Saturday, November 3, 2012

അയ്യപ്പപണിക്കര്‍

 

അയ്യപ്പപണിക്കരെ ആദ്യം കാണുന്നത് തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് . എന്‍.ബി.എസ്  പ്രസിദ്ധീകരിച്ച അച്ഛന്റെ ആദ്യ കവിതാസമാഹാരത്തിന് കവര്‍ വരച്ചത് കാലിഗ്രാഫിസ്റ്റായ ഭട്ടതിരിയാണ്‌ . അദ്ദേഹത്തെ കാണാന്‍ തിരുവനന്തപുത്തു വന്നപ്പോള്‍ അച്ഛന്‍ സുഹൃത്തുക്കളായ കാവാലം നാരായണപണിക്കരെയും അയ്യപ്പപണിക്കരേയും സന്ദര്‍ശിച്ചു. അന്ന് അച്ഛനോടൊപ്പമുണ്ടായിരുന്ന എനിക്ക് അങ്ങനെ അയ്യപ്പപണിക്കരെ കാണാനുള്ള അവസരം ലഭിച്ചു. അതിനു മുന്‍പ് തന്നെ 'നവധാര ' പ്രസിദ്ധീകരിച്ച ' അയ്യപ്പപണിക്കരുടെ കൃതികള്‍ ' വായിച്ചിരുന്നു. ആ പുസ്തകത്തിന്റെ കടുംപച്ചനിറമുള്ള കട്ടിബയന്റിങ്ങും കവിതകള്‍ അച്ചടിച്ച രീതിയും കവിതയെന്നത്‌ എങ്ങനെ പ്രസിദ്ധീകരിക്കണമെന്നു കൂടി പറഞു തരും വിധത്ത്തിലുള്ളതായിരുന്നു.

അച്ഛന്റെ രണ്ടാമത്തെ കാവ്യസമാഹാരം തിരുവനന്തപുരത്ത് സോപാനത്തില്‍ വെച്ച് പ്രകാശനം ചെയ്തത് അയ്യപ്പപണിക്കരായിരുന്നു . കാവാലംനാരായണപണിക്കര്‍ ,കടമ്മനിട്ട രാമകൃഷ്ണന്‍,കാക്കനാടന്‍ ,വിഷ്ണുനാരായണന്‍ നമ്പൂതിരി ,കളര്‍കോട് വാസുദേവന്‍ നായര്‍ തുടങ്ങി അച്ഛന്റെ സുഹൃത്ത്വലയത്തില്‍ പെട്ടവരുടെ  ഒരു സ്നേഹക്കൂട്ടായ്മ കൂടിയായി മാറി ആ പ്രകാശന ചടങ്ങ് . കുറെ നാളത്തെ അജ്ഞാതവാസത്തിനു ശേഷം മള്‍ബെറി പ്രസിദ്ധീകരിച്ച ആദ്യകവിതാസമാഹാരം നല്കാനായിട്ടാണ് അയ്യപ്പപണിക്കരെ വീണ്ടും കാണുന്നത് . ഏറെ പ്രശസ്തമായ സ്വതസിദ്ധശൈലിയില്‍ അദ്ദേഹം തമാശകള്‍ പറഞ്ഞു . സമതുല്യനായ ഒരാളോടെന്നവണ്ണം സംസാരിച്ചു . നല്ലവാക്കുകള്‍ ചൊരിഞ്ഞു . തിരിച്ചിറങ്ങാന്‍ നേരം അടുത്ത് വിളിച്ച് കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന എസ്റാ പൌണ്ടിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം സമ്മാനിച്ചു . അതില്‍  നിറയെ അദ്ദേഹം എഴുതിയ കുറിപ്പുകള്‍ ഉണ്ടായിരുന്നു . കവിതയെ അങ്ങേയറ്റം ഗൌരവത്ത്തിലും ആഴത്തിലും വിശാലത്യിലും വെച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളായിരുന്നു ആ കുറിപ്പുകള്‍ . എസ്റാപൌണ്ടിന്റെ വരികളെ എണ്ണമറ്റ പലകവികളുടെ വരികളുമായി തട്ടിച്ചു നോക്കിയുള്ള അപഗ്രഥനങ്ങളും ആ കുറിപ്പുകള്‍ക്കിടയില്‍ കാണാം . അയ്യപ്പപണിക്കരുടെ  അപ്റ്റു ഡേറ്റായ  വായനയുടെ അത്ഭുതകരമായ സൂചനകള്‍ അതില്‍ ഉടനീളമുണ്ടായിരുന്നു. ഒരു വലിയ വായനക്കാരനോ  ഏതെങ്കിലും തരത്തില്‍ പരിഗണിക്കപ്പെടേണ്ട ഒരാളോ അല്ലാതിരുന്നിട്ടും, ഇംഗ്ളിഷ് ഭാഷയിലെന്നല്ല മലയാള ഭാഷയില്‍ തന്നെ പറയത്തക്ക പിടിപാടൊന്നും ഇല്ലാത്ത ഒരാളായിട്ടും   അത്തരമൊരു കവിതാസമാഹാരം അദ്ദേഹം എനിക്ക് സമ്മാനിച്ചതില്‍ ഒട്ടൊരു വിസ്മയവും ഞെട്ടലും തോന്നി . ഇന്നും ആ ഞെട്ടല്‍ മാറിയിട്ടില്ല . ഒരു പഴയ  സുഹൃത്തിന്റെ മകനോടുള്ള വാത്സല്യം മാത്രമാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്ന് ഇന്നാലോചിക്കുമ്പോള്‍ മനസ്സിലാകുന്നു . മറ്റൊരു തരത്തിലും ആ പുസ്തകം ഞാന്‍ അര്‍ഹിക്കുന്നില്ല.

