Sunday, November 4, 2012

പ്രകൃതിനിയമം വീണ്ടും വായിക്കുമ്പോള്‍



ഒരേ സമയം ഒളിപ്പോരാളിയുടെയും ജനാധിപത്യവാദിയുടെയും സംവാദ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരമാണ് സി.ആര്‍.പരമേശ്വരന്റെ 'പ്രകൃതി നിയമം 'എന്ന നോവലിനെ വ്യത്യസ്തമാക്കിത്തീര്‍ക്കുന്നത് . കലാകാരന്റെയും കലാപകാരിയുടെയും സൂക്ഷ്മവിചാരകന്റെയും കാഴ്ചകള്‍ നോവലില്‍ ഇടകലരുന്നു.ആധുനികതയുടെയും രാഷ്ട്രീയാധുനികതയുടെയും ഉത്തരാധുനികതയുടെയും ഇടയില്‍ ഒരു ദ്വീപില്‍ നോവല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. ഈ ഒറ്റപ്പെടലാണ് 'പ്രകൃതി നിയമത്തെ 'സമകാലികമായ വായനയുടെ തുറസ്സില്‍ പ്രസക്തമാക്കിത്തീര്‍ക്കുന്നത് .ആധുനികതയുടെയും രാഷ്ട്രീയാധുനികതയുടെയും പ്രധാന പ്രതിനിധാനങ്ങള്‍ എന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ട പല നോവലുകളും ഇന്ന് വായിക്കാന്‍ കഴിയാത്ത വിധം ചെടിപ്പിക്കുംപോള്‍ ,ഉത്തരാധുനികക കാലം അഥവാ ആഗോളീകരണ കാലം ഉന്നയിക്കുന്ന ചില ആശയങ്ങള്‍ മുന്‍‌കൂര്‍ ഏറ്റെടുത്തുകൊണ്ട് 'പ്രകൃതി നിയമം'പുതിയ വായനക്കാരനെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.നോവലിന്റെ ഘടനയിലല്ല,മറിച്ച് വിചാരസംസ്കാരത്ത്തിന്റെ അടിതട്ടിലാണ് (പുറമേ,ഘടനയില്‍ ഉത്തരാധുനികമെന്നു തോന്നാവുന്ന പലകൃതികളും അകമേ പഴഞ്ചന്‍ അവബോധത്തെയാണ് സംവഹിക്കുന്നതെന്നും ഓര്‍ക്കുക) പില്‍ക്കാലത്ത് ഉത്തരാധുനിക കൃതികളില്‍ പ്രത്യക്ഷപ്പെട്ട ചില സവിശേഷതകളും സന്ദേഹങ്ങളും ആഴത്തില്‍ പതിഞ്ഞു കിടക്കുന്നത് . വ്യാജ പ്രതീതികളാല്‍ നിര്‍മ്മിക്കപ്പെട്ട കേരളീയ ജീവിതത്തിന്റെ അതീതയാഥാ ര്ത്യങ്ങളുടെ അധോലോകമാണ് 'കമ്മ്യൂണ്‍ 'പകര്‍ന്നാടുന്നത്‌ .ആധുനികതയുടെയും രാഷ്ട്രീയാധുനികതയുടെയും ആശയ ലോകങ്ങളെ അക്കാലത്തെ ഒട്ടേറെ എഴുത്തുകാരും നിരൂപകരും ആദര്‍ശവല്‍ക്കരിക്കുകയാനുണ്ടായത്.എന്നാല്‍ ,'പ്രകൃതി നിയമത്തില്‍' പ്രസ്തുത ആശയലോകങ്ങളുടെ ആന്തരവൈരുധ്യങ്ങളെ അഭിമുഖീകരിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമം കാണാം.അങ്ങനെ കടുത്ത യാഥാര്ത്യങ്ങളുടെയും അപഗ്രഥനങ്ങളുടെയും പുസ്തകമായി നോവല്‍ മാറുന്നു.അതേ യാഥാ ര്ത്യങ്ങളെയും അപഗ്രഥനങ്ങളെയും ചലിപ്പിക്കുന്ന ഇന്ധനമായി ഓര്‍മ്മയും ഭാഷയും നോവലില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ നിവരുന്ന ,ഒട്ടും ആലന്കാരികമല്ലാത്ത്ത ഭാഷാ നിര്മിതിയിലൂടെ നോവല്‍ ആധുനികതയുടെ അമിതഭാഷാവ്യാമോഹവലയങ്ങളില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു. പറഞ്ഞ യാഥാര്ത്യങ്ങള്‍ ഭീകരമാണെന്നും പറയാത്ത യാഥാര്ത്യങ്ങള്‍ അതി ഭീകരമാണെന്നും സൂചിപ്പിച്ചുകൊണ്ട് 'പ്രകൃതി നിയമം പല കാലങ്ങളിലേക്ക് സഞ്ചരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.

No comments:

Post a Comment