Sunday, November 4, 2012

അയാള്‍ വിളിച്ചാലോ ?.


'DYING IS AN ART'-SYLVIA PLATH

പ്രിയപ്പെട്ട ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ഭൂമിയില്‍ നിന്നും ഒരു ഞൊടിയിട തുടച്ചു മാറ്റുമോ ?നമ്മള്‍ ആര്‍ക്കും പൂരിപ്പ്ക്കാനാവാത്ത ഒരു ബ്ളാങ്ക് ലൈന്‍ ആയിത്തീരുമോ ?ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ മുഴുവന്‍ ഉറക്കവും തട്ടിയെടുത്ത് ഒരാള്‍ സുഖമായി ഉറങ്ങുന്ന ഉറക്കമാണോ മരണം ? മരണത്തെ കാട്ടിത്തരുന്ന കണ്ണാടി മരിച്ചയാളല്ല.മരണവീടും അതിജീവിക്കുന്നവരുമാണ് .

എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ഇക്കഴിഞ്ഞ 18)ഠ തീയതി രാത്രി 9.30-ന്‍ ഈ ലോകം വിട്ടു പോയി.സംസാരിച്ചുകൊണ്ടുനില്‍ക്കെ നീങ്ങി തുടങ്ങുന്ന തീവണ്ടിയില്‍ പെട്ടെന്നു കയറി യാത്ര പറയുന്ന ഒരാളെ പോലെ.ആ വണ്ടി പോകുന്ന പാളങ്ങള്‍ ഏതൊക്കെയാണ് ?ചെന്നു ചെരുന്നതെവിടെയാണ്? പ്ളാറ്റ്ഫോമില്‍ പ്രധിവിധികളില്ലാതെ ഞാന്‍ ഒറ്റക്കാവുന്നു.

മേതില്‍ രാധാകൃഷ്ണന്റെ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍.ത്യാഗരാജ ഭാഗവതരെയും പി.യു.ചിന്നപ്പയെയും ടി. ആര്‍.മഹാലിങ്ങത്തെയും കാരക്കുരിശി അരുണാച്ചലത്തെയും പറ്റി പറഞ്ഞു കൊണ്ടിരുന്ന ഒരാള്‍.നാഗസ്വരക്കചേരികളില്‍ ഉന്മാദം കൊണ്ടവന്‍.സംഗീതം പഠികുകയും സംഗീതത്തെ ഉപാസിക്കുകയും ചെയ്ത മനുഷ്യന്‍. ഗായകനായ ബ്രഹ്മാനന്ദന്റെ പഴയ സുഹൃത്തുക്കളിലൊരാള്‍്‍ .മുറിനിറയെ ഗ്രാമഫോണ്‍ രെകാ്‍ഡുകള്‍ സൂക്ഷിച്ചവന്‍. ഏറ്റവും പുതിയ പുസ്തകങ്ങള്‍ തേടി പുസ്തകശാലകള്‍ തോറും അലഞ്ഞവന്‍.സാഹിത്യത്തില്‍ ഒതുതീര്പുകള്‍ പാടില്ലെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്ന ഒരാള്‍.ഈയിടെ ഞാനയാളെ കരുണാകരന്റെ കുറെയേറെ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു.എന്തുകൊണ്ട് ആ കവിതകള്‍ മലയാളത്തിന്റെ കാവ്യച്ചര്ച്ചകളില്‍ കടന്നു വരുന്നില്ലെന്ന് ഖേദിച്ചവന്‍ .

അയാള്‍ പ്രശസ്തനായിരുന്നില്ല,സമ്പന്നനും.പ്രശസ്തിയും സാമര്ത്യവുമല്ല പ്രതിഭയുടെ മാനദണ്ടമെന്നു മനസ്സിലാക്കി തന്ന ഒരുവന്‍.സമര്‍ത്ഥന്മാര്‍ വിജയിക്കുന്ന ലോകത്ത് ഒട്ടും സാമര്ത്യമില്ലാതെ ജീവിച്ച ഒരാള്‍.

അയാള്‍ പോയി.
ഞാനെന്റെ മൊബൈല്‍ ഓഫ് ചെയ്തു. മൌസ്സില്‍ തൊട്ടില്ല .ലാപ്ടോപ്പില്‍ പെട്ടില്ല.ഒറ്റക്കിരുന്നു. .അവസാന ശ്വാസം വരെ കീഴടങ്ങാതിരുന്നവനെ തിരിച്ചു വായിച്ചു.അയാള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജം തിരിച്ചുപിടിച്ചു . അയാളുടെ പ്രസക്തി കൂടുതല്‍ തിരിച്ചറിഞ്ഞു .ആ ഏകാന്തതയിലേക്ക് അയാള്‍ ഒരിക്കല്‍ കൂടിയെത്തി .അതിരുകളില്ലാത്ത മേശക്കിരുപുറം ഞങ്ങള്‍ വീണ്ടുമിരുന്നു.വരിഞ്ഞു കെട്ടിയിട്ട കണ്ണുനീരിന്റെ അക്രമാസക്തമായ കടലുകളെ ഞാനെന്റെ ഹൃദയം പൊട്ടിച്ച് ചില്ലുഗ്ളാസ്സുകളില്‍ പകര്‍ന്നു.പഴയപോലെ ചിയേഴ്സ് പറഞ്ഞു.പൊട്ടിച്ചിരിച്ചു .

എനിക്കിപ്പോള്‍
മൊബൈല്‍ ഓണ്‍ ചെയ്യാതെ വയ്യ.
അയാള്‍ വിളിച്ചാലോ ?



No comments:

Post a Comment