വര്‍ഷങ്ങള്‍ കടന്നു പോയി . ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന്  'ബഹുവചനം ' എന്ന മാസിക പുറത്തിറക്കി . അതില്‍ കവിതയെക്കുറിചുള്ള തീവ്രനിലപാടുകള്‍ ഉണ്ടായിരുന്നു . മുതിര്‍ന്ന കവികള്‍ ,അവര്‍ എത്ര ഉന്നതരായാലും നിഷേധ മാതൃകകളാണെന്ന ആശയം ഉണ്ടായിരുന്നു . കവിതയില്‍ അന്നന്നു രൂപപ്പെടുന്ന ട്റെന്‍ഡുകള്‍ക്കൊപ്പിച്ച്  ,സ്വയം പാകപ്പെടും മുന്‍പു തന്നെ , തികച്ചും യാന്ത്രികമായി ,പ്രകട്നാത്മകമായി എഴുതുന്ന കവികളോടും അത്തരം രീതിയോടും  പ്രതിഷ്ധിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു . അതിന്റെ ഭാഗമായി അയ്യപ്പപണിക്കര്‍ അടകമുള്ള ചില കവികളുടെ കവിതകള്‍  'പ്രതീകാത്മകമായി കത്തിക്കാന്‍ ' ഞങ്ങള്‍ തീരുമാനിച്ചു . നഗരത്തില്‍ ഞങ്ങള്‍ പോസ്റ്ററുകള്‍ പതിക്കുകയും പരിപാടിയുടെ പിന്നിലെ ആശയം വിശദീകരിക്കുന്ന നോട്ടീസുകള്‍ വിതരണം ചെയ്യുകയും ചെയ്തു . കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടി , സ്നേഹസമ്പന്നരും ജേഷ്ഠതുല്യരുമായ സുഹൃത്തുകള്‍ - ഷെല്‍വിയുടേയും എ. സോമന്‍റേയും  നേതൃത്വത്തില്‍ ഉണ്ടായ ഇടപെടല്‍ മൂലം പെട്ടെന്ന് അവസാനിപ്പികേണ്ടിവന്നു . ഇരുപതുകളുടെ തുടക്കം മാത്രം പിന്നിട്ടിരുന്ന , പലതിനോടുമുള്ള അമര്ഷങ്ങള്‍ അടക്കിപ്പിടിച്ചിരുന്ന കൌമാരക്കാരുടെ സ്വാഭാവിക പ്രതികരണമായിരുന്നു അത് . ആ കൌമാരം  ഇന്നും ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ട് അത്തരമൊരു പരിപാടിയുടെ  സംഘാടകരില്‍ ഒരാളായതില്‍ ഇപ്പോഴും അശേഷം  പശ്ചാത്താപം തോന്നുന്നതുമില്ല.

