Sunday, November 4, 2012

അണ്ണാ ഹസാരെയെ കാല്പനികവല്‍കരിക്കരുത്



ഇന്ത്യന്‍ ജനാധിപത്യത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതിയെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി എന്നതും അതിലേക്കു ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതും അണ്ണാ ഹസാരെയുടെ സമരത്തിന്റെ ബാക്കി പത്രമായേക്കും.ഒന്നും നടക്കാത്തിടത്ത് ഇത്രയെങ്ങിലും നടന്നല്ലോ എന്നാശ്വസിക്കുന്ന ചിലരെങ്കിലും ആ സമരത്തെക്കുറിച്ച് അതിവാചാലരായി .വികാരഭരിതരായി.അവരെ വെറുതെ വിടാം.അതേ സമയം ,ഈ സമരത്തെ അനുകൂലിച്ചു കൊണ്ട് ആര്‍ക്കും പ്രതികരിക്കാവുന്ന 'സേഫ് ' ആയ ഒരു 'സ്പെയിസ് 'ഉണ്ട് എന്നതാണ് വസ്തുത .പ്രതികരിക്കുന്ന വര്‍ക്ക് ആ 'സ്പെ യിസ് ' ഒന്നും നഷ്ട്ടപ്പെടുത്തുകയില്ല എന്ന് പറയാം.ഒന്നും നഷ്ട്ടപ്പെടാന്‍ ആഗ്രഹമില്ലാത്ത ,ഒട്ടും റിസ്ക്‌ എടുക്കാന്‍ താല്പര്യമില്ലാത്ത ഇന്ത്യന്‍ മധ്യ വര്‍ഗം ഈ സമരത്തെ സ്വാഭാവികമായും ഏറ്റെടുക്കുകയും ചെയ്തു .മാവോവാദികളുടെ സമരത്തോടോ അരുന്ധതി റോയ് ഉയര്‍ത്തിയ പ്രശ്നങ്ങലോടോ ഒരു പരിധിവരെ ഈരോം ശര്മിളയുടെ സമരതോടോ ഇത്തരത്തിലുള്ള ഒരു പ്രതികരണം പ്രതീക്ഷിക്കുക വയ്യ.കാരണം ഒട്ടും 'സേഫ്' അല്ല അവയുടെ സംവാദ സ്ഥലങ്ങള്‍.മറിച്ച് ആപല്‍ക്കരമാണ് താനും.അതുകൊണ്ട് തന്നെ
അണ്ണാ ഹസാരെയെ അന്ധമായി കാല്പനികവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ യാഥാര്ത്യങ്ങള്‍ക്ക് നിരക്കുന്നതല്ല.അയാളുടെ ദളിത്‌ വിരുദ്ധ നിലപാടുകളെയും ഭൂരിപക്ഷ വര്‍ഗീയതയോടുള്ള മൃദു സമീപനങ്ങളെയും നാം കാണാതിരുന്നുകൂടാ.

ഹസാരെ നടത്തിയ ഇടപെടലിന്റെ പരിണതികള്‍ പരിശോധിച്ചാല്‍ അരുന്ധതീ റോയിയും മാവോവാദികളും അടക്കമുള്ളവര്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് ഉന്നയിച്ച സംശയത്തെ കൂടി അത് പ്രസക്തമാക്കുന്നുടെന്നു കാണാം.അഹിംസാത്മകമായ ഒരു സമരം, ഹിംസാത്മക ചോദനകളുടെ അടിത്തറയില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ രൂപപ്പെടുന്ന പ്രതിരോധങ്ങളുടെയും ആശയങ്ങളുടെയും ജനാധിപത്യ വിശകലനങ്ങളെക്കൂടി അറിഞ്ഞോ അറിയാതെയോ സ്വാംശീകരിക്കുന്നു അഥവാ അവയിലേക്കു കൂടിയുള്ള (അവയുടെ ഹിംസാത്മക പ്രയോഗങ്ങള്‍ തിരസ്കരിക്കപ്പെടാമെങ്ങിലും) സൂചിതബിംബമായി മാറുന്നു എന്നര്‍ത്ഥം .

