Sunday, November 4, 2012

ബാബുവിനെ നമസ്കരിക്കുന്നു



' ആലപ്പുഴയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഈ പുസ്തകത്തെ സാധ്യമാക്കുന്നത് .സവിശേഷമായ ഈ കവിതാ പുസ്തകത്തിനായി ഒരുമിച്ചു കൂടാനായതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു.'-തകഴി ശിവശങ്കരപിള്ള
___________________________________________________________________

പ്രകാശം .വാക്കുകളില്‍ നിറയെ പ്രകാശം.പ്രായോഗിക പരീക്ഷണങ്ങളില്‍ നിറയെ പ്രകാശം.നടപ്പിലും ഇരിപ്പിലും ചിതറിയ താടിയിലും മുടിയിലും നീളെ പ്രകാശം.സംഭാഷണങ്ങളില്‍ സാന്ദ്രമാകുന്ന സൌമ്യ പ്രകാശം.ആലപ്പുഴക്കാര്‍ക്കിടയില്‍ 'സാസ് ബാബു 'എന്നറിയപ്പെടുന്ന രാജേന്ദ്രന്‍ വി.ബാബു പ്രകാശത്തില്‍ ഉദിക്കുകയും പ്രകാശത്തില്‍ ലയിക്കുകയും സ്വയം പ്രകാശമായി നിലനില്‍ക്കുകയും ചെയ്യുന്ന ഒരത്ഭുതമാണ് .അമര പ്രകാശത്തിന്റെ അനശ്വരത ഭൂമിയില്‍ മഹാസ്നേഹമായി ആവിഷ്കരിക്കപ്പെടുന്നത് ഇത്തരം മനുഷ്യപ്രതിഭാസങ്ങളിലൂടെയാണ് .ഇത് തിരിച്ചറിഞ്ഞുകൊണ്ട് ബാബുവിന്റെ 'അത്' എന്ന കവിതാസമാഹാരത്തിന്റെ മുഖക്കുറിപ്പില്‍ സാക്ഷാല്‍ തകഴി ശിവശങ്കരപിള്ള വിനയപൂര്‍വ്വം ഇങ്ങനെ കുറിചിട്ടിരിക്കുന്നു:' ഇതൊരു പുതിയ സംരംഭം ആണ് .നിത്യ ജീവിതത്തിലെ സൂക്ഷ്മമായ സംഭവങ്ങള്‍ കവിതയില്‍ പ്രതിപാദിക്കുക ഒരു സിദ്ധി തന്നെ യാണ് .അവിടവിടെ ചിതറിക്കിടന്ന കവിതകള്‍ സമാഹരിക്കാന്‍ കഴിഞ്ഞത് പല സുഹൃത്തുക്കളുടെയും ശ്രമഫലമായിട്ടാണ് .ആലപ്പുഴയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഈ പുസ്തകത്തെ സാധ്യമാക്കുന്നത് .സവിശേഷമായ ഈ കവിതാ പുസ്തകത്തിനായി ഒരുമിച്ചു കൂടാനായതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു.'

'അത്' കവിതകളല്ല.മറ്റെന്തൊക്കെയോ ആണ് .പറയാതതിലേക്ക് അനന്തമായി നീട്ടി വെക്കപ്പെടുന്ന അര്‍ത്ഥസന്നിഗ്ധത .ബാബു കവിത എഴുതുകയല്ല,പറയുകയോ പാടുകയോ ആണ്.ഒരു വാക്ക്.പിന്നെ വാക്ക് നീണ്ടു കവിതയാകുന്നു.കൂടെയുള്ള സഹപ്രവര്ത്തകരിലാരെങ്ങിലും കുറിചെടുത്ത്തത്.പിന്നയത് സാങ്കേതികമായ ചിട്ടവട്ടങ്ങള്‍ കൈവരിക്കുന്നു.പിന്നെയതുമായി അയാള്‍ക്ക്‌ ബന്ധമേയില്ല.ബാബു വായിക്കുന്നില്ല.വ്യാകരണ നിയമങ്ങളും സാഹിത്യച്ചരിത്രവും പുതു പ്രവണതകളും അയാള്‍ക്ക് അജ്ഞാതം .പിഴയോടെ തുടങ്ങുന്ന അനാര്ഭാടാത്ത.പൊടുന്നനെ ഒരു കവി പുറത്തേക്ക് വരുന്നു.നമ്മുടെ കവിതയില്‍ ബാബുവിനും അയാളുടെ സ്ഥലമുണ്ട്.അയാളുടെ കവിത മറ്റൊരുതരം ചിന്തക്ക് വഴിയിടുന്നു.ഒരു പക്ഷെ ,കവിതയെ കാളൊക്കെ നന്നായി അയാളുമായുള്ള അടുപ്പം,സംസാരം ഒക്കെ നമ്മെ ഇത് കൂടുതല്‍ ബോധ്യപ്പെടുത്തും.

ചേര്‍ത്തലക്കടുത്തുള്ള 'പ്രത്യാശ'എന്ന ചികിത്സാ കേന്ദ്രത്തില്‍ അര്‍ബുദബാധിതനായ ബാബുവിനെ ഈ അടുത്ത ദിവസം കാണാന്‍ ചെന്നു.ഹൃദയം കെട്ടു പോയിരുന്നു.207)o നമ്പര്‍ മുറി തുറക്കുമ്പോള്‍ അതേ ബാബു.ഇരുപതു കീമോതെറാപ്പി കഴിഞ്ഞും അതേ പ്രകാശം .കണ്ടപാടെ, എവിടെനിന്നോ പതിവുപോലെ ബാബു സംസാരിച്ചു തുടങ്ങുന്നു.തിളങ്ങുന്ന വാക്കുകള്‍.എന്റെ ഹൃദയം വീണ്ടും പ്രകാശിക്കുന്നു.ഒടുവില്‍ മുറിക്കു പുറത്ത് ഇടനാഴിയോളം വന്ന് ബാബു എന്നെ യാത്രയാക്കുന്നു.ഹൃദയത്തിലെ പ്രകാശം താങ്ങാനാവാതെ എന്റെ കണ്ണ് നിറയുന്നു.കണ്ണുനീര്‍ത്തുള്ളിയും പ്രകാശമാകുന്നു.അറിവുകളേതുമില്ലാത്ത ഞാന്‍ ബാബുവിനെ നമസ്കരിക്കുന്നു.

അത്
(കവിതകള്‍ )
രാജേന്ദ്രന്‍ വി.ബാബു
പ്രസാധനം :സുഹൃത്ത് സമിതി ,ആലപ്പുഴ .
വിതരണം:കറന്റ് ബുക്സ്

No comments:

Post a Comment