Sunday, November 4, 2012

കഥാപ്രസംഗം:വി.സാംബശിവന്‍ & പാര്ട്ടി


ആലപ്പുഴ . പഴവീട് ക്ഷേത്രമൈതാനം . മൈതാനത്ത് നിറഞ്ഞുകവിഞ്ഞ ജനനങ്ങള്‍ . അവര്‍ക്കിടയില്‍ സമ്പന്നരുണ്ട് . സമ്പത്തില്ലാത്തവരുണ്ട് . പലജാതിമതസ്ഥരുണ്ട് . സര്‍കാരുദ്യോഗസ്ഥരുണ്ട് . കൂലിപ്പണിക്കാരുണ്ട് . വി.ഐ.പി.കളുണ്ട് . തെരുവില്‍ കിടന്നുറങ്ങുന്നവരുണ്ട് . പാടവരമ്പുകള്‍ കടന്നു വരുന്ന , പള്ളാത്തുരുത്തിയാറു കടന്നു വരുന്ന , തന്‍റേടികളായ കര്‍ഷകസ്ത്രീകളുണ്ട് . കണ്ണില്‍ കള്ളക്കനവുള്ള കര്‍ഷക യുവതികളുണ്ട് . കറുപ്പില്‍ കടഞ്ഞെടുത്ത സുന്ദരന്‍മാരുണ്ട് . കോളേജ് വിദ്യാര്ത്ഥികളുണ്ട് . വിദ്യാര്‍ത്ഥിനികളുണ്ട് . കമ്മ്യൂണിസ്റ്റാശയങ്ങള്‍ അടിമുടി നീറിപ്പിടിച്ചവരുണ്ട് . പരമഭക്തന്മാരുണ്ട് . തികഞ്ഞ ആത്മീയവാദികളുണ്ട് . കടുത്ത യുക്തിവാദികളുണ്ട് . തീവ്റവിപ്ളവകാരികളുണ്ട് . എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുമുണ്ട് . ട്യൂബ് ലൈറ്റുകളുടെ പ്രകാശവലയങ്ങളില്‍ നില്ക്കുന്ന യുവാക്കളും കാമുകന്‍മാരുമുണ്ട് . ജനക്കൂട്ടത്തിലിരിക്കുന്ന പെണ്‍കുട്ടികളുടെ , പ്രണയിനികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ചാഞ്ഞും ചരിഞ്ഞും മുടികോതിയും അവര്‍ പകര്‍ന്നാടുന്നുണ്ട് . പരസ്പരമിടയുന്ന ആണ്‍കണ്ണുകളില്‍ ഭൂമിയും പെണ്‍കണ്ണുകളില്‍ ആകാശവും അതിലോലം ഇരുട്ടിലും തിളങ്ങുന്നുണ്ട്.

എല്ലാവരും മണ്ണില്‍ തൊട്ടുതൊട്ടിരിക്കുന്നു . സമത്വസുന്ദരമായ സ്വര്‍ഗീയരാത്രിയില്‍ ഒരുമിച്ചിരിക്കുന്നു . ആകാംക്ഷാഭരിതരായി അവര്‍ കാത്തിരിക്കുന്നത് അയാളെയാണ് . കാത്തിരിപ്പിനൊടുവില്‍ തിരശ്ശീലയുയരുന്നു .സ്റ്റേജിനു നടുവില്‍ വിഭജിക്കപ്പെട്ട് സന്നിഹിതരായിരിക്കുന്ന ഹാര്‍മോണിസ്റ്റും തബലിസ്റ്റും അടങ്ങുന്ന അകമ്പടിക്കാര്‍ . അവര്‍ക്കിടയില്‍ ഉയര്‍ന്നു നില്ക്കുന്ന ഒറ്റച്ചില്ല . ഒറ്റച്ചില്ലയില്‍ സ്വപ്നം പോലെ മൈക്ക് . സ്റ്റേജിലെ വെളിച്ചം വെള്ളിത്തിരയെക്കാള്‍ മാസ്മരികം . ആ വെളിച്ചത്തിലേക്ക് അയാള്‍ വരികയായി . ജനസമുദ്രം ഇളകിമറിയുന്നു . കാതടപ്പിക്കുന്ന കരഘോഷം . സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന രജനീകാന്തിനുപോലും സൃഷ്ടികാനാവാത്ത ആരവം . അയാള്‍ മൈക്കിന് മുന്നില്‍ വന്നു നില്ക്കുന്നു . 'സഹൃദയരേ' അയാള്‍ ആരംഭിക്കുന്നു  . ആരവങ്ങള്‍ ഇല്ലാതാവുന്നു . സമുദ്രം അലയൊടുങ്ങിയമരുന്നു . തളിരില വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത . വി.സാംബശിവന്‍ കഥ പറയുകയാണ് .
വേഷംമാറി ഷേക്സ്പിയറും ഹെസ്സെയും ടോള്‍സ്റ്റോയിയും ഇബ്സനും കഥയില്‍ നിന്ന് ഇറങ്ങിവരുന്നു . ജനങ്ങള്‍ക്കൊപ്പം ചൊരിമണലിലിരിക്കുന്നു . എണ്ണമറ്റവര്‍ കണ്ടുകണ്ട് , എണ്ണമറ്റവര്‍ കേട്ടുകേട്ട് പ്രപഞ്ചത്തോളം വലുതാവുന്ന സ്റ്റേജ് . സ്റ്റേജില്‍ ഒരാള്‍ . ഒരേയൊരാള്‍ . അയാള്‍ പാട്ടുപാടുപ്പോള്‍ ജനത ഒരേ സംഗീതമാകുന്നു . അയാളുടെ അത്ഭുതകരമായ ശബ്ദവിന്യാസത്തില്‍ ജനത ഒരേ തരംഗമാകുന്നു . അയാള്‍ ഫലിതങ്ങള്‍ക്ക് തിരികൊളുത്തുംപോള്‍ ജനത ഒരേ മുഴക്കത്തില്‍ മാലപ്പടക്കം പോലെ പൊട്ടുന്നു . അയാള്‍ കഥ പറയുമ്പോള്‍ ജനത ഒരേ കാതാകുന്നു . അയാള്‍ അഭിനയിക്കുമ്പോള്‍ ജനത ഒരേ കണ്ണാകുന്നു . കഥാപ്രസംഗകലയുടെ , ഉല്‍സവപ്പറംപുകളുടെ ഒരേഒരു പ്രവാചകന്‍ . ഒരേ സമയം ജനപ്രിയന്‍ . ജനകീയന്‍ . കഥയുടെ കൊച്ചുകൊച്ചു കൂടാരങ്ങള്‍ കെട്ടി തലമുറകളെ കുടിയിരുത്തി അയാള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു . ആ സഞ്ചാരങ്ങള്ക്കും ആ തലമുറകള്‍ക്കും മരണമില്ല . വി സാംബശിവന്‍ കഥ പറയുകയാണ്.....!

ടെലിവിഷനും ഇന്റെര്‍നെറ്റിനും മുന്പുള്ള കാലം . ഉല്‍സവപ്പറംപുകളുടെ പഴയ ഓര്മ്മകള്‍ . പലനിറങ്ങളുള്ള , വിലകുറഞ്ഞ പേപ്പറുകളില്‍ അച്ചടിച്ച നോട്ടീസുകള്‍ . നോട്ടീസുകള്‍ വായിച്ച് , രാത്രിയില്‍ ഉല്‍സവപ്പറംപിലെത്താന്‍ കാലത്തുമുതല്‍ അണിഞ്ഞൊരുങ്ങിയിരുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള വീടുകള്‍ . ആ നോട്ടീസുകളില്‍ തെളിയുന്നുണ്ട് - കഥാപ്രസംഗം : വി.സാംബശിവന്‍ & പാര്ട്ടി . 




No comments:

Post a Comment