Sunday, November 4, 2012

ടി. ആറിനെ ഓര്‍മ്മിക്കുന്നു




കൊല്ലങ്ങള്‍ കുറച്ചായി.നെയ്യാറ്റിന്‍ കരയിലെ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരുകൂട്ടം പി. ജി.ഇംഗ്ളീഷ് സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഞാന്‍ ക്ളാസ്സെടുത്തിരുന്നു. അതിനുള്ള യോഗ്യതയോ അറിവോ കഴിവോ ഉണ്ടായിട്ടല്ല.ഒരര്‍ത്ഥത്തിലും നല്ല അദ്ധ്യാപകനുമായിരുന്നില്ല. എന്നാല്‍ ഒരു ഭാഗ്യമുണ്ടായി. സാക്ഷാല്‍ ടി.ആറിനെ ക്കുറിച്ച് ഒരു കഥ കേള്‍ക്കാന്‍ കഴിഞ്ഞു.പറഞ്ഞത് പ്രൊഫസര്‍ പി. വി.വൈദ്യനാഥ അയ്യര്‍ .റിട്ടയര്‍ ചെയ്ത ശേഷവും ,പ്രായം 90-കള്‍ പിന്നിട്ടിട്ടും ഇപ്പോഴും അധ്യാപനസപര്യ തുടര്ന്നു വരുന്ന സാത്വികന്‍ .മേല്‍ സൂചിപ്പിച്ച സ്ഥാപനത്തില്‍ അദേഹവും ക്ളാസ്സെടുത്തിരുന്നു.അങ്ങനെയാണ് ഞങ്ങളുടെ പരിചയം.വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് വിക്ടോറിയാ കോളേജില്‍ ഇംഗ്ളീഷ് വകുപ്പ് മേധാവിയായിരുന്നു വൈദ്യനാഥന്‍ സാര്‍.അതേ വകുപ്പില്‍ അന്നവിടെ അദ്യാപകനായിരുന്നു ടി.ആര്‍.  ചിട്ടയില്ല. ക്രമമില്ല .കൃത്യമായി ക്ളാസ്സില്‍ വരികയില്ല.വരുന്ന ദിവസങ്ങളില്‍ സര്‍വവിധ സന്നാഹങ്ങലോടെയും ക്ഷമ ചോദിക്കും.പിന്നീട് ക്ളാസ്സിലേക്കു പോകും. ക്ളാസ്സില്‍ മറ്റൊരു ടി.ആര്‍. അസാദ്ധ്യമായ ക്ളാസ്.അപൂര്‍വമായി വീണുകിട്ടുന്ന ആ ക്ളാസ്സുകള്‍ക്കു വേണ്ടി വിദ്യാര്‍ഥികള്‍ കാത്തിരുന്നു.

ഈ കഥ ടി.ആര്‍. എന്ന എഴുത്തുകാരനെക്കൂടി വ്യാഖ്യാനിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു.സ്വന്തം ജീവിതത്തില്‍ അങ്ങനെയിങ്ങനെയായി തീര്‍ന്ന ടി.ആര്‍. ക്ളാസു മുറിയിലെന്ന പോലെ കഥ എഴുതുമ്പോഴും സൂക്ഷ്മമായ ജാഗ്രത കാണിച്ചു. എല്ലായ്പ്പോഴും ക്ളാസില്‍ വരാതെ വന്നപ്പോഴൊക്കെ ക്ളാസിനെ സവിശേഷ അനുഭവമാക്കിയ ടി.ആര്‍. എന്ന അദ്യാപകനെപ്പോലെ എല്ലായ്പ്പോഴും കഥ എഴുതാതെ എഴുതിയപ്പോഴൊക്കെ കഥയെ ആഴമുള്ള അനുഭവമാക്കി മാറ്റാന്‍ ടി.ആര്‍ എന്ന എഴുത്തുകാരന് കഴിഞ്ഞു.വായിക്കുംതോറും വികസിക്കുന്ന കഥകള്‍.കാലം ചെല്ലുംതോറും കാന്തി വെക്കുന്ന കഥകള്‍.

ടി.ആറിനെ ഞാന്‍ ഒരിക്കല്‍ കണ്ടു.കുറെയേറെ നേരം സംസാരിച്ചു. അതുമതി .കേള്‍വിക്കാരന്‍ഒരു വെറും പയ്യനാണെന്നമട്ടില്ല .ഭാവമില്ല.ടി.ആര്‍ .സംസാരിച്ചുകൊണ്ടിരുന്നു. ഒടിഞ്ഞു മടങ്ങിയും വളഞ്ഞുതിരിഞ്ഞും ടി.ആര്‍ ആഴമുള്ള നിരീക്ഷണങ്ങളില്‍ ചെന്ന് തൊടുകയും അതിനെ പൊളിച്ചു കളയുന്ന സ്വതസിദ്ധമായ ,ബലം പിടുത്തമില്ലത്ത്ത ചിരിചിരിക്കുകയും ചെയ്തു. സ്വന്തം കഥകളെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല ,മലയാള കഥയിലെ ആ വരിഷ്ഠ ശില്പി .വകതിരിവില്ലാതെ ,പമ്പര വിഡ് ഡി ത്തത്ത്തോടെ ആ കഥ കളെക്കുറിച്ച് സൂചിപ്പിച്ചപ്പോഴൊക്കെ വല്ലാത്ത നിസ്സംഗത കൊണ്ട് ടി. ആര്‍.എന്നെ തറപറ്റിച്ചു.എവിടൊക്കെ അവസരം കിട്ടുമോ അവിടൊക്കെ സ്വന്തം കൃതികളെക്കുറിച്ച് ഗീര്‍വാണമടിക്കുന്ന എഴുതുക്കാരുടെ നാട്ടിലാണ് ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നത്.അതില്‍ അത്ഭുതമില്ല.ടി.ആര്‍.അടിമുടി വേറിട്ടവന്‍.അപാരമായ അസധാരണത്വതിന്റെ ഉടല്‍ രൂപം.നടപ്പു രൂപം. എഴുത്തുരൂപം. തന്നെ തന്നെ കവിഞ്ഞു പോയവന്‍.എഴുതിയ കഥ കളിലുമുണ്ട് ഇത്തരമൊരു കവിഞ്ഞു പോകല്‍ .ആധുനികതയുടെ ഭാഗമായിരിക്കുമ്പോഴും അതിനെ കവിഞ്ഞു പോകുന്ന എഴുത്ത്.അതുകൊണ്ടുതന്നെ,ആധുനികതയിലെ ഏറ്റവും മികച്ച ദൂരങ്ങളിലൊന്ന് ,സമയങ്ങളിലൊന്ന് ടി.ആറിന്റെതായിരുന്നു.ഇന്നുംവായിക്കാന്‍ പ്രേരിപ്പിക്കുന്ന എണ്ണം പറഞ്ഞ കഥകള്‍ .ആധുനികതയുടെ ധൂര്ത്തടികളില്‍ നിന്ന്,പൊള്ളയായ ചില ആഘോഷങ്ങളിളില്‍ നിന്ന് മാറിനിന്ന കഥകള്‍.എഴുതിയത് മതി .അത് മതി .മതിവരാതെ എഴുതുന്നവര്‍ എഴുതിക്കൂട്ടിഎന്നന്നേക്കുമായി മദിച്ചു മരിക്കും.ടി.ആര്‍ മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേല്ക്കും.

No comments:

Post a Comment