പാര്ലമെന്റിനകത്തും പുറത്തും നടക്കേണ്ട സമരങ്ങളിലൂടെ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങളെ പുറത്ത് കൊണ്ടുവരാന്‍ കഴിയൂ എന്ന ഓര്‍മ്മപ്പെടുത്തലിലേക്കാണ് അണ്ണാ ഹസാരെയുടെ സമരം വിരല്‍ ചൂണ്ടുന്നത്.അഴിമതിയില്‍ മുങ്ങിക്കുളിച്ച എല്ലാ രാഷ്ട്രീയപാര്‍ടികളും സ്വന്തം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ആ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ നടത്തുന്ന അമിതശ്രമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും .അഴിമതിയുടെയും കോര്പരേട്ടുകളുടെയും താല്പര്യ സംരക്ഷകരായ ബഹുഭൂരിപക്ഷം വരുന്ന ജനപ്രധിനിധി (?) കളുടെ പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയാല്‍ അവസാനിക്കുന്ന ലക്ഷ്യമേ ഈ സമരത്തിന്‌ ഉള്ളൂ എങ്കില്‍ അതൊരു മധ്യവര്‍ഗ കാല്പനികതയുടെ സമരമുഖം മാത്രമായി അവശേഷിക്കും ,മുന്‍പ് പലപ്പോഴും സംഭവിച്ചിട്ടുള്ളത് പോലെ .

ഇത്തരം സമരങ്ങളുടെ തുടര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ പല മേഖലകളിലും എകാതിപത്യ സ്വഭാവം ആര്‍ജിച്ചു കഴിഞ്ഞ നമ്മുടെ ജനാധിപത്യ സംവിധാനത്ത്തിനെതിരായി ഉയര്‍ന്നു വരുന്ന പലതരം പ്രതിരോധങ്ങളെയും ഭൂരഹിത കര്‍ഷകരെയും ഭരണ ക്രമത്തിലും കോര്പരെട്ട് മാദ്യമങ്ങളിലും ഇന്റെര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഇനിയും വേണ്ടവിധം ഇടം കിട്ടിയിട്ടില്ലാത്ത ആദിവാസികളെയും ദളിതരേയും അഭിമുഖീകരിക്കാന്‍ കഴിയുമെങ്ങില്‍ അതായിരിക്കും കൂടുതല്‍ സവിശേഷമായ സാധ്യതകള്‍ നിര്‍മ്മിക്കുക.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അശ്ലീല സമസ്യകളെ രഹസ്യമായി താങ്ങി നിര്‍ത്തുകയും പരസ്യമായിജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ തന്ത്രങ്ങളെ അപ്രസക്തമാക്കികൊണ്ട് ,അവര്‍ക്ക് എത്തിച്ചേ രാനാവാത്ത്ത ഇടങ്ങളില്‍ ഏറെ പ്രത്യേകതകളുള്ളതും ഒരര്‍ത്ഥത്തില്‍ സങ്കീര്‍ണവും മറ്റൊരു അര്‍ത്ഥത്തില്‍ സുതാര്യവുമായ ഒരു' ജനാധിപത്യ രാഷ്ട്രീയം '(വികസനത്തേയും സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അനേകരേയും  ഒന്ന് പോലെ അഭിസംബോധന ചെയ്യുന്ന ഒന്ന്.ഹിംസാത്മക പ്രതിരോധങ്ങളുടെ പിന്നിലെ മാനുഷികതയെ കൂടി തിരിച്ചറിയുന്ന ഒന്ന് .) സംഭവിക്കാനിടയുണ്ട് .എതിര്‍ക്കപ്പെടേണ്ട വശങ്ങളുണ്ടെങ്ങിലും ആഗോള വല്‍ക്കരണവും പുത്തന്‍ മാദ്യമസാദ്യതകളും കൂടിച്ചേര്‍ന്നു സൃഷ്ടിച്ച തുറസ്സുകള്‍ ഈ ജനാധിപത്യ രാഷ്ട്രീയത്തെ സംവാദാത്മകതയുടെ സൂക്ഷ്മ തലങ്ങളിലേക്ക് കൊണ്ടുപോകാനും ഇടയുണ്ട് .ഇതാകട്ടെ നമ്മുടെ പരമ്പരാഗത സാമൂഹിക ചിന്തകര്‍ക്കും രാഷ്ട്രീയ വിച്ചക്ഷനന്മാര്‍ക്കും സ്ഥിരം ബുദ്ധിജീവികള്‍ക്കും ആസ്ഥാന മാര്സിസ്ട്ടുകള്‍ക്കും വിഭാവന ചെയ്യാന്‍ കഴിയാത്ത ഒന്നായിരിക്കും. ഈ വിധമുള്ള ഒരാലോച്ചനയുടെ ഭാഗമായി അണ്ണാ ഹസാരെയുടെ സമരത്തെ നോക്കിക്കാണുമ്പോഴായിരിക്കും അതിന്റെ പ്രസക്തിയും ഒപ്പം പരിമിതിയും തെളിഞ്ഞു വരിക .

No comments:

Post a Comment