങളില്‍ പലരീതികളില്‍ ചിലര്‍ അവസാനിച്ചു.ചിലര്‍ അതിജീവിച്ചു.ആ കാലം കല്‍പ്പിതകഥപോലെ.ഞങ്ങള്‍, മറ്റൊരു തലമുറയില്‍ പെട്ടവര്‍ ,ആ കാലത്തിന്റെ ക്ഷതങ്ങളും മുറിവുകളും ഉടലില്‍ ഏറ്റുവാങ്ങാത്തവര്‍,ഒന്നും ചോദിക്കുകയില്ല.കാരണം ,കഥയില്‍ ചോദ്യങ്ങളില്ല.കഥാപാത്രങ്ങളെ കടംകഥകളാക്കുന്ന കഥ ചിലപ്പോള്‍ ചരിത്രം കൂടിയാകുന്നു.

കഥയില്‍ അതിജീവിച്ചവര്‍ അതിജീവനത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ സഞ്ചരിച്ചു.ആന്റണിചേട്ടന്റെ (പി.എം.ആന്റണി) മാര്‍ഗം നാടകത്തിന്റേതായിരുന്നു.മറ്റു പലരെയും പോലെ പാടേ മാറിപ്പോയില്ല ആ മനുഷ്യന്‍.മാറാന്‍ ആന്റണിചേട്ടന് മനസ്സില്ലായിരുന്നു.തീവ്രസ്വപ്നങ്ങളെ വാക്കുകളില്‍ കുഴിച്ചുമൂടിയില്ല.കാലത്തിനു പറ്റാത്ത കോലമായി.നിരന്തരം നാടകപരിശ്രമങ്ങള്‍ നടത്തി.പരാജയങ്ങളിലും വിജയിച്ച പോരാളിയെ ഓര്‍മ്മിപ്പിച്ചു.തൊഴിലാളികളോടും അവഗണിക്കപ്പെട്ട മനുഷ്യരോടും കൂട്ടുകൂടി നടന്നു.അങ്ങനെയുള്ളവരെ നാടകപ്രവര്‍ത്തനത്തിന്റെ ആരും വേരുമാക്കി.ലളിതമായി ജീവിച്ചു.സാമ്പത്തിക പരാധീനതകളെ ആത്മവിശ്വാസം കൊണ്ട് നേരിട്ടു.തിരുവനന്തപുരത്ത് ഫിലിംഫെസ്റ്റിവലുകളില്‍ വെച്ചുകാണുംപോഴൊക്കെ പുതിയ നാടകങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു.എല്ലായ്പ്പോഴും ഞാന്‍ കേള്‍വിക്കാരനായി.തൊട്ടടുത്തു നിന്നു സംസാരിക്കുമ്പോഴും അക്കരെ നിന്നു സംസാരിക്കുന്നത് പോലെ.ഇക്കരെ നിന്നു കേള്‍ക്കുന്നതുപോലെ .

ആന്‍റണിചേട്ടനെ ആദ്യം കാണുന്നത് കുട്ടിയായിരിക്കെ,വര്‍ഷങ്ങള്‍ക്ക് മുന്പ് അച്ഛനോടൊപ്പമാണ്.അവസാനം കണ്ടത് അടുത്തിടെ ആലപ്പുഴ എന്‍.ബി.എസില്‍ വെച്ച്.അച്ഛന്‍ കഥാവശേഷനായിട്ട് കൊല്ലങ്ങള്‍ കുറച്ചായി.അച്ഛനില്‍ നിന്നു തുടങ്ങി ഞങ്ങളിലേക്കുവന്ന ജേഷ്ഠതുല്യരായ സുഹൃത്തുക്കള്‍ ഓരോരുത്തരായി യാത്രപറയുന്നു.ഇനി ആലപ്പുഴയില്‍ ചെല്ലുമ്പോള്‍ ,നഗരത്തില്‍ നടക്കാനിറങ്ങുംപോള് ,എവിടെനിന്നോ തന്റെ സൈക്കിളില്‍ പെട്ടെന്ന് ആന്‍റണിചേട്ടന്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല.തുടര്‍ സഹനങ്ങളെ അതിജീവിച്ച ആ മനുഷ്യനും പോയി.നാടകത്തിനു തിരശീല വീണു.ഓര്‍മ്മകളില്‍ നാടകം അവസാനിക്കുന്നില്ല.

No comments:

Post a Comment