Sunday, November 4, 2012

എം.പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍'.



വായിച്ച യാത്രാവിവരണ ഗ്രന്ഥംനങ്ങളില്‍ ഏറ്റവും മോശപ്പെട്ട കൃതികളില്‍ ഒന്നാണ് എം. പി.വീരേന്ദ്രകുമാറിന്റെ 'ഹൈമവത ഭൂവില്‍.'ഭൂതകാലഭാരവും ഭാരതീയതയെക്കുറിച്ചുള്ള ആദര്‍ശാത്മക വീക്ഷണവുമായി ഹിമാലയയാത്രയോ ഇന്ത്യന്‍യാത്രയോ നടത്തുന്ന ഒരാള്‍ക്ക്‌ 'സമകാലിക ഇന്ത്യന്‍ യാഥാര്ത്യത്തെ' യാത്രാക്കുറിപ്പുകളില്‍ വരച്ചിടാന്‍ കഴിയില്ലെന്ന് ഈ കൃതി തെളിയിക്കുന്നു.ഇത് സമകാലികനായ ഒരാള്‍ ഹിമാലയത്തിലേക്ക് നടത്തിയ യാത്രയുടെ രേഖയല്ല ,എല്ലാ യാത്രാമുഖങ്ങളിലും തകര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ ആത്മീയ മൂല്യ വ്യവസ്ഥയിലേക്കും സാമൂഹികാവസ്ഥയിലേക്കും ഭൂതകാല മഹിമയെ ആരോപിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ സൃഷ്ടിക്കുന്ന മിഥ്യാലോകത്തിന്റെ വിവരണമാണ്.

ആത്മീയതയെ ഹൃദയത്ത്തിലാവാഹിച്ചുകൊണ്ട് തപോവന സ്വാമികള്‍ രചിച്ച 'ഹിമഗിരിവിഹാരം' അതിലെ ആത്മാര്‍ഥത കൊണ്ടാണ് വേറിട്ട്‌ നില്‍ക്കുന്നത് .എല്ലാം ഉപേക്ഷിച്ച് യാത്ര പോകുന്ന ഒരാളുടെ ആത്മീയക്കാഴ്ചകള്‍ അതിലുണ്ട്.വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന അത്തരമൊരു ആത്മാര്‍ഥതയുടെ നൈരന്തര്യം വീരേന്ദ്രകുമാറിന്റെ പുസ്തകത്തിലില്ല.ഒരു ടൂറിസ്റ്റിന്റെ ആഴമില്ലാത്ത വിസ്മയവും ആദര്‍ശാത്മക ഭാവവുമാണ്‌ കൃതിയിലുടനീളം.അതുകൊണ്ടുതന്നെ കാഴ്ചകള്‍ കാണുന്ന ഒരാള്‍ നല്‍ക്കുന്ന' ഇഫോര്‍മേഷന്‍സ് ' തലങ്ങും വിലങ്ങും ചെടിപ്പിക്കും വിധം വീണു കിടക്കുന്നു.

വീരേന്ദ്രകുമാറിന്റെ പരിസ്ഥിതി ബോധമാകട്ടെ,ഉപരിപ്ളവമായ മുഖ്യധാരാ പരിസ്ഥിതി ബോധത്തിനപ്പുറം ഒരു സൂക്ഷ്മ പരിസ്ഥിതി ബോധത്തിലേക്ക്‌ വികസിക്കുന്ന ഒന്നല്ല.പരിസ്ഥിതി നാശത്തെക്കുറിച്ച് പറയുന്നിടത്തെല്ലാം ഈ പരിമിതി പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു സാഹിത്യ കൃതിയെന്ന നിലയില്‍ ആഷാമേനോന്റെയോ എം. കെ.രാമച്ചന്ദ്രന്റെയോ കൃതികളുടെ പ്രസക്തി പോലും ഈ പുസ്തകത്ത്തിനുന്ടെന്നു തോന്നുന്നില്ല. കാലം ഈ കൃതിയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും എന്ന് ഞാന്‍ കരുതുന്നു.

ഇതെഴുതുമ്പോള്‍ ഓര്‍മ്മ വരുന്ന രണ്ടു സൃഷ്ടികള്‍ ഉണ്ട്.മഹാസഞ്ചാരിയായ ഒരു വെറും മനുഷ്യന്‍ നടത്തിയ ഹിമാലയ യാത്രയുടെ സത്യസന്ധമായ വിവരണം കൊണ്ട് ശ്രേദ്ധേയമായ രാജന്‍ കാക്കനാടന്റെ 'ഹിമവാന്റെ മുകള്‍്തട്ടില്‍ '.മറ്റൊരു മഹാ സഞ്ചാരിയായ പാരിസ് വിശ്വനാഥന്റെ 'ഗംഗ' എന്ന ഡോക്യുമെന്ടറി.ആദ്യത്തേതില്‍ മറ്റൊരു ഹിമാലയം .രണ്ടാമത്തേതില്‍ മറ്റൊരു ഗംഗ.


No comments:

Post a Comment