Sunday, November 4, 2012

ചിത്രകലയിലെ പെണ്‍ഭൂപടങ്ങള്‍



ലോക ചിത്രകലയിലെ ആധുനികതയുടെ സന്ദര്‍ഭങ്ങളെ പെണ്‍വിനിമയത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു കൊണ്ടാണ് 1908-ല്‍ മേരി ലോരെന്‍സിന്‍ (Merie Laurencin) രംഗത്തെത്തിയത് .ചിത്രകലയിലെ ആണിടങ്ങളെ മനസ്സിലാക്കികൊണ്ട്‌ അതിനെ മറ്റൊരു രീതിയില്‍ ആവിഷ്കരിക്കാനാണ് മേരി ശ്മിച്ചത്‌ .പിങ്ക് ,നീല ,പച്ച ,ആഷ് ..തുടങ്ങിയ നിറങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സ്ത്രീയുടെ ആന്തര ലോകത്തെ പതിഞ്ഞ രൂപങ്ങളില്‍ വരയ്ക്കുന്ന രീതിയാണ് അവര്‍ പിന്തുടര്‍ന്നത് .ക്യുബിസത്തിന്റെ സ്വാധീനം ചിത്രങ്ങളിലുണ്ടായിരുന്നെങ്കിലും ക്യുബിസ്റ്റുകള്‍ പൊതുവില്‍ സ്വീകരിച്ചിരുന്ന വിഷയങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ചു എന്നതാണ് അവരുടെ ചിത്രങ്ങളെ വ്യത്യസ്തമാക്കിത്തീര്‍ത്തത് .കുടുംബം ,ബാല്യം ,കൌമാരം എന്നിവയെ അപഗ്രഥിച്ചുകൊണ്ട് സ്തീയെന്ന നിലയിലുള്ള അസ്തിത്വത്തെ പ്രതിഫലിപ്പിക്കുന്നവയാണ് ആ ചിത്രങ്ങള്‍ . പാരഡിയുടേയും വിരുദ്ധസങ്കല്പനങ്ങളുടെയും ആദ്യപഥികയായി പില്‍കാലത്ത് ചിത്രകലയുടെ ചരിത്രകാരന്മാരും പോസ്റ്റു മോഡെനിസ്റ്റുകളും മേരിയെ വിലയിരുത്തുകയുണ്ടായി.
സ്ത്രീ ശരീരത്തെ തന്റെ സൃഷ്ടികളിലൂടെ വ്യാഖ്യാനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കൊണ്ടാണ് ജോര്‍ജിയ കീഫി(Georgia O’keefe) ശ്രദ്ധേയയാകുന്നത് .1910-ല്‍ അവര്‍ രൂപപ്പെടുത്തിയചിത്രങ്ങളില്‍ ഫിഗറേറ്റീവ് -അബ്സ്ട്രാക്റ്റ് എന്നീ സങ്കേതങ്ങളുടെ അതിരുകളെ പ്രത്യേക പാറ്റേണില്‍ അടയാളപ്പെടുത്താനുള്ള ശ്രമം കാണാം .വരകളും രൂപങ്ങളും വര്‍ണങ്ങളും സ്ത്രീയവസ്ഥയുടെ ധ്വന്യാത്മകമായ പ്രതിനിധാനങ്ങളായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.ആധുനിക ചിത്രകലയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ അതില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ശ്രമിച്ച ദെക്കംപിന്റെയും ലെഗരിന്റെയും കാണ്ടിന്‍സ്കിയുടെയും മോണ്ടാരിന്റെയും രീതികളെ സ്വാംശീകരിച്ചുകൊണ്ട്‌ അതിനെ സ്ത്രീയാവിഷ്കാരത്തിനുള്ള ഉപകരണമാക്കിത്തീര്‍ക്കുകയായിരുന്നു അവര്‍ . ഒരു ചിത്രകാരിയെന്ന നിലയില്‍ ‘സ്ത്രീയെ ‘തന്റെ ചിത്രങ്ങളില്‍ ‘ആഘോഷിക്കുകയാണ്’ ജോര്‍ജിയ ചെയ്തത്.പെണ്‍ ശരീരത്തെക്കുറിച്ചുള്ള അബോധമായ അറിവുകളെ വര്‍ണങ്ങളുടെ ചരിഞ്ഞ വടിവുകളില്‍ ഇഴചേര്‍ത്തുവെക്കാന്‍ കഴിഞ്ഞ ആധുനികതയുടെ തുടക്കത്തിലെ ആദ്യ ചിത്രകാരികളില്‍ ഒരാളാണ് ജോര്‍ജിയ.പൂക്കളുടെ പശ്ചാത്തലത്തില്‍ വരക്കപ്പെട്ട ചിത്രങ്ങളില്‍ സ്ത്രീ ജനനേന്ദ്രിയത്തിന്റെ ബിംബാത്മക സാന്നിധ്യമായി പൂക്കളെ അവര്‍ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചു. സെക്സിന്റെയും സ്ത്രീശരീരത്തിന്റെയും ഡയലെറ്റിക്സ് അവരുടെ ചിത്രങ്ങളിലൂടെ വായിച്ചെടുക്കാന്‍കലാനിരൂപകരെ പ്രേരിപ്പിക്കുംവിധം ആ ചിത്രങ്ങള്‍ പെണ്ണിടങ്ങളെ പ്രകാശിപ്പിക്കുന്നവയായിരുന്നു.

