Saturday, November 3, 2012

വിക്രമാദിത്യം : നോവല്‍ മാറുന്നു



ആഖ്യാനത്തിലെ ചെസ്സു കളി . ഭാഷയിലെ പോള്‍വോള്‍ട്ടുകള്‍ . രൂപശില്‍പ്പത്ത്തിലെ കാല്‍പന്ത് കളി . കായികകലയിലെന്നപോലെ നോവലെഴുത്ത്തിലും പുതിയ വേഗതകളും ദൂരങ്ങളും മികച്ച സമയങ്ങളും ഉണ്ടാകുന്നു . വിചിത്രഭാവനകള്‍ നോവലിന്റെ മൈതാനം നിറഞ്ഞു കളിക്കുന്നു . വാക്കുകളെ വെട്ടിച്ചു കടത്തുന്നു . പരമ്പരാഗത നോവല്‍ശൈലിയുടെ കാവല്‍ മാലാഖമാരെ കബളിപ്പിക്കുന്നു.  അങ്ങനെ  പുതുനോവല്‍സംസ്കാരം അതിന്റെ  വിസ്മയഗോളുകള്‍  കാലത്തിന്റെ വലയിലേക്ക് അതിവിദഗ്ദ്ധമായി തെന്നിച്ചു വീഴ്ത്തുന്നു . പരീക്ഷണനോവലുകളുടെ സമാന്തര ചരിത്രം തന്നെ രൂപപ്പെടുന്നു . Miguel Cervantes , Nathalie Sarraute,Claude Simon,Rob Grillet, Lewis Caroll,Michel Butor ,Thomas Pinchon,Anthony Burges,Allen Moor, Philip Roth,Claude Ollier,D.M.Thomas,Markas Zusak,Isabel Allande, Tom Mc Carthy തുടങ്ങി നിരവധി വലിയ എഴുത്ത്കാര്‍ ഈ ചരിത്രത്തിന്റെ ഭാഗമായി തുടരുന്നു.

സമകാല മലയാള നോവല്‍ സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ശ്രദ്ധികേണ്ട ചില പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് . എന്നാല്‍ മുഖ്യധാരയ്ക്കു പുറത്ത് അതിനെ അതിവര്‍ത്തിക്കുന്ന പരീക്ഷണങ്ങള്‍ അധികമാരും അറിയാതെ അരങ്ങേറുന്നു . നമ്മുടെ നോവല്‍ ചര്‍ച്ചകള്‍ കുറച്ചു പേരില്‍ ഒതുങ്ങുകയും ചെറിയ ചുറ്റുവട്ടത്തില്‍ കറങ്ങുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നും അകലം പാലിച്ചുകൊണ്ട്‌ മറ്റൊരുതരം അന്വേഷണം നോവലെഴുത്ത്തില്‍ സംഭവിക്കുന്നു . എസ്. എ. ഷൂജാദിനേയും സുനിലിനെയും പോലുള്ള എഴുത്തുകാര്‍ അത്തരമൊരു ബദല്‍ അന്വേഷണം മുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കുന്നവരാണ് .

കഥനരീതിക്ക് ബാഹ്യയാഥാര്ത്യവുമായി പൊരുത്തപ്പെടുന്ന വ്യവഹാരരൂപഘടനകള്‍ സാദ്ധ്യമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സുനില്‍  ' വിക്രമാദിത്യം ' എന്ന നോവല്‍  നിര്‍മ്മിക്കുന്നത് . അതുകൊണ്ട് തന്നെ അയഥാര്‍ത്ഥ ഭാവനയുടേയും ചോദ്യങ്ങളുടേയും പ്രത്യക്ഷ -പരോക്ഷ  ഭാഷയുടെയും കളികള്‍  നോവലില്‍ ചുറ്റിപ്പിണയുന്നു . സംഭവപരമ്പരകള്‍ക്കും അവയുടെ ക്രിയാംശത്ത്തിനും ഭാഷയുടെ മാത്രം സഹായത്തോടെ വ്യത്യസ്തമായ ആഖ്യാനമാതൃക രൂപപ്പെടുത്താനുള്ള ശ്രമം നോവലില്‍ ഉടനീളമുണ്ട് . ആ ശ്രമം ചിലപ്പോള്‍ വിജയിച്ചും മറ്റു ചിലപ്പോള്‍ സ്വയം തോല്പ്പിക്കപ്പെട്ടും മുന്നോട്ടു നീങ്ങുന്നു . നോവലിന്റെ പരിമിതികള്‍ വായനക്കാരനെ ബോധ്യപ്പെടുത്തിക്കൊണ്ടു തന്നെയാണ് നോവല്‍ അതിന്റെ പരീക്ഷണവിജയങ്ങളിലേക്ക് പോകുന്നത് . വ്യക്തിമനസ്സുകളെയും പ്രകൃതിവസ്തുക്കളെയും ഭാഷയില്‍ ഒളിച്ചു കടത്തുന്ന തന്ത്രം നിരന്തരം നോവലില്‍ കടന്നു വരുന്നു . പ്രകോപനപരതയും ആഖ്യാനചതുരതയും വിലക്ഷണമായ സ്വാഭാവികത സൃഷ്ടിക്കുന്നു .  മാറാത്ത നോവല്‍ നോവലല്ല എന്ന ആശയമാണ് നോവലിസ്റ്റിനെ നയിക്കുന്നതെന്ന് ഏതു വായനക്കാരനും തിരിച്ചറിയാന്‍ കഴിയും വിധമാണ് ' വിക്രമാദിത്യ ' ത്തിന്റെ സവിശേഷഘടന എന്ന് പൊതുവില്‍ പറയാം . വലിയൊരു വായനാസമൂഹത്തെ നേടിയെടുക്കാനോ പെട്ടെന്നുള്ള നിരൂപകശ്രദ്ധ പിടിചെടുക്കാനോ ചെറിയ പ്രസാധകരിലൂടെ പുറത്ത് വരുന്ന ഇത്തരം നോവലുകള്‍ക്ക് എളുപ്പം കഴിഞ്ഞു എന്ന് വരികയില്ല . അതൊരു പരാജയമായി നിരീക്ഷിക്കപ്പെട്ടേക്കാം  .   എന്നാല്‍  ആ പരാജയത്തിനിടയിലും 'വിക്രമാദിത്യം ' പോലെയുള്ള നോവലുകള്‍ മുന്നോട്ടു വെക്കുന്ന സാധ്യതകള്‍ ആഖ്യാന കലയുടെ ഭാവിയിലേക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.


No comments:

Post a Comment