Sunday, November 4, 2012

നാരായണന്‍

ചേര്‍ത്തലയില്‍ അര്‍ത്തുങ്കല്‍ ദേശത്ത് ഞങ്ങള്ക്ക് ഞങ്ങളുടെ നാരായണനുണ്ട് . അഥവാ നാരായണങ്കുട്ടിയുണ്ട് . ആദ്യവും അവസാനവും സുഹൃത്തായ ഒരാള്‍ . സുഹൃത്ത് മാത്രമായ ഒരാള്‍ . സൌഹൃദം തന്നെ മതവും തത്ത്വശാസ്ത്രവും തപസ്സും ഉപാസനയുമാക്കിയ ഒരാള്‍ . സൌഹൃദം പ്രപഞ്ചത്തോളം വിശാലമാണെന്ന് കാട്ടിത്തരുന്ന ഒരാള്‍ . സൌഹൃദം സര്‍ഗാത്മകതയുടെ ഭാവവും ഭാഷയുമാണെന്ന് തെളിയിച്ച ഒരാള്‍ . സൌഹൃദത്തില്‍ മാത്രം സ്വതന്ത്രനാകുന്ന ഒരാള്‍ . കവിയല്ല . എന്നാല്‍ കവികളേക്കാള്‍ കവിതയെ സ്നേഹിക്കുന്ന ഒരാള്‍ . പാട്ടുകാരനല്ല . പക്ഷേ , പാട്ടുകാരേക്കാള്‍  പാട്ടിന്റെ കാമുകനായ ഒരാള്‍ . പ്രശസ്തനല്ല . അപ്പോഴും സുഹൃത്തുക്കള്‍ക്കിടയില്‍ ഏതു ലോകപ്രശസ്തനേക്കാളും പ്രശസ്തനായ ഒരാള്‍ . സര്ക്കാര്‍ ഉദ്യോഗസ്ഥനാണ് . അതേസമയം ഉദ്യോഗസ്ഥ ദുഷ്പ്രഭുവല്ല .

ഒരു കാലത്ത് നാരായണന്‍ സ്വര്‍ണമാല ഇട്ടിരുന്നു . സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏതുസുഹൃത്തിനും ഏതുസമയത്തും അനുവാദം ചോദിക്കാതെ ഊരിയെടുത്ത് പണയം വെക്കാനുള്ള ഒരു 916 സ്വര്‍ണമാല . പ്രണയിച്ചു പ്രണയിച്ച് പ്രിയപ്പെട്ടവനും പ്രിയതമയുമായിത്തീര്‍ന്ന നാസറും സീനത്തും (ഞങ്ങള്‍ കണ്ട ഏറ്റവും മനോഹരമായ പ്രണയം നാസറിന്റെയും സീനത്തിന്‍റെയുമായിരുന്നു.ഡോലക്കിന്റെ താളവും മൈലാഞ്ചിച്ചന്തവുമുള്ള പ്രണയം.) അതേ സ്വര്‍ണമാല ഉപചാരങ്ങളില്ലാതെ ഊരിയെടുത്ത് പണയം വെച്ച ഇതിഹാസ കഥയുണ്ട് . പിന്നീട് പുരാവൃത്തമായിത്തീന്ന കഥ . കഴുത്തില്‍ നിന്ന് മാല  ഊരിയെടുക്കുമ്പോള്‍ നാരായണ്‍ ചിരിച്ച ചിരി സന്യാസിമാര്‍ക്കുപോലും ചിരിക്കാനാവില്ലെന്ന് നാസര്‍ . അത് തീവ്ര സൌഹൃദത്തിന്റെ ചിരി . കറകളഞ്ഞ സുഹൃത്തിന്റെ ചിരി . പണം . പ്രതാപം . അധികാരം . പ്രശസ്തി . നാലും മോഹിപ്പിക്കാത്ത ജീവിതച്ചിരി . കണക്കുകൂട്ടലുകളും കൌശലങ്ങളും മലിനമാക്കാത്ത മനുഷ്യത്വച്ചിരി.

ഓരോ  സുഹൃത്തിനെയും നാരായണന്‍ കൂടെക്കൊണ്ടുനടക്കുന്നു . ആകസ്മികമരണത്തിന് തൊട്ടുമുന്‍പുള്ള രാത്രിയില്‍  നാരായണനെ വിളിച്ചു സംസാരിക്കാന്‍  നാടകകൃത്തായ പി.എം .ആന്റണിയെ പ്രേരിപ്പിച്ചതും അത് തന്നെയാകാം . മറ്റു സുഹൃത്തുക്കള്‍ മറന്നു പോകുന്ന സുഹൃത്തുക്കളേയും നാരായണന്‍ ഓര്‍ത്തെടുക്കുന്നു . അവരെത്തേടി ചെല്ലുന്നു . മറവിയില്‍ നിന്ന് അവരെ വീണ്ടെടുക്കുന്നു . സങ്കുചിത വീക്ഷണങ്ങളുടെയും സ്വാര്‍ത്ഥ ചിന്തകളുടെയും പലവിധ ആര്‍ത്തികളുടെയും ഇരുട്ടില്‍ നാരായണന്‍ ഒരു പ്രകാശവൃക്ഷമാകുന്നു . തലവെട്ടിപ്പിളര്‍ക്കുന്ന കൊടും ചൂടിലും സൌഹൃദം പൂക്കുന്ന തണല്‍വൃക്ഷം . അക്ഷരമായ ഈ തണല്‍ വൃക്ഷത്തിന് ജന്മം നല്കിയ നിരക്ഷരയായ നാരായണന്റെ അമ്മയെ ഞങ്ങള്‍ നമിക്കുന്നു . നാരായണന്‍ ജീവിച്ചിരിക്കുമ്പോള്‍ നാരായണന്റെ ഒരു സുഹൃത്തും ആത്മഹത്യ ചെയ്യുകയില്ല . ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു.              

No comments:

Post a Comment