1920 കളിലും 1930-കളിലും സവിശേഷമായ ചിത്രരചനയിലൂടെ വരവറിയിച്ച മെക്സിക്കന്‍ ചിത്രകാരിയാണ് ഫ്രൈഡ കാലോ(Frida Kahlo). മാരകമായ ഒരപകടത്തില്‍ പെട്ട് ജീവിതം തന്നെ നാനാവിധമായ ഈ ചിത്രകാരി നാല്‍പ്പതു വയസെത്തും മുമ്പേ മരണമടഞ്ഞു. ബഹുമുഖമായ സ്ത്രീ വിനിമയങ്ങളെ തന്റെ കലാ പരിശ്രമങ്ങളുടെ പരിസരത്തില്‍ ഉള്‍കൊള്ളിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇരയാക്കപ്പെടുന്ന സ്ത്രീ രൂപങ്ങളായിരുന്നു അവരുടേത്. ഒരു മെക്സിക്കന്‍ എന്ന അസ്തിത്വതോടും ശരീരം ,ജനനം ,മരണം എന്നിവയോടുമുള്ള പ്രതികരണങ്ങളാണ് കാലോയുടെ സൃഷ്ടികള്‍ .അവിശ്വസ്തനായ പുരുഷനോടുള്ള ശക്തമായ പ്രതികരണങ്ങള്‍ കൂടിയായി അവ മാറി . ആത്മകഥാംശം കലര്‍ന്ന ചിത്രങ്ങള്‍ പക്ഷേ,അതിനപ്പുറമുള്ള സ്ത്രീയാഥാര്‍ത്ഥ്യമായി ചര്‍ച്ച ചെയ്യപ്പെട്ടു .കാലോയുടെ Beauty Within എന്ന സങ്കീര്‍ണമായ ചിത്രം ഫെമിനിസ്റ്റുകള്‍ക്കിടയില്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയതിനു കാരണം ഫെമിനിസത്തിന്റെ സിദ്ധാന്തപരമായ കൃത്യതകള്‍ക്ക് വഴങ്ങുന്ന ഒന്നായിരുന്നില്ല അതിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ച കലാശാസ്ത്രം എന്നതാണ്‌.
ശില്പകലക്കും ചിത്രകലയ്ക്കും ഇടയിലെ ഒരു സ്ഥലരാശിയില്‍ തന്റെ കലാസൃഷ്ടികളെ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട്‌ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണതകളെ വ്യാഖ്യാനിക്കാന്‍ മേരി കെല്ലിക്ക് (Mary Kelly) കഴിഞ്ഞു. അവരുടെ Post-Partum Document എന്ന സൃഷ്ടി സ്ത്രീയുടെ അമ്മയെന്ന നിലയിലുള്ള നിലനില്‍പ്പിന്റെ എല്ലാ ഏങ്കോണിപ്പുകളും പ്രതി ഫലിപ്പിക്കുന്നുണ്ട് .പരസ്യങ്ങളും പാരമ്പര്യങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ‘അമ്മയും കുഞ്ഞുമെന്ന ‘കാല്‍പനിക ദൃശ്യത്തിനു പകരം ആ ബന്ധത്തിന്റെ പിളര്‍പ്പുകളിലേക്കും മന:ശാസ്ത്രപരമായ ആഴങ്ങളിലെക്കും മേരി കെല്ലിയുടെ ചിത്രങ്ങള്‍ കടന്നു ചെല്ലുന്നു.
