Sunday, November 4, 2012

ഒ.വി.വിജയന്‍ ചോദിച്ചത്



നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനത്തിളക്കങ്ങളും പണക്കൊഴുപ്പും ആര്‍ഭാടവും ധൂര്‍ത്തൂം  കണ്ടാല്‍ ഈ രാജ്യത്തെ ജനങ്ങളെക്കുറിച്ചുപറയാന്‍  , പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെക്കുറിച്ചുപറയാന്‍ ,പതിതരെക്കുറിച്ചുപറയാന്‍ ഇവര്‍ക്കൊക്കെ  എന്തധികാരമെന്ന് ആര്‍കെങ്കിലും  സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? അന്ധരായ പാര്ട്ടി അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം റിയാലിറ്റി ഷോകള്‍ക്ക് കഴിഞ്ഞേക്കും.തങ്ങളുടെ പാര്ട്ടി അണികള്‍ മാത്രമല്ല ജനങ്ങള്‍ എന്ന തിരിച്ചറിവോടെ ,അഹന്തകളും സെക്‍ട്ടേറിയനിസവും ഉപേക്ഷിച്ചുകൊണ്ട് തുറന്ന കണ്ണുകളോടെ പ്രവര്‍ത്തിക്കാതിരിക്കുന്ന കാലത്തോളം നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്ക് ജനാധിപത്യത്തെ സര്‍ഗാത്മകമാക്കാനോ വിശാലമാക്കാനോ കഴിയുകയില്ല.

ഒരിക്കല്‍ ചേരിചേരാ സമ്മേളന നടത്തിപ്പിലെ ധൂര്‍ത്തിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഒ.വി.വിജയന്‍ 'ചേരിചേരാ സമ്മേളനങ്ങള്‍ നടത്താന്‍ ചാണകം മെഴുകിയ നിലങ്ങള്‍ പോരേ ? ' എന്ന് ഒരു ലേഖനത്തില്‍ ചോദിച്ചത് ഓര്‍മ്മവരുന്നു.ഒരു കാല്‍പനികന്റെ ,അപ്രായോഗികന്‍റെ ചോദ്യമെന്ന് പറഞ്ഞ് കടുത്ത പ്രായോഗികവാദികള്‍ക്ക് ആ ചോദ്യത്തെ തച്ചുതകര്‍ക്കാം.എന്നാല്‍ ആര്‍ഭാടങ്ങള്ക്കും തിളക്കങ്ങള്‍ക്കുമല്ല , മാനുഷികസമീപനങ്ങള്ക്കും കാഴ്ചപ്പാടുകളിലെ വിവേകങ്ങള്ക്കും തീരുമാനങ്ങളിലെ സാമൂഹികപ്രതിബദ്ധതകള്‍ക്കുമാണ് പ്രാധ്യാന്യമെന്ന് ഊന്നിപ്പറയുകയായിരുന്നു വിജയന്‍ . പണക്കൊഴുപ്പിനും  അഴിമതിക്കും ആര്‍ഭാടങ്ങള്ക്കും മീതെ പറക്കാത്ത പരുന്തുകളോട് വിജയന്റെ ചോദ്യത്തിലെ ആഴമുള്ള ധ്വനികള്‍ ഏറ്റുമുട്ടുന്നു.പരാജയപ്പെടുന്നു.    

No comments:

Post a Comment