Sunday, November 4, 2012

രമേശ്‌ ചെന്നിത്തല ആദിവാസി ഊരുകളില്‍ ചെല്ലുമ്പോള്‍




അങ്ങേയറ്റം സംസ്കാര സമ്പന്നരാണ് ആദിവാസികള്‍ . അവരെ അവരുടെ ആവാസവ്യവസ്ഥയില്‍  വെറുതെ വിടുക . അവരുടെ ഭൂമി അവര്‍ക്കായി യഥേഷ്ടം നല്‍കുക . അവരെ അങ്ങോട്ടു  ചെന്ന് ഒന്നും പഠിപ്പിക്കാതിരിക്കുക . അവര്‍ നാഗരികരെക്കാള്‍ എത്രയോ അറിവുള്ളവര്‍ . അവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്വം  മുഴുവന്‍ അവരുടെ സഹജവും ജൈവവുമായ സ്വാഭാവിക ദിനസരികളിലേക്ക് നുഴഞ്ഞു കയറി ആ സ്വാഭാവികതയ്ക്ക് ഭംഗം വരുത്തിയ കടന്നുകയറ്റക്കാര്‍ക്കും ലാഭക്കൊതിയന്മാരായ ഇടനിലക്കാര്‍ക്കുമുള്ളതാണ് . അവരെ വീതംവെച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന രാഷ്ട്രീയ പാര്ടികള്‍ക്കുള്ളതാണ് . ആദിവാസികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കണമെന്ന് ആത്മാര്‍ഥമായി രമേശ്‌ ചെന്നിത്തല ആഗ്രഹിചിരുന്നുവെങ്കില്‍ അനുയായിവൃന്ദത്തെ ഒഴിവാക്കി ,മാധ്യമങ്ങളെ അകറ്റി നിര്‍ത്തി, വാഹനങ്ങളുടെ അകമ്പടികളിലാത്തെ ആദിവാസി ഉരുകളിലേക്ക് അതീവ വിനയത്തോടെ പോകണമായിരുന്നു . സ്വീകരണ സമ്മേളനങ്ങള്‍ പോലുള്ള പ്രകടനങ്ങള്‍ ഉപേക്ഷിക്കണമായിരുന്നു .  ആദിവാസികളുടെ വിശിഷ്ട ഭക്ഷണം  കഴിച്ചുകൊണ്ട് ,അവരെ ആദരിച്ചുകൊണ്ട്‌ ,അവരുടെ അറിവിനുമുന്പില്‍  നമ്രശിരസ്ക്കനായി കുറച്ചു ദിവസം അവരുടെ കുടിലുകളില്‍ കഴിഞ്ഞു കൂടണമായിരുന്നു .  അതിനുള്ള സമയവും സൌകര്യവും  ഇല്ലെങ്കില്‍ ദയവായി ഇത്തരം പ്രഹസനങ്ങള്‍  ഒഴിവാക്കാനുള്ള മാനുഷികതയെങ്കിലും ,ആര്‍ജവമെങ്കിലും കാണിക്കുക . എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇടയ്ക്കിടയ്ക്ക് ചെന്ന് നാടകമാടാനുള്ള കളിയരങ്ങല്ല ആദിവാസി ഊരുകള്‍  .  ഇന്ത്യന്‍ജനാധിപത്യഘോഷയാത്രയുടെ പിന്നില്‍ പോലും ഇടം കിട്ടാത്ത്തവര്‍ . അവരെ വെറുതെ വിടുക. അവരെയെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ലാഭച്ചന്തയില്‍ വില്പനയ്ക്ക് വെക്കാതിരിക്കുക.ആദിവാസി ഊരുകളില്‍ പോകാനുള്ള രമേശ്‌ ചെന്നിത്തലയുടെ ജനാധിപത്യ അവകാശത്തെ ആരും ചോദ്യം ചെയ്യുകയില്ല . എന്നാല്‍ ആദിവാസി ഊരുകളില്‍ പോകുന്നവര്‍ എല്ലാ പരിവേഷങ്ങളും വാഗ്ദാനവഞ്ചനകളും   മാറ്റിവെച്ചുകൊണ്ട് വെറും മനുഷ്യരായി അവിടേക്ക് കടന്നു ചെല്ലാനുള്ള മഹത്തായ വിവേകം കാണിക്കണം എന്ന് സൂചിപ്പിക്കുക മാത്രമാണ് . ദശകങ്ങളായി ജനാധിപത്യത്തിന്റെ തിളങ്ങുന്ന ആഘോഷങ്ങളില്‍  നോക്കുകുത്തികളാക്കപ്പെട്ട ആദിവാസിസമൂഹങ്ങളോട് അത്രയെങ്കിലും സത്യസന്ധരാകാനുള്ള സന്മനസ്സെങ്കിലും ജനാധിപത്യ വിശ്വാസികള്‍ എന്ന് സ്വയം കൊട്ടിഘോഷിക്കുന്ന ഓരോ രാഷ്ട്രീയക്കാരനുമുണ്ടാകണം .വൃത്തിയും വെടിപ്പുമുള്ളവര്‍ ചെന്നുചെന്നാണ് ,അവരുടെ വൃത്തിയുള്ള ഭാഷയിലെ പൊള്ളവാക്കുകള്‍ വീണുവീണാണ് ആദിവാസി ഊരുകള്‍ വൃത്തികേടായത് . അവിടേക്ക് കടന്നു ചെല്ലുന്നവര്‍ക്ക് വിവേകശാലികളാകാന്‍,വിനയാന്വിതരാകാന്‍  ഈ ചെറിയ അറിവ് മാത്രം മതിയാകും.

No comments:

Post a Comment