എന്നാല്‍ പരിപാടിയെക്കുറിച്ചു കേട്ടറിഞ്ഞ  അയ്യപ്പപണിക്കരുടെ പ്രതികരണം അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അസാധാരണവും അതിവിശാലവുമായ ജനാധിപത്യ ബോധത്തിന്റെ  തെളിവായിരുന്നു .  ഞങ്ങളുടെ കവിസുഹൃത്തുക്കളില്‍ ഒരാളോട് അദ്ദേഹം പറഞ്ഞത്  - 'എന്നെ വിളിച്ചിരുന്നെങ്കില്‍  ഞാന്‍ വന്ന് പരിപാടി ഉദ്ഘാടനം  ചെയ്തു തരുമായിരുന്നല്ലോ  '  എന്നാണ് .  പാതിഫലിതം കലര്‍ന്നു വന്ന ആ ജനാധിപത്യപ്രതികരണം ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോടുള്ള എന്റെ  ആദരവിനെ (ലോകം മുഴുവന്‍ ആദരിക്കുന്ന ഒരാള്‍ക്കുമുന്നില്‍ എന്റെ ആദരവിന് അര്‍ത്ഥമൊന്നുമില്ലെങ്കിലും ) വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്തു .  എന്നിട്ടും പിന്നീടെന്തോ  അദ്ദേഹത്തെ നേരില്‍ കാണാന്‍ വിമുഖത തോന്നി . അച്ഛനു പിന്നില്‍ പതുങ്ങി നിന്ന് ആദ്യമായി അദ്ദേഹത്തോട് സംസാരിച്ച പഴയ കുട്ടിയെ ഓര്‍മ്മിച്ചപ്പോള്‍ വിമുഖത ഇരട്ടിച്ചു . നേരില്‍ കാണാന്‍ കിട്ടിയ അവസരങ്ങളില്‍ നിന്നെല്ലാം അതുകൊണ്ടു മാത്രം  ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു . അങ്ങനെ കുറച്ചു കാലം ഒഴുകിപ്പോയി .

