Sunday, November 4, 2012

അണ്ണാ ഹസാരെ ബാറ്റു ചെയ്യുന്നു




ഇന്ത്യയുടെ ദേശീയബോധവും ദേശസ്നേഹവും ആരവത്തോടെ ഉയിര്ത്തെഴുന്നേല്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ സംഭവിക്കുന്നത്‌ ഇന്ത്യ ക്രികറ്റ് കളിക്കുംപോഴാണ് , പ്രത്യേകിച്ചും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസില്‍ നടനമാടുമ്പോള്‍.ഇപ്പോളിതാ ഹസാരെ സത്യഗ്രഹമിരിക്കുംപോഴും അഥവാ ഇന്ത്യക്ക് വേണ്ടി ബാറ്റു ചെയ്യുമ്പോഴും അതേ ദേശീയബോധവും ദേശസ്നേഹവും  പാട്ടും കൂത്തും പതാകയും പരിവട്ടങ്ങളുമായി ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു. ഒരു ക്രികറ്റ് മത്സരത്തിനു മുന്‍പെന്ന പോലെ ചാനല്‍ ചര്‍ച്ചകള്‍.ആഘോഷ ദൃശ്യങ്ങള്‍.അഭിമുഖങ്ങള്‍.എന്നാല്‍ ആരവങ്ങള്‍ നിറഞ്ഞ ഈ ദൃശ്യങ്ങള്‍ക്കും ആരേയും പ്രലോഭിപ്പിക്കുന്ന ദേശീയബോധത്തിനും ദേശസ്നേഹത്തിനും ജനാധിപത്യത്തെക്കുറിച്ചുള്ള അടിത്തട്ടില്‍ തൊടാത്ത ചര്‍ച്ചകള്ക്കുമിടയില്‍ അനുദിനം മറയത്താക്കപ്പെടുന്ന അനാഥമായ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്യമുണ്ട്.തൊട്ടാല്‍ പൊള്ളുന്നത്.ഒട്ടും കാല്പനികമല്ലാത്തത്.പ്രലോഭിപ്പിക്കാത്തത് .ആഘോഷങ്ങളെ റദ്ദാക്കുന്നിടത്തോളം ആപല്‍ക്കരമായത്. അതിനെക്കുറിച്ച് മിണ്ടരുത്.മിണ്ടിയാല്‍ മഹത്തായ ജനാധിപത്യം ഒരു സൌജന്യവും അനുവദിക്കുകയില്ല. ഒന്നും സമാധാനപരമായിരിക്കുകയില്ല.സ്നേഹിതരേ,വ്യവസ്ഥിതിയൊന്നും പാടേ മാറ്റാന്‍ കഴിയില്ല.അതൊരു ഉട്ടോപ്യന്‍ സ്വപ്നമല്ലേ .പണ്ടാരാണ്ടോ പറഞ്ഞ പമ്പര വിഡ്ഢിത്തം .അതുകൊണ്ട് വീണു കിട്ടിയ ഈ അവസരം പാഴാക്കരുത്.ഈ സാധ്യതയെ തള്ളിക്കളയരുത്.നമുക്കിത് ആഘോഷിക്കാം.ഇതിനു സ്തുതി പാടാം.ജനാധിപത്യം കൊണ്ട് നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ ,ജനാധിപത്യതിറെ മൈതാനത്തില്‍ ,ജനാധിപത്യം കൊണ്ട് നിര്‍മ്മിച്ച പിച്ചില്‍ അറുപത്തഞ്ചു വര്‍ഷമായി പലരും ബാറ്റു ചെയ്തു.പലരും ബാറ്റു ചെയ്യാന്‍ കാത്തിരിക്കുന്നു.ഇപ്പോള്‍  ബാറ്റു ചെയ്യുന്നത് അണ്ണാ ഹസാരെയാണ്.ഹസാരെ സിക്സര്‍ അടിച്ചു കൊണ്ടേയിരിക്കുന്നു. ഹസാരെയുടെ ബാറ്റു പിടിച്ചു വാങ്ങാന്‍ ചിലര്‍ തക്കം പാര്‍ത്ത് ഒരുങ്ങിയിറങ്ങിയിരിക്കുന്നു.മത്സരത്തില്‍ ആരെങ്ങിലും ജയിച്ചേ തീരൂ.പക്ഷേ ,സ്റ്റേഡിയത്തിനു പുറത്ത് ജനങ്ങളുണ്ട്‌.ഒരിക്കല്‍ പോലും ടിക്കറ്റ് കിട്ടിയിട്ടില്ലാത്തവര്‍.

No comments:

Post a Comment