ശരീരത്തിന്റെ നവീനമായ ശില്പശാസ്ത്രമാണ് ഈവ ഹെസ്സേയുടെ(Eva Hesse) ശില്പങ്ങളില്‍ ശ്രദ്ധേയമാക്കുന്നത് .സൂചിത ബിംബങ്ങളായി ശരീരത്തെ പുനര്‍നിര്‍മ്മിക്കുന്ന കലാധര്‍മ്മമാണ് ഹെസ്സേ ശില്പങ്ങളില്‍ കാണാനാവുക. ഗൌരവവും കറുത്ത ഫലിതവും ഇടകലര്‍ത്തി ഹെസ്സേ നിര്‍മ്മിച്ച ശില്പങ്ങള്‍ ശരീരത്തെക്കുറിച്ചുള്ള വിപണിവല്കൃതമായ എല്ലാ മിഥ്യാധാരണകള്‍ക്കും മേല്‍ ആഞ്ഞു പതിക്കുന്നവയാണ് . ഹെസ്സേയുടെ Untitled,or Not Yet എന്ന ശില്‍പം ശരീരമെന്ന പ്രതീകത്തെ പ്രതീതിയാഥാര്‍ത്ഥ്യമായി ആവിഷ്കരിക്കാന്‍ കഴിയുമെന്ന് കാട്ടിത്തരുന്നു .

ആധുനികതയില്‍ പരിമിതമായിരുന്ന സ്ത്രീയാവിഷ്കാരങ്ങളെ ചിത്രകലയുടെ തുറസ്സിലേക്ക് അപനിര്‍മ്മിച്ചുകൊണ്ടാണ് സിണ്ടി ഷെര്‍മാന്‍(Cindy Sherman) ചിത്രകലാസങ്കേതങ്ങളെ പുനര്‍നിര്‍വചിച്ചത് .1978-ല്‍ സിനിമയുടെയും ഫോട്ടോഗ്രാഫിയുടെയും സാധ്യതകളെ പിടിച്ചെടുത്തുകൊണ്ട് ഷെര്‍മാന്‍ വരച്ച Untitled Film Still-15 സ്ത്രീയുടെ ഏകാന്ത ലോകങ്ങളെ ,സ്വകാര്യ സംഘര്‍ഷങ്ങളെ ചിത്രകലയില്‍ സ്ഥാനപ്പെടുത്തുകയായിരുന്നു. മാറുന്ന സ്ത്രീയും മാറുന്ന ലോകവും തമ്മിലുള്ള ഒരഭിമുഖം ,ജനാലയിലൂടെ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന ഏകാകിനിയായപെണ്‍കുട്ടിയില്‍ നിന്ന് കണ്ടെത്താന്‍ കഴിയും .അതുവരെ സ്വരൂപിച്ചു വെച്ച സ്ത്രീയനുഭവങ്ങളുടെ വര്‍ണ്ണകാഴ്ച്ചകളെ അതിവര്‍ത്തിക്കുന്ന യാഥാര്‍ത്ഥ്യബോധവും തുറന്ന ചിത്രമെഴുത്ത്‌ രീതിയും ഷെര്‍മാന്റെ ചിത്രങ്ങളില്‍ കാണാം .പിന്നീടുള്ള കലാ ജീവിതത്തില്‍ പഴയ ആചാര്യന്മാരുടെ ചിത്രങ്ങള്‍ക്ക് പാരഡിയെന്നവണ്ണം ചിത്രങ്ങള്‍ വരച്ചുകൊണ്ട്‌ തന്റെ അപനിര്‍മ്മാണ സമീപനത്തെ അവര്‍ കൂടുതല്‍അ വര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി .
സ്ത്രീയെന്ന യാഥാര്‍ത്ഥ്യത്തെ പരിമിതപ്പെടുത്തുന്ന എല്ലാ സാമൂഹ്യ ബോധ രൂപീകരണത്തിനും എതിരായുള്ള ചിത്ര-ശില്‍പകല അന്വേഷണങ്ങളാണ് ബാര്‍ബര ക്രുഗരും(Barbara Kruger) സാറ ലൂകാസും(Sarah Lucas) നടത്തിയത്.ബാര്‍ബര ക്രുഗര്‍ പരസ്യങ്ങളുടെ ലോകത്ത് നിന്ന് നേടിയ അറിവുകള്‍ വെച്ച് കൊണ്ട് ,അതിന്റെ പലതരം ഘടകങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ചിത്ര-ശില്പങ്ങള്‍ നിര്‍മിക്കുകയും കലാപ്രവര്‍ത്തനത്തില്‍ പ്രൊഫഷണലായ സ്വാതന്ത്ര്യം സ്ത്രീക്കും കൂടി അവകാശപ്പെട്ടതാണെന്നു തെളിയിക്കുകയും ചെയ്തു. സാരലൂകാസാവട്ടെ,സാമൂഹികമായ സ്ത്രീ സങ്കല്പനങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് കലാ സൃഷ്ടികള്‍ക്ക് രൂപം നല്‍കിയത് .Two Fried Eggs and a Kebab എന്ന സൃഷ്ടിയില്‍ ഒരു ടേബിളിനു പുറത്തു മുറിച്ചു വെച്ചിരിക്കുന്ന മുലകളുടെയും ജനനെന്ദ്രിയത്തിന്റെയും കാഴ്ചകളാണുള്ളത്.വിലക്ഷണമെന്നു തോന്നാവുന്ന ഈ കലാസൃഷ്ടിയിലൂടെ സ്ത്രീ ശരീരത്തിന്റെ ദൃശ്യാഖ്യാനത്തില്‍ വേറിട്ട നിലയുണ്ടെന്നു സാറ ലൂകാസ് കാണിച്ചുതരുന്നു .
സമകാലിക ലോകചിത്രകലയില്‍ സമര്‍ത്ഥമായ പ്രോഫഷനലിസത്തിലൂടെയാണ് മര്കെടയിസഷന്റെയും ഗ്ലോബലൈസഷന്റെയും അനുദിനം മാറികൊണ്ടിരിക്കുന്ന സ്ഥല ജല വിഭ്രാന്തികളെ ചിത്രകാരികള്‍ പ്രതിരോധിക്കുന്നത് .ഫോട്ടോഗ്രഫിക്കും സിനിമക്കും ആനിമഷനും ഗ്രാഫിക്സും അഡ്വര്‍ട്ടൈസ്മെന്റും  ചേര്‍ന്ന് സൃഷ്ടിക്കുന്ന
വിസ്മയ ലോകത്തിനു സമാന്തരമായി ചിത്രകാരികള്‍ കലാപ്രവര്‍ത്തന രീതിയെ തന്നെ നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നു,സ്ത്രീകളുടെ കൂട്ടായ്മയില്‍ പിറക്കുന്ന കലാസൃഷ്ടികള്‍ ഇതിന്റെ സൂചനകളില്‍ ഒന്നാണ്. ജൂഡി(Judy Chicago) ചികാഗോയുടെ സംവിധാനത്തില്‍ അനവധി ചിത്രകാരികള്‍ ചേര്‍ന്ന് സൃഷ്ടിച്ച വിവാദ ശില്‍പം The Dinner Party ഇത്തരമൊരു ശ്രമത്തിന്റെ ആദ്യ ഉദാഹരണങ്ങളില്‍ ഒന്നാണ് . ചിത്രകാരികളുടെതുമാത്രമായ പ്രദര്‍ശനങ്ങള്‍ ,വര്‍ക് ഷോപ്പുകള്‍ ,വര്‍ധിച്ചുവരുന്ന സ്ത്രീ ക്യുരറെര്മാര്‍…..ഇങ്ങനെ ചിത്രകലയിലെ സ്ത്രീപ്രതിരോധം ബഹുമുഖമായ രീതിയില്‍ അതിവര്‍ത്തിക്കുന്ന കാഴ്ചയാണ് സമമകാല പെണ്ചിത്രകലാവഴിയില്‍ എല്ലാ പരിമിതികളോടെയും  സാധ്യതകളോടെയും  സങ്കീര്‍ണതകകളോടെയും  തെളിഞ്ഞു നിവരുന്നത്‌.വിപണിയുടെയും വിസ്മയങ്ങളുടെയും പ്രശ്ന പരിസരങ്ങളെ നേരിട്ടുകൊണ്ടുമാത്രമേ ഏതു കലക്കുമെന്നപോലെ പെണ്ചിത്രകലയ്ക്കും മുന്നോട്ടു പോകാന്‍ കഴിയൂ എന്ന തിരിച്ചറിവും വര്‍ത്തമാനകാല ചിത്രകാരികളുടെ കലാപ്രവതനത്ത്തിന്റെ അടിത്തട്ടില്‍ ഉള്ചേര്ന്നു കിടക്കുന്നു.ആത്മനിഷ്ഠലോകത്തെ
വസ്തുനിഷ്ഠ ലോകം കൊണ്ടും, വസ്തുനിഷ്ഠലോകത്തെ ആത്മനിഷ്ഠ ലോകംകൊണ്ടും തകര്‍ക്കുന്ന സ്ത്രീയന്വേഷണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് . ഒരുകൂട്ടം ചിത്രകാരികളെ വെച്ചുകൊണ്ട് സങ്കീര്‍ണവും ബഹുസ്വരവുമായ പെണ്‍ ചിത്രകലയുടെ പുതുമകളെ വിശകലന വിധേയമാക്കുനത് ഉചിതമായിരിക്കുകയില്ല.

No comments:

Post a Comment