ഒരു ദിവസം കാലത്ത് പത്രമെടുത്ത് നോക്കി  . ഇന്നത്തെ പരിപാടിയില്‍ ഒരു വാര്‍ത്ത കണ്ടു . അയ്യപ്പപണിക്കരുടെ പ്രഭാഷണം . വിഷയം :കഥകളിയിലെ ഹനുമാന്‍ വേഷം. സ്ഥലം : തീര്‍ഥപാദമണ്ഡപം . തിരുവനനതപുരത്ത്  താമസമാക്കിയ ആദ്യനാളുകളാണ്  . പ്രഭാഷണം കേള്‍ക്കാന്‍ ചെന്നു .ഏകദേശം  അദ്ദേഹത്തിന്റെ അവസാനകാലത്തെ പ്രഭാഷണങ്ങളില്‍ ഒന്ന് .  എഴുത്തുകാര്‍ ഹീറോകള്‍ അല്ലതായിത്തുടങ്ങിയകാലം . ചെറിയ സദസ്സ് .ഏറ്റവും പിന്നിലിരുന്നു .സൗമ്യമായ വാക്കുകകള്‍ . വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ . ആഴമുള്ള ഫലിതപ്രയോഗങ്ങള്‍  .ആരവങ്ങളില്ലാത്ത്ത  മികച്ച പ്രഭാഷണം. അദ്ദേഹം തിരിച്ചറിയരുതേ എന്നാഗ്രഹിച്ചു . പ്രഭാഷണം കേള്‍ക്കാം .മടങ്ങാം . എന്നാല്‍ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു .  പ്രഭാഷണത്തിനിടയിലും മുന്നില്‍ വന്നിരിക്കാന്‍ ആംഗ്യം കാട്ടി  .  ആരുമല്ലാത്ത ഞാന്‍ . വിശ്വപൌരനായ അയ്യപ്പപണിക്കര്‍ . പ്രഭാഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ചുറ്റും കൂടിയവരില്‍ നിന്നും അകന്നു നിന്നു . അത് കണ്ടിട്ടാവണം അടുത്തേക്ക് വിളിച്ചു . കുടുംബവിശേഷങ്ങള്‍  ചോദിച്ചറിഞ്ഞു . കയ്യില്‍ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു . കുറിയ വിരലുകളുള്ള കൈകള്‍ . മെലിഞ്ഞ കൈത്തണ്ടകള്‍ . ക്ഷീണിതമായ മുഖം . നിലയ്ക്കാത്ത ഊജസ്വലത . യാത്ര  പറഞ്ഞ്,  തീര്‍ഥപാദമണ്ടപത്ത്തില്‍  നിന്നും പുറത്തേക്കു നടക്കുമ്പോള്‍   കണ്ണുകള്‍ നിറഞ്ഞു വന്നു .  ഇരുട്ടുവീണ തെരുവിനോരത്തേക്ക് നീങ്ങി  നിന്നു . ആരും കാണാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ച്  പൊട്ടി കരഞ്ഞു .

ഇല്ല , പണിക്കര്‍ കവിതകളോടുള്ള അതിനിശിതമായ വിമര്ശനങ്ങള്‍ ഞാന്‍ പിന്വലിക്കുന്നില്ല . മറിച്ച് , അതുകൂടുതല്‍ വികസിപ്പി ക്കേണ്ടതുണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു . അതോടൊപ്പം ലോകത്തിലെ ഏതു ചിന്തകരോടും  എഴുത്തുകാരോടും സമശീര്‍ഷനായി നിന്ന് അദ്ദേഹം നടത്തിയ അഭിമുഖങ്ങളോടുള്ള ഇഷ്ടം ,പാശ്ചാത്യ -പൌരസ്ത്യ- ഭാരതീയ നിരൂപണപദ്ധതികളെ ആഴത്തിലും സമകാലികപ്രസക്തിയോടെയും ബന്ധിപ്പിച്ചുകൊണ്ട് എഴുതിയ ലേഖനങ്ങളോടുള്ള ആദരവ് . ' പത്തുമണി പ്പൂക്കളോടുള്ള പ്രിയം -അങ്ങനെ പലതുമുണ്ട് . അയ്യപ്പപണിക്കരുടെ 'റിപ്പബ്ലിക് '  മനുഷ്യസാധ്യമായ വിധത്തില്‍ അതിവിശാലവും ബഹുസ്വരവുമാണ് . അതിരുകളില്ലാത്ത ജനാധിപത്യത്തിന്റെ  ഭാഷ അത് നിരന്തരം സംസാരിക്കാന്‍ ശ്രമിച്ചു . വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും ശത്രുക്കള്‍ക്കും കൂടി അവിടെ ഇടമുണ്ട്  . ഇത്തിരിയോളം പോന്ന കവിതാസ്നേഹികളായ എന്നെപ്പോലുള്ളവര്‍ക്കും ആ റിപബ്ലിക്കില്‍ കടന്നിരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു .



No comments:

Post a Comment