Sunday, November 4, 2012

സമുദായ ശക്തികള്‍ ചോദ്യം ചെയ്യപ്പെടട്ടെ



 വോട്ടു ബാങ്കുകളായ സമുദായ സംഘടനകള്‍‍ സമാന്തര ഗവണ്മെന്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു.സമുദായ നേതാക്കളാകട്ടെ അഹന്തയുടെ ഭാഷ സംസാരിക്കുന്നു.ജനാധിപത്യ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചുകൊണ്ട് ,ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ തന്നെ നോക്കുകുത്തിയാകി ,പണത്തിന്റെയും പലവിധ അധികാരസ്വാധീനങ്ങളുടെയും മറവില്‍ കൊഴുത്തു വളരുന്നു.ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ എല്ലാ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറിയോ കുറഞ്ഞോ പങ്കുണ്ട് .ഇത് ഇന്നോ ഇന്നലയോ സംഭവിച്ച സ്ഥിതിവിശേഷമല്ല .വോട്ടു ബാങ്കുപ്രീണന രാഷ്ട്രീയത്തിന്റെ നീണ്ടു നീണ്ടു പോയ അശ്ലീല ചരിത്രത്തിന്റെ പരിണതിയാണ് .ഓരോ രാഷ്ട്രീയ പാര്‍ടികളും കേവലമായ കക്ഷിരാഷ്ട്രീയ ലാഭത്തിനു വേണ്ടി ഏതേതൊക്കെ രീതിയില്‍ തങ്ങളെ ന്യായീകരിച്ചാലും ഈ പാപത്തില്‍ നിന്ന് കൈകഴുകി രക്ഷപ്പെടാന്‍ സാധ്യമല്ല.നമ്മുടെ വിദ്യാഭാസ മേഖലയടക്കമുള്ള ഇടങ്ങളില്‍ നടമാടുന്ന തിക്ത പ്രവണതകളുടെ പിന്നിലെ യഥാര്‍ത്ഥ വസ്തുത ഇതാണ് .രോഗം എല്ലാവര്ക്കും അറിയാം.എല്ലാവരും രോഗത്തെ ക്കുറിച്ച് വാചാലരാകുന്നു.അതേ സമയം ,രോഗത്തെ ചികില്സികാനുള്ള ചങ്കൂറ്റം ആര്‍ക്കുമില്ല.വോട്ടു ബാങ്കുകള്‍ക്ക് മുന്നില്‍ മുട്ടുകൂട്ടിയിടിക്കാത്ത്ത ,വോട്ടു ബാങ്കുകളെ നിലക്ക് നിര്‍ത്താന്‍ നട്ടെല്ലുള്ള ജനാധിപത്യ സംവിധാനം പരുവപ്പെടും വരെ ഇന്നത്തെ നാടകങ്ങള്‍ ഈവിധം തുടരുക തന്നെ ചെയ്യും.

ഇതിന്റെ മറ്റൊരു ഫലം വോട്ടു ബാങ്കുകളാകാന്‍ കഴിയാത്ത സമുദായങ്ങള്‍ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെടുകയും അവരുടെ പ്രശ്നങ്ങളെ ആത്മാര്‍ഥമായി അഭിസംബോധന ചെയ്യാന്‍ രാഷ്ട്രീയ പാര്ടികള്‍ക്കോ ജനാധിപത്യ പ്രക്രിയക്കോ കഴിയാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് .ഇതുണ്ടാക്കനിടയുള്ള സംഘര്‍ഷങ്ങള്‍ ഇനിയും ഗുരുതരമായിത്തീരാനിടയുള്ള ഭാവിയെ മാത്രമാണ് ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നത്‌.ഇതൊന്നും പുതിയ കാര്യങ്ങളല്ല.എന്നാല്‍ വീണ്ടും വീണ്ടും പറയേണ്ട കാര്യങ്ങള്‍.

ജനാധിപത്യമാണ് അവസാനത്തെ അഭയമെന്നു പറയുമ്പോഴും ജനാധിപത്യം ചിലപ്പോള്‍ ജനങ്ങളെ ചതിക്കുന്നു.ജനങ്ങളാണ് അവസാനത്തെ വാക്കെന്നു പറയുമ്പോഴും ജനങ്ങള്‍ ചിലപ്പോള്‍ ജനാധിപത്യത്തെ ചതിക്കുന്നു.അങ്ങനെ ഡെമോക്രസി ഡമോക്ളീസിന്റെ വാളാകുന്നു.

No comments:

Post a Comment