Sunday, November 4, 2012

പാലാ നാരായണന്‍ നായര്‍ :ഒരോര്‍മ്മ.



പാലാ നാരായണന്‍ നായരെക്കുറിച്ചുള്ള ഓര്‍മ ശ്രീ മഹാ ഭാഗവതത്തില്‍ പറയുന്നത് പോലെ 'മാനസം തെളിഞ്ഞു ദിവ്യാനന്ദ സ്വാഭാവികം /സാധിപ്പാനെളുതായ...' ഒന്നാണ് .സ്വകാര്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും സ്വാതികപ്രഭയുടെ സ്വച്ചന്ദസ്വരൂപമായിരുന്നു അദ്ദേഹം .അങ്ങനെയൊരാളെ ഞാന്‍ പിന്നീട് പരിചയപ്പെട്ടത്‌ എന്റെ പ്രിയപ്പെട്ട കവിയായ ആര്‍ .രാമചന്ദ്രന്‍ മാഷിനെയാണ് .

പി .കെ .വാസുദേവന്‍ നായര്‍ കേരളാ മുഖ്യ മന്ത്രിയായിരിക്കുന്ന കാലം .ഞങ്ങള്‍ ,ആലപ്പുഴക്കാരുടെ മഹാ ഗുരുവായിരുന്ന ആര്‍.രാമവര്‍മത്തംപുരാന്‍ എസ് .ഡി .കോളേജില്‍ നിന്നും വിരമിക്കുന്ന സന്ദര്‍ഭത്തില്‍ ആലപ്പുഴയിലെ പൌരാവലി അദ്ദേഹത്തെ ആദരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പ്രൌഡ ഗംഭീരമായ ഒരു സമ്മേളനം എസ് .ഡി .വി .ബസന്റെ ഹാളില്‍ സംഘടിപ്പിച്ചു .ആ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി. കെ.വി .യായിരുന്നു .അദ്ധക്ഷ്യന്‍ പാലാ നാരായണന്‍ നായരും .തംപുരാന്‍ സാറിന്റെ ഹൃദയ ശിഷ്യനായ ശ്രീകുമാരന്‍ തംപിയും ചടങ്ങില്‍ പങ്കെടുത്തു.വെറും സ്കൂള്‍ കുട്ടികളായിരുന്ന ഞങ്ങള്‍  വല്സലരായ സാക്ഷികളായി.സത്യത്തില്‍ പി.കെ. വാസുദേവന്‍ നായരുടെ അധ്യാപകനായിരുന്നു പാലാ.എന്നാല്‍ മുഖ്യ മന്ത്രിയായ ശിഷ്യന്റെ  സന്നിദ്ധ്യത്ത്ത്തില്‍ നടത്തിയ സൌമ്യ മധുരമായ പ്രസങ്ങത്തിനൊടുവില്‍ പാലാ നാര്രായണന്‍ നായര്‍ പറഞ്ഞു. 'വാസു എന്റെ ശിഷ്യനാനെങ്ങിലും സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരാവ്ശ്യത്തിന്നും എന്റെ നിഴല്‍ വീഴുകയില്ല' .ഒരെഴുത്തുകാരന്റെ ഏകാന്തധീരമായ വാക്കുകളായിരുന്നു അത് .അധികാരത്ത്തിലേരുന്ന രാഷ്ട്രീയക്കാരേയും മന്ത്രിമാരേയും അന്നന്ന് സ്തുതിച്ച് കൂറക്കൂട്ടങ്ങളായി എഴുത്തുകാര്‍ പെരുകിപ്പുളക്കുന്ന കാലത്ത് പാലായെപ്പോലുള്ളവരുടെ വംശം ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് വാസ്തവത്തില്‍ നമ്മെ വേദനിപ്പികേണ്ടതാണ് .എന്നാല്‍ വേദനിക്കാന്‍ പോലും നേരമില്ലാത്തവിധം നാമൊരു കാര്‍ണിവലില്‍ കുരുങ്ങിപ്പറന്നുകൊണ്ടിരിക്കുന്നു .

ഇത്തിരി കവിതയും ആലപ്പുഴയില്‍ അല്പം സാംസ്കാരിക പ്രവര്‍ത്തനവുമായി നടന്ന്നിരുന്ന എന്റെ അച്ഛന്റെ അടുത്ത സുഹൃത്ത് വലയത്തില്‍ പെട്ട മുതിര്‍ന്ന കവികളില്‍ ഒരാളായിരുന്നു പാലാ .അദ്ദേഹം അച്ഛന് കവിതാരൂപത്ത്തിലയച്ച കത്തുകള്‍ ഞങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് .സ്നേഹമുള്ളവര്‍ അദ്ധേഹത്തെ 'പാലാചേട്ടന്‍ 'എന്ന് വിളിച്ചിരുന്നത് ഞാന്‍ ഓര്ക്കൂന്നു .ഇടകിടെ വീട്ടില്‍ വന്നിരുന്നഅച്ഛന്റെ തലമുറക്കാരായ അവരില്‍ പലരും ഇന്നില്ല .അക്കൂട്ടത്തില്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ എഴുത്തുകാര്‍ ഉണ്ടായിരുന്നു.എഴുപത് - എണ്‍പതുകളില്‍ കുട്ടനാട്ടില്‍ സജീവമായിരുന്ന കുട്ടനാട്ട് സാഹിത്യ സമിതിയുടെ സാഹിത്യ സദസ്സുകളില്‍ ഒന്നില്‍ വെച്ചാണ് പാലാ നാരായണന്‍ നായരെ ഞാന്‍ ആദ്യം കാണുന്നത്.കൂടെയുണ്ടായിരുന്ന അച്ഛന്‍ കവിയുടെ കാല്‍ തൊട്ടു വന്ദിക്കാന്‍ പറഞ്ഞു.ഞാനങ്ങനെ ചെയ്തപ്പോള്‍ പതിറ്റാണ്ടുകള്‍ കവിതയെഴുതി തഴമ്പിച്ച കൈകള്‍ കൊണ്ട് അദ്ദേഹമെന്നെ അനുഗ്രഹിച്ചു. കവിതയുടെ ആകാശ പഥന്നളില്‍ നിന്നിറങ്ങിവന്ന് വാഗര്‍ത്ഥ രൂപനായ ദൈവം നെറുകയില്‍   സ്പര്‍ശിക്കുന്നത് ്‍ പോലെ എനിക്ക് തോന്നി . കവികളെയും എഴുത്തുകാരെയും ഭ്രാന്തോളമെത്തുന്ന അത്ഭുതാദരങ്ങളോടെ നോക്കിക്കണ്ട കുട്ടിക്കാലമായിരുന്നു എന്റേത്.

നെടുമുടിയിലും കോട്ടയത്തും കൈനകരിയിലും തിരുവല്ലയിലും ചങ്ങനാശേരിയിലും ...തുടങ്ങി കുട്ടനാട്ടിലോട്ടാകെ കുട്ടനാട് സാഹിത്യ സമിതി സാഹിത്യ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മകളില്‍ തകഴി ശിവശങ്കരപിള്ള ,പാലാ നാരായണന്‍ നായര്‍ ,കാക്കനാടന്‍ ,കൊടുപ്പുന്ന ഗോവിന്ദ ഗണകന്‍ (ഗോപുരം
എന്ന നിരൂപണ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ,മഹാ സംസ്കൃത പണ്ഡിതനായിരുന്ന കൊടുപ്പുന്ന ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അങ്ങമായിരുന്നു.),ബാബു കുഴിമറ്റം ,കാവാലം വിശ്വനാഥകുറുപ്പ് ,മലേഷ്യ രാമകൃഷ്ണപിള്ള ,ഗോപി കൊടുങ്ങല്ലൂര്‍ (എന്‍ .ബി .എസ് -ന്റെ സെക്രട്ടറിയായിരുന്നു .)കോട്ടയം പുഷ്പനാഥ് മുതലായവര്‍ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ കോട്ടയത്തും ആലപ്പുഴയിലും പ്രാദേശിക പ്രശസ്തിയാര്‍ജിച്ച്ചിരുന്ന അമ്പ്പാട്ട് സുകുമാരന്‍ നായര്‍ ,മധുവനം ഭാര്‍ഗവന്പിള്ള ,മുട്ടാര്‍ സോമന്‍ ,കാവാലം ബാലചന്ദ്രന്‍ ,പൂണിയില്‍ സുരേന്ദ്രന്‍ തുടങ്ങി ഒട്ടനവധി എഴുത്തുകാര്‍ ഒത്തുചേര്‍ന്നു .സമിതി സംഘടിപ്പിച്ചിരുന്ന സാഹിത്യ ചര്‍ച്ചകള്‍ എത്രത്തോളം ഗൌരവമുള്ളതായിരുന്നു എന്നത് ഈ കുറിപ്പിന്റെ വിഷയമല്ല.എഴുത്തുകാരുടെ കൂട്ടായ്മ അസാധ്യമാക്കി തീര്‍ക്കുന്ന വിചിത്ര വര്‍ത്തമാനകാലത്ത് സമിതിയുടെ 'കൂട്ടയ്മക്കാലം 'ഒരു ഗൃഹാതുര സ്മരണയായി അവശേഷിക്കും എന്നതില്‍ തര്കമില്ല.എല്ലാ പരിമിതികള്‍ക്കും അപ്പുറത്ത് സമിതിയുടെ സദസ്സുകള്‍ സ്നേഹത്തിന്റെ മഹോത്സവങ്ങള്‍ തന്നെ സൃഷ്ടിച്ചു.

അത്തരം സദസ്സുകളിലേക്കാന്നു ഇടക്കൊക്കെ പരമ വിശുദ്ധിയുടെ അലങ്ഗാര ദീപം പോലെ പാലാ നാരായണന്‍ നായര് കടന്ന്നുവന്നിരുന്നത് .അതിരുകളില്ലാത്ത
നിര്‍മ്മലത സമുദ്ര സാനിദ്ധ്യമായി അദ്ദേഹത്തിന്റെ വ്യക്തി സത്തയില്‍ തുളുമ്പി നിന്നിരുന്നു.ഒരികല്‍ അച്ഛനോടൊപ്പം വൈക്കം ടി .വി പുരത്തെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് ഞാനോര്‍ക്കുന്നു.പലതും സംസാരിച്ച കൂട്ടത്തില്‍ ചങ്ങമ്പുഴയെക്കുറിച്ച് പറഞ്ഞ് വിതുമ്പി പോയ പാലാ നാരായണന്‍ നായര്‍ എന്റെയുള്ളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.സംശയമില്ല ,കവിത്വമെന്ന ഒന്നുണ്ടങ്ങില്‍ അത് കവിതയില്‍ മാത്രമല്ല ,മാനുഷികവികാരങ്ങളിലും വ്യക്തിബന്ധങ്ങളിലും സാക്ഷാത്കരിച്ച മനുഷ്യനന്മകളുടെ അമരരൂപമായിരുന്നു പാലാ നാരായണന്‍ നായര്‍ .

No comments:

Post a Comment