Saturday, November 3, 2012

തിലകന്‍ പറഞ്ഞത്


നടന്‍ തിലകനുമായി ഒരു കൂടിക്കാഴ്ച.'തേജസ്‌' ദിനപ്പത്രത്തില്‍ ഞായറാഴ്ചപ്പതിപ്പിന്റെ ചുമതലയുള്ള ജേഷ്ഠതുല്യനായ സുഹൃത്ത് ജമാലിക്കയാണ്  (ശ്രി.ജമാല്‍ കൊച്ചങ്ങാടി ) ആ നിര്‍ദേശം മുന്നോട്ടു വച്ചത്.തേജസ്‌വാര്ഷികപ്പതിപ്പിനു വേണ്ടി.അങ്ങനെ തിലകനെ കണ്ടു.തിരുവനന്തപുരത്ത് അംബുജവിലാസം റോഡിലുള്ള തിലകന്റെ ഫ്ളാറ്റില്‍ (പി.ആര്‍.എസ് കോര്ട്ട് ) ഒരു പകല്‍ മുഴുവന്‍ സംസാരിച്ചിരുന്നു.ആ സംഭാഷണത്തില്‍ നിന്നും ചിലത് ഒരു ഫീച്ചര്‍ രൂപത്തില്‍ തേജസ്‌ വാര്‍ഷികപ്പതിപ്പില്‍ (2009) പ്രസിദ്ധീകരിച്ചുവന്നു.ഭാഷയിലും വിഷയത്തോടുള്ള സമീപനത്തിലും പറയത്തക്ക ഒരു പുതുമയും ആ ഫീച്ചറിനുണ്ടായിരുന്നില്ല.ഒരു വെറും സാധാരണ ഫീച്ചര്‍. അതില്‍ നിന്നും തിലകന്‍ തിലകന്റെ കുട്ടിക്കാലത്തെ ഓര്‍മ്മിക്കുന്ന ഒരു ഭാഗം ഇവിടെ പോസ്റ്റു ചെയ്യുന്നു. 


''ഞാന്‍ ജനിച്ചത്‌ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ഗ്രാമത്തിലാണ്  .  അല്‍പമകലെ  മുണ്ടക്കയം എന്ന ചെറുപട്ടണമുണ്ട്  .  ചേതോഹരമായ ഹൈറേഞ്ചിന്റെ പ്രകൃതി   .  കഥപതഞ്ഞൊഴുകുന്ന മണിമലയാറ്  .  നന്മയുള്ള ഗ്രാമീണര്‍  .
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് .
അച്ഛന്‍ റബറ് എസ്റ്റേറ്റില്‍ സൂപറ്വൈസറായി ജോലി ചെയ്യുന്നു .  നോകെത്താദൂരത്തോളം പരന്നു കിടക്കുന്ന എസ്റ്റേറ്റ്  .  അതിനു നടുവിലൂടെ നീണ്ടു പോകുന്ന ഒറ്റയടിപ്പാത  .  ഒറ്റയടിപ്പാത അവസാനിക്കുന്നിടത്ത് പ്റിയപ്പെട്ട മണിമലയാറ് .  അത് കഴിഞ്ഞാല്‍ റോഡാണ്  . കോട്ടയം - കുമളി റോഡിന്റെ ഒരു കൈവഴി  .
ഞാനന്ന് സ്കൂള്‍ ക്ളാസിലാണ് .
വീട്ടില്‍ നിന്ന് സ്കൂളിലേക്ക് മൂന്നു മൈല്‍ നടക്കണം  .  റബറ് മരങ്ങള്‍ അതിരിടുന്ന ഒറ്റയടിപ്പാതയിലൂടെയാണ് വരവും പോക്കും  .  ഏകാന്തഭീകരവും സുന്ദരവുമായ ഒറ്റയടിപ്പാത  .  ഇടയ്ക്കിടെ വൃക്ഷങ്ങളുടെ വേരുകള്‍ പുറത്തേക്ക് പടര്‍ന്നുപിണഞ്ഞുയര്‍ന്നുയര്‍ന്നു കിടന്നിരുന്നു  .  ആ തടസ്സങ്ങളെല്ലാം തരണം ചെയ്ത് റോഡിലെത്തുംപോള്‍  തളര്‍ന്നിരിക്കും . ദാഹിച്ചു വലയും.
റോഡിനിരു വശത്തും  നിറയെ വീടുകള്‍ ഉണ്ടായിരുന്നു  .   ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും വീടുകള്‍  .  കൂടുതലും മുസ്ലീം വീടുകളായിരുന്നു  .   വീടുകളില്‍ ആണുങ്ങള്‍ ഉണ്ടാവില്ല  .  അവര്‍ പണിക്കു പോയിരിക്കും .  ആ വീടുകളിലെ മുതിര്‍ന്ന സ്ത്രീകള്‍ എന്നും കണ്ടു പരിചയമുള്ളവരാണ്‌ .  ഏതെങ്കിലും വീടിന്റെ മുന്നില്‍ ചെന്ന് സ്വാതന്ത്ര്യത്തോടെ നീട്ടി വിളിക്കും:  'ചേട്ടത്തിയേ ,  ഇത്തിരി വെള്ളംതാ '
ഇറങ്ങി വരുന്ന ചേട്ടത്തി - അവര്‍ മുസ്ലീമാകാം , ഹിന്ദുവാകാം , ക്രിസ്ത്യാനിയാകാം - സ്നേഹത്തോടെ വെള്ളം തരും  .  അതു കുടിച്ചു കഴിയുമ്പോള്‍  മനസ്സും ശരീരവും തണുക്കും  .  തളര്‍ച്ച മാറും . വീണ്ടും സ്കൂളിലേക്കു  നടക്കും  .
ആ ചേട്ടത്തിമാരുടെ സ്നേഹത്തിന് ഒരേ നിറമായിരുന്നു.
' ചേട്ടത്തിയേ ' എന്നത്‌ ഞങ്ങളുടെ നാട്ടിന്‍പുറത്തെ സര്‍വസാധാരണമായ വിളിയാണ്  .  മുതിര്‍ന്ന സ്ത്രീകളെ ഞങ്ങള്‍ പൊതുവായി അഭിസംബോധന ചെയ്തിരുന്നത് അങ്ങനെയാണ് .  ആ വിളിക്ക് ജാതിമതഭേദങ്ങള്‍ ഉണ്ടായിരുന്നില്ല  .
ഇന്ന് ആലോചിക്കുമ്പോള്‍ തോന്നുന്നു . പില്‍ക്കാലത്ത് ഞാന്‍ കടന്നു പോന്ന ജീവിതത്തിന്റെ ഒരു പ്രതീകം പോലെയായിരുന്നു എസ്റ്റേറ്റിനു നടുവിലെ ഒറ്റയടിപ്പാതയും അന്നത്തെ യാത്രകളും  . പിണഞ്ഞുയര്‍ന്ന വേരുകള്‍ സൃഷ്ടിച്ച തടസ്സങ്ങള്‍......മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ച ആകസ്മിക സ്നേഹങ്ങള്‍   .  ഇപ്പോഴും ഞാന്‍ മണിമലയാറിലെ വെള്ളം പോലെയാണ്. തടസ്സങ്ങളെയെല്ലാം അതിജീവിച്ച് കൂലംകുത്തിയൊഴുകുന്ന വെള്ളം  .  ഋതുഭേദങ്ങള്‍ മാറിമറിയുംപോഴും അതിന്  ഒഴുകാതെ വയ്യ''.

No comments:

Post a Comment