Sunday, November 4, 2012

കൂടംകുളത്ത് നില്ക്കുമ്പോള്‍




തിരുനല്‍വേലി - കുറ്റാലം-മണിമുത്താര്‍ - താമിരഭരണി - കുമാരകോവില്‍ - ഉദയഗിരിക്കോട്ട - പത്മനാഭപുരം -  അങ്ങനെ ഒരു ചുറ്റിത്തിരിയല്‍ . അതിനിടയില്‍ കൂടംകുളത്തും പോയി . കൂടംകുളത്തെ വെയിലില്‍ അലഞ്ഞു . സമരപ്പന്തലിനു മീതെ അസഹനീയസൂര്യന്‍ കത്തിയെരിഞ്ഞു കൊണ്ടിരുന്നു . സമരപ്പന്തലിനു ചുറ്റും പോലീസ്നിരീക്ഷണവലയം ചുട്ടുപഴുത്തിരുന്നു . സമരപ്പന്തലില്‍ സമരച്ചൂടിലും ആധിത്തീയിലും കരിവാളിച്ചുപോയ മുഖങ്ങളുള്ളവര്‍ .

ആണവലോബി , എന്‍.ജി.ഒ , ഊര്‍ജ്ജപ്രതിസന്ധി , വികസനം , പരിസ്ഥിതി .....തുടങ്ങിയ പദാവലികള്‍ കൂടംകുളം സമരത്തോടൊപ്പം ഉയരുന്നു . ഒരു പക്ഷേ സങ്കീര്‍ണമായ പദാവലികള്‍ . സമരത്തെ ആഴത്തില്‍ പഠിച്ചിട്ടില്ലാത്തതു  കൊണ്ടുതന്നെ സമരത്തിന്റെ നന്‍മതിന്‍മകളെക്കുറിച്ച് അഭിപ്രായം പറയുന്നത്  അവിവേകമായിരിക്കും . എന്നാല്‍ കൂടംകുളത്ത് ചെന്നുനില്ക്കുമ്പോള്‍ ആര്ക്കും ഒരു കാര്യം ബോധ്യപ്പെടും . പ്രാദേശികമായി ഉയര്‍ന്നു വരുന്ന ഇത്തരം സമരങ്ങളെ മാനുഷികവിവേകത്തോടെ അഭിസംബോധന ചെയ്യുന്നത്തില്‍ നമ്മുടെ ജനാധിപത്യഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു . സമരത്തിന് പിന്നില്‍ ആരാണെന്നുള്ളതല്ല , സമരമുഖത്ത് ജനങ്ങളുണ്ട് , പൌരന്മാര്‍ എന്നു വിളിക്കപ്പെടുന്നവരുണ്ട് എന്നതാണ് പ്രധാനം . എത്ര ചെറിയ കൂട്ടമാണെങ്കിലും അവരെ അനുഭാവത്തോടെ പരിഗണിക്കുംപോഴാണ് , അവരുടെ പ്രശ്നങ്ങളോട് കാരുണ്യത്തിന്റെയും ക്ഷമയുടെയും ഭാഷയില്‍ സംവദിക്കുംപോഴാണ് ജനാധിപത്യം വിശാലമായിത്തിരുന്നത് . ഏത് സമരത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യമെന്ന വലിയ ആശയത്തിന്റെ ശവപ്പെട്ടിയില്‍ ആണികള്‍ ആഞ്ഞടിച്ചു കയറ്റുന്നതിന് തുല്യമായിത്തീരും അത് . കാരണം , ജനാധിപത്യമെന്നത്  ഭൂരിപക്ഷത്തിന്റേത് മാത്രമല്ല , ഓരോ പൌരന്റെയും ജീവിതസുരക്ഷ കൂടി ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് . ഇതൊരു ചെറിയ അറിവാണ് . ഈ അറിവാണ് കേന്ദ്രം മുതല്‍ പഞ്ചായത്ത് വരെയുള്ള ഭരണകൂടസംവിധാനങ്ങള്ക്കും ഉദ്യോഗസ്ഥമേലാളന്‍മാര്‍ക്കും മന്‍മോഹന്‍സിങ്ങും ജയലളിതയും വരേയുള്ള  ഭരണാധികാരികള്‍ക്കും  കൈമോശം വന്നുകൊണ്ടിരിക്കുന്നത്.

എന്തുകൊണ്ട് കൂടംകുളത്തെക്കുറിച്ച് എഴുതുന്നില്ല . ചില സുഹൃത്തുക്കള്‍ ചോദിച്ചു . കൂടംകുളത്തുപോയില്ല . അതുകൊണ്ട് . അങ്ങനെ പറഞ്ഞു . കൂടംകുളത്തുപോകാതെയും കൂടംകുളത്തെക്കുറിച്ചെഴുതാന്‍ കഴിഞ്ഞേക്കും . കൂടംകുളത്തുപോയിവന്ന് എഴുതി എന്നതുകൊണ്ടുമാത്രം ഈ കുറിപ്പിനോ  ഒരു തരത്തിലും പരിഗണാര്‍ഹനല്ലാത്ത ഒരാളുടെ പ്രതികരണത്തിനോ  ഒരുസവിശേഷപ്രസക്തിയും ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

No comments:

Post a Comment