Sunday, November 4, 2012

ആര്‍.രാമചന്ദ്രനെ ഓര്‍ക്കുമ്പോള്‍



എഴുത്തുകാരന്‍ ഭീരുവോ ധീരനോ ആവേണ്ടതില്ല . അയാള്‍ തന്റെ ഭീരുത്വത്തെക്കുറിച്ചോ ധീരതയെക്കുറിച്ചോ ജാടവര്ത്താനങ്ങളോ ഗീര്വാണങ്ങളോ അടിക്കേണ്ടതില്ല . സ്വന്തം ഭാഗം ന്ന്യായീകരിക്കാന്‍ കരുണരസം കരകവിയുന്ന വൈകാരിക പ്രകടനങ്ങള്‍ നടത്തേന്ടതില്ല . അതിമോഹങ്ങളില്‍ നിന്നും മാധ്യമ ശ്രദ്ധ കിട്ടാനുള്ള തത്രപ്പാടുകളില്‍ നിന്നും ആര്ത്തികളില്‍ നിന്നും ഇരിപ്പിടങ്ങളില്‍ നിന്നും വേദികളുടെ വെട്ടിത്തിളക്കങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനുള്ള പ്രശാന്തമായ ജാഗ്രത കാണിച്ചാല്‍ മതി എന്ന് ആര്‍. രാമചന്ദ്രന്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു .  ഒരു സാഹിത്യക്കൂട്ടായ്മയിലും  ചെന്നു നിന്ന് പൊങ്ങച്ചം പറഞ്ഞില്ല.ആരാധകരുടെ സ്തുതികളില്‍ രോമാന്ച്ചമണിഞ്ഞില്ല . അപാരജ്ഞാനിയായിരുന്നിട്ടും  പാണ്ടിത്യപ്രകടനങ്ങള്‍ നടത്തിയില്ല . സ്വയമൊരു കവിതാനിര്‍മ്മാണഫാക്ടറിയായില്ല . അനുയായിവൃന്ദത്തെ ഉണ്ടാക്കിയില്ല . രാഷ്ട്രീയപാര്ട്ടികളുടെയോ  അക്കാദമികളുടെയോ സൌജന്യങ്ങള്‍ക്കായി കാത്തു നിന്നില്ല . അവാര്‍ഡുകള്‍ സംഘടിപ്പിചെടുക്കാന്‍ ശ്രമിച്ചില്ല . കിട്ടിയ അവാര്‍ഡുകളെക്കുറിച്ച് വീമ്ബിളക്കിയില്ല . കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡു കിട്ടിയപ്പോള്‍ വമ്പന്‍ സ്വീകരണ സമ്മേളനങ്ങള്‍  നടത്താന്‍ ഒരുങ്ങിപ്പുറപ്പെട്ടവരെ സൌമ്യമായി തിരസ്കരിച്ചു . കാവ്യച്ചര്ച്ചകളില്‍ തന്റെ പേരു പറയാത്തവരെ ശത്രുപക്ഷത്ത് നിര്‍ത്തിയില്ല .കവിതയ്ലെ പുതുധാരകളോട് തുറന്ന സമീപനം സ്വീകരിച്ചു. മനോഹരമായ ഇന്ത്യന്‍ യാത്രകള്‍ നടത്തിയിട്ടും അതിനെക്കുറിച്ച് ഒന്നുമുരിയാടിയില്ല . ഞാനിതാ ലോകസഞ്ചാരം നടത്തുന്നത് കാണുന്നില്ലേ ,  ലോകകവികളുമായി സൗഹൃദം സ്ഥാപിക്കുന്നത് കാണുന്നില്ലേ , ലോകകവിതാ സമ്മേളനങ്ങളിലും ലോകസാഹിത്യോല്സവങ്ങളിലും നിരന്തരം പങ്കെടുക്കുന്നതു കാണുന്നില്ലേ എന്ന് വിളിച്ചു കൂവുന്നവര്‍ക്കിടയില്‍ ആര്‍.രാമചന്ദ്രന്‍ എന്ന മനുഷ്യന്റെയും  കവിയുടെയും മൌനത്തിന് സദാത്മകമായ അര്‍ഥം കൈവരുന്നു . വിവേചന ശീലമുള്ള ഒരു വായനക്കാരന് ഒരു കവിയുടെ ബിരുദങ്ങളോ അയാള്‍ക്ക്‌ ലഭിച്ച അവാര്‍ഡുകളോ അയാള്‍ എത്ര ലോകസാഹിത്യോല്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്നതോ പ്രധാനപ്പെട്ട കാര്യമല്ല . അയാളെ സംബന്ധിച്ച് ഒരു കവിയുടെ കവിതകളാണ് ആത്യന്തികമായി മൂല്യ നിര്‍ണയത്തിന്റെ വിഷയം . ആ അര്‍ത്ഥത്തില്‍ കൊണ്ടാടപ്പെടുന്ന പലകവികളെയും   കാലം  ചവറ്റുകുട്ടയില്‍ എറിഞ്ഞാലും എഴുതിയ എണ്ണം പറഞ്ഞ മികച്ച കവിതകള്‍ കൊണ്ട് ഭാവിയിലെ വിവേകശാലിയായ വായനക്കാരനെ ആര്‍. രാമചന്ദ്രന്‍ അഭിസംബോധന ചെയ്തുകൊണ്ടിരിക്കും . ആരവങ്ങള്‍ക്കും പൊള്ളത്തിളക്കങ്ങള്‍ക്കുമപ്പുറം ആര്‍. രാമച്ചന്ത്രന്‍ എന്ന മനുഷ്യന്റെ കാന്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കും . ആര്‍ രാമച്ചന്ത്രനെ പരിചയപ്പെടാനും കുറച്ചുകാലം അദ്ദേഹത്തോട് അടുത്തിടപഴകാനും കഴിഞ്ഞതില്‍  ഞാന്‍  ഊറ്റം കൊള്ളുന്നു.

No comments:

Post a Comment