Sunday, November 4, 2012

പാട്ടി



കൂട്ടുകാരന്റെ വീട്ടില്‍ ഒരു പാട്ടിയുണ്ട്  . യഥാര്‍ഥഭക്തന് സമ്പത്തോ സംപത്തില്ലായ്മയോ വിഷയമല്ലെന്ന് പറയാറുള്ള പാട്ടി .രാജഭക്തന് അകമഴിഞ്ഞ ഭക്തനാവാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന പാട്ടി. മനസ്സുകൊണ്ട് ദൈവത്തിന് നല്‍കുന്ന അര്‍ച്ചനയാണ് ഭക്തിയെന്ന് സ്വന്തം ജീവിതചര്യ കൊണ്ട് തെളിയിച്ച പാട്ടി .  രമണമഹര്‍ഷിയുടെയും  ശ്രീനാരായണ ഗുരുവിന്റെയും തിരുക്കുറലിന്റെയും എം.എസ് സുബ്ബു ലക്ഷ്മിയുടെയും ആരാധികകയായ പാട്ടി . കുമാരനാശാനേയും ചങ്ങമ്പുഴയേയും എന്നും ഇഷ്ടപ്പെട്ട പാട്ടി.റാഫിയേയും മെഹ്ദി ഹസ്സനേയും പി.സുശീലയേയും ലതാ മന്കേഷ്ക്കറിനേയും സ്നേഹിക്കുന്ന പാട്ടി. ഏതു പുത്തന്‍ ആശയങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിച്ചിരുന്ന ഒരാളെ പ്രണയിച്ച പാട്ടി.ജാതിമതങ്ങള്ക്കതീതം മനുഷ്യനെ കണ്ട  അയാള്‍ക്കൊപ്പം ലോകത്തെയറിഞ്ഞ പാട്ടി.അഗ്രഹാരത്തെരുവിനപ്പുറം എല്ലാ ആളുകളേയും ബന്ധുജനങ്ങളായി കാണുന്ന പാട്ടി.അഴകോലും  കോലം പോടും പാട്ടി. സുന്ദരിപ്പാട്ടി. ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടി.

പാട്ടിക്ക് 75 കഴിഞ്ഞു . ശ്രീപത്മനാഭസ്വാമി കോവിലില്‍ നിത്യസന്ദര്‍ശക . കോവില്‍ പക്കത്താണ് വീട് . രണ്ടു ചുവടു വെച്ചാല്‍ കോവില്‍ . കാലത്തേ കോവിലില്‍ പോകും . 10.30 മുതല്‍ കോവിലില്‍ അന്നദാനമുണ്ട് . അതു കഴിക്കും . കണ്ടു പരിച്ചയമുള്ളവരോടെല്ലാം കേറി വര്‍ത്താനം പറയും . കീര്തനങ്ങളോ ശ്ളോകങ്ങളോ  ഉരുവിട്ടിരിക്കും . ഉച്ചക്ക് കോവിലടയ്ക്കുംപോള്‍ വീട്ടിലേക്കു മടങ്ങും.

കൂട്ടുകാരന്റെ വീട് . ഏതു നിമിഷവും കയറിച്ചെല്ലാം . പെരിയ ദൂരത്തല്ലാതെ ഞാനും കുടി പാര്‍ക്കുന്നു . മൂന്നു ദിവസം മുമ്പ് ചെന്നപ്പോള്‍ പാട്ടി വീട്ടില്‍ തന്നെ . അത്ഭുതമായി . അടുത്തുചെന്ന് കുശലം ചോദിച്ചു: 'സാമി കുമ്പിട പോകവില്ലയാ '? (തൊഴാന്‍ പോയിലെ?) . ഉടന്‍ വന്നു മറുപടി : 'നെരിസല്‍ റൊമ്പ അധികമായിരികിത് .നിമ്മതി കിടൈകവില്ലൈ'  (ഭയങ്കര തിരക്ക് .സ്വസ്ഥത കിട്ടുന്നില്ല ) . നിധിശേഖര വാര്തയോടെ കോവിലില്‍ ഓരോ ദിവസവുംപതുക്കെ തിരക്കേറിവരുന്നു . പാട്ടിയുടെ പഴം മനസ്സ് മാറ്റത്തോട് പൊരുത്തപ്പെടുന്നില്ല . ഓരോനടയിലും സായുധപ്പോലീസുകാര്‍ . നടവഴികളിലെല്ലാം തോക്കേന്തി നില്‍ക്കുന്നവര ്‍. ചെത്ത് സ്റ്റൈലില്‍ കമാന്‍ഡോകള്‍
(തോക്കും കുത്തിപ്പിടിച്ചുള്ള അവരുടെയെല്ലാം നില്‍പ്പ് കണ്ടാല്‍
ദയ തോന്നുമെന്ന് പാട്ടി) .  നിരന്തരം റോന്തു ചുറ്റുന്ന പോലീസ് ജീപ്പുകള്‍ . രാജ ഭരണം തിരിച്ചു വന്ന പോലെയെന്ന് ചിലര ്‍. കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട പോലെയെന്ന് മറ്റുചിലര ്‍. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നുവെന്ന് വേറെ ചിലര്‍ . പുതിയ പരിഷ്ക്കാരങ്ങള്‍ കോവിലിലും പരിസരത്തും മാത്രമല്ല , ഭക്തജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരുത്തുന്നു . കാള്‍ മാര്‍ക്സ് പണ്ടേ പറഞ്ഞു : Money is the meterial fact.

നാളെ ,ചിലപ്പോള്‍ കോവിലും പരിസരവും കൂടുതല്‍ വികസിക്കും . രൂപം മാറും . ഭാവം മാറും . ടൂറിസ്റ്റുകള്‍ ഇരമ്പിയെത്തും . തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും . ചുറ്റുപാടും കമ്പോളം വളരും . പലതരം വില്പനകള്‍ പൊടിപൊടിക്കും . ഭക്തന്മാരുടെയും ഭക്തകളുടെയും പുതിയ പുതിയ തലമുറകള്‍ കടന്നു വരും . അവരുടെ ലോകം ഇന്നത്തെക്കാള്‍ നന്നായിരിക്കും . നന്നായിരിക്കണം . കോവിലിലെ പ്രദക്ഷിണവഴിയില്‍ , കല്‍ തൂണുകളില്‍ സാലഭഞ്ഞികമാര്‍ അവര്‍ക്കായി തൊഴുതു നില്‍ക്കും . കൂട്ടുകാരന്റെ വീട്ടിലെ പാട്ടി ആരുമോര്‍മ്മിക്കാത്ത്ത ഓരോര്മ്മയാകും . വലിയ ഒരോര്‍മ്മത്തെറ്റായി പൊള്ള ശബ്ദത്തോടെ  മാഞ്ഞു പോകും. 

No comments:

Post a Comment