Sunday, November 4, 2012

ആ പെണ്‍കുട്ടി




ആ പെണ്കുട്ടി  .   ആ പെണ്‍കുട്ടിയെ ആദ്യമായി കണ്ടു  .   ആ പെണ്‍കുട്ടി വീട്ടുമുറ്റത്ത് കോലമിടുന്നു  .   ആ പെണ്‍കുട്ടിയെ അങ്ങോട്ടു കേറി പരിചയപ്പെട്ടു  .   ആ പെണ്‍കുട്ടിയോട് അതുമിതും പറഞ്ഞു  .   ആ പെണ്കുട്ടി ആള്‍സെയിന്റ്സിലും യൂണിവേഴ്സിറ്റി കോളേജിലും ഇംഗ്ളീഷ്സാഹിത്യം പഠിച്ചു  .   ആ പെണ്‍കുട്ടി  പ്റെസ്ക്ളബ്ബില്‍ ജേര്‍ണലിസം ചെയ്തു  .   ആ പെണ്‍കുട്ടിയെ അപ്പോഴൊക്കെ നിരന്തരം കാണാന്‍ ചെന്നു  .   ആ പെണ്‍കുട്ടിയോടൊപ്പം നഗരമലഞ്ഞു  .   ആ പെണ്‍കുട്ടിയുമായി സന്ധ്യയിരുട്ടിക്കഴിഞ്ഞും വഴിവക്കില്‍ സംസാരിച്ചു നില്‍ക്കേ , ജീപ്പില്‍ വന്നിറങ്ങിയ പോലീസുകാരാല്‍ ചോദ്യം ചെയ്യപ്പെട്ടു  .   ആ പെണ്‍കുട്ടിയോടൊത്ത് പോലീസുകാരില്‍ നിന്നും ഒരുവിധം രക്ഷപെട്ടു നടക്കുമ്പോള്‍ ഒരുമിച്ചു പൊട്ടിച്ചിരിച്ചു  .  ആ പെണ്‍കുട്ടിയെ അരക്ഷിതമായ കുടയില്‍ ചേര്‍ത്തുപിടിച്ച് കടുത്ത മഴക്കാലത്ത് മഴയെക്കാള്‍ ഒച്ചവെച്ചു നീങ്ങുമ്പോള്‍  മഴ തോരാതെ നിന്നു  .   ആ പെണ്‍കുട്ടി വിറ്റ്നി ഹൂസ്റ്റന്റെയും ഷീനാ ഈസ്റ്റന്റെയും പാട്ടുകള്‍ പാടി  .   ആ പെണ്‍കുട്ടി ഭൂപീന്ദരേയും മുഹമ്മദ് റാഫിയെയും ഗുലാമലിയെയും ഇഷ്ടപ്പെട്ടു  .   ആ പെണ്‍കുട്ടി ഇളയരാജയെയും കെ.വി മഹാദേവനെയും എ.ആര്‍ .റഹ്മാനെയും ബാലമുരളിയെയും ബാബുരാജിനെയും ഒരുപോലെ കേട്ടു  .   ആ പെണ്‍കുട്ടി ബസുചാറ്റര്‍ജിയുടെയും  ഋഷികേശ് മുഖര്‍ജിയുടെയും സിനിമകളിലൂടെ സഞ്ചരിച്ചു  .   ആ പെണ്‍കുട്ടി ഭാരതിരാജയുടെയും മഹേന്ദ്രന്റേയും പേശും പടങ്ങളെക്കുറിച്ച് വാചാലയായി  .   ആ പെണ്‍കുട്ടി ഹോളിവുഡ് ചിത്രങ്ങള്‍ തുടര്‍ച്ചയായി കണ്ടു  .   ആ പെണ്‍കുട്ടി മെറില്‍ സ്ട്രീപ്പിനെക്കുറിച്ചും മേഗറെയാനെക്കുറിച്ചും സല്‍മാ ഹായക്കിനെ ക്കുറിച്ചും പറഞ്ഞു  .   ആ പെണ്‍കുട്ടി മില്‍സ് ആന്‍റ് ബൂണ്‍ മുതല്‍ ഷേക്സ്പിയര്‍ വരെ വായിച്ചു  .   ആ പെണ്‍കുട്ടിയുമായി വഴക്കിട്ടു  .   ആ പെണ്‍കുട്ടിയോട് തര്‍ക്കിച്ചു  .  ആ പെണ്‍കുട്ടിയെക്കുറിച്ച് കവിതയെഴുതി  .   ആ പെണ്‍കുട്ടിയെ രഹസ്യമായി ഉമ്മ വെച്ചു  .   ആ പെണ്‍കുട്ടിയോടു പറയാതെ , ആ പെണ്‍കുട്ടിയുടെ നഗരത്തില്‍ നിന്ന് ഒരു ദിവസം പെട്ടെന്ന് മുങ്ങി  .  ആ പെണ്‍കൂട്ടിക്കെന്നല്ല , ആര്ക്കും എവിടെയാണെന്നറിയാതെ  വര്‍ഷങ്ങളോളം ഒരില്ലാതാകല്‍  .   ആ പെണ്‍കൂട്ടിക്കു മാത്രം  പോയവന്‍ വരുമെന്നു  തോന്നി  .   ആ പെണ്‍കുട്ടിയുടെ തോന്നല്‍ യാഥാര്‍ഥ്യമായി  . ആ പെണ്‍ കുട്ടിക്കുമുന്നില്‍ മരണത്തോളം മാഞ്ഞു പോയവന്‍ തിരിച്ചെത്തി  .   ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക്  കൂടുതല്‍ അര്ത്ഥം  .   ആ പെണ്‍കുട്ടിയുടെ കാഴ്ചകള്‍ക്ക് കൂടുതല്‍ തെളിച്ചം  .   ആ പെണ്കുട്ടി.   ആ പെണ്കുട്ടിയില്‍ പിറന്ന മകള്‍  .   ആ പെണ്‍കുട്ടി , അതേ പെണ്‍കുട്ടി.

No comments:

Post a Comment