Sunday, November 4, 2012

വസന്തത്തിന്റെ ഇടിമുഴക്കം



ജേഷ്ഠതുല്യനായ ഒരു സുഹൃത്ത്. അര്‍ബുദം അയാളെ ഓടിച്ചിട്ടുപിടിച്ച് കടിച്ചുക്കീറി കൊന്നുതിന്നു.ആര്‍.സി.സി.യില്‍ നിന്ന് പൊതു ശ്മശാനം വരെ ഞങ്ങള്‍ ബാക്കിവന്ന മൃതദേഹത്ത്തിനൊപ്പം. തണുത്ത് നാനാവിധമായ മൃതദേഹം.മൃതദേഹത്തിലെ തണുപ്പ് ആംബുലന്‍സില്‍ നിറഞ്ഞു.ഞങ്ങള്‍ കോച്ചിവിറച്ചിരുന്നു.

അയാള്‍.വസന്തം ഇടിമുഴക്കിയ കാലത്ത് തെരുവുകളില്‍ പോസ്റ്ററുകള്‍ പതിച്ചവന്‍. പാര്ലമെന്റ്റ്  പന്നിക്കൂടായി ആ പോസ്റ്ററുകളില്‍ രൂപം മാറി.വിശക്കുന്ന മനുഷ്യന്‍ പുസ്തകം കയ്യിലെടുത്താല്‍ ആയുധമാകുമെന്ന് ആ പോസ്റ്ററുകള്‍ ഗര്‍ജിച്ചു.ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുമെന്ന് ആ പോസ്റ്ററുകള്‍ സ്വപ്നം കണ്ടു.അയാള്‍ ബുദ്ധിജീവിയായിരുന്നില്ല.എഴുത്തുക്കാരനായിരുന്നില്ല.സമ്പന്നന്നായിരുന്നില്ല.താഴേക്കിടയിലെ ഒരു വെറും പ്രവര്‍ത്തകന്‍ മാത്രം.അയാളുടെ മരണം ചാനലുകള്‍ ആഘോഷിച്ചില്ല.പത്രവാര്ത്തയായില്ല.എഴുപതുകളുടെ കണക്കെടുപ്പില്‍ അയാള്‍ എന്നും പുറത്തായി.

അയാളുടെ സംസ്കാരം നടത്താന്‍ പോലും പണമുണ്ടായിരുന്നില്ല.ഞങ്ങള്‍ സുഹൃത്തുക്കള്‍ പലരോടും കൈനീട്ടിയിരന്നുണ്ടാക്കിയ പണം കൊണ്ട് മൃതശരീരം സംസ്കരിച്ചു.പലരും ഞങ്ങളെ പുച്ഛത്തോടെയും പരിഹാസത്തോടെയും ചെറഞ്ഞു നോക്കി. ഞങ്ങള്‍ അയാളുടെ തലമുറയില്‍ പെട്ടവരായിരുന്നില്ല.എഴുപതുകളെ ആരാധിച്ചവരുമായിരുന്നില്ല.മറ്റൊരു തലമുറയില്‍ പെട്ടവര്‍.അറിവുകളോ അധികാരങ്ങളോ പദവികളോ പ്രശസ്തിയോ പിടിപാടോ ഇല്ലാത്ത സാധാരണക്കാര്‍.എന്നാല്‍ നല്ല സ്വപ്നങ്ങളും ആത്മാര്‍ഥതയും ചേര്‍ന്ന് ചതിച്ചു കളഞ്ഞ ആ മനുഷ്യനെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

ഞങ്ങള്‍ കണ്ടു.ആശുപത്രിയിടനാഴിയിലും എല്ലാവരും പിരിഞ്ഞുതുടങ്ങിയ പൊതുശ്മശാനത്തിലും ഒറ്റപ്പെട്ടുപോയ മൂന്ന് അഭയാര്‍ഥികള്‍ .അയാളുടെ രണ്ടു പെണ്‍മക്കള്‍. മുഷിഞ്ഞ സാരിയില്‍ അവരുടെ അമ്മ.  

No comments:

